Thursday, February 3, 2011

സംഘടനാ കടമകളും തെറ്റുതിരുത്തലും 1

തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചരിത്രപരമായ കടമ ശാസ്ത്രീയമായി സമര്‍ഥിക്കുന്ന അവസരത്തില്‍, മുതലാളിത്ത സമൂഹത്തെ സോഷ്യലിസ്റ്റ് സമൂഹമാക്കി വിപ്ളവപരമായി പരിവര്‍ത്തനം ചെയ്യുന്നതിന് സ്വതന്ത്രമായ ഒരു രാഷ്ട്രീയ പാര്‍ടി ആവശ്യമാണെന്ന് മാര്‍ക്സും എംഗല്‍സും ചൂണ്ടിക്കാണിക്കുകയുണ്ടായി. 1847ല്‍ മാര്‍ക്സും എംഗല്‍സും ഒന്നാമത്തെ കമ്യൂണിസ്റ്റ് സംഘടന രൂപീകരിച്ചു - കമ്യൂണിസ്റ്റ് ലീഗ് ആണത്. ആധുനിക കമ്യൂണിസ്റ്റ് പാര്‍ടികളുടെ ആദ്യ രൂപമായി കമ്യൂണിസ്റ്റ് ലീഗിനെ പരിഗണിക്കാം. കമ്യൂണിസ്റ്റ് ലീഗിന്റെയും ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെയും (1864ല്‍ സ്ഥാപിതമായ ഈ സംഘടന ഒന്നാം ഇന്റര്‍നാഷണല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്) അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, തൊഴിലാളിവര്‍ഗത്തിന്റെ വിപ്ളവപാര്‍ടിയുടെയും അതിന്റെ സംഘടനയുടെയും അതിന്റെ നയങ്ങളുടെയും പങ്കിനെക്കുറിച്ച് മാര്‍ക്സും എംഗല്‍സും സുപ്രധാനമായ നിരവധി നിഗമനങ്ങളില്‍ എത്തിച്ചേരുകയുണ്ടായി.

    മാര്‍ക്സിന്റെയും ലെനിന്റെയും നിഗമനങ്ങളെ ചരിത്രപരമായ പുതിയ പരിതഃസ്ഥിതികള്‍ക്കനുസരിച്ച് വികസിപ്പിച്ചത് വി ഐ ലെനിന്‍ ആണ്. തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുള്ളില്‍ പാര്‍ടിക്കുള്ള നേതൃത്വപരമായ പങ്കിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു; പാര്‍ടിയുടെ സംഘടനാപരമായ തത്വങ്ങളും പാര്‍ടി ജീവിതത്തിന്റെ നിബന്ധനകളും അതിന്റെ നയങ്ങളും അടവുകളും സംബന്ധിച്ച മൌലികതത്വങ്ങളും അദ്ദേഹം ആവിഷ്കരിച്ചു. മാര്‍ക്സിസത്തെ വികസിപ്പിക്കുന്നതിന് ഏറ്റവും വലിയ സംഭാവന നല്‍കിയത് ലെനിന്റെ ഈ പാഠങ്ങളാണ്. ട്രേഡ് യൂണിയനുകള്‍, സഹകരണ സംഘങ്ങള്‍, സ്പോര്‍ട്സ് ക്ളബുകള്‍, കലാ സംഘടനകള്‍ തൊഴിലാളികളുടെ അതുപോലെയുള്ള മറ്റ് സംഘടനകള്‍ തുടങ്ങിയവയ്ക്കൊന്നും മുതലാളിത്തത്തിന് അറുതിവരുത്തുന്നതിനും സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിനും ഉള്ള കഴിവില്ല. സമൂഹത്തിന്റെ വിപ്ളവപരമായ പരിവര്‍ത്തനത്തിന് അധ്വാനിക്കുന്ന ജനങ്ങളുടെ അപ്പപ്പോഴത്തെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിനുള്ള സമരങ്ങളില്‍ മാത്രമായി ഒതുങ്ങിനില്‍ക്കാത്തതും തൊഴിലാളിവര്‍ഗത്തെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് ലക്ഷ്യംവെച്ചു പ്രവര്‍ത്തിക്കുന്നതുമായ കൂടുതല്‍ ഉയര്‍ന്ന രൂപത്തിലുള്ള ഒരു സംഘടന തൊഴിലാളികള്‍ക്ക് ആവശ്യമാണ്. വിപ്ളവപരമായ ഈ ലക്ഷ്യത്തിനുള്ള സംഘടനയാണ് കമ്യൂണിസ്റ്റ് പാര്‍ടി. ലെനിന്‍ ഇങ്ങനെ പ്രസ്താവിച്ചു:

    "തൊഴിലാളിവര്‍ഗത്തിന്റെയും അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളുടെയും അത്തരമൊരു മുന്നണിപ്പടയെ ഒന്നിപ്പിക്കുന്നതിനും വിദ്യാഭ്യാസം ചെയ്യിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും, തൊഴിലാളിവര്‍ഗത്തിന്റെ രാഷ്ട്രീയപ്പാര്‍ട്ടിക്കുമാത്രമേ, അതായത് ഒരു കമ്യൂണിസ്റ്റ് പാര്‍ടിക്ക് മാത്രമേ കഴിയുകയുള്ളൂ. ബഹുജനങ്ങള്‍ക്ക് അനിവാര്യമായും ഉണ്ടാകുന്ന പെറ്റി ബൂര്‍ഷ്വാ ചാഞ്ചാട്ടങ്ങളെയും തൊഴിലാളിവര്‍ഗത്തിനുള്ളില്‍ത്തന്നെയുള്ള ട്രേഡ് യൂണിയനിസ്റ്റ് സങ്കുചിതത്വങ്ങളുടെയോ അഥവാ ട്രേഡ് യൂണിയനിസ്റ്റ് മുന്‍വിധികളുടെയോ അനിവാര്യമായ പാരമ്പര്യങ്ങളെയും ജീര്‍ണതകളെയും ചെറുക്കുന്നതിനും തൊഴിലാളിവര്‍ഗത്തിന്റെ മുഴുവന്‍ സംയുക്ത പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനും - അതായത് തൊഴിലാളിവര്‍ഗത്തെ രാഷ്ട്രീയമായി നയിക്കുന്നതിനും അതിലൂടെ അധ്വാനിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും നയിക്കുന്നതിനും - കഴിവുള്ള ഒരേയൊരു മുന്നണിപ്പടയാണത്''.

    "ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട്'' എന്ന തന്റെ സുപ്രസിദ്ധമായ കൃതിയില്‍, പ്രധാന സംഘടനാ തത്വങ്ങളെ ലെനിന്‍, 1904 മെയ് മാസത്തില്‍ വിശദീകരിക്കുകയുണ്ടായി. അവ താഴെ കൊടുക്കുന്നു:

    1. സമൂഹ ജീവിതത്തെക്കുറിച്ചും അതിന്റെ വികാസത്തിന്റെ നിയമങ്ങളെക്കുറിച്ചും വര്‍ഗസമരത്തിന്റെ നിയമങ്ങളെക്കുറിച്ചും ഉള്ള അറിവുകൊണ്ട് സ്വയം ആയുധമണിഞ്ഞ, അക്കാരണംകൊണ്ടു തന്നെ തൊഴിലാളിവര്‍ഗത്തെ നയിക്കുന്നതിനും അതിന്റെ സമരങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനും കഴിവുള്ള, തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയാണ്, വര്‍ഗബോധമുള്ള സൈനിക വിഭാഗമാണ്, മാര്‍ക്സിസ്റ്റ് സൈനികവിഭാഗമാണ് കമ്യൂണിസ്റ്റ് പാര്‍ടി.

    2. തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയാളിയും വര്‍ഗബോധമുള്ള സൈനിക വിഭാഗവും മാത്രമല്ല പാര്‍ടി; മറിച്ച് തൊഴിലാളിവര്‍ഗത്തിന്റെ സംഘടിതമായ സൈനികവിഭാഗമാണ്; അതിന് അതിന്റേതായ അച്ചടക്കമുണ്ട്; അത് അതിലെ എല്ലാ അംഗങ്ങള്‍ക്കും ബാധകമാണ്.

    3. തൊഴിലാളിവര്‍ഗത്തിന്റെ സംഘടിതമായ വെറുമൊരു സൈനികവിഭാഗം മാത്രമല്ല പാര്‍ടി; തൊഴിലാളിവര്‍ഗത്തിന്റെ "എല്ലാ സംഘടനാ രൂപങ്ങളിലുംവെച്ച് ഏറ്റവും ഉയര്‍ന്ന സംഘടനാ രൂപ''മാണത്. തൊഴിലാളിവര്‍ഗത്തിന്റെ മറ്റെല്ലാ സംഘടനകളെയും അത് നയിക്കുന്നു. സംഘടനയുടെ ഏറ്റവും ഉയര്‍ന്ന രൂപം എന്ന നിലയില്‍, വര്‍ഗസമരത്തെക്കുറിച്ചുള്ള വിജ്ഞാനംകൊണ്ടും വിപ്ളവ പ്രസ്ഥാനത്തിന്റെ അനുഭവങ്ങള്‍കൊണ്ടും ഏറ്റവും ആധുനികമായ സിദ്ധാന്തംകൊണ്ട് സ്വയം ആയുധമണിഞ്ഞ വര്‍ഗത്തിലെ ഏറ്റവും മെച്ചപ്പെട്ട അംഗങ്ങളടങ്ങിയ സംഘടനയാണത്. തൊഴിലാളിവര്‍ഗത്തിന്റെ മറ്റെല്ലാ സംഘടനകള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിന് പാര്‍ടിക്ക് കഴിയും.

    4. തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയാളിയും അധ്വാനിക്കുന്ന ജനലക്ഷങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ മൂര്‍ത്തിമദ്ഭാവമാണ് പാര്‍ടി.

    5. ശരിയായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നതിനും ബഹുജനങ്ങളെ ചിട്ടയായി നയിക്കുന്നതിനും, ജനാധിപത്യ കേന്ദ്രീകരണ തത്വങ്ങളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് സംഘടിപ്പിക്കപ്പെട്ട പാര്‍ടിയായിരിക്കണം അത്. ഉള്‍പ്പാര്‍ടി ജനാധിപത്യത്തിന്റെ അടിസ്ഥാന കേന്ദ്രീകൃത നേതൃത്വവും കേന്ദ്രീകൃത നേതൃത്വത്തിന്റെ മാര്‍ഗനിര്‍ദ്ദേശത്തിന്‍കീഴിലുള്ള ജനാധിപത്യവും എന്നാണ് ജനാധിപത്യകേന്ദ്രീകരണ തത്വത്തിന്റെ അര്‍ത്ഥം.

    6. പ്രായോഗിക പ്രവര്‍ത്തനത്തില്‍, സ്വന്തം അണികളുടെ ഐക്യം കാത്തുസൂക്ഷിക്കണമെങ്കില്‍, നേതാക്കന്മാര്‍ക്കും അണികള്‍ക്കും ബാധ്യസ്ഥമായ, എല്ലാ പാര്‍ടി അംഗങ്ങളും പാലിക്കാന്‍ ഒരുപോലെ ബാധ്യസ്ഥമായ, പൊതുവായ ഒരു തൊഴിലാളിവര്‍ഗ അച്ചടക്കം പാര്‍ടി നടപ്പാക്കേണ്ടതുണ്ട്. അച്ചടക്കം ബാധകമല്ലാത്ത "തിരഞ്ഞെടുക്കപ്പെട്ട ഏതാനും ചിലരും'' അച്ചടക്കം ബാധകമായ "നിരവധി പേരും'' എന്ന വകഭേദം പാര്‍ടിക്കുള്ളിലില്ല.

    കമ്യൂണിസ്റ്റ് പാര്‍ടികളുടെ സംഘടനാപരമായ ഘടനയെ സംബന്ധിച്ചുള്ള ഒരു സിദ്ധാന്തം 1921ല്‍ മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ അംഗീകരിക്കുകയുണ്ടായി. ലെനിന്‍ വിശദീകരിച്ച, സംഘടനാപരമായി പ്രധാനമായ ആറ് തത്വങ്ങളെ അത് കൂടുതല്‍ വിശദീകരിക്കുകയും മൂര്‍ത്തമാക്കുകയും ചെയ്തു. കമ്യൂണിസ്റ്റ് പാര്‍ടികളെ സംബന്ധിച്ചിടത്തോളം ഒട്ടും തെറ്റുപറ്റാത്തതും മാറ്റാന്‍ കഴിയാത്തതുമായ സംഘടനാ രൂപങ്ങളൊന്നുമില്ലെന്ന് മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ സിദ്ധാന്തം പ്രസ്താവിക്കുന്നു. തൊഴിലാളിവര്‍ഗസമരത്തിന്റെ പരിതഃസ്ഥിതികള്‍ മാറ്റങ്ങള്‍ക്ക് വിധേയമാണ്. ഈ മാറ്റങ്ങള്‍ക്കനുസരിച്ച്, തൊഴിലാളിവര്‍ഗത്തിന്റെ മുന്നണിപ്പടയുടെ സംഘടനയ്ക്കും അനുരൂപമായ രൂപങ്ങള്‍ നിരന്തരം സ്വീകരിക്കേണ്ടിവരും. ഓരോരോ രാജ്യത്തും ഉള്ള പ്രത്യേക പരിതഃസ്ഥിതികള്‍, അതാത് പാര്‍ടികളുടെ സംഘടനാ രൂപങ്ങളെയും നിശ്ചയിക്കും. എന്നാല്‍ ഈ വകതിരിവിന് ചില പരിമിതികളുണ്ട്. വിവിധ രാജ്യങ്ങളിലെ, തൊഴിലാളിവര്‍ഗ വിപ്ളവത്തിന്റെ വിവിധ ഘട്ടങ്ങളുടെ പരിതഃസ്ഥിതികളുടെ സ്വഭാവം എന്തുതന്നെയായിരുന്നാലും ശരി, അത്തരം സവിശേഷതകള്‍ക്കെല്ലാമുപരി, കമ്യൂണിസ്റ്റ് പാര്‍ടിക്ക് പൊതുവായ ഒരു അടിസ്ഥാനമുണ്ടായിരിക്കണം എന്ന് ഈ സിദ്ധാന്തം ഊന്നിപ്പറയുന്നു. സംഘടനാപരമായ ഘടനയ്ക്ക് ഉണ്ടായിരിക്കേണ്ട പൊതുവായ, വിശാലമായ അടിത്തറയെക്കുറിച്ചും കമ്യൂണിസ്റ്റ് പാര്‍ടികളുടെ ആഭ്യന്തര ജീവിതത്തിന്റെ പൊതുവായ അടിത്തറയെക്കുറിച്ചും, കമ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ അംഗീകരിച്ച സിദ്ധാന്തം വിശദീകരിക്കുന്നുണ്ട്.

    കോമിന്റേണ്‍ അംഗീകരിച്ച പാര്‍ടി സംഘടനയെക്കുറിച്ചുള്ള തത്വങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനയേയും ഘടനയേയും സംബന്ധിച്ച താഴെ പറയുന്ന വശങ്ങള്‍ വിശദീകരിക്കുന്നുണ്ട്.

        1. പൊതുവായ തത്വങ്ങള്‍

        2. ജനാധിപത്യകേന്ദ്രീകരണത്തെപ്പറ്റി

        3. കമ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന്റെ കടമകള്‍.

        4. പ്രചരണത്തെയും പ്രക്ഷോഭത്തെയുംകുറിച്ച്

        5. രാഷ്ട്രീയസമരത്തിന്റെ സംഘാടനം

        6. പുതിയ നേതൃത്വം

        7. പാര്‍ടി പത്രത്തെക്കുറിച്ച്

        8. പാര്‍ടി സംവിധാനത്തിന്റെ ഘടനയെക്കുറിച്ച്

        9. നിയമവിധേയവും നിയമവിരുദ്ധവുമായ പ്രവര്‍ത്തനം.

    എല്ലാ ദേശാഭിമാന - ജനാധിപത്യശക്തികളുടെയും വിപ്ളവപരമായ ഐക്യത്തിലൂടെ, തൊഴിലാളി - കര്‍ഷക ഐക്യത്തെ കേന്ദ്രീകരിച്ചുകൊണ്ട് ലോക അനുഭവങ്ങളുടെയും ഇന്ത്യയിലെ അനുഭവങ്ങളുടെയും അടിസ്ഥാനത്തില്‍ ജനകീയ ജനാധിപത്യ വിപ്ളവം നടപ്പാക്കുന്നതിന് ശക്തമായ ഒരു കമ്യൂണിസ്റ്റ്പാര്‍ടി കെട്ടിപ്പടുക്കേണ്ടതിന്റെ ആവശ്യകത, സിപിഐ എം 2000ല്‍ കാലോചിതമാക്കി പരിഷ്കരിച്ച അതിന്റെ പാര്‍ടി പരിപാടിയില്‍ ഊന്നിപ്പറയുന്നുണ്ട്.

    "7.16 തൊഴിലാളി - കര്‍ഷക സഖ്യത്തെ കേന്ദ്രീകരിച്ചുകൊണ്ട്, എല്ലാ ദേശാഭിമാന - ജനാധിപത്യശക്തികളുടെയും വിപ്ളവ ഐക്യം കെട്ടിപ്പടുത്ത്, അതിലൂടെ ജനകീയ - ജനാധിപത്യ വിപ്ളവത്തിന്റെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള സമരം വളരെ സങ്കീര്‍ണ്ണവും കാലവിളംബം വരുത്തുന്നതുമാണ്. വ്യത്യസ്ത പരിതഃസ്ഥിതികളില്‍, വ്യത്യസ്ത ഘട്ടങ്ങളിലായി അത് നടത്തേണ്ടിവരും. വിപ്ളവ പ്രസ്ഥാനത്തിന്റെ വികാസത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളില്‍ വ്യത്യസ്ത വര്‍ഗങ്ങള്‍, ഒരേ വര്‍ഗത്തിലെ തന്നെ വ്യത്യസ്ത വിഭാഗങ്ങള്‍ എന്നിവ വ്യത്യസ്തങ്ങളായ നിലപാടുകള്‍ കൈക്കൊള്ളാന്‍ നിര്‍ബന്ധിതമാവും. തന്ത്രപരമായി ലക്ഷ്യം സാധിച്ചെടുക്കുന്നതിന് ഈ ബഹുജന പ്രസ്ഥാനങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരികയും അനുയോജ്യമായ ഐക്യമുന്നണി അടവുകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന ശക്തമായ ഒരു കമ്യൂണിസ്റ്റ് പാര്‍ടിക്കുമാത്രമേ, ഈ ചുവടു മാറ്റങ്ങളെ ഉപയോഗപ്പെടുത്തുവാനും ഈ വിഭാഗങ്ങളെ തങ്ങളുടെ അണികളിലേക്ക് ആകര്‍ഷിക്കുവാനും കഴിയൂ. ഏറ്റവും ആത്മാര്‍ത്ഥയുള്ള, ആത്മാര്‍പ്പണത്തിന് തയ്യാറുള്ള, വിപ്ളവകാരികളെ സ്വന്തം അണികളിലേക്ക് കൊണ്ടുവരുന്ന അത്തരം ഒരു പാര്‍ടിക്ക് മാത്രമേ വിപ്ളവ പ്രസ്ഥാനത്തിന്റെ പാതയിലുണ്ടാവുന്ന വിവിധ വളവു തിരിവുകളിലൂടെ ബഹുജനങ്ങളെ മുന്നോട്ടു നയിക്കാന്‍ കഴിയൂ''.
  
    സംഘടനാപരമായ കടമകള്‍

    പാര്‍ടിയുടെ വ്യാപനത്തിന്റെ പ്രശ്നം

    പാര്‍ടിയുടെ വ്യാപനത്തിനായി കൈക്കൊണ്ട പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ 19-ാം പാര്‍ടി കോണ്‍ഗ്രസ് എത്തിച്ചേര്‍ന്ന നിഗമനം, ദുര്‍ബല സംസ്ഥാനങ്ങളിലൊന്നിലും എടുത്തുപറയത്തക്ക വളര്‍ച്ച കൈവരിയ്ക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് മൊത്തത്തിലുള്ള പരിതഃസ്ഥിതി വ്യക്തമാക്കുന്നത് എന്നാണ്. വളര്‍ച്ചയുടെയും വ്യാപനത്തിന്റെയും കാര്യത്തിലുള്ള അസമത്വം ഇപ്പോഴും തുടരുന്നു എന്ന് ആ കോണ്‍ഗ്രസ് ചൂണ്ടിക്കാണിച്ചു. 18-ാം കോണ്‍ഗ്രസിനുശേഷമുള്ള കാലഘട്ടത്തിലെ സാഹചര്യങ്ങളെ പാര്‍ടിയുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനുമായി ഉപയോഗപ്പെടുത്തുവാന്‍ പാര്‍ടിക്കും ബഹുജനമുന്നികള്‍ക്കും കഴിഞ്ഞിട്ടില്ല എന്ന് 19-ാം കോണ്‍ഗ്രസ് ചൂണ്ടിക്കാണിക്കുന്നു. ദുര്‍ബല സംസ്ഥാനങ്ങളിലെ ഈ ദൌര്‍ബല്യം മുറിച്ചുകടക്കുന്നില്ലെങ്കില്‍, നമുക്ക് ശക്തിയുള്ള സംസ്ഥാനങ്ങളിലും ദുര്‍ബല സംസ്ഥാനങ്ങളിലും ഇന്നുള്ള സ്വാധീനവും ശക്തിയും നിലനിര്‍ത്തുവാന്‍ വിഷമമായിരിക്കും എന്നും കോണ്‍ഗ്രസ് പ്രസ്താവിക്കുന്നുണ്ട്. അതുകൊണ്ട്, ഓരോ സംസ്ഥാന കമ്മിറ്റിയും നിലവിലുള്ള സ്ഥിതിയെ സ്വയം വിമര്‍ശനാത്മകമായി വിലയിരുത്തണമെന്നും വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ യുക്തവും മൂര്‍ത്തവുമായ കടമകള്‍ ആവിഷ്കരിക്കണമെന്നും പാര്‍ടി കോണ്‍ഗ്രസ് നിര്‍ദ്ദേശം നല്‍കി.

    ഈ പ്രശ്നവുമായി ബന്ധപ്പെട്ട്, 19-ാം പാര്‍ടി കോണ്‍ഗ്രസ്സിലെ ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന ഒരു ചോദ്യം ഇതാണ്: സാല്‍ക്കിയാ പ്ളീനം ആവിഷ്കരിച്ച കടമകള്‍ നേടിയെടുക്കുന്നതില്‍, പ്രത്യേകിച്ചും ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ നമ്മുടെ പാര്‍ടി എന്തുകൊണ്ട് പരാജയപ്പെട്ടു? ബഹുജന വിപ്ളവ പാര്‍ടി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനത്തിന് സാല്‍ക്കിയാ പ്ളീനം പ്രത്യേക പ്രാധാന്യം നല്‍കിയിരുന്നു. സാല്‍ക്കിയാ പ്ളീനം പ്രസ്താവിച്ചത് ഇങ്ങനെയാണ്: "ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലും മേഖലകളിലും വലിയ ചലനം സൃഷ്ടിക്കാതെ, രാജ്യത്തെ വര്‍ഗശക്തികളില്‍ മൌലികമായ പുനഃക്രമീകരണം വരുത്തുന്നതിനെക്കുറിച്ചുള്ള സംസാരം നിഷ്പ്രയോജനമാണ്''.

    1992 ജനുവരി 3-9 തീയതികളില്‍ ചെന്നൈയില്‍ ചേര്‍ന്ന 14-ാം പാര്‍ടി കോണ്‍ഗ്രസ്, സാല്‍ക്കിയാ പ്ളീനം ആവിഷ്കരിച്ച കടമകള്‍ നടപ്പാക്കുന്നതിന്റെ അനുഭവങ്ങള്‍ വിലയിരുത്തി. വളര്‍ച്ച കൈവരിക്കുന്നതില്‍ സംഭവിച്ച പരാജയത്തിന്റെ കാരണങ്ങള്‍ താഴെ പറയുന്ന നിഗമനങ്ങളിലൂടെ വ്യക്തമാക്കുന്നു:

    "എന്നാല്‍ സംസ്ഥാന കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളുടെയും ഈയിടെ നടന്ന കോണ്‍ഫറന്‍സുകളുടെയും അടിസ്ഥാനത്തില്‍ ഹിന്ദി മേഖലയെ മൊത്തത്തിലെടുക്കുമ്പോള്‍, പാര്‍ടി സംഘടനക്കുള്ളില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന താഴെ പറയുന്ന ഗുരുതരമായ ദൌര്‍ബല്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

        1. ദുര്‍ബലമായ സംസ്ഥാന കേന്ദ്രങ്ങളും സ്റ്റേറ്റ് കമ്മിറ്റികളുടെയും സെക്രട്ടേറിയറ്റുകളുടെയും അപര്യാപ്തമായ പ്രവര്‍ത്തനവും.

        2. പുതിയ വിഭാഗങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നതിലും പുതിയ അടവുകള്‍ സ്വീകരിക്കുന്നതിലും സംഭവിച്ച പരാജയം - പ്രത്യേകിച്ചും ഗ്രാമീണ ദരിദ്രരിലേക്കും പട്ടികജാതിക്കാരിലേക്കും ന്യൂനപക്ഷങ്ങളിലേക്കും ഇടത്തരക്കാരിലേക്കും ഇറങ്ങിച്ചെല്ലുന്നതിലുള്ള പരാജയം.

        3. പാര്‍ടിയുടെ പ്രാഥമിക യൂണിറ്റുകളും ജില്ലാ യൂണിറ്റുകളും ശരിയായ സംഘടനാ ലൈനിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതില്‍ പറ്റിയ പരാജയം; വ്യക്തിമേധാവിത്വം, വിഭാഗീയത, പാര്‍ടിക്കുള്ളിലേക്ക് ജാതി - ഫ്യൂഡല്‍ സ്വാധീനങ്ങളുടെ നുഴഞ്ഞുക്കയറ്റം തുടങ്ങിയവയിലേക്ക് അതുവഴിവെച്ചു.

        4. കാഡര്‍മാരെയും മുഴുവന്‍ സമയപ്രവര്‍ത്തകരെയും തക്കസമയത്ത് റിക്രൂട്ട് ചെയ്യുന്നതിനും അവരെ വളര്‍ത്തിക്കൊണ്ടുവരുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും തടസ്സമായ തെറ്റായ കാഡര്‍ നയം.

    മേല്‍പറഞ്ഞ ദൌര്‍ബല്യങ്ങള്‍ക്കുപുറമെ, ഹിന്ദി സംസ്ഥാനങ്ങളിലെ നമ്മുടെ പ്രവര്‍ത്തനത്തില്‍ സംഭവിച്ച മറ്റ് രണ്ട് പ്രധാന വീഴ്ചകളെപ്പറ്റിക്കൂടി 14-ാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ സംഘടനാ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്: അവ താഴെ കൊടുക്കുന്നു.

    "പ്രധാനപ്പെട്ട ഹിന്ദി സംസ്ഥാനങ്ങളില്‍ അങ്ങുമിങ്ങുമായി ചില സുപ്രധാന സമരങ്ങള്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഗ്രാമീണ ദരിദ്രരുടെയും പൊതുവില്‍ കര്‍ഷക ജനസാമാന്യത്തിന്റെയും സുദീര്‍ഘമായ സമരങ്ങളും പ്രക്ഷോഭങ്ങളും വളര്‍ത്തിക്കൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല എന്ന് ഹിന്ദി സംസ്ഥാനങ്ങളില്‍ നടത്തപ്പെട്ട സമരങ്ങളെയും പ്രക്ഷോഭങ്ങളെയുംകുറിച്ചുള്ള പൊതുവിലയിരുത്തല്‍ കാണിക്കുന്നു. ശക്തമായ ഒരു കാര്‍ഷിക പ്രസ്ഥാനത്തിനുമാത്രമേ ഈ മേഖലകളില്‍ നമ്മുടെ പാര്‍ടിയെ വന്‍തോതില്‍ വികസിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഗ്രാമീണമേഖലകളില്‍ വര്‍ഗസമരം കൂടുതല്‍ ഊര്‍ജ്ജിതമാക്കുക എന്നത്, പാര്‍ടിയുടെയോ കര്‍ഷകമുന്നണിയുടെയോ കര്‍ഷകത്തൊഴിലാളിമുന്നണിയുടെയോ മുന്‍ഗണനയിലുള്ള പ്രധാന പ്രവര്‍ത്തന ഘടകമായിരുന്നില്ല. ഇത് എളുപ്പമുള്ള കടമയല്ല. എന്നാല്‍ ബഹുജനസ്വാധീനമുള്ള പാര്‍ടിയാക്കി നമ്മുടെ പാര്‍ടിയെ വളര്‍ത്തിക്കൊണ്ടുവരണമെങ്കില്‍ ആ കടമ ഒരിക്കലും അപ്രധാനമാണെന്ന് കരുതരുത്''.

    "സാമൂഹ്യപരിഷ്കരണ പ്രസ്ഥാനം ദുര്‍ബലമോ അഥവാ ഒട്ടുമില്ലാത്തതോ ആയ മേഖലയില്‍, ജാതി-ഫ്യൂഡല്‍ പ്രത്യയശാസ്ത്രം ശക്തമായി പിടിമുറുക്കിയിട്ടുള്ള മേഖലയില്‍, ഇടതുപക്ഷ പ്രസ്ഥാനത്തെ എങ്ങനെയാണ് വളര്‍ത്തിക്കൊണ്ടുവരേണ്ടത് എന്നതിനെ സംബന്ധിച്ച സാല്‍ക്കിയാ പരിപ്രേക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതില്‍ വന്ന വീഴ്ചയാണ്, നാം ശ്രദ്ധിയ്ക്കേണ്ട രണ്ടാമത്തെ ദൌര്‍ബല്യം. ഈ സ്ഥിതിയില്‍ മാറ്റം വരുത്തുന്നതിനായി സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നതിനും അവയ്ക്ക് പ്രാരംഭം കുറിയ്ക്കുന്നതിനും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും സ്ത്രീകളുടെയും എഴുത്തുകാരുടെയും മറ്റും സാംസ്കാരികവും ബൌദ്ധികവുമായ വിഭവങ്ങളെല്ലാം ഇതിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിനും 1978ലെ പ്ളീനം, പാര്‍ടിയോട് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ഈ ദിശയില്‍ വലിയ പ്രവര്‍ത്തനങ്ങളൊന്നും നടത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ് സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അടിസ്ഥാന വര്‍ഗങ്ങള്‍ക്കിടയില്‍പ്പോലും ജാതിവിരുദ്ധ പ്രചരണങ്ങളെയും സമരങ്ങളെയും ദൈനംദിന പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കാന്‍ പാര്‍ടിക്ക് കഴിഞ്ഞിട്ടില്ല''.

    ഈ ദൌര്‍ബല്യങ്ങളെല്ലാം നാം അടിയന്തിരമായും ശ്രദ്ധിയ്ക്കേണ്ടതുണ്ട്; അവ തിരുത്തുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ട്.

    പാര്‍ടി അംഗങ്ങളെയും ബ്രാഞ്ചുകളെയും  ഊര്‍ജ്ജസ്വലമാക്കുക

    പാര്‍ടിയുടെ വികസനത്തിന് പറ്റിയ അവസരങ്ങളെ ഉപയോഗപ്പെടുത്തുന്നതിനും നമ്മുടെ വര്‍ഗശത്രുക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതിനും വേണ്ടി, പാര്‍ടി അംഗങ്ങളെ ഊര്‍ജ്ജസ്വലരാക്കേണ്ടതിന്റെയും അവരുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെയും പ്രാധാന്യത്തെക്കുറിച്ച് പാര്‍ടി തുടര്‍ച്ചയായി ചൂണ്ടിക്കാണിച്ചുകൊണ്ടിരുന്നു. പാര്‍ടി അംഗങ്ങളുടെ ബഹുമുഖമായ ഉത്തരവാദിത്വങ്ങള്‍ കണക്കിലെടുത്തുകൊണ്ട്, അവ ഫലപ്രദമായി നടപ്പിലാക്കുന്നതിനായി അവരുടെ ഗുണനിലവാരവും കഴിവും മെച്ചപ്പെടുത്തുന്നതിന് ഗൌരവമായ ശ്രമം നടത്താന്‍ 18-ാം പാര്‍ടി കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നു. പാര്‍ടി അംഗങ്ങളുടെ സാമൂഹ്യഘടനയും വര്‍ഗഘടനയും മെച്ചപ്പെടുത്തുന്നതിനും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ വിദ്യാഭ്യാസം അവര്‍ക്ക് നല്‍കുന്നതിനും എല്ലാ തലങ്ങളിലുമുള്ള പാര്‍ടി ബ്രാഞ്ചുകളുടെയും കമ്മിറ്റികളുടെയും പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും ഉള്ള ചില ശ്രമങ്ങള്‍ നടക്കുകയുണ്ടായി. എന്നാല്‍ സ്ഥിതിയില്‍ പറയത്തക്ക മെച്ചമൊന്നും ഉണ്ടായിട്ടില്ല. പാര്‍ടി അംഗങ്ങളില്‍ ഒരു വലിയ വിഭാഗം ഇപ്പോഴും നിഷ്ക്രിയരാണ്; രാഷ്ട്രീയവും സംഘടനാപരവുമായ അവരുടെ ബോധനിലവാരം താഴ്ന്നതാണ്.

    യഥാര്‍ത്ഥത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അംഗങ്ങള്‍ മാത്രമുള്ള പാര്‍ടിയായിരിക്കാന്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ടി എല്ലായ്പ്പോഴും ശ്രമിക്കേണ്ടതാണ്. നിലവിലുള്ള പരിതഃസ്ഥിതിയില്‍ ഒരു പാര്‍ടിയംഗത്തിന് നിറവേറ്റാന്‍ കഴിയുന്നത്രയും ജോലി ചെയ്യുന്നതിന് അയാളുടെ കഴിവും സമയവും മുഴുവനും പാര്‍ടിയ്ക്കായി സമര്‍പ്പിക്കണമെന്നും പാര്‍ടിയുടെ പ്രവര്‍ത്തനത്തിനായി അയാളുടെ കഴിവ് മുഴുവനും നീക്കിവയ്ക്കണമെന്നും ഓരോ പാര്‍ടി അംഗത്തോടും പാര്‍ടി ആവശ്യപ്പെടണം. കമ്യൂണിസ്റ്റ് പാര്‍ടിയിലെ അംഗങ്ങള്‍ തമ്മിലും വിവിധ യൂണിറ്റുകള്‍ തമ്മിലുമുള്ള സജീവ ഐക്യം, കമ്യൂണിസ്റ്റ് പാര്‍ടിയുടെ സുപ്രധാന സവിശേഷതകളില്‍ ഒന്നാണ്. പാര്‍ടി അംഗങ്ങളുടെയും ഘടകങ്ങളുടെയും തുടര്‍ച്ചയായ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സജീവ ഐക്യം ഉണ്ടാക്കാന്‍ കഴിയുകയുള്ളൂ. വിവിധ സമയങ്ങളില്‍ പാര്‍ടി ആവിഷ്കരിക്കുന്ന കടമകള്‍ നിറവേറ്റുന്നതിന് ഓരോ പാര്‍ടി അംഗത്തേയും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുന്നതിന് കമ്യൂണിസ്റ്റ് പാര്‍ടിക്കുള്ള കഴിവിലാണ് കമ്യൂണിസ്റ്റ് സംഘടനയുടെ ഫലദായകത്വം കിടക്കുന്നത്. സംഘടനയുടെ വിവിധ തലങ്ങളിലുള്ള അംഗങ്ങള്‍ക്ക് ജോലി വീതിച്ചു നല്‍കണം; ജോലി കൂട്ടായി നടത്തണം; അതിന് മേല്‍നോട്ടം വഹിയ്ക്കണം. തൊഴിലാളിവര്‍ഗത്തിലും മറ്റധ്വാനിക്കുന്ന ജനവിഭാഗങ്ങളിലുംപെട്ട വിപുലമായ ബഹുജനങ്ങളെ വിപ്ളവ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുകയും സാമ്പത്തികവും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ സമരങ്ങള്‍ സംഘടിപ്പിക്കുകയും ആണ് നിരന്തരമായ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം.

    പാര്‍ടി അംഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന അവസരത്തില്‍ത്തന്നെ, ബ്രാഞ്ചുകളെ ഊര്‍ജസ്വലമാക്കാനും ശ്രമിക്കേണ്ടതുണ്ട്. പല സംസ്ഥാനങ്ങളിലും ഭൂരിപക്ഷം പാര്‍ടി ബ്രാഞ്ചുകളും നിഷ്ക്രിയമാണ്. തൊഴിലാളികള്‍, കൃഷിക്കാര്‍, അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങള്‍ തുടങ്ങിയ ബഹുജനങ്ങളെയെല്ലാം പാര്‍ടിയുമായി ബന്ധിപ്പിക്കുന്ന സജീവമായ കണ്ണിയാണ് പാര്‍ടി ബ്രാഞ്ച്. വിവിധ ബഹുജനസംഘടനകളില്‍ പാര്‍ടി അംഗങ്ങളെ വിന്യസിക്കുന്നതിനും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ജനകീയ ജനാധിപത്യമുന്നണിയില്‍ അണിചേര്‍ക്കാന്‍ കഴിയുന്ന വിഭാഗങ്ങള്‍ക്കിടയില്‍ സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കുന്നതിനും പാര്‍ടി ബ്രാഞ്ചുകളെ ഊര്‍ജസ്വലമാക്കണം. പാര്‍ടിയുടെയും ബഹുജനസംഘടനകളുടെയും വ്യാപനം പ്രധാനമായും ആശ്രയിക്കുന്നത്, പാര്‍ടി ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിലാണ്. വളരെ പ്രധാനപ്പെട്ട ഒരു കടമയായി ഇതിനെ പരിഗണിച്ച 19-ാം പാര്‍ടി കോണ്‍ഗ്രസ്, ബ്രാഞ്ചുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് തീവ്രശ്രമം നടത്താന്‍ തീരുമാനിച്ചു. ബ്രാഞ്ചുകളെ ഊര്‍ജ്ജസ്വലമാക്കുന്നതിനായി ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കും ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കും സംഘടനാപരമായ പരിശീലനം നല്‍കുന്നതിന് വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കാന്‍ ആ കോണ്‍ഗ്രസ് തീരുമാനിച്ചു.

    ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവ് വര്‍ദ്ധിപ്പിക്കുക

    പാര്‍ടി യൂണിറ്റുകളും കാഡര്‍മാരും ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനും അവരുമായി ബന്ധം സ്ഥാപിക്കുന്നതിനും അവരെ അണിനിരത്തുന്നതിനും ഉള്ള തങ്ങളുടെ കഴിവ് വര്‍ദ്ധിപ്പിക്കണം എന്ന് കമ്യൂണിസ്റ്റ് പാര്‍ടികള്‍ എല്ലായ്പ്പോഴും ഊന്നിപ്പറയാറുണ്ട്. സാധാരണ ജനങ്ങളുടെ താല്‍പര്യങ്ങളുമായി തങ്ങളുടെ ജീവിതം ദൃഢമായി വിളക്കിച്ചേര്‍ത്തിട്ടുള്ള പാര്‍ടി യൂണിറ്റുകള്‍ക്കും കാഡര്‍മാര്‍ക്കും മാത്രമേ, സാധാരണ ജനങ്ങളുടെ ആശയാഭിലാഷങ്ങളില്‍ പങ്കുചേരുകയും അവര്‍ക്കുവേണ്ടി നിസ്വാര്‍ത്ഥമായി സ്വയം ഉഴിഞ്ഞുവെക്കുകയും ചെയ്യുന്ന പാര്‍ടി യൂണിറ്റുകള്‍ക്കും കാഡര്‍മാര്‍ക്കും മാത്രമേ, ഈ കടമ വിജയകരമായി നിറവേറ്റാന്‍ കഴിയൂ. ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കേണ്ടതെങ്ങനെയെന്നും അവരുടെ പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ടതെങ്ങനെയെന്നും അവരെ അണിനിരത്തേണ്ടതെങ്ങനെയെന്നും ലെനിനും മൌ സേ ദോങ്ങും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മറ്റ് നേതാക്കളും തങ്ങളുടെ സമ്പന്നമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടികളെ പഠിപ്പിച്ചിട്ടുണ്ട്.

    ദൈനംദിന ജീവിതത്തില്‍ തങ്ങളെ നേരിടുന്ന വസ്തുതകളില്‍നിന്നും തങ്ങളെ നേരിട്ട് ബാധിയ്ക്കുന്ന വസ്തുതകളില്‍നിന്നും ആണ് ചുറ്റുപാടുമുള്ള യാഥാര്‍ത്ഥ്യത്തെ ബഹുജനങ്ങള്‍ സാധാരണയായി ഉള്‍ക്കൊള്ളുന്നത്. സാധാരണ ജനങ്ങളിലെ വ്യത്യസ്ത വിഭാഗങ്ങളുടെ അടിയന്തിരാവശ്യങ്ങളുമായി യോജിക്കുന്ന ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടും അത്തരം ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടി സമരം ചെയ്തുകൊണ്ടും ബഹുജനങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്കുവേണ്ടിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കുവേണ്ടിയും ഉള്ള സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടും മാത്രമേ, ഇന്നത്തെ വ്യവസ്ഥയ്ക്കെതിരായ സമരത്തിലേക്ക് സാധാരണ ജനങ്ങളെ കൊണ്ടുവരാന്‍ പാര്‍ടിക്ക് കഴിയുകയുള്ളൂ. ബഹുജനങ്ങളെ പ്രവര്‍ത്തനപഥത്തിലേക്ക് ഇറക്കുന്നതിന് പ്രചരണവും പ്രക്ഷോഭവും മാത്രം പോര എന്ന ലെനിന്‍ പ്രസ്താവിച്ചിട്ടുണ്ട്. അതിന് അവരുടെ രാഷ്ട്രീയ അനുഭവം അനിവാര്യമാണ്. ലെനിന്‍ പ്രസ്താവിച്ചു: "പാര്‍ടികളുടെ ഉപദേശം, തങ്ങളുടെ ജീവിതം പഠിപ്പിക്കുന്ന അനുഭവങ്ങളുമായി യോജിച്ചു പോകുന്നില്ലെങ്കില്‍, ദശലക്ഷക്കണക്കിനുള്ള ജനങ്ങള്‍ പാര്‍ടികളുടെ ഉപദേശം ചെവിക്കൊള്ളുകയില്ല''. അതുകൊണ്ട് ബഹുജനങ്ങളുടെ അനുഭവങ്ങളില്‍നിന്നും അവരുടെ വര്‍ഗബോധത്തില്‍നിന്നും രൂപംകൊള്ളുന്ന മാര്‍ഗങ്ങളും രീതികളും അടങ്ങിയതാവണം പ്രവര്‍ത്തനശൈലി.

    പൊതുവായ ചില ആഹ്വാനങ്ങള്‍ നല്‍കുന്നതില്‍ മാത്രം കാഡര്‍ ഒതുങ്ങിനില്‍ക്കുകയാണെങ്കില്‍, അതില്‍നിന്ന് ഒന്നും ഉണ്ടാകാന്‍ പോകുന്നില്ല എന്ന് മൌ സേ ദോങ്ങ് പ്രസ്താവിച്ചിട്ടുണ്ട്. തങ്ങള്‍ ഏത് പ്രവൃത്തിയ്ക്കാണോ ആഹ്വാനം ചെയ്തത്, അതിനുള്ളിലേക്ക് അവര്‍ വ്യക്തിപരമായിത്തന്നെ ആഴത്തിലും മൂര്‍ത്തമായും ഇറങ്ങിച്ചെല്ലണം; ഏതെങ്കിലും ഒരു ഭാഗത്ത് ഇടിച്ചുകയറണം; അങ്ങനെ അനുഭവം നേടണം; മറ്റ് യൂണിറ്റുകള്‍ക്ക് വഴി കാട്ടുന്നതിനായി ഈ അനുഭവത്തെ ഉപയോഗപ്പെടുത്തണം; അങ്ങനെയായാല്‍ അവര്‍ക്ക് തങ്ങളുടെ പൊതുവായ ആഹ്വാനം ശരിയാണോ എന്ന് പരിശോധിക്കുവാനും അതിന്റെ ഉള്ളടക്കം കൂടുതല്‍ സമ്പന്നമാക്കാനും കഴിയും.

    "ബഹുജനങ്ങളുമായി സ്വയം ബന്ധിപ്പിക്കുന്നതിന്, നാം ബഹുജനങ്ങളുടെ ആഗ്രഹങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് പ്രവര്‍ത്തിക്കണം. എല്ലാ പ്രവര്‍ത്തനങ്ങളും, അവ എത്രമാത്രം സദുദ്ദേശത്തോടുകൂടിയതാണെങ്കിലും ശരി, ഏതെങ്കിലും വ്യക്തിയുടെ ആഗ്രഹത്തില്‍നിന്നില്ല, മറിച്ച് ബഹുജനങ്ങളുടെ ആവശ്യത്തില്‍നിന്നാണ് ആരംഭിക്കേണ്ടത്. വസ്തുനിഷ്ഠമായി ഒരു മാറ്റമുണ്ടാകേണ്ടത് ബഹുജനങ്ങള്‍ക്ക് ആവശ്യമാണെങ്കിലും ആത്മനിഷ്ഠമായി ആ ആവശ്യത്തെക്കുറിച്ച് അവര്‍ ഇപ്പോഴും വേണ്ടത്ര ബോധവാന്മാരായിത്തീര്‍ന്നിട്ടില്ല, ഒരു മാറ്റം ഉണ്ടാക്കുന്നതിന് ഇപ്പോഴും അനുകൂലമായി കഴിഞ്ഞിട്ടില്ല, അഥവാ തീരുമാനിച്ചുറച്ചു കഴിഞ്ഞിട്ടില്ല എന്ന അവസ്ഥ പലപ്പോഴും ഉണ്ടാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ നാം ക്ഷമാപൂര്‍വ്വം കാത്തിരിക്കണം. അത്തരമൊരു മാറ്റത്തെക്കുറിച്ച് ബഹുജനങ്ങള്‍ സ്വയം ബോധവാന്മാരായിത്തീരുകയും ആ മാറ്റം വരുത്താന്‍ അവര്‍ അനുകൂലമായിത്തീരുകയും അതിന് അവര്‍ ദൃഢനിശ്ചയമെടുക്കുകയും ചെയ്യുന്നതുവരെ, നാം ആ മാറ്റം വരുത്തരുത്. അല്ലെങ്കില്‍ ബഹുജനങ്ങളില്‍നിന്ന് നാം സ്വയം ഒറ്റപ്പെടും. ബഹുജനങ്ങളുടെ പങ്കാളിത്തം ആവശ്യമായിട്ടുള്ള ഏതൊരു പ്രവൃത്തിയ്ക്കും അവര്‍ തയ്യാറായി കഴിഞ്ഞിട്ടില്ലെങ്കില്‍, അതിനെക്കുറിച്ച് അവര്‍ ബോധവാന്മാരായിക്കഴിഞ്ഞിട്ടില്ലെങ്കില്‍ അത് വെറുമൊരു അനുഷ്ഠാനമായിത്തീരുകയേ ഉള്ളൂ; അത് പരാജയപ്പെടും... ഇവിടെ രണ്ട് തത്വങ്ങളുണ്ട് - ബഹുജനങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് നാം കരുതുന്നതിനു പകരം അവരുടെ യഥാര്‍ത്ഥമായ ആവശ്യങ്ങള്‍ എന്താണ് എന്നതാണ് ഒന്നാമത്തേത്. അവരുടെ ആഗ്രഹങ്ങളാണ് രണ്ടാമത്തേത്. അവരുടെ ആഗ്രഹങ്ങള്‍ എന്തെന്ന് അവര്‍ സ്വയം ആലോചിച്ച് തീരുമാനിക്കണം; അവര്‍ക്കുവേണ്ടി നാം ആലോചിച്ച് തീരുമാനിക്കുകയല്ല വേണ്ടത്''.

    ബഹുജനങ്ങളില്‍നിന്ന്, അവരുടെ താല്‍പര്യങ്ങളില്‍നിന്നും ഉല്‍ക്കണ്ഠകളില്‍നിന്നും അവരുടെ പരിതഃസ്ഥിതികളില്‍നിന്നും കാര്യങ്ങള്‍ പഠിയ്ക്കാന്‍ ശ്രമിക്കുന്ന മാര്‍ഗമാണ്, ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന രീതിയാണ്, മാസ്ലൈന്‍. ജനങ്ങളുടെ പരിതഃസ്ഥിതികളെക്കുറിച്ച് ശരിയായ അന്വേഷണം നടത്തുക, അവരുടെ സമരങ്ങളില്‍ പങ്കെടുക്കുകയും അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുക, അവരില്‍നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊള്ളുക, ബഹുജനങ്ങളുടെ ഈ ആശയങ്ങളേയും താല്‍പര്യങ്ങളേയും ഉല്‍ക്കണ്ഠകളേയും അടിസ്ഥാനപ്പെടുത്തിക്കൊണ്ടും അതുപോലെത്തന്നെ വസ്തുനിഷ്ഠമായ പരിതഃസ്ഥിതികളെ വിശകലനം ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലും വിപ്ളവ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലും പ്രവര്‍ത്തന പദ്ധതി ആവിഷ്കരിക്കുക - ഇവയെല്ലാം ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നു. മൌ സേ ദോങ്ങ് ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി:

    "നമ്മുടെ പാര്‍ടിയുടെ എല്ലാ പ്രായോഗിക പ്രവര്‍ത്തനങ്ങളിലും, 'ബഹുജനങ്ങളില്‍നിന്ന്, ബഹുജനങ്ങളിലേക്ക്' എന്നതായിരിക്കണം അനിവാര്യമായും ശരിയായ നേതൃത്വത്തിന്റെ മാര്‍ഗം. അതിന്റെ അര്‍ഥം ഇതാണ്: ബഹുജനങ്ങളില്‍നിന്ന് ആശയങ്ങള്‍ സ്വീകരിക്കുക (അവ ചിന്നിച്ചിതറിക്കിടക്കുന്നതും ചിട്ടയൊന്നുമില്ലാത്തതും ആയിരിക്കും); പിന്നീട് അവയെ ഏകാഗ്രമാക്കുക (പഠനത്തിലൂടെ അവയെ ചിട്ടയായതും ഏകീകൃതവുമാക്കി മാറ്റുക); പിന്നീട് ബഹുജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്, ബഹുജനങ്ങള്‍ ഈ ആശയങ്ങളെ തങ്ങളുടെ സ്വന്തം ആശയങ്ങളാക്കി നെഞ്ചോടു ചേര്‍ക്കുന്നതുവരെ അവയ്ക്കുവേണ്ടി പ്രചരണം നടത്തുകയും വിശദീകരിക്കുകയും ചെയ്യുക; അവയെ മുറുകെ പിടിക്കുകയും അവയെ പ്രാവര്‍ത്തികമാക്കുകയും ചെയ്യുക; ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ഈ ആശയങ്ങളുടെ ശരിമ പരീക്ഷിച്ച് ഉറപ്പുവരുത്തുക. പിന്നെ വീണ്ടും ബഹുജനങ്ങളില്‍നിന്ന് ആശയങ്ങള്‍ ഉള്‍ക്കൊണ്ട് അവയെ ഏകാഗ്രമാക്കുക; വീണ്ടും ബഹുജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുക - അങ്ങനെ സ്ഥിര പ്രയത്നത്തിലൂടെ ഈ ആശയങ്ങള്‍ നടപ്പാക്കുക. അങ്ങനെയങ്ങനെ, വീണ്ടും വീണ്ടും അവസാനമില്ലാത്ത ഒരു സ്പ്രിങ്ങ്പോലെ, ആശയങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശരിമയാര്‍ന്ന്, ഓരോ തവണയും കൂടുതല്‍ ജീവത്തായി, കൂടുതല്‍ കൂടുതല്‍ സമ്പന്നമായി അത് മുന്നോട്ടുപോകുന്നു. മാര്‍ക്സിസ്റ്റ് ജ്ഞാനസിദ്ധാന്തം അങ്ങനെയാണ്''.

    ഐക്യം ഉണ്ടാക്കാന്‍ സാധ്യതയുള്ള എല്ലാവരുടെയും (അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളവരുമായിട്ടടക്കം) പരിശ്രമങ്ങളുമായി തങ്ങളുടെ ശ്രമങ്ങളെ ഒന്നിപ്പിയ്ക്കാനുള്ള കാഡര്‍മാരുടെ കഴിവാണ്, പ്രവര്‍ത്തനശൈലിയിലെ മറ്റൊരു സുപ്രധാന വശം. ഒരു പ്രത്യേക പരിതഃസ്ഥിതിയില്‍ യുക്തമായ സമരരൂപം ശരിയായി തിരഞ്ഞെടുക്കുന്നതിനുള്ള കഴിവും മാറിക്കൊണ്ടിരിക്കുന്ന പരിതഃസ്ഥിതികള്‍ക്കനുസരിച്ച് സമരരൂപങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള കഴിവും, ശരിയായ പ്രവര്‍ത്തനശൈലിയില്‍ ഉള്‍പ്പെടുന്നു.

    "ഏറ്റവും നല്ല സന്ദര്‍ഭം'' വരട്ടെ എന്നു പറഞ്ഞ് മടിപിടിച്ച്, പാര്‍ടി ഒരിയ്ക്കലും മാറി നില്‍ക്കുകയില്ല. ഏറ്റവും പ്രതികൂലമായ പരിതഃസ്ഥിതികളില്‍പോലും ഊര്‍ജ്ജിതമായ സമരം നടത്തുന്നതിന്, ബഹുജനങ്ങള്‍ക്കിടയില്‍ സജീവമായ പ്രവര്‍ത്തനം നടത്തുന്നതിനുള്ള സാധ്യതകള്‍ പാര്‍ടി ആരായുകയും കണ്ടെത്തുകയും ചെയ്യും. ബഹുജനങ്ങള്‍ക്കിടയില്‍ പാര്‍ടി എല്ലായ്പ്പോഴും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കണം; മൂര്‍ത്തമായ പരിതഃസ്ഥിതികള്‍ക്ക് അനുസരിച്ച് പ്രക്ഷോഭങ്ങളും സമരങ്ങളും സംഘടിപ്പിക്കണം.

    തിരിച്ചടി ഉണ്ടാകുന്ന അവസരത്തില്‍പ്പോലും, ഭാവിയിലെ മുന്നേറ്റത്തിന് അടിത്തറ പാകുന്നതിനും തിരിച്ചടിയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഉതകുന്ന സമരരൂപങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും കണ്ടെത്തുന്നതിനുള്ള കഴിവാണ്, രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ മറ്റൊരു സുപ്രധാന വശം. പ്രധാന പ്രശ്നം പ്രത്യേകം എടുത്തുകാണിക്കുന്നതിനുള്ള കഴിവാണ് മറ്റൊരു സുപ്രധാന വശം. ഈ പ്രധാന പ്രശ്നം പരിഹരിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം. രാഷ്ട്രീയ സംഭവവികാസങ്ങള്‍ പരസ്പരം ബന്ധപ്പെട്ടവയാണ്; എല്ലായ്പ്പോഴും കൂടിക്കുഴഞ്ഞവയാണ്. ഇതിനെക്കുറിച്ച് ലെനിന്‍ ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട്: "ചങ്ങല മുഴുവനും കൈപ്പിടിയില്‍ നിര്‍ത്തുന്നതിനും അടുത്ത കണ്ണിയിലേക്കുള്ള മാറ്റത്തിന് ദൃഢമായ തയ്യാറെടുപ്പ് നടത്തുന്നതിനും, തന്റെ ശക്തി മുഴുവനും ഉപയോഗിച്ച് ചങ്ങലയിലെ ഏതു പ്രത്യേക കണ്ണിയിലാണ് പിടിക്കേണ്ടത് എന്ന് ഒരാള്‍ക്ക്, ഏത് പ്രത്യേക നിമിഷത്തിലും മനസ്സിലാക്കാന്‍ കഴിവുണ്ടായിരിക്കണം''.

    ഈ അനുഭവങ്ങളെല്ലാം മനസ്സില്‍വെച്ചുകൊണ്ട്, പാര്‍ടിയുടെ വികസനത്തിനുവേണ്ടി ജനങ്ങളെ സംബന്ധിച്ച അടിയന്തിര പ്രശ്നങ്ങളും പ്രാദേശിക പ്രശ്നങ്ങളും ഏറ്റെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സമരങ്ങളും പ്രക്ഷോഭങ്ങളും സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും നമ്മുടെ പാര്‍ടി വിട്ടുവീഴ്ചയില്ലാത്തവിധം നിരന്തരം ഊന്നിപ്പറഞ്ഞുകൊണ്ടിരുന്നു. അത്തരം പ്രശ്നങ്ങള്‍ ഏറ്റെടുക്കേണ്ടത് എങ്ങനെ എന്നതിനെക്കുറിച്ചും അവ ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും പാര്‍ടിയ്ക്കുള്ള ധാരണയെ, പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട്, സംഗ്രഹിച്ച് പ്രസ്താവിക്കുകയുണ്ടായി: റിപ്പോര്‍ട്ടില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു:

    "ഇന്നത്തെ സാഹചര്യത്തില്‍ സ്വയമേവ ഒട്ടേറെ സമരങ്ങള്‍ ഉയര്‍ന്നുവന്നേയ്ക്കാം. അത്തരം സമരങ്ങളിലെല്ലാം പാര്‍ടിയും ബഹുജനമുന്നണികളും ഇടപെടുകയും സജീവ പങ്കാളിത്തത്തിലൂടെ അവയ്ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യണം. ഭാഗികമായ ആവശ്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും ഏറ്റെടുക്കുമ്പോള്‍ത്തന്നെ, അടിസ്ഥാനപരമായ പ്രശ്നങ്ങളുടെ പ്രതിഫലനമാണ് ഭാഗികാവശ്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും എന്നും ജനാധിപത്യവിപ്ളവം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിനെ ആധാരമാക്കിയാണ് അന്തിമ പരിഹാരമെന്നും ബഹുജനങ്ങളെ പാര്‍ടി പഠിപ്പിയ്ക്കണം.

    "അത്തരം പ്രശ്നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ നിരവധി സ്ഥലങ്ങളില്‍ ദൌര്‍ബല്യങ്ങളുണ്ട്. വിവിധ ജനവിഭാഗങ്ങളെ, പ്രത്യേകിച്ചും അധ്വാനിക്കുന്ന ജനങ്ങളെ, ബാധിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് മാത്രമേ പാര്‍ടിയെ ശക്തിപ്പെടുത്താനാവൂ. ഭാഗികമായ ആവശ്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും മുന്‍നിര്‍ത്തി സമരങ്ങള്‍ സംഘടിപ്പിക്കുകയും ഈ സമരങ്ങളെ ഒരു ഇടതുപക്ഷ - ജനാധിപത്യ വേദിയാക്കാനുള്ള വിപുലമായ രാഷ്ട്രീയ അണിചേരലുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നത് പാര്‍ടിയുടെ വ്യാപനത്തിനുള്ള പാത തുറക്കുന്നു. ഭൌതികമായ ആവശ്യങ്ങളും പ്രാദേശിക പ്രശ്നങ്ങളും ഏറ്റെടുക്കുന്നതിലുള്ള എല്ലാ ദൌര്‍ബല്യങ്ങളും പരിഹരിയ്ക്കപ്പെടണം''.

    ഓരോ സംസ്ഥാനത്തും ജനങ്ങളെ ബാധിക്കുന്ന, പ്രാദേശികതലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഉള്ള എണ്ണമറ്റ പ്രശ്നങ്ങളുണ്ട്. അത്തരം പ്രശ്നങ്ങള്‍ ഏതെല്ലാം പ്രദേശങ്ങളില്‍ പാര്‍ടി ഏറ്റെടുത്തിട്ടുണ്ടോ, അവിടങ്ങളിലെല്ലാം സ്വന്തം സ്വാധീനം ശക്തിപ്പെടുത്തുന്നതിന് പാര്‍ടിക്ക് കഴിഞ്ഞിട്ടുണ്ട്. ആന്ധ്രപ്രദേശിലും രാജസ്ഥാനിലും ഈയിടെയുണ്ടായ അനുഭവങ്ങള്‍ കാണിക്കുന്നത്, ബഹുജനങ്ങളെ അണിനിരത്തുന്നതിന് പാര്‍ടിക്ക് കഴിഞ്ഞിട്ടുണ്ട് എന്നാണ്. പ്രാദേശിക പ്രശ്നങ്ങളും അടിയന്തിരാവശ്യങ്ങളും എന്നത് വിശാലമായ അര്‍ത്ഥത്തില്‍, ഇന്നത്തെ സാമൂഹ്യവ്യവസ്ഥയ്ക്കുള്ളില്‍നിന്നുകൊണ്ടു തന്നെ പരിഹരിയ്ക്കാന്‍ കഴിയുന്ന, അഥവാ പരിഹരിയ്ക്കാന്‍ കഴിയുമെന്ന് പ്രത്യക്ഷത്തില്‍ തോന്നുന്ന, സാമ്പത്തികവും രാഷ്ട്രീയവും സാമൂഹ്യവുമായ പ്രശ്നങ്ങളാണ്. അടിസ്ഥാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവ തന്നെയാണ് അവ എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, പൊതുവിതരണ സംവിധാനം, സാമൂഹ്യപ്രശ്നങ്ങള്‍, അസംഘടിതമേഖലയിലെ തൊഴിലാളികളെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍, കര്‍ഷകത്തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഏറ്റെടുക്കണമെന്ന് ഈ അടുത്ത കാലത്ത് പാര്‍ടി, ഊന്നിപ്പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അടിയന്തിര പ്രശ്നങ്ങള്‍ ഏറ്റെടുക്കാതെ, പുതിയ ജനവിഭാഗങ്ങളുമായി ബന്ധം സ്ഥാപിക്കാതെ, പാര്‍ടിയ്ക്ക് ഒട്ടും മുന്നേറാന്‍ കഴിയില്ല. പത്തൊമ്പതാം പാര്‍ടി കോണ്‍ഗ്രസ് ആവിഷ്കരിച്ച കടമകള്‍ നാം നടപ്പാക്കണം.

എസ് രാമചന്ദ്രന്‍പിള്ള ചിന്ത 040211

1 comment:

  1. തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചരിത്രപരമായ കടമ ശാസ്ത്രീയമായി സമര്‍ഥിക്കുന്ന അവസരത്തില്‍, മുതലാളിത്ത സമൂഹത്തെ സോഷ്യലിസ്റ്റ് സമൂഹമാക്കി വിപ്ളവപരമായി പരിവര്‍ത്തനം ചെയ്യുന്നതിന് സ്വതന്ത്രമായ ഒരു രാഷ്ട്രീയ പാര്‍ടി ആവശ്യമാണെന്ന് മാര്‍ക്സും എംഗല്‍സും ചൂണ്ടിക്കാണിക്കുകയുണ്ടായി. 1847ല്‍ മാര്‍ക്സും എംഗല്‍സും ഒന്നാമത്തെ കമ്യൂണിസ്റ്റ് സംഘടന രൂപീകരിച്ചു - കമ്യൂണിസ്റ്റ് ലീഗ് ആണത്. ആധുനിക കമ്യൂണിസ്റ്റ് പാര്‍ടികളുടെ ആദ്യ രൂപമായി കമ്യൂണിസ്റ്റ് ലീഗിനെ പരിഗണിക്കാം. കമ്യൂണിസ്റ്റ് ലീഗിന്റെയും ഇന്റര്‍നാഷണല്‍ വര്‍ക്കിങ് മെന്‍സ് അസോസിയേഷന്റെയും (1864ല്‍ സ്ഥാപിതമായ ഈ സംഘടന ഒന്നാം ഇന്റര്‍നാഷണല്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്) അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍, തൊഴിലാളിവര്‍ഗത്തിന്റെ വിപ്ളവപാര്‍ടിയുടെയും അതിന്റെ സംഘടനയുടെയും അതിന്റെ നയങ്ങളുടെയും പങ്കിനെക്കുറിച്ച് മാര്‍ക്സും എംഗല്‍സും സുപ്രധാനമായ നിരവധി നിഗമനങ്ങളില്‍ എത്തിച്ചേരുകയുണ്ടായി.

    ReplyDelete