Saturday, February 19, 2011

പിള്ളക്കു സ്വീകരണം നല്‍കിയത് മോശം: മാണി

ന്യൂഡല്‍ഹി: ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ സ്വീകരിക്കാന്‍ തന്റെ പാര്‍ടിയില്‍നിന്ന് ആരും പോകാതിരുന്നത് നന്നായെന്ന് കേരളകോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. സുപ്രീംകോടതി ബാലകൃഷ്ണപിള്ളക്ക് വിധിച്ച ശിക്ഷ ശിക്ഷതന്നെയാണ്. അതിനെ ചോദ്യംചെയ്യുന്നില്ല. അഴിമതി എവിടെ ഉണ്ടായാലും പുറത്തുവരണം. കൊട്ടാരക്കരയില്‍ പിള്ളക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം ശരിയായിരുന്നു. പിള്ളയെ സ്വീകരിക്കാന്‍ പോയെങ്കില്‍ മോശമായേനെയെന്നും കെ എം മാണി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടയാളെ യുഡിഎഫ് നേതൃത്വം തള്ളിപ്പറയേണ്ടതല്ലേയെന്ന ചോദ്യത്തിന് അക്കാര്യം തീരുമാനിക്കേണ്ടത് താനല്ലെന്നായിരുന്നു മാണിയുടെ മറുപടി. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിള്ളയുടെ ശിക്ഷ ഇളവുചെയ്യാന്‍ തീരുമാനിച്ചാല്‍ എന്താകും നിലപാടെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കുഞ്ഞാലിക്കുട്ടിയെ മന്ത്രിയാക്കണോയെന്ന കാര്യം മുസ്ളീംലീഗാണ് തീരുമാനിക്കേണ്ടത്. കുഞ്ഞാലിക്കുട്ടിയെ മന്ത്രിയാക്കിയാല്‍ താന്‍ സ്വാഗതംചെയ്യും. ജുഡീഷ്യറിക്കെതിരായ പരസ്യപ്രസ്താവന എല്ലാവരും ഒഴിവാക്കണമെന്നാണ് തന്റെ നിലപാടെന്നും കെ സുധാകരന്റെ വിവാദ പ്രസംഗത്തെക്കുറിച്ച് മാണി പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഇടപെടാന്‍ ഡല്‍ഹിയില്‍ ഇടനിലക്കാരനുണ്ടെന്ന് തനിക്കറിയില്ല. വ്യക്തമായ തെളിവില്ലാതെ ഇത്തരം ആരോപണം താന്‍ ഉന്നയിക്കില്ലെന്നും മാണി പറഞ്ഞു.

നിയമസഭാതെരഞ്ഞെടുപ്പില്‍ കേരളകോഗ്രസ് എമ്മിന് കൂടുതല്‍ സീറ്റ് ആവശ്യപ്പെടുമെന്നും അതിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്നും മാണി വ്യക്തമാക്കി. യുഡിഎഫില്‍ രണ്ടാമത്തെ കക്ഷി ആരണെന്ന് ഇപ്പോള്‍ ഒന്നാംക്ളാസിലെ കുട്ടിക്ക് പോലും അറിയാമെന്നും അദ്ദേഹം പ്രതികരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് കിട്ടുമെന്ന കാര്യത്തില്‍ ആശങ്കയില്ല. തൊടുപുഴയില്‍ പി ജെ ജോസഫ് തന്നെ സ്ഥാനാര്‍ഥിയാകുമെന്നും മാണി വെളിപ്പെടുത്തി.

ബാലകൃഷ്ണ പിള്ള റിവ്യൂഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷം കഠിനതടവ് വിധിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ആര്‍ ബാലകൃഷ്ണപിള്ള സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കി. റിവ്യൂഹര്‍ജി തീര്‍പ്പാകുന്നത് വരെ നേരത്തെയുള്ള വിധിയും ശിക്ഷയും സ്റ്റേ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് രണ്ട് പ്രത്യേക അപേക്ഷകളും സമര്‍പ്പിച്ചിട്ടുണ്ട്. അഭിഭാഷകനായ സദറുള്‍ അനാമാണ് പിള്ളയ്ക്ക് വേണ്ടി റിവ്യൂഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും ഇടതുപക്ഷ സര്‍ക്കാരും ഗൂഡാലോചന നടത്തി കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് വിധി സമ്പാദിച്ചതെന്ന ഗുരുതരമായ ആരോപണം റിവ്യൂഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹര്‍ജി പെട്ടെന്ന് പരിഗണിക്കാന്‍ വി എസ് അനാവശ്യ തിടുക്കം കാട്ടിയെന്നും കോടതി ഇത് അനുവദിച്ചുകൊടുത്തെന്നും ആരോപിക്കുന്നു.

സുപ്രീംകോടതി വിധിയില്‍ വസ്തുതാപരവും നിയമപരവും ഭരണഘടനാപരവുമായ ഒട്ടേറെ പിഴവുകളുണ്ടെന്ന കുറ്റപ്പെടുത്തലും ഹര്‍ജിയിലുണ്ട്. ഈ പിഴവുകള്‍ തിരുത്തണം. വിചാരണകോടതിയും കേരള ഹൈക്കോടതിയും ഉന്നയിക്കാത്ത പല വിഷയങ്ങളും പിന്നീട് പരിഗണിക്കപ്പെട്ടതില്‍ നിയമപരമായി പിഴവുണ്ട്. വിചാരണയില്‍ പ്രതിഭാഗം സാക്ഷികളെ ഉള്‍പ്പെടുത്തിയില്ല. ഒട്ടേറെ പിശകുകള്‍ ഉത്തരവില്‍ സംഭവിച്ചിട്ടുണ്ട്- പിള്ള ഹര്‍ജിയില്‍ പറഞ്ഞു. പിള്ളയ്ക്കും കൂട്ടുപ്രതികള്‍ക്കും ശിക്ഷ വിധിച്ച ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള അതേ ബെഞ്ച് തന്നെയാകും റിവ്യൂഹര്‍ജിയും പരിഗണിക്കുക. ഹര്‍ജിയില്‍ വാദപ്രതിവാദങ്ങളുണ്ടാവില്ല. ജഡ്ജിമാരുടെ ചേമ്പറില്‍ ഹര്‍ജി പരിശോധിച്ച് തീര്‍പ്പുകല്‍പ്പിക്കുകയാകും ചെയ്യുക.

ദേശാഭിമാനി 190211

3 comments:

  1. ഇടമലയാര്‍ അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ സ്വീകരിക്കാന്‍ തന്റെ പാര്‍ടിയില്‍നിന്ന് ആരും പോകാതിരുന്നത് നന്നായെന്ന് കേരളകോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. സുപ്രീംകോടതി ബാലകൃഷ്ണപിള്ളക്ക് വിധിച്ച ശിക്ഷ ശിക്ഷതന്നെയാണ്. അതിനെ ചോദ്യംചെയ്യുന്നില്ല. അഴിമതി എവിടെ ഉണ്ടായാലും പുറത്തുവരണം. കൊട്ടാരക്കരയില്‍ പിള്ളക്ക് നല്‍കിയ സ്വീകരണയോഗത്തില്‍ പങ്കെടുക്കേണ്ടെന്ന തീരുമാനം ശരിയായിരുന്നു. പിള്ളയെ സ്വീകരിക്കാന്‍ പോയെങ്കില്‍ മോശമായേനെയെന്നും കെ എം മാണി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete
  2. ഇടമലയാര്‍ കേസിലെ സുപ്രീംകോടതി വിധിയെ തള്ളിപ്പറയുന്ന യുഡിഎഫിലെ പലരും മുമ്പ് ഈ വിഷയത്തില്‍ ബാലകൃഷ്ണപിള്ളക്കെതിരെ നിലപാടെടുത്തവരാണെന്ന് എന്‍സിപി നേതാവ് എ കെ ശശീന്ദ്രന്‍ എംഎല്‍എ. 1985-ല്‍ സീതിഹാജി എംഎല്‍എ ചെയര്‍മാനായുള്ള പബ്ളിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയിലുണ്ടായിരുന്ന യുഡിഎഫ് അംഗങ്ങള്‍ ഒറ്റക്കെട്ടായാണ് ഈ നിലപാടെടുത്തത്. ഇന്നത്തെ യുഡിഎഫ് കവീനര്‍ പി പി തങ്കച്ചനും ആ നിലപാടായിരുന്നുവെന്ന് കമ്മിറ്റിയില്‍ അംഗമായിരുന്ന ശശീന്ദ്രന്‍ പറഞ്ഞു. കേരള എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന സമ്മേളന സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete
  3. ന്യൂഡല്‍ഹി: ആര്‍ ബാലകൃഷ്ണപിള്ള സുപ്രിം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. അന്യായമായാണ് തന്നെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട് ബാലകൃഷ്ണപിള്ള പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടെങ്കിലും ഏത് നിയമത്തിന്റെ ഏത് വകുപ്പ് പ്രകാരമാണ് ശിക്ഷിച്ചതെന്ന് വിധിയില്‍ പറയുന്നില്ല. ആ നിലയ്ക്ക് തടങ്കല്‍ അന്യായമാണ്. തടവില്‍നിന്ന് മോചിപ്പിച്ച് സുപ്രിം കോടതിയില്‍ ഹാജരാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുപ്രിം കോടതി വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ളഹര്‍ജി 9ന് കോടി പരിഗണിക്കും.

    ReplyDelete