Sunday, February 6, 2011

കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവര്‍ തെളിവുനല്‍കണം: പിണറായി

കുഞ്ഞാലിക്കുട്ടിയും ബന്ധു റൌഫും മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനലും നടത്തിയ വെളിപ്പെടുത്തലിന് ആധാരമായ തെളിവുകള്‍ പ്രത്യേക അന്വേഷണസംഘത്തിനു നല്‍കാന്‍ തയ്യാറാകണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. സമൂഹത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതും ഗുരുതരവുമായ വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. യുഡിഎഫിലെ ജീര്‍ണത വ്യക്തമാക്കുന്നതാണ് ഇത്. ഒരിക്കല്‍ക്കൂടി ഭരണം കിട്ടിയാല്‍ എന്താകും സ്ഥിതിയെന്നതിന് ഇത് തെളിവാണ്. ഈ ജീര്‍ണത ഇനിയും വേണമോ എന്നതാണ് സമൂഹത്തിന്റെ മുന്നിലുള്ള പ്രശ്നമെന്ന് സിപിഐ എം സംസ്ഥാന കമ്മിറ്റിയോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയുടെയും മറ്റും വെളിപ്പെടുത്തലുകള്‍ ലീഗിനുള്ളിലും യുഡിഎഫിലും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ജുഡീഷ്യറിയുടെ വിശ്വാസ്യത ചോദ്യംചെയ്യപ്പെട്ട സാഹചര്യത്തില്‍ അത് വീണ്ടെടുക്കാന്‍ അവര്‍ക്ക് ബാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള ലീഗിന്റെ ആരോപണം ശ്രദ്ധതിരിക്കാനാണ്. തകര്‍ച്ചയില്‍ നിന്നും യുഡിഎഫിനെ രക്ഷിക്കാന്‍ ചില മാധ്യമങ്ങള്‍ സ്വന്തം വിശ്വാസ്യതപോലും തകര്‍ത്തുശ്രമിക്കുകയാണ്. റൌഫും മുനീറും ഇന്ത്യാവിഷനും കൂടി ചെയ്തതിന്റെ പിതൃത്വം എല്‍ഡിഎഫിനു മേല്‍ ആരോപിക്കാന്‍ ഒരു പത്രം മുഖപ്രസംഗത്തിലൂടെ നടത്തിയ ശ്രമം പരിഹാസ്യമാണ്. തന്നെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍ ഗൌരവമുള്ളതാണ്. മന്ത്രിയായിരിക്കെ വഴിവിട്ട് പല കാര്യങ്ങള്‍ ചെയ്തെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. വൈകിയാണെങ്കിലും തെറ്റ് സമ്മതിച്ചത് സ്വാഗതം ചെയ്ത ഉമ്മന്‍ചാണ്ടി അത് എന്താണെന്ന് വ്യക്തമാക്കുകയാണ് വേണ്ടത്. അന്നത്തെ മുഖ്യമന്ത്രി എന്ന നിലയില്‍ തെറ്റ് എന്താണെന്ന് അദ്ദേഹത്തിന് അറിയാം. സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് കുഞ്ഞാലിക്കുട്ടി പരസ്യമായി സമ്മതിച്ചിരിക്കുകയാണ്.

ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതിന് സാക്ഷിയാണെന്നാണ് റൌഫ് വെളിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സമ്പാദ്യം, വിദേശത്തെ നിക്ഷേപം, കള്ളനോട്ടിന്റെ പ്രശ്നം ഇങ്ങനെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നവയാണ് റൌഫിന്റെ വെളിപ്പെടുത്തല്‍. ലീഗ് സംസ്ഥാന സെക്രട്ടറിയായ എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനും തെളിവ് ശേഖരിച്ചിട്ടുണ്ട്. അത് മുഖ്യമന്ത്രിക്ക് എത്രയും വേഗം കൈമാറണം. മുനീറിന്റെ അറിവോടെയാണ് ഇന്ത്യാവിഷന്‍ വാര്‍ത്ത സംപ്രേഷണം ചെയ്തത്. ചാനല്‍ ചെയ്ത കാര്യങ്ങള്‍ തള്ളിപ്പറയാന്‍ മുനീര്‍ തയ്യാറായിട്ടില്ല. സെക്രട്ടറി സ്ഥാനം രാജിവച്ച് അദ്ദേഹം നല്‍കിയ കത്ത് സ്വീകരിക്കാന്‍ ലീഗ് നേതൃത്വത്തിനു വിസമ്മതമാണ്. ഗൂഢാലോചനയില്‍ മുനീറിനു പങ്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇത്രയുമായിട്ടും ലീഗിനൊപ്പം നില്‍ക്കുന്ന സംഘടനകള്‍ പ്രതികരിച്ചിട്ടില്ല. സമസ്തയെ പോലുള്ള സംഘടനകള്‍ പ്രതികരിക്കാന്‍ തയ്യാറാകണം. പുറത്തുവരേണ്ട ഒരുപാടു കാര്യങ്ങള്‍ ഇനിയുമുണ്ട്. യുഡിഎഫ് ഭരണത്തിലെ അധികാര ദല്ലാളന്മാരെ കുറിച്ചാണ് കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നത്. യുഡിഎഫിന് ബുദ്ധി ഉപദേശിക്കുന്ന മാധ്യമങ്ങളും വിഷമത്തിലായിരിക്കുകയാണെന്ന് പിണറായി പറഞ്ഞു.

എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കും

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ പൊതുഅന്തരീക്ഷം എല്‍ഡിഎഫിന് അനുകൂലമായി മാറുന്നുവെന്ന് സംസ്ഥാനകമ്മിറ്റി വിലയിരുത്തി. സര്‍ക്കാരിന്റെ ജനോപകാര നടപടികളില്‍ ജനങ്ങള്‍ക്ക് മതിപ്പാണ്. അനുകൂലമായ ജനവികാരം ശക്തമായി കൊണ്ടിരിക്കുകയുമാണ്.

യുഡിഎഫ് കടുത്ത പ്രതിസന്ധിയിലാണ്. മുന്നണി എന്ന നിലയില്‍ കെട്ടുറപ്പിനെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ഉണ്ടായിരിക്കുന്നു. ജെഎസ്എസ് പരസ്യമായ നിലപാടു സ്വീകരിച്ചു. രണ്ടാം സ്ഥാനത്തെ ചൊല്ലിയും തര്‍ക്കമാണ്. കെ എം മാണി പരസ്യമായി അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ലീഗും കേരള കോണ്‍ഗ്രസും അകന്നതായി ആര്‍ക്കും കാണാന്‍ കഴിയും. കോണ്‍ഗ്രസിലും തര്‍ക്കവും വടംവലിയും രൂക്ഷമാണ്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിലാണ് നടന്നത്. ഗ്രൂപ്പുകള്‍ വീണ്ടും സജീവമാണ്. അതിന് നേതാക്കള്‍ തന്നെ നേതൃത്വം നല്‍കുന്നു. തെരഞ്ഞെടുപ്പില്‍ സിപിഐ എം എത്ര സീറ്റില്‍ മത്സരിക്കുമെന്ന് എല്‍ഡിഎഫ് തീരുമാനിക്കും. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന വാര്‍ത്ത ഭാവനയില്‍ മെനഞ്ഞതാണ്. അതിന് താന്‍ ഉത്തരവാദിയല്ലെന്നും പിണറായി ചോദ്യത്തിനു മറുപടി നല്‍കി.

പി ശശിക്കെതിരായ ആക്ഷേപം അന്വേഷിക്കും: പിണറായി

പി ശശിക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവന്‍, വൈക്കം വിശ്വന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റി യോഗം ചുമതലപ്പെടുത്തിയതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആക്ഷേപം എന്താണെന്ന് അതേക്കുറിച്ച് അന്വേഷിച്ചതിന് ശേഷം പറയും. ആക്ഷേപത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നല്‍കി. ഇതേക്കുറിച്ച് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണം. പി ശശിയുടെ കത്ത് കിട്ടിയിട്ടില്ലെന്നും പിണറായി പറഞ്ഞു. ശശിക്കെതിരെ സംസ്ഥാന കമ്മിറ്റിക്കാണ് പരാതി കിട്ടിയത്. അദ്ദേഹം സംസ്ഥാന കമ്മിറ്റി അംഗമായതിനാല്‍ സംസ്ഥാന കമ്മിറ്റി അതേകുറിച്ച് അന്വേഷിക്കാന്‍ തീരുമാനിച്ചു. ആക്ഷേപം ഉണ്ടായതിന് ശേഷം ആദ്യമായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമായതിനാലാണ് ഇക്കാര്യം പരിഗണിച്ചതെന്ന് പിണറായി പറഞ്ഞു.

ദേശാഭിമാനി 060211

4 comments:

  1. ഹൈക്കോടതിയിലെ രണ്ടു ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്തതിന് സാക്ഷിയാണെന്നാണ് റൌഫ് വെളിപ്പെടുത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ അനധികൃത സമ്പാദ്യം, വിദേശത്തെ നിക്ഷേപം, കള്ളനോട്ടിന്റെ പ്രശ്നം ഇങ്ങനെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നവയാണ് റൌഫിന്റെ വെളിപ്പെടുത്തല്‍. ലീഗ് സംസ്ഥാന സെക്രട്ടറിയായ എം കെ മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷനും തെളിവ് ശേഖരിച്ചിട്ടുണ്ട്. അത് മുഖ്യമന്ത്രിക്ക് എത്രയും വേഗം കൈമാറണം. മുനീറിന്റെ അറിവോടെയാണ് ഇന്ത്യാവിഷന്‍ വാര്‍ത്ത സംപ്രേഷണം ചെയ്തത്. ചാനല്‍ ചെയ്ത കാര്യങ്ങള്‍ തള്ളിപ്പറയാന്‍ മുനീര്‍ തയ്യാറായിട്ടില്ല. സെക്രട്ടറി സ്ഥാനം രാജിവച്ച് അദ്ദേഹം നല്‍കിയ കത്ത് സ്വീകരിക്കാന്‍ ലീഗ് നേതൃത്വത്തിനു വിസമ്മതമാണ്. ഗൂഢാലോചനയില്‍ മുനീറിനു പങ്കുണ്ടെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഇത്രയുമായിട്ടും ലീഗിനൊപ്പം നില്‍ക്കുന്ന സംഘടനകള്‍ പ്രതികരിച്ചിട്ടില്ല. സമസ്തയെ പോലുള്ള സംഘടനകള്‍ പ്രതികരിക്കാന്‍ തയ്യാറാകണം. പുറത്തുവരേണ്ട ഒരുപാടു കാര്യങ്ങള്‍ ഇനിയുമുണ്ട്. യുഡിഎഫ് ഭരണത്തിലെ അധികാര ദല്ലാളന്മാരെ കുറിച്ചാണ് കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നത്. യുഡിഎഫിന് ബുദ്ധി ഉപദേശിക്കുന്ന മാധ്യമങ്ങളും വിഷമത്തിലായിരിക്കുകയാണെന്ന് പിണറായി പറഞ്ഞു.

    ReplyDelete
  2. ജുഡീഷ്യറിയെ സ്വാധീനിക്കാന്‍ നടത്തിയ നീക്കങ്ങളെ സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ റൌഫ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. ഇടനിലക്കാരായി പ്രവര്‍ത്തിച്ച ആറ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരെ സംബന്ധിച്ചും പിന്നില്‍ പ്രവര്‍ത്തിച്ച ലീഗ് നേതാക്കളെക്കുറിച്ചും റൌഫ് തെളിവു നല്‍കി. ഇതിനിടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച തെളിവുകള്‍ കൈമാറാന്‍ ഇന്ത്യാവിഷന്‍ അധികൃതര്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കത്ത് നല്‍കി.

    കുഞ്ഞാലിക്കുട്ടിക്കെതിരെ റൌഫിന്റെ പുതിയ വെല്ലുവിളി. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ധൈര്യമുണ്ടെങ്കില്‍ കുഞ്ഞാലിക്കുട്ടി പുറത്തുകൊണ്ടുവരട്ടെയെന്ന് റൌഫ് കോഴിക്കോട്ട് പറഞ്ഞു. തന്റെ കയ്യില്‍ ബോംബ് ഉണ്ടെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി അത് സ്വന്തം കയ്യില്‍ ഇരുന്ന് പൊട്ടാതെ നോക്കണമെന്നും റൌഫ് പറഞ്ഞു.

    ReplyDelete
  3. ലീഗിനുള്ളില്‍ മുനീര്‍ കീഴടങ്ങിക്കൊണ്ട് ഒത്തുതീര്‍പ്പായി. മുനീര്‍ ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ വഴിതേടും. കുറ്റാരോപണ വിധേയനായ കുഞ്ഞാലിക്കുട്ടിയും കുറ്റാരോപണങ്ങള്‍ കൊണ്ടുവന്ന മുനീറും കൈകോര്‍ത്ത് ലീഗിനെ തെരഞ്ഞെടുപ്പില്‍ നയിക്കും. ലീഗ് യോഗതീരുമാനങ്ങള്‍ ഇ ടി മുഹമ്മദ് ബഷീറും കുഞ്ഞാലിക്കുട്ടിയും മുനീറും അടക്കമുള്ള നേതാക്കള്‍ വിശദീകരിച്ചു. .

    ReplyDelete
  4. മുഖ്യമന്ത്രിയുടെ ഓഫീസ് ഗൂഢാലോചന്യൂനടക്കുന്ന സ്ഥലമല്ലെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫിസ് ഗൂഢാലോചന്യൂനടത്തിയെന്ന ഇ ടി മുഹമ്മദ് ബഷീറിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
    തെറ്റുകാര്‍ക്കും അഴിമതിക്കാര്‍ക്കും വഞ്ചന്യൂകാട്ടുന്നവര്‍ക്കുമെതിരെ ശക്തമായതും നേരായ മാര്‍ഗത്തിലൂടെയും നടപടി സ്വീകരിക്കുന്നതാണ് തന്റെ ഓഫിസ്. ആ നിലയില്‍ കഴിഞ്ഞ കാലത്ത് കുറ്റങ്ങളും അക്രമങ്ങളും നടത്തുകയും പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുകയും ചെയ്ത കൊള്ളരുതാത്തവര്‍ക്കെതിരെ ശക്തമായ ്യൂനടപടിക്ക് തന്റെ ഒാഫിസ് തുനിഞ്ഞിരിക്കുകയാണ്. അതിന്റെ ബേജാറിന്റെ അടിസ്ഥാനത്തിലാണ് ചിലര്‍ ചിലതൊക്കെ പറയുന്നത്. ഇത് കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete