Saturday, February 19, 2011

എസ് ബാന്‍ഡ് ഇടപാടിലെ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐ എസ് ആര്‍ ഒ) വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സും ബംഗളൂര്‍ ആസ്ഥാനമായ ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യ കമ്പനിയും തമ്മിലുണ്ടാക്കിയ എസ് ബാന്‍ഡ് സ്‌പെക്ട്രം കരാര്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പൊതു ഖജനാവിനു ഭീമമായ വരുമാനനഷ്ടമുണ്ടാക്കുന്നതും രാജ്യത്തിന്റെ സുരക്ഷാ താല്‍പര്യങ്ങള്‍ അപകടത്തിലാക്കുകയും ചെയ്യുന്ന എസ് ബാന്‍ഡ് സ്‌പെക്ട്രം കരാറിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ഒളിച്ചുകളിക്കുകയായിരുന്നു. ഈ ഇടപാടിനെകുറിച്ച് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ പ്രാഥമിക റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധം വളര്‍ന്നുവന്നപ്പോഴാണ് അഞ്ചുവര്‍ഷം മുമ്പുണ്ടാക്കിയ കരാര്‍ രാജ്യതാല്‍പര്യങ്ങള്‍ ഹനിക്കുന്നതാണെന്ന് സര്‍ക്കാരിനു ''ബോധ്യ''മായത്. 2005 ജനുവരിയിലാണ് ആന്‍ട്രിക്‌സും ദേവാസും തമ്മില്‍ കരാറുണ്ടാക്കിയത്. ഐ എസ് ആര്‍ ഒയുടെ ജി സാറ്റ്-6, ജി സാറ്റ്-6 എ എന്നീ ഉപഗ്രഹങ്ങളിലെ ട്രാന്‍സ്‌പോണ്ടറുകളുടെ ശേഷിയുടെ 90 ശതമാനവും ദേവാസിനു നല്‍കാനാണ് കരാറില്‍ വ്യവസ്ഥ ചെയ്തിരുന്നത്. 12 വര്‍ഷത്തേയ്ക്ക് 1350 കോടി രൂപയ്ക്കാണ് ട്രാന്‍സ്‌പോണ്ടറുകള്‍ പാട്ടത്തിനു നല്‍കുക. ഏറ്റവും വില പിടിപ്പുള്ള എസ് ബാന്‍ഡ് സ്‌പെക്ട്രം യഥേഷ്ടം ഉപയോഗിക്കാന്‍ ദേവാസിനു കഴിയും. ഈ ഇടപാടിലൂടെ രണ്ടു ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണക്കാക്കുന്നത്. നാടിനെ നടുക്കിയ 2 ജി സ്‌പെക്ട്രം അഴിമതിയേക്കാള്‍ ഭീമമായ കുംഭകോണത്തിനാണ് എസ് ബാന്‍ഡ് സ്‌പെക്ട്രം ഇടപാട് വഴിയൊരുക്കിയത്.

2 ജി സ്‌പെക്ട്രം ടെലികോം വകുപ്പിന്റെ നിയന്ത്രണത്തിലാണ്. ടെലികോം വകുപ്പ് മന്ത്രിയായിരുന്ന രാജ കോഴപ്പണത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെക്ട്രം ലൈസന്‍സ് അനുവദിച്ചു. ഈ ഇടപാടില്‍ 1.76 ലക്ഷം കോടി രൂപ ഖജനാവിനു നഷ്ടമുണ്ടായെന്നാണ് സി എ ജി കണക്കാക്കിയത്. ഈ അഴിമതിയില്‍ രാജയുടെ പങ്കിന് കൂടുതല്‍ തെളിവുകള്‍ സി ബി ഐക്ക് ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന രാജയുടെ കൂട്ടാളികളില്‍ പലരുടേയും ഓഫീസുകളിലും വസതികളിലും സി ബി ഐ നടത്തിയ റെയ്ഡില്‍ സുപ്രധാനമായ തെളിവുകള്‍ ലഭിച്ചുവെന്നാണ് സൂചന.

എസ് ബാന്‍ഡ് സ്‌പെക്ട്രം ഇടപാട് നടത്തിയ ഐ എസ് ആര്‍ ഒ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ കീഴിലുള്ളതാണ്. ആന്‍ട്രിക്‌സും ദേവാസും തമ്മിലുണ്ടാക്കിയ കരാറിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരമുണ്ടായിരുന്നു. മന്‍മോഹന്‍സിംഗിനും പ്രധാനമന്ത്രിയുടെ ഓഫീസിനും ഈ കരാറിന്റെ ധാര്‍മികവും നിയമപരവുമായ ബാധ്യതയില്‍ നിന്നും ഒഴിഞ്ഞുമാറാനാവില്ല. എസ് ബാന്‍ഡ് ഇടപാട് പ്രതിരോധ വകുപ്പിനെ ഇരുട്ടില്‍ നിര്‍ത്തിയാണുണ്ടാക്കിയതെന്നാണ് പ്രതിരോധ മന്ത്രി എ കെ ആന്റണി വ്യാഴാഴ്ച പറഞ്ഞത്. കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയപ്പോള്‍, ആന്റണിയും പ്രതിരോധ മന്ത്രാലയവും ഉറങ്ങുകയായിരുന്നോ?

ഇപ്പോള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ പൃഥ്വിരാജ് ചവാനായിരുന്നു പ്രധാനമന്ത്രിയുടെ കീഴില്‍ ശാസ്ത്ര സാങ്കേതിക വകുപ്പ് കൈകാര്യം ചെയ്ത സഹമന്ത്രി. അദ്ദേഹത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ മറ്റ് ഉന്നതരുടെയും അറിവും സമ്മതവുമില്ലാതെ ഇത്തരമൊരു കരാറുണ്ടാക്കാന്‍ ഐ എസ് ആര്‍ ഒ തയ്യാറാകില്ലെന്ന് കൊച്ചുകുട്ടികള്‍ക്കുപോലുമറിയാം. ആന്‍ട്രിക്‌സുമായി കരാറുണ്ടാക്കിയ ശേഷം ദേവാസ് പല വിദേശ കമ്പനികളുമായി ഇടപാടുകളില്‍ ഏര്‍പ്പെട്ടതിന്റെ കാരണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അറിയാത്തതല്ല. ഉന്നത കേന്ദ്രങ്ങളുടെ ഒത്താശയോടെയാണ് ദേവാസുമായി ആന്‍ട്രിക്‌സ് കരാറുണ്ടാക്കിയത്. കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതുകൊണ്ട് പ്രശ്‌നം തീരില്ല. ദേശീയ താല്‍പര്യങ്ങള്‍ അപകടപ്പെടുത്തുകയും വന്‍സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന കരാറിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമാണെന്നു അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആന്‍ട്രിക്‌സിന്റെയും  ഐ എസ് ആര്‍ ഒയുടെയും ഉദ്യോഗസ്ഥന്‍മാരുടെ മാത്രം തലയില്‍ കുറ്റം കെട്ടിവെയ്ക്കാനാവില്ല. അതിനു മുകളിലുള്ളവരുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരണം. അതിനു സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണ്. എസ് ബാന്‍ഡ് സ്‌പെക്ട്രം പോലുള്ള അമൂല്യമായ ദേശീയ വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുന്നതു തടയാന്‍ ഇപ്പോള്‍ നടന്ന ഇടപാടിന്റെ അണിയറക്കഥകള്‍ പുറത്തു കൊണ്ടുവരേണ്ടത് അനിവാര്യമാണ്. രാഷ്ട്ര താല്‍പര്യങ്ങള്‍ ബലികഴിക്കാന്‍ കൂട്ടുനിന്നവര്‍ ശിക്ഷിക്കപ്പെടുകയും വേണം.

ജനയുഗം മുഖപ്രസംഗം 190211

1 comment:

  1. കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതുകൊണ്ട് പ്രശ്‌നം തീരില്ല. ദേശീയ താല്‍പര്യങ്ങള്‍ അപകടപ്പെടുത്തുകയും വന്‍സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്യുന്ന കരാറിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമാണെന്നു അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആന്‍ട്രിക്‌സിന്റെയും ഐ എസ് ആര്‍ ഒയുടെയും ഉദ്യോഗസ്ഥന്‍മാരുടെ മാത്രം തലയില്‍ കുറ്റം കെട്ടിവെയ്ക്കാനാവില്ല. അതിനു മുകളിലുള്ളവരുടെ പങ്ക് വെളിച്ചത്തുകൊണ്ടുവരണം. അതിനു സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യമാണ്. എസ് ബാന്‍ഡ് സ്‌പെക്ട്രം പോലുള്ള അമൂല്യമായ ദേശീയ വിഭവങ്ങള്‍ കൊള്ളയടിക്കപ്പെടുന്നതു തടയാന്‍ ഇപ്പോള്‍ നടന്ന ഇടപാടിന്റെ അണിയറക്കഥകള്‍ പുറത്തു കൊണ്ടുവരേണ്ടത് അനിവാര്യമാണ്. രാഷ്ട്ര താല്‍പര്യങ്ങള്‍ ബലികഴിക്കാന്‍ കൂട്ടുനിന്നവര്‍ ശിക്ഷിക്കപ്പെടുകയും വേണം.

    ReplyDelete