Friday, February 4, 2011

സാമൂഹ്യപുരോഗതിക്ക് വഴികാട്ടിയായി ചരിത്ര സെമിനാര്‍

കാഞ്ഞങ്ങാട്: ആധുനിക സമൂഹത്തിന്റെ വികാസവും ഇടതുപക്ഷത്തിന്റെ ഇടപെടലും ചര്‍ച്ച ചെയ്ത് ഇ എം എസ് പഠന കേന്ദ്രം സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് വഴികാട്ടിയായി. സിപിഐ എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇ എം എസ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ പ്രബന്ധാവതരണങ്ങള്‍കൊണ്ടും ചര്‍ച്ചകള്‍കൊണ്ടും ശ്രദ്ധേയമായി.

ആയിരത്തി അഞ്ഞൂറോളം പ്രതിനിധികളാണ് ഏകദിന സെമിനാറിലേക്ക് എത്തിയത്. ദേശീയത- നവോത്ഥാനം-ഇടതുപക്ഷം എന്ന വിഷയമാണ് സെമിനാര്‍ ചര്‍ച്ച ചെയ്തത്. സമൂഹത്തിന്റെ വളര്‍ച്ചയും അതില്‍ ഇടതുപക്ഷം ചെലുത്തിയ സ്വാധീനവും ഏത് വിധത്തിലായിരുന്നുവെന്നും കേരളീയരുടെ ഇടതുപക്ഷ മനസ് നിലനിര്‍ത്തി സമൂഹത്തിന് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്നുമാണ് സെമിനാര്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്. വടക്കേ മലബാറില്‍ നടന്ന കര്‍ഷക പോരാട്ടങ്ങളും ജനകീയ മുന്നേറ്റങ്ങളും കേരളത്തിന്റെ സ്വത്വബോധം രൂപപ്പെടുത്തുന്നതില്‍ ചെലുത്തിയ സ്വാധീനവും വര്‍ഗസമരങ്ങളില്‍ ഊന്നിയ കേരളത്തിന്റെ ഇടതുപക്ഷ മനസും അത് നിലനിര്‍ത്താനുള്ള പ്രതിരോധ പ്രവര്‍ത്തനവും ചര്‍ച്ചക്ക് വിഷയമായി. ഇന്ത്യയിലെയും കേരളത്തിലെയും അറിയപ്പെടുന്ന ചരിത്രകാരന്മാരാണ് വിഷയം അവതരിപ്പിച്ചത്.

പ്രശസ്ത ചരിത്ര പണ്ഡിതന്‍ ഡോ. കെ എന്‍ പണിക്കര്‍ ഇന്ത്യന്‍ ദേശീയതയും ഇടതുപക്ഷവും എന്ന വിഷയം അവതരിപ്പിച്ച് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കമ്യൂണിസ്റ്റ് പ്രസ്ഥാനവും പ്രതിരോധ സമരങ്ങളും എന്ന വിഷയം അവതരിപ്പിച്ചത് പ്രൊഫ. വി കാര്‍ത്തികേയനാണ്. സ്ത്രീകളും പ്രതിരോധ സമരങ്ങളും എന്ന വിഷയം പ്രൊഫ. ടി എ ഉഷാകുമാരി അവതരിപ്പിച്ചു. ദേശീയതയും നവോത്ഥാനവും എന്ന വിഷയം സുനില്‍ പി ഇളയിടവും അവതരിപ്പിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റി ചരിത്ര വിഭാഗം മേധാവി ഡോ. സി ബാലന്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ചു.

ജില്ലയിലെ സ്വാതന്ത്യ്ര സമര പോരാട്ടങ്ങളും നവോത്ഥാന മുന്നേറ്റങ്ങളും കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടന്ന ജനകീയ മുന്നേറ്റങ്ങളും ഉള്‍ക്കൊള്ളിച്ച 'ജനപക്ഷ ചരിത്ര പുസ്തകം' ഇ എം എസ് പഠന കേന്ദ്രം തയ്യാറാക്കി പ്രസിദ്ധീകരിച്ചുവെന്നതാണ് സെമിനാറിനെ ശ്രദ്ധേയമാക്കിയ മറ്റൊന്ന്. ഒരു നൂറ്റാണ്ടിനിടയില്‍ ജില്ലയില്‍ ഉണ്ടായ ചരിത്ര സംഭവങ്ങളും ചെറുതും വലുതുമായ ജനകീയ മുന്നേറ്റങ്ങളും അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി സംഭവങ്ങളും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ ചരിത്ര പുസ്തകം വരും തലമുറക്കും ചരിത്രകാരന്മാര്‍ക്കുമുള്ള പാഠപുസ്തകമാണ്. സ്വാതന്ത്യ്രസമര സേനാനിയും കര്‍ഷക- കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജില്ലയിലെ തലമുതിര്‍ന്ന നേതാവുമായ കെ എം കുഞ്ഞിക്കണ്ണന് നല്‍കി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി എംപിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ഭൂപരിഷ്കരണം ജീവിതരീതി മാറ്റി: വി കാര്‍ത്തികേയന്‍

കാഞ്ഞങ്ങാട്: ഭൂപരിഷ്കരണ നിയമമാണ് കേരളത്തില്‍ നിലനിന്നിരുന്ന പരമ്പരാഗത ജീവിതരീതിക്ക് മാറ്റം വരുത്തിയതെന്ന് പൊഫ്ര. വി കാര്‍ത്തികേയന്‍ പറഞ്ഞു. സിപിഐ എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇ എം എസ് പഠന കേന്ദ്രം കാഞ്ഞങ്ങാട് സംഘടിപ്പിച്ച ചരിത്ര സെമിനാറില്‍ കമ്യൂണിസ്റ്റ് പാര്‍ടിയും ചെറുത്തുനില്‍പും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂവുടമസ്ഥതയില്‍ വന്ന മാറ്റം മൂലധന നിക്ഷേപത്തിനും ഇത് പുതിയ വര്‍ഗങ്ങളുടെ വളര്‍ച്ചയ്ക്കും കാരണമായി. ഇവരുടെ ആവിര്‍ഭാവം പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും ഇടതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കും ജന്മമേകി. തിരുവിതാംകൂറില്‍ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ മാനവികത, അന്വേഷണത്വര, വിമര്‍ശന ബുദ്ധി, സമത്വബോധം തുടങ്ങിയ മൂല്യങ്ങളാണ് മുന്നോട്ട് വച്ചത്. ഈ മൂല്യങ്ങളുടെ എകോപനം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും രാഷ്ട്രീയ പ്രസ്ഥാനത്തിനും രൂപം നല്‍കി. മുതലാളിത്ത കാലഘട്ടത്തിലാണ് മാര്‍ക്സിസം രൂപം കൊണ്ടത്. മുതലാളിത്തം സാമ്രാജ്യത്വമായപ്പോഴാണ് ലെനിനിസം രൂപകൊണ്ടത്. സാമ്രാജ്യത്വം ആഗോളവല്‍ക്കരണമായി വികസിച്ച കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഉല്‍പ്പന്നങ്ങളെയും പണത്തെയും ചരക്കാക്കുന്നതിനു പുറമേ മനുഷ്യന്റെ അവബോധത്തെയും ആശയങ്ങളെയും ചരക്കാക്കുന്ന വ്യവസ്ഥയാണിത്. ഇതിന്റെ ഏജന്‍സികളാണ് മാധ്യമങ്ങള്‍. സമ്മതിയുടെ നിര്‍മിതിക്കാണ് നവസാമ്രാജ്യത്വം മാധ്യമങ്ങളില്‍ മൂലധന നിക്ഷേപം നടത്തുന്നത്. പഴയ രൂപത്തിലുള്ള ചെറുത്തുനില്‍പ്പു സമരങ്ങള്‍ക്കൊപ്പം മാധ്യമ രംഗത്തെ ചെറുത്തുനില്‍പ്പും കമ്യൂണിസ്റ്റ് പാര്‍ടി ഏറ്റെടുക്കണം.

സ്ത്രീകളുടെ പോരാട്ടം രേഖപ്പെടുത്തണം: പ്രൊഫ. ടി എ ഉഷാകുമാരി

കാഞ്ഞങ്ങാട്: ചരിത്രപരമായി നിശബ്ദരാക്കപ്പെട്ടവരും ചരിത്രരേഖകളില്‍ അടയാളപ്പെടുത്താതെ പോയതുമായ സ്ത്രീസമൂഹത്തെ പഠിക്കുകയും രേഖപ്പെടുത്തുകയും ചെയ്യേണ്ട കടമ പുരോഗമന പ്രസ്ഥാനങ്ങള്‍ എറ്റെടുക്കണമെന്ന് 'സ്ത്രീകളും പ്രതിരോധസമരങ്ങളും' എന്ന വിഷയത്തില്‍ സംസാരിച്ച പ്രൊഫ്ര. ടി എ ഉഷാകുമാരി പറഞ്ഞു. ദേശീയ സ്വാതന്ത്രസമരത്തിന്റെ വിവിധ ധാരകളില്‍ സ്ത്രീകള്‍ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ സമരത്തിന്റെ മുഖ്യധാരാ ചരിത്രത്തില്‍ സ്ത്രീയുടെ ഇടം ഇന്നും വേണ്ടവിധം പഠനമാക്കിയിട്ടില്ല. ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരായ കലാപങ്ങളില്‍ സ്ത്രീകള്‍ നിര്‍ണായകമായ പങ്ക് വഹിച്ചു. മലബാറിലെ മഹിളാ സംഘം, കിസാന്‍സഭ, വിവിധ ട്രേഡ് യൂണിയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സമരങ്ങളില്‍ സ്ത്രീകള്‍ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. മലബാറിലെ വര്‍ഗ സമരത്തില്‍ പങ്കാളികളായ സ്ത്രീകളെകുറിച്ച് പ്രത്യേക പഠനം നടത്തണം.

സാംസ്കാരിക മൂലധനത്തിന് വൈദിക പാരമ്പര്യത്തിന്റെ സ്വാധീനം: സുനില്‍ പി ഇളയിടം

കാഞ്ഞങ്ങാട്: ഇന്ത്യന്‍ ദേശീയതയുടെയും ആധുനിക നവോത്ഥാനത്തിന്റെയും സാംസ്കാരിക മൂലധനം വൈദിക പരമ്പര്യത്തില്‍ സ്വാധീനിക്കപ്പെട്ടതാണന്ന് 'ദേശീയതയും നവോത്ഥാനവും' എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം പറഞ്ഞു. ഇടതുപക്ഷത്തിന്റെയും ഗാന്ധിജിയുടെയും ഇടപെടലുകള്‍ ഇതില്‍ നിര്‍ണയക തിരുത്തല്‍ വരുത്തിയെങ്കിലും മറ്റൊരു എതിര്‍ പാരമ്പര്യത്തെ ദേശീയതയുടെ സാംസ്കാരിക മൂലധനമായി വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞില്ല. ഇന്നും ദേശീയത നേരിടുന്ന പ്രതിസന്ധികളുടെ അടിസ്ഥാനവും ഇതു തന്നെയാണ്. ആഗോള മൂലധന ശക്തികള്‍ ഈ പ്രതിസന്ധികളെ ഉപയോഗപ്പെടുത്തി ദേശീയതയെ തന്നെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ദേശീയതയുടെ ആഭ്യന്തര വൈരുധ്യങ്ങളെ തിരിച്ചറിഞ്ഞുകൊണ്ടും സാമ്രാജ്യത്വ താല്‍പര്യങ്ങളെ പ്രതിരോധിച്ചുമുള്ള ഒരു നിലപാട് ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. ഇതിനു പകരം ദേശീയത വിമര്‍ശനത്തെ മാത്രം ലക്ഷ്യംവച്ചാല്‍ അത് സാമ്രാജ്യത്വ യുക്തിയായി പരിണമിക്കും. ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത ആവശ്യമാണ്.

ദേശാഭിമാനി 040211

1 comment:

  1. ആധുനിക സമൂഹത്തിന്റെ വികാസവും ഇടതുപക്ഷത്തിന്റെ ഇടപെടലും ചര്‍ച്ച ചെയ്ത് ഇ എം എസ് പഠന കേന്ദ്രം സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ സമൂഹത്തിന്റെ മുന്നോട്ടുള്ള പോക്കിന് വഴികാട്ടിയായി. സിപിഐ എം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ഇ എം എസ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ പ്രബന്ധാവതരണങ്ങള്‍കൊണ്ടും ചര്‍ച്ചകള്‍കൊണ്ടും ശ്രദ്ധേയമായി.

    ReplyDelete