Saturday, February 19, 2011

മുഖംമാറി; ഇനി മനസ്സറിയണം മാവേലിക്കര

മാറ്റം എന്നാല്‍ ഇങ്ങനെയാകണം. അടിമുടി മാറ്റം. മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം മാവേലിക്കരയ്ക്കു വന്ന മാറ്റം കണ്ടാല്‍ ആരും അതിശയിക്കും. മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക തിലകക്കുറിയായ മാവേലിക്കര പുതുമോടിയോടെയാകും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൂത്തിലേക്കു നീങ്ങുക. ഈ പുതിയ മുഖം യുഡിഎഫിനെ ഭയപ്പെടുത്തുന്നതാണ്. രൂപീകരണഘട്ടം മുതല്‍ പ്രകടിപ്പിച്ചുപോന്ന ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യം കൂടുതല്‍ കരുത്തോടെ കാട്ടാന്‍ തയ്യാറെടുക്കുകയാണ് മാവേലിക്കര. ഇതു എല്‍ഡിഎഫിനു പകരുന്ന ആത്മവിശ്വാസം ചെറുതല്ല. മറുവശത്ത്, രണ്ടുപതിറ്റാണ്ടോളമായി ആധിപത്യം സ്ഥാപിച്ച യുഡിഎഫ് ആശങ്കയിലുമാണ്. അവരുടെ കാലിനടിയില്‍നിന്നു വന്‍തോതില്‍ മണ്ണൊലിപ്പു ഉണ്ടാക്കുന്നതാണ് മണ്ഡലത്തിന്റെ മാറിയ മുഖം. ഇതാണ് അവരെ അസ്വസ്ഥരാക്കുന്നത്.

ഇക്കുറി ജില്ലയിലെ ഏക സംവരണമണ്ഡലമാണ് മാവേലിക്കര. മാരാരിക്കുളത്തിനൊപ്പം ജില്ലയില്‍ ഇല്ലാതായ മണ്ഡലമാണ് പന്തളം. സംവരണമണ്ഡലമായ പന്തളത്തിന്റെ ഭാഗമായിരുന്ന പല പഞ്ചായത്തുകളും മാവേലിക്കരയോടു കൂട്ടിച്ചേര്‍ത്തു. ഒപ്പം ഇതിന്റെ ഭാഗമായി ഇക്കാലമത്രയും നിലനിന്ന പഞ്ചായത്തുകള്‍ കായംകുളം, ചെങ്ങന്നൂര്‍ മണ്ഡലങ്ങളുടെ ഭാഗവുമായി. മാവേലിക്കര നഗരസഭ, വള്ളികുന്നം, ഭരണിക്കാവ്, തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നിത്തല പഞ്ചായത്തുകളും ചേര്‍ന്നതായിരുന്നു ഇതുവരെ മാവേലിക്കര നിയമസഭാ മണ്ഡലം. പുനഃസംഘടനയില്‍ ചെന്നിത്തല പഞ്ചായത്ത് ചെങ്ങന്നൂരിന്റെ ഭാഗമായി. ചെട്ടികുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകള്‍ കായംകുളം മണ്ഡലത്തിന്റെ ഭാഗവുമായി. പഴയ പന്തളം മണ്ഡലത്തില്‍പ്പെട്ട തഴക്കര, നൂറനാട്, പാലമേല്‍, താമരക്കുളം, ചുനക്കര പഞ്ചായത്തുകള്‍ പുതിയ മാവേലിക്കര മണ്ഡലത്തിനൊപ്പം കൂട്ടിച്ചേര്‍ത്തു. നേരത്തെ നഗരസഭയ്ക്കു പുറമെ അഞ്ചു പഞ്ചായത്തുകളായിരുന്നു മാവേലിക്കരയുടെ ഭാഗമായിരുന്നത്. പുനഃസംഘടനയോടെ പഞ്ചായത്തുകളുടെ എണ്ണം ഏഴായി. അതേസമയം പഴയ മണ്ഡലത്തിലെ തെക്കേക്കര, വള്ളികുന്നം പഞ്ചായത്തുകള്‍ മാത്രമാണ് നഗരസഭയ്ക്കൊപ്പം നിലനിര്‍ത്തിയത്. ജില്ലയിലെ മറ്റൊരു നിയമസഭാ മണ്ഡലത്തിനും പുനഃസംഘടനയില്‍ ഇത്രമേല്‍ മുഖം മാറിയിട്ടില്ല.
ഏറ്റവും ഒടുവില്‍ ലഭിക്കുന്ന കണക്കനുസരിച്ച് 1,73,149 വോട്ടര്‍മാര്‍ മണ്ഡലത്തിലുണ്ട്. ഇവിടെയും സ്ത്രീകള്‍തന്നെ മുന്നില്‍- 94,734 പേര്‍. പുരുഷവോട്ടര്‍മാര്‍ 78,415. ആകെ ബൂത്തുകള്‍ 179.

സാംസ്കാരിക കേരളത്തിന്റെയും മലയാള ഭാഷയുടെയും അഭിമാനം വാനോളം ഉയര്‍ത്തിയ കേരളപാണിനി എ ആര്‍ രാജരാജവര്‍മ്മ, ചിത്രകലയുടെ കുലപതി രാജാരവിവര്‍മ്മ എന്നിവരുടെ മരിക്കാത്ത ഓര്‍മ്മകള്‍ നിറഞ്ഞുനില്‍ക്കുന്നതാണിവിടം. മധ്യതിരുവിതാംകൂറിന്റെ സാംസ്കാരികപ്പെരുമ പേറുന്ന മണ്ഡലത്തില്‍ ഭൂരിപക്ഷം വോട്ടര്‍മാരും കര്‍ഷകരും ഇടത്തരക്കാരും. ഓണാട്ടുകര കാര്‍ഷികമേഖലയുടെ ഹൃത്തടം എന്നു വിശേഷിപ്പിക്കാവുന്ന പ്രദേശങ്ങള്‍ മാവേലിക്കരയുടെ രാഷ്ട്രീയമനസ്സിന്റെ ചൂണ്ടുപലക കൂടിയാണ്. ജനങ്ങളുടെ മുഖ്യതൊഴില്‍ കൃഷിതന്നെ. വാണിജ്യവും മുഖ്യ വരുമാനസ്രോതസ്.

1965ലാണ് മണ്ഡലം രൂപീകരിച്ചത്. ഇതിനകം നടന്ന 11 തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷം അഞ്ചും കോണ്‍ഗ്രസ് മുന്നണി ആറും വിജയം നേടി. 1965ലെ കന്നിമത്സരത്തില്‍ കോഗ്രസിലെ കെ കെ ചെല്ലപ്പന്‍പിള്ളയ്ക്കായിരുന്നു ജയം. 67ല്‍ സപ്തകക്ഷി മുന്നണിയിലെ എസ്എസ്പി സ്ഥാനാര്‍ഥി ജി ഗോപിനാഥപിള്ള ജയിച്ചു. 70ലും ഗോപിനാഥപിള്ളയ്ക്കുതന്നെ ജയം. 77ല്‍ കോഗ്രസ് മുന്നണിയിലെ എന്‍ഡിപി സ്ഥാനാര്‍ഥി എന്‍ ഭാസ്കരന്‍നായര്‍ ജയിച്ചു. 80, 82, 87 തെരഞ്ഞെടുപ്പുകളില്‍ സിപിഐ എം സ്ഥാനാര്‍ഥി എസ് ഗോവിന്ദക്കുറുപ്പിനു വിജയം. 91 മുതല്‍ ചിത്രം മാറി. കോണ്‍ഗ്രസിലെ എം മുരളി അന്നുതുടങ്ങി തുടര്‍ച്ചയായ നാലു തെരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിച്ചു.

വി എസ് സര്‍ക്കാരിന്റെ സമാനതകളില്ലാത്ത ഭരണനേട്ടങ്ങള്‍ തന്നെയാണു മാവേലിക്കരയിലും എല്‍ഡിഎഫിന്റെ തുറുപ്പുചീട്ട്. ഇതില്‍ മുഖ്യം ഓണാട്ടുകര കാര്‍ഷികമേഖലയുടെ വികസനം തന്നെ. ഇതിനായി സംഘടിപ്പിച്ച ഓണാട്ടുകര മഹാനാട്ടുകൂട്ടം ചരിത്രത്തിന്റെ ഭാഗമാണിപ്പോള്‍. ഇതിലൂടെ ഉരുത്തിരിഞ്ഞ നവീനാശയങ്ങള്‍ ഉള്‍പ്പെടുത്തി രൂപംനല്‍കിയ ഓണാട്ടുകര കാര്‍ഷിക പാക്കേജ് അടുത്തവര്‍ഷം നടപ്പാക്കി തുടങ്ങും.

മാവേലിക്കര താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയത് കഴിഞ്ഞദിവസമാണ്. നടനും സാഹിത്യനിരൂപകനുമായിരുന്ന നരേന്ദ്രപ്രസാദിന്റെ സ്മരണാര്‍ഥം അദ്ദേഹത്തിന്റെ ജന്മനാടായ പല്ലാരിമംഗലത്ത് സ്മാരകം പണിയുന്നതിനു സര്‍ക്കാര്‍ മുന്‍കൈ എടുത്തു. മുപ്പതുവര്‍ഷമായി ഈ പ്രദേശത്തുകാര്‍ നിരന്തരം ഉന്നയിച്ച ആവശ്യമായിരുന്നു ചെട്ടികുളങ്ങരയില്‍ ഭൂഗര്‍ഭ വൈദ്യുതി ലൈന്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെയും സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെയും ശ്രമഫലമായി ഫെബ്രുവരി 26ന് ഇതും യാഥാര്‍ഥ്യമാകുകയാണ്.

മാവേലിക്കരയിലെ എ ആര്‍ രാജരാജവര്‍മ്മ സ്മാരകം മലയാള ഭാഷയുടെ വികാസത്തിനുള്ള ഗവേഷണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കേന്ദ്രമാക്കിയും മാറ്റി. ഇതെല്ലാം ചേര്‍ന്നു മാവേലിക്കരയുടെ മുഖച്ഛായ അടിമുടി മാറ്റിത്തീര്‍ത്തു. മറ്റൊരര്‍ഥത്തില്‍ ഭൂപരമായി മാത്രമല്ല മാവേലിക്കര നിയമസഭാമണ്ഡലം മാറിയത്. ജനങ്ങളുടെ അടിസ്ഥാനപരമായ ജീവിതത്തില്‍ സാരമായ മാറ്റം വരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നടപടികള്‍ സഹായിച്ചു. ഈ മികവുകള്‍ വോട്ടാക്കി മാറ്റാനായാല്‍ മാവേലിക്കര പുതിയ ഇടതുപക്ഷമുഖം കൂടിയാകും ആര്‍ജിക്കുക.

ദേശാ‍ഭിമാനി 190211

1 comment:

  1. മാറ്റം എന്നാല്‍ ഇങ്ങനെയാകണം. അടിമുടി മാറ്റം. മണ്ഡലം പുനര്‍നിര്‍ണയത്തിനുശേഷം മാവേലിക്കരയ്ക്കു വന്ന മാറ്റം കണ്ടാല്‍ ആരും അതിശയിക്കും. മധ്യതിരുവിതാംകൂറിന്റെ സാംസ്കാരിക തിലകക്കുറിയായ മാവേലിക്കര പുതുമോടിയോടെയാകും ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബൂത്തിലേക്കു നീങ്ങുക. ഈ പുതിയ മുഖം യുഡിഎഫിനെ ഭയപ്പെടുത്തുന്നതാണ്. രൂപീകരണഘട്ടം മുതല്‍ പ്രകടിപ്പിച്ചുപോന്ന ഇടതുപക്ഷ രാഷ്ട്രീയാഭിമുഖ്യം കൂടുതല്‍ കരുത്തോടെ കാട്ടാന്‍ തയ്യാറെടുക്കുകയാണ് മാവേലിക്കര. ഇതു എല്‍ഡിഎഫിനു പകരുന്ന ആത്മവിശ്വാസം ചെറുതല്ല. മറുവശത്ത്, രണ്ടുപതിറ്റാണ്ടോളമായി ആധിപത്യം സ്ഥാപിച്ച യുഡിഎഫ് ആശങ്കയിലുമാണ്. അവരുടെ കാലിനടിയില്‍നിന്നു വന്‍തോതില്‍ മണ്ണൊലിപ്പു ഉണ്ടാക്കുന്നതാണ് മണ്ഡലത്തിന്റെ മാറിയ മുഖം. ഇതാണ് അവരെ അസ്വസ്ഥരാക്കുന്നത്.

    ReplyDelete