തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കത്തിച്ചുവിടാന്‍ തീരുമാനിച്ച ലോട്ടറി അപവാദം കോണ്‍ഗ്രസിനെ ഇത്രപെട്ടെന്ന് തിരിഞ്ഞുകുത്തുമെന്ന് ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ വി ഡി സതീശനോ സ്വപ്നത്തില്‍ പോലും കണ്ടതല്ല. ദേശീയതലത്തിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായ അഭിഷേക് മനു സിങ്വി എന്ന അഭിഭാഷകന്‍ കേരള ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി ലോട്ടറി രാജാവ് മാര്‍ട്ടിനു വേണ്ടിയും ഭൂട്ടാന്‍ ലോട്ടറിക്കുവേണ്ടിയും ഘോരഘോരം വാദമുഖങ്ങളുയര്‍ത്തി. ലോട്ടറി മാഫിയക്കുവേണ്ടി അനുകൂല വിധി സമ്പാദിച്ചു മടങ്ങിപ്പോയി. രണ്ടുദിവസത്തെ വാദം പൂര്‍ത്തിയായശേഷം സിങ്വി തിരിച്ചുപോകുകയും ചെയ്തു.
അഭിഷേക് മനു സിങ്വി ഒരു സാധാരണ കോണ്‍ഗ്രസുകാരനല്ല. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡാണ്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരനാണ്. സര്‍വോപരി കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവാണ്. കോണ്‍ഗ്രസിന്റെ എല്ലാ തീരുമാനവും നയപരിപാടികളും വ്യക്തമായി അറിയാവുന്ന ഒരാള്‍ക്കേ ഔദ്യോഗിക വക്താവാകാന്‍ കഴിയൂ. അത്തരത്തിലുള്ള ഒരാള്‍ വെറും അഭിഭാഷകനെന്ന നിലയിലാണ് ലോട്ടറി മാഫിയയുടെ കേസ് വാദിക്കാന്‍ വന്നതെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ കോണ്‍ഗ്രസുകാരെപ്പോലും കിട്ടില്ല.
ലോട്ടറി അപവാദം തെരഞ്ഞെടുപ്പിന് ഉപയോഗിക്കാന്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കരുതിവച്ച ഒരായുധമാണ്. കേരള നിയമസഭയില്‍ വി ഡി സതീശന്‍ എംഎല്‍എ വിഷയം ഉന്നയിച്ചു. ധനമന്ത്രി ഡോ. തോമസ് ഐസക് വ്യക്തമായ മറുപടി സഭയില്‍ നല്‍കുകയും ചെയ്തു. എന്നിട്ടും ആരോപണങ്ങള്‍ ആവര്‍ത്തിച്ചുന്നയിക്കുന്ന പതിവുരീതിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്. ഹിറ്റ്ലറുടെ പ്രചാരകനായിരുന്ന ഗീബല്‍സ് പയറ്റിയ വിദ്യതന്നെ മറയില്ലാതെ ഇക്കൂട്ടര്‍ സ്വീകരിച്ചു. കളവാണെന്ന് ബോധ്യമുള്ള കാര്യം പലതവണ ആവര്‍ത്തിച്ചാല്‍ സത്യമാണെന്നു ജനങ്ങളെ വിശ്വസിപ്പിക്കാന്‍ കഴിയുമെന്ന പതിവു ധാരണ തന്നെ കോണ്‍ഗ്രസ് നേതാക്കളെ നയിച്ചു. ഡോ. തോമസ് ഐസക്കാണെങ്കില്‍ തരിമ്പും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പരസ്യമായ വാദപ്രതിവാദത്തിനു തയ്യാറായി ഉമന്‍ചാണ്ടിയെ വെല്ലുവിളിച്ചു. കോഴിക്കോട് ടൌണ്‍ഹാളില്‍ നാനാമേഖലയിലുള്ള ജനങ്ങള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ എല്ലാ ചോദ്യത്തിനും തികഞ്ഞ ആത്മവിശ്വാസത്തോടുകൂടിയും ആത്മാര്‍ഥമായും എല്ലാ സംശയത്തിനും ആരോപണങ്ങള്‍ക്കും ഫലപ്രദമായി മറുപടി പറഞ്ഞു.
അന്യസംസ്ഥാന ലോട്ടറി കേരളത്തില്‍ വില്‍പ്പന നടത്തുന്നതു തടയാനോ, നിയന്ത്രിക്കാനോ കേരളസര്‍ക്കാരിന് അധികാരമില്ല. കേന്ദ്രനിയമം അനുസരിച്ചാണ് ലോട്ടറി നടത്തുന്നത്. കേരളത്തിനകത്തുള്ള ലോട്ടറി നിരോധിച്ചാലേ അന്യസംസ്ഥാന ലോട്ടറി തടയാന്‍ കഴിയൂ. മുമ്പ് യുഡിഎഫ് ഭരണം കേരള ലോട്ടറി നിരോധിച്ചിരുന്നു. ഫലം എന്താണെന്നു വ്യക്തമായതാണ്. സര്‍ക്കാരിന് ലോട്ടറിയില്‍നിന്നു ലഭിക്കുന്ന വരുമാനത്തേക്കാള്‍ പ്രധാനമാണ്, തൊഴിലില്ലായ്മ രൂക്ഷമായ കേരളം പോലുള്ള സംസ്ഥാനത്ത് ലോട്ടറി വില്‍പ്പനക്കാരായ ഏജന്റുമാരുടെ ഉപജീവനമാര്‍ഗം. 2005ല്‍ യുഡിഎഫ് ഭരണം കോടതിയില്‍ കൊടുത്ത ഉറപ്പും ധനമന്ത്രി പറയുകയുണ്ടായി. യഥാര്‍ഥ വസ്തുതകള്‍ മാധ്യമ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള സദസ്സില്‍ ഒന്നൊന്നായി വിശദീകരിച്ചുകൊണ്ട് ലോട്ടറി നടത്തിപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്തം സംശയരഹിതമായി സ്ഥാപിക്കുന്നതില്‍ ധനമന്ത്രി പൂര്‍ണമായും വിജയിച്ചു.
അതോടെ ആരോപണത്തിന്റെ മുനയൊടിഞ്ഞു. ഈ ജാള്യത മറച്ചുപിടിക്കാനാണ് തിരുവനന്തപുരം പ്രസ്ക്ളബ്ബില്‍ നടത്തിയ സംവാദത്തില്‍ ധനമന്ത്രിക്ക് ചില ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിഞ്ഞില്ലെന്ന രീതിയില്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ ചിലര്‍ സംഘടിതമായി ശ്രമം നടത്തിയത്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ലോട്ടറി രാജാവെന്ന് വിശേഷിപ്പിക്കുന്ന മാര്‍ട്ടിനു വേണ്ടിയും ഭൂട്ടാന്‍ ലോട്ടറിക്കുവേണ്ടിയും വാദിക്കന്‍ സിങ്വി ഹൈക്കോടതിയില്‍ ഹാജരായത്. അന്യസംസ്ഥാന ലോട്ടറിക്ക് പരിമിതമായ ചില നിയന്ത്രണമെങ്കിലും ഏര്‍പ്പെടുത്താന്‍ കേരളസര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കി. അന്യസംസ്ഥാന ലോട്ടറിയുടെ നികുതി വര്‍ധിപ്പിച്ചു. കേരള ലോട്ടറി ആഴ്ചയില്‍ ഒന്ന് എന്ന നിലയില്‍ കോടതിവിധിയെ ആധാരമാക്കി പരിമിതപ്പെടുത്തി. കേരളസര്‍ക്കാരിന്റെ ഉത്തരവിനെതിരെ ഭൂട്ടാന്‍ ലോട്ടറിയുടെയും മറ്റും ഏജന്റായ മാര്‍ട്ടിനുവേണ്ടിയും ഭൂട്ടാന്‍ ലോട്ടറിക്കുവേണ്ടിയും വാദിക്കാനാണ് സിങ്വി ഹൈക്കോടതിയില്‍ ഹാജരായത്. മാര്‍ട്ടിനും മാര്‍ക്സിസ്റ് പാര്‍ടിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നതിനിടെയാണ് മാര്‍ട്ടിനുവേണ്ടി കേസ് വാദിക്കാന്‍ കോണ്‍ഗ്രസിന്റെ അറിയപ്പെടുന്ന അഖിലേന്ത്യാ നേതാവ് നേരിട്ട് അവതരിച്ചത്. സിങ്വി എന്ന കോണ്‍ഗ്രസ് നേതാവു മാത്രമല്ല, കോടതിയില്‍ വാദിക്കാന്‍ വന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രിയായ ചിദംബരം കോടതിയില്‍ കേസ് വാദിക്കാന്‍ ഹാജരായിട്ടുണ്ട്. പിന്നീട് ചിദംബരത്തിനു പകരം ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം ഹാജരായി ലോട്ടറി കേസ് വാദിച്ചിട്ടുണ്ട്. ഇതെല്ലാം ഞങ്ങള്‍ ചൂണ്ടിക്കാട്ടിയതാണ്. മാര്‍ട്ടിനേക്കാളും വലിയ ലോട്ടറി രാജാവ് മണികുമാര്‍ സുബ്ബ 15വര്‍ഷം കോണ്‍ഗ്രസിന്റെ പാര്‍ലമെന്റ് അംഗമായിരുന്നെന്ന വസ്തുതയും യഥാവസരം വെളിക്കുവന്നതാണ്.
ഇതൊന്നും ഡോ. തോമസ് ഐസക്കിനെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുന്നതില്‍നിന്ന് ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പിന്തിരിപ്പിച്ചില്ല. തെരഞ്ഞെടുപ്പിനിടയില്‍ അഭിഷേക് മനു സിങ്വി കേസ് വാദിക്കാന്‍ വന്നതാണ് ഇക്കൂട്ടര്‍ക്ക് മാനക്കേടായി ഭവിച്ചത്. സിങ്വി കേരളത്തില്‍ കാലുകുത്തിയ ഉടനെ കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിച്ച് അരമണിക്കൂറിലധികം സംസാരിച്ചെന്നാണ് പുറത്തുവന്ന വിവരം. തെരഞ്ഞെടുപ്പിന്റെ മധ്യത്തില്‍ ലോട്ടറി കേസ് വാദിക്കുന്നതില്‍നിന്നു പിന്തിരിയണമെന്നാണ് സിങ്വിയോട് താണുകേണപേക്ഷിച്ചത്. അദ്ദേഹം പിന്തിരിയാന്‍ തയ്യാറായില്ല. താന്‍ അഭിഭാഷകനാണെന്നു മറുപടി നല്‍കി. സിങ്വി കേസ് സമര്‍ഥമായി വാദിച്ച് മാര്‍ട്ടിന് അനുകൂലമായ വിധി സമ്പാദിച്ചു. അതിനുശേഷമാണ് ഉമ്മന്‍ചാണ്ടിയെ ആശ്വസിപ്പിക്കാന്‍ കേസ് വാദത്തില്‍നിന്നു പിന്മാറിയതായി മാലോകരെ അറിയിച്ചത്.
ഹൈക്കമാന്‍ഡ് ഇടപെട്ടാണ് സിങ്വിയെ പിന്തിരിപ്പിച്ചതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം. ഹൈക്കമാന്‍ഡ് അറിയതെയല്ലല്ലോ സിങ്വി കേസ് വാദിക്കാന്‍ വന്നത്. മാര്‍ട്ടിനും കൂട്ടര്‍ക്കും കോണ്‍ഗ്രസ് നേതാക്കളല്ലാത്ത മറ്റൊരു അഭിഭാഷകനെയും കിട്ടാതെ പോയതെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. വേറെ അഭിഭാഷകരില്ലേ? ചിദംബരം, ഭാര്യ നളിനി, അഭിഷേക് സിങ്വി-ഇങ്ങനെ നീണ്ടുപോകുന്ന കോണ്‍ഗ്രസ് നേതാക്കളല്ലാത്ത അഭിഭാഷകരെ കിട്ടാത്തതുകൊണ്ടാകാനിടയില്ല. കോണ്‍ഗ്രസും ലോട്ടറി മാഫിയയുമായുള്ള അവിഹിതബന്ധമാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. ഇതില്‍നിന്ന് തലയൂരാന്‍ കോണ്‍ഗ്രസിനാകില്ല. കോണ്‍ഗ്രസാണ് ലോട്ടറി വിവാദത്തില്‍ പ്രതിക്കൂട്ടിലായത്. കോടതിയില്‍നിന്ന് ഇറങ്ങിയതിനുശേഷമുള്ള അതിബുദ്ധിമൂലം പിന്മാറിയെന്ന പ്രഖ്യാപനം കൊണ്ടൊന്നും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ കഴിയുന്നതല്ല.
ദേശാഭിമാനി മുഖപ്രസംഗം 02102010
തദ്ദേശഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കത്തിച്ചുവിടാന്‍ തീരുമാനിച്ച ലോട്ടറി അപവാദം കോണ്‍ഗ്രസിനെ ഇത്രപെട്ടെന്ന് തിരിഞ്ഞുകുത്തുമെന്ന് ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ വി ഡി സതീശനോ സ്വപ്നത്തില്‍ പോലും കണ്ടതല്ല. ദേശീയതലത്തിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വക്താവായ അഭിഷേക് മനു സിങ്വി എന്ന അഭിഭാഷകന്‍ കേരള ഹൈക്കോടതിയില്‍ നേരിട്ട് ഹാജരായി ലോട്ടറി രാജാവ് മാര്‍ട്ടിനു വേണ്ടിയും ഭൂട്ടാന്‍ ലോട്ടറിക്കുവേണ്ടിയും ഘോരഘോരം വാദമുഖങ്ങളുയര്‍ത്തി. ലോട്ടറി മാഫിയക്കുവേണ്ടി അനുകൂല വിധി സമ്പാദിച്ചു മടങ്ങിപ്പോയി. രണ്ടുദിവസത്തെ വാദം പൂര്‍ത്തിയായശേഷം സിങ്വി തിരിച്ചുപോകുകയും ചെയ്തു.
ReplyDelete