ബംഗളൂരു: എസ് ബാന്‍ഡ് സ്പെക്ട്രം അനുവദിച്ചതില്‍ രണ്ടു ലക്ഷം കോടിയുടെ അഴിമതിയാരോപണം ഉയര്‍ന്നത് ഐഎസ്ആര്‍ഒയെ വിവാദത്തിലാഴ്ത്തി. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്ര സെക്രട്ടറികൂടിയായ ഡോ. എം ജി ചന്ദ്രശേഖര്‍ ചെയര്‍മാനായ ദേവാസ് മള്‍ട്ടിമീഡിയ എന്ന സ്വകാര്യകമ്പനിയുമായാണ് എസ് ബാന്‍ഡ് കരാര്‍ ഒപ്പിട്ടത്. മാത്രമല്ല, ഈ കമ്പനിയിലെ ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളില്‍ ചിലര്‍ ഐഎസ്ആര്‍ഒയിലെ മുന്‍ ഉദ്യോഗസ്ഥരാണ്. അതിനിടെ കരാര്‍ പുനഃപരിശോധിക്കുമെന്ന് ഐഎസ്ആര്‍ഒ വക്താവ് അറിയിച്ചു. ആരോപണം ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച ഉന്നതര്‍ അടിയന്തരയോഗം ചേര്‍ന്നതിനുശേഷമാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം വിഎസ്എസ്സിയിലുള്ള ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്റെ നിര്‍ദേശപ്രകാരമായിരുന്നു യോഗം. വിഎസ്എസ്സിയിലും ഉന്നത ശാസ്ത്രജ്ഞര്‍ നാലരയോടെ യോഗം ചേര്‍ന്നു.
ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷനെതിരെയാണ് രണ്ടുലക്ഷം കോടിയുടെ അഴിമതിയാരോപണം ഉയര്‍ന്നത്. ചാന്ദ്രയാന്‍ രണ്ട് വിക്ഷേപണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരവെയാണ് അഴിമതിയാരോപണം ഉയര്‍ന്നത്. ഐഎസ്ആര്‍ഒ നിര്‍മിക്കുന്ന ബഹിരാകാശ ഉപകരണങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1992ല്‍ ആന്‍ട്രിക്സ് കോര്‍പറേഷന്‍ രൂപീകരിച്ചത്. കേന്ദ്രസര്‍ക്കാരിനു കീഴില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് കോര്‍പറേഷന്‍ രൂപീകരണം. ബഹിരാകാശ ഉപകരണങ്ങളുടെ വില്‍പ്പനയ്ക്കൊപ്പം സാങ്കേതിക കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, സാങ്കേതികവിദ്യയുടെ കൈമാറ്റം എന്നിവയും ആന്‍ട്രിക്സ് കോര്‍പറേഷനു കീഴിലാണ്. 1000 കോടി രൂപയിലേറെ വിറ്റുവരവുള്ള കമ്പനിയാണ് ഇത്. പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകളുടെ സഹായത്തോടെ വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയും ചെയ്യുന്നത് ആന്‍ട്രിക്സാണ്.
ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്ര സെക്രട്ടറികൂടിയായ ഡോ. എം ജി ചന്ദ്രശേഖര്‍ ചെയര്‍മാനായ ദേവാസ് മള്‍ട്ടിമീഡിയയാണ് വിവാദത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 1973ല്‍ ഐഎസ്ആര്‍ഒയില്‍ ചേര്‍ന്ന ചന്ദ്രശേഖര്‍ 1988 മുതല്‍ 1997 വരെ ശാസ്ത്ര സെക്രട്ടറിയായും അപ്പക്സ് മാനേജ്മെന്റ് കൌണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ഡിജിറ്റല്‍ സാറ്റലൈറ്റ് റേഡിയോ സ്റേഷനായ വേള്‍ഡ് സ്പേസ് സിഇഒ, സാറ്റലൈറ്റ് ഇമേജിങ് കമ്പനിയായ ജിയോ ഐയുടെ ഇന്റര്‍നാഷണല്‍ ഏഷ്യന്‍ സെയില്‍സ് വിഭാഗം മേധാവി എന്നീ സ്ഥാനങ്ങളിലിരുന്നശേഷമാണ് ദേവാസ് മള്‍ട്ടിമീഡിയ ചെയര്‍മാനായത്. ചന്ദ്രശേഖറിന് ഐഎസ്ആര്‍ഒയിലുള്ള ബന്ധം ഉപയോഗപ്പെടുത്തി നിസ്സാര തുകയ്ക്ക് എസ് ബാന്‍ഡ് സ്പെക്ട്രം നേടിയെടുക്കാന്‍ കരാറിലെത്തിയെന്നാണ് സൂചന.
(പി വി മനോജ് കുമാര്‍)
അഴിമതിയുടെ നാള്‍വഴി
2002-03:
ഐഎസ്ആര്‍ഒ അധ്യക്ഷന്‍, ശാസ്ത്രവകുപ്പ് സെക്രട്ടറി, രത്തന്‍ ടാറ്റ തുടങ്ങിയവര്‍ അടങ്ങിയ ആന്‍ട്രിക്സ് ഡയറക്ടര്‍ ബോര്‍ഡുമായി പിന്നീട് ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനി തുടങ്ങി ഉയര്‍ന്ന മുന്‍ ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥര്‍ വിവാദ ഇടപാടിനെക്കുറിച്ചുള്ള രഹസ്യചര്‍ച്ച ആരംഭിക്കുന്നു.
2003-04:
അന്നത്തെ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി, ശാസ്ത്രസാങ്കേതികവിദ്യക്കുള്ള കേന്ദ്ര സഹമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരടങ്ങിയ സ്പേസ് കമീഷനുമായി രഹസ്യചര്‍ച്ച നടത്തുന്നു.
2004:
1. ദേവാസ് മള്‍ട്ടിമീഡിയ എന്ന കമ്പനി ബംഗളൂരു ആസ്ഥാനമാക്കി രജിസ്റര്‍ചെയ്യുന്നു. കമ്പനി പ്രൊമോട്ട് ചെയ്തത് ഐഎസ്ആര്‍ഒയില്‍ ശാസ്ത്ര സെക്രട്ടറിയും അമേരിക്കന്‍ സര്‍ക്കാരിന് സുപ്രധാന ഭൂ-ബഹിരാകാശവിവരങ്ങള്‍ കൈമാറുന്ന ജിയോഐ എന്ന സ്ഥാപനത്തിന്റെ ഏഷ്യന്‍വിഭാഗം തലവനുമായി പ്രവര്‍ത്തിച്ച ഡോ. എ ജി ചന്ദ്രശേഖര്‍.
2). ദേവാസിന് വിദേശപങ്കാളിത്തത്തിനുള്ള അനുമതി കേന്ദ്ര വിദേശ മുതല്‍മുടക്ക് പ്രോത്സാഹന ബോര്‍ഡില്‍നിന്ന് ലഭിക്കുന്നു.
2005:
ഉപഗ്രഹാടിസ്ഥിത മൊബൈല്‍ സേവനങ്ങളുടെ കുത്തക 20 വര്‍ഷത്തേക്ക് തുച്ഛമായ പ്രതിഫലത്തിന് നല്‍കുന്ന എസ് ബാന്‍ഡ് ഇടപാടിന്റെ കരാറില്‍ ആന്‍ട്രിക്സും ദേവാസും ഒപ്പിടുന്നു.
2008:
സുഷേ ടെലികോം എന്ന ജര്‍മന്‍ കമ്പനി ദേവാസിലെ 17 ശതമാനം ഓഹരിയുടെ ഉടമയാകുന്നു.
2010:
രാജ ഉള്‍പ്പെട്ട 2ജി സ്പെക്ട്രം അഴിമതി പുറത്തുവരുന്നതോടെ ആന്‍ട്രിക്സ്-ദേവാസ് ഇടപാടിനെക്കുറിച്ചുള്ള ആദ്യ വാര്‍ത്തകള്‍ ഇംഗ്ളീഷ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. കരാറിനെ അനുകൂലിച്ചും എതിര്‍ത്തും സാമ്പത്തിക വാര്‍ത്താമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ജൂലൈയില്‍ സ്പേസ് കമീഷന്‍ ഇടപാടിനെതിരെ ശക്തമായി രംഗത്തുവരുന്നു. അതിനൊപ്പം ദേവാസിന് ടെലികോം വകുപ്പ് അനുവദിച്ച ഭൂതല സ്പെക്ട്രം ഉപയോഗിച്ച് ദേവാസ് പരീക്ഷണങ്ങള്‍ നടത്തുന്നു. ഒക്ടോബറില്‍ കേന്ദ്ര നിയമവകുപ്പിന്റെ ഉപദേശപ്രകാരം വിവാദ ഇടപാട് റദ്ദാക്കാനുള്ള ക്യാബിനറ്റിന്റെ കരട് നോട്ട് ഐഎസ്ആര്‍ഒയുടെ അഭിപ്രായത്തിനായി സര്‍ക്കാര്‍ അയക്കുന്നു. ഇതിന് ഇതുവരെ മറുപടിയില്ല. 2011: സിഎജി കരാറിനെക്കുറിച്ച് പരിശോധന നടത്തുന്നു
കരാര്‍ വീണ്ടും പരിശോധനയിലെന്ന് ഐഎസ്ആര്‍ഒ
ബംഗളൂരു: എസ് ബാന്‍ഡ് സ്പെക്ട്രം അനുവദിക്കുന്നതിന് ഐഎസ്ആര്‍ഒ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷനും ദേവാസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ച കരാര്‍ പുനഃപരിശോധനയിലാണെന്ന് ഐഎസ്ആര്‍ഒ. എസ് ബാന്‍ഡ് സ്പെക്ട്രം അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ ഐഎസ്ആര്‍ഒ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2005 ജനുവരി 28നാണ് ആന്‍ട്രിക്സ് കോര്‍പറേഷന്‍ ലിമിറ്റഡും ദേവാസും കരാര്‍ ഒപ്പുവച്ചത്. ഉചിതമായ തീരുമാനം ഉടന്‍ കൈക്കൊള്ളുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ബജറ്റ് സമ്മേളനവും സ്തംഭനത്തിലേക്ക്
2 ജി സ്പെക്ട്രം കുംഭകോണത്തെതുടര്‍ന്ന് പ്രതിസന്ധിയിലായ രണ്ടാം യുപിഎ സര്‍ക്കാരിന് ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എസ് ബാന്‍ഡ് അഴിമതിയാരോപണം വീണ്ടും തിരിച്ചടിയായി. മുന്‍ ടെലികോംമന്ത്രി എ രാജയെ ബലിയാടാക്കി 2 ജി കുംഭകോണത്തില്‍നിന്ന് തലയൂരാന്‍ കിണഞ്ഞുശ്രമിക്കുന്നതിനിടെയാണ് എസ് ബാന്‍ഡ് പ്രധാനമന്ത്രിയെ നേരിട്ട് പ്രതിക്കൂട്ടിലെത്തിച്ചത്. ഇതോടെ ജെപിസി അന്വേഷണത്തിന് സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനവും സ്തംഭിക്കുമെന്ന് ഉറപ്പായി. ചൊവ്വാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി വിളിച്ചിരിക്കുന്ന സര്‍വകക്ഷിയോഗം ഇക്കാര്യത്തില്‍ നിര്‍ണായകമാകും.
2 ജി ഇടപാടില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ പൂര്‍ണമായും സ്തംഭിച്ച ശീതകാല സമ്മേളനത്തിന്റെ ഗതിയാകും ബജറ്റ് സമ്മേളനത്തിനുമെന്ന ആശങ്ക സര്‍ക്കാരിനെ വെട്ടിലാക്കി. ബജറ്റ് സമ്മേളനം തടസ്സപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ വഴികളും നോക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. 2 ജി അഴിമതിയെക്കുറിച്ച് ജെപിസി അന്വേഷിക്കണമെന്ന ആവശ്യം പാര്‍ലമെന്റില്‍ വോട്ടിനിട്ട് തീരുമാനിക്കാമെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ എത്തിയിരുന്നു. എന്നാല്‍, ജെപിസി ഉറപ്പുലഭിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്കുള്ളൂവെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചുനില്‍ക്കുകയാണ്.
എസ് ബാന്‍ഡ് അഴിമതികൂടി പുറത്തുവന്നതോടെ പ്രതിപക്ഷ പാര്‍ടികള്‍ സര്‍ക്കാരിനെതിരായ നിലപാട് കൂടുതല്‍ ശക്തമാക്കി. ജെപിസി അന്വേഷണമെന്ന തങ്ങളുടെ ആവശ്യം കൂടുതല്‍ ന്യായീകരിക്കപ്പെട്ടെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുന്നത്. ബജറ്റ് സമ്മേളനംകൂടി തടസ്സപ്പെട്ടാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലാകും.
വേണ്ടിവന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാമെന്ന് ബിജെപിയും പ്രതിപക്ഷ പാര്‍ടികളും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, മിക്ക സംസ്ഥാനങ്ങളിലും പാര്‍ടിയില്‍ ആഭ്യന്തരകലഹം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഇത് ആഗ്രഹിക്കുന്നില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം വന്‍ തിരിച്ചടി ഭയക്കുന്ന കോണ്‍ഗ്രസ് ഏതുവിധേനയും സര്‍ക്കാരിനെ നിലനിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നത്. തിങ്കളാഴ്ച ലോക്സഭാ സ്പീക്കര്‍ മീരാകുമാര്‍ വിളിച്ചുചേര്‍ത്ത ചെറുകക്ഷികളുടെ യോഗത്തില്‍ പ്രണബ് മുഖര്‍ജി പങ്കെടുത്തു. സ്പീക്കര്‍ വിളിച്ച മൂന്നാമത്തെ യോഗത്തില്‍ ഒമ്പത് എംപിമാരാണ് പങ്കെടുത്തത്. ഫെബ്രുവരി 21 മുതല്‍ സഭ സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്ന് സ്പീക്കര്‍ യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
(വിജേഷ് ചൂടല്‍)
പ്രധാനമന്ത്രി പ്രതിക്കൂട്ടില്‍
പ്രധാനമന്ത്രി മന്‍മോഹന്‍സിങിന് മേല്‍ സ്പെക്ട്രം അഴിമതിക്കുരുക്ക് മുറുകി. ഖജനാവിന് രണ്ട് ലക്ഷം കോടി രൂപയുടെ നഷ്ടം വരുത്തി എസ് ബാന്‍ഡ് സ്പെക്ട്രം സ്വകാര്യ മള്‍ട്ടിമീഡിയ കമ്പനിക്ക് സൌജന്യമായി നല്‍കിയത് പ്രധാനമന്ത്രിയുടെ കീഴിലുള്ള വകുപ്പ്. ബഹിരാകാശ വകുപ്പിലാണ് രാജ്യം കണ്ട വന്‍ അഴിമതിയുടെ ആസൂത്രണം നടന്നത്. പ്രധാനമന്ത്രി അറിയാതെ ഇത്തരമൊരു കരാറില്‍ ഒപ്പിടില്ലെന്ന് വ്യക്തം. രാജ്യത്തെ ഞെട്ടിച്ച 2ജി സ്പെക്ട്രം അഴിമതിയും പ്രധാനമന്ത്രിയുടെ അറിവോടെയെന്ന ആക്ഷേപം ശക്തമാണെങ്കിലും അജ്ഞത നടിച്ച് മാറിനില്‍ക്കുകയെന്ന തന്ത്രമാണ് മന്‍മോഹന്‍സിങ് സ്വീകരിച്ചത്. സ്പെക്ട്രം ഇടപാടിന്റെ ഓരോ ഘട്ടവും പ്രധാനമന്ത്രിയുടെ അറിവോടെയായിരുന്നെന്ന് അറസ്റിലായ മുന്‍മന്ത്രി എ രാജ വ്യക്തമാക്കിയെങ്കിലും അദ്ദേഹം പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല.
എന്നാല്‍, എസ് ബാന്‍ഡ് അഴിമതിയുടെ കാര്യത്തില്‍ ഈ തന്ത്രം പ്രധാനമന്ത്രിക്ക് സ്വീകരിക്കാനാവില്ല. ഇടപാടുകള്‍ അറിഞ്ഞിരുന്നില്ലെന്ന് പറയാനുമാവില്ല. ബഹിരാകാശ വകുപ്പിന് കീഴിലുള്ള ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ഡ്രിക്സും ദേവാസ് മള്‍ട്ടിമീഡിയയുമായുള്ള എസ് ബാന്‍ഡ് സ്പെക്ട്രം കരാറിനോട് സ്പേസ് കമീഷന്‍ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. കരാര്‍ റദ്ദാക്കാന്‍ 2010 മെയ് മാസത്തില്‍തന്നെ കമീഷന്‍ ശുപാര്‍ശ ചെയ്തെങ്കിലും ഇതുവരെ നടപടിയെടുത്തില്ല. നിയമവകുപ്പും ദേവാസിന് സൌജന്യമായി സ്പെക്ട്രം നല്‍കുന്നതിനെ എതിര്‍ത്തിരുന്നു. കരാര്‍ റദ്ദാക്കിയുള്ള ക്യാബിനറ്റ് കുറിപ്പ് തയ്യാറാക്കാന്‍ നിയമമന്ത്രാലയം ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രികാര്യാലയം പരിഗണിച്ചില്ല. കരാര്‍ റദ്ദാക്കുന്ന കാര്യം 2009 മുതല്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ഏറെ ദുര്‍ലഭമായ എസ് ബാന്‍ഡ് സ്പെക്ട്രത്തിന്റെ ലേലത്തിലുടെ പല വിദേശരാജ്യങ്ങളും കോടികള്‍ സമ്പാദിക്കുമ്പോഴാണ് സ്വകാര്യകമ്പനിക്ക് തീര്‍ത്തും സൌജന്യമായി 70 മെഗാഹെര്‍ട്സ് സ്പെക്ട്രം പ്രധാനമന്ത്രി കാര്യാലയത്തിന് കീഴിലുള്ള വകുപ്പ് അനുവദിച്ചത്.
പ്രധാനമന്ത്രി വിശദീകരണം നല്‍കണം: ഇടതുപാര്‍ടികള്‍
വിലയേറിയ എസ് ബാന്‍ഡ് സ്പെക്ട്രം സ്വകാര്യ കമ്പനിക്ക് സൌജന്യമായി നല്‍കിയതു വഴി രാജ്യത്തിന് രണ്ടു ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന മാധ്യമ വാര്‍ത്തയെപ്പറ്റി കാര്യക്ഷമമായി അന്വേഷിക്കണമെന്ന് ഇടതുപാര്‍ടി നേതാക്കള്‍ ആവശ്യപ്പെട്ടു. എസ് ബാന്‍ഡ് അഴിമതിയെപ്പറ്റി പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ കീഴിലുള്ള ഐഎസ്ആര്‍ഒ ആണ് ഇതുസംബന്ധിച്ച കരാറിലൊപ്പിട്ടത്. ഇതിനാല്‍ ഇതേക്കുറിച്ച് പ്രധാനമന്ത്രിതന്നെ വിശദീകരണം നല്‍കണം. ചൊവ്വാഴ്ച ധനമന്ത്രി വിളിച്ചു ചേര്‍ക്കുന്ന സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം അറിഞ്ഞശേഷം ഇടതുപക്ഷ പാര്‍ടികള്‍ ഇതേക്കുറിച്ച് വിശദമായി പ്രതികരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
എസ് ബാന്‍ഡ് അഴിമതിയെപ്പറ്റി പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് സിപിഐ ദേശീയ സെക്രട്ടറി എ രാജയും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണമുള്ള മന്ത്രാലയത്തിനുകീഴിലാണ് വമ്പന്‍ കുംഭകോണം നടന്നിരിക്കുന്നതെന്നത് പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നെന്ന് ബിജെപി ചൂണ്ടിക്കാട്ടി. എസ് ബാന്‍ഡ് വിതരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും ബിജെപി വക്താവ് നിര്‍മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, പുതിയ അഴിമതിയെക്കുറിച്ച് വ്യക്തമായ പ്രതികരണത്തിന് കേന്ദ്ര സര്‍ക്കാരോ കോണ്‍ഗ്രസോ തയ്യാറായില്ല. സിഎജിയുടെ ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റിയാണ് പരിശോധിക്കേണ്ടതെന്ന് എഐസിസി വക്താവ് ഷക്കീല്‍ അഹമ്മദ് പ്രതികരിച്ചു.
ജെപിസി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കും: യെച്ചൂരി
രണ്ടാം തലമുറ സ്പെക്ട്രം അഴിമതിയെപ്പറ്റി സംയുക്ത പാര്‍ലമെന്ററിസമിതി (ജെപിസി)അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഇടതുപക്ഷം ഉറച്ചുനില്‍ക്കുമെന്ന് സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് സീതാറാം യെച്ചൂരി. മുന്‍ ടെലികോം മന്ത്രി രാജയുടെ അറസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളും ഈ ആവശ്യത്തിന് ശക്തി പകര്‍ന്നിരിക്കയാണെന്ന് എ കെ ജി ഭവനില്‍ ഇടതുപക്ഷനേതാക്കളുമൊത്ത് നടത്തിയ പത്രസമ്മേളനത്തില്‍ യെച്ചൂരി പറഞ്ഞു. ഇത്രയും വലിയ അഴിമതിക്കായി ഭരണസംവിധാനങ്ങള്‍ ഏങ്ങിനെയാണ് ദുരുപയോഗിച്ചതെന്ന് കണ്ടെത്തണം. അതോടൊപ്പം ഭാവിയില്‍ ഇത്തരം അഴിമതികള്‍ തടയാനുള്ള നിയന്ത്രണങ്ങളും അതിനാവശ്യമായ പുതിയ നിയമനിര്‍മാണങ്ങളും കൊണ്ടുവരേണ്ടതുണ്ട്. അതിന് ജെപിസി അന്വേഷണം ആവശ്യമാണ്. ജെപിസി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത പക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിനായിരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ഓഡിറ്റിങ് പൂര്‍ത്തിയായിട്ടില്ല:സിഎജി
ബഹിരാകാശവകുപ്പിന്റെ ചില നടപടികള്‍ ഓഡിറ്റ് ചെയ്തുവരികയാണെന്ന് കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സ്ഥിരീകരിച്ചു. ഐഎസ്ആര്‍ഒയും ഒരു സ്വകാര്യ സ്ഥാപനവുമായുള്ള കരാറില്‍ അഴിമതി നടന്നെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ തങ്ങളുടെ കണ്ടെത്തലാണെന്നു പറയാറായിട്ടില്ലെന്നും സിഎജി പ്രസ്താവനയില്‍ പറഞ്ഞു. ബഹിരാകാശവകുപ്പിന്റെ ഓഡിറ്റ് വിഭാഗം നടത്തുന്ന പരിശോധനയെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. തങ്ങളുടെ ഓഡിറ്റ് പൂര്‍ത്തിയായെന്ന പ്രതീതിയാണ് വാര്‍ത്തയിലുള്ളത്. എന്നാല്‍, ഓഡിറ്റിങ് നടക്കുകയാണ്. പ്രാഥമികമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ബഹിരാകാശവകുപ്പിന്റെ മറുപടി ലഭിച്ചിട്ടില്ല. പരിശോധന പ്രാഥമികതലത്തില്‍ മാത്രമായതിനാല്‍ മാധ്യമ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തങ്ങളുടെ കണ്ടെത്തലായി വ്യാഖ്യാനിക്കാനാകില്ല- സിഎജി അറിയിച്ചു.
ദേശാഭിമാനി 080211
ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്സ് കോര്‍പറേഷനെതിരെയാണ് രണ്ടുലക്ഷം കോടിയുടെ അഴിമതിയാരോപണം ഉയര്‍ന്നത്. ചാന്ദ്രയാന്‍ രണ്ട് വിക്ഷേപണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്തുവരവെയാണ് അഴിമതിയാരോപണം ഉയര്‍ന്നത്. ഐഎസ്ആര്‍ഒ നിര്‍മിക്കുന്ന ബഹിരാകാശ ഉപകരണങ്ങള്‍ വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് 1992ല്‍ ആന്‍ട്രിക്സ് കോര്‍പറേഷന്‍ രൂപീകരിച്ചത്. കേന്ദ്രസര്‍ക്കാരിനു കീഴില്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായാണ് കോര്‍പറേഷന്‍ രൂപീകരണം. ബഹിരാകാശ ഉപകരണങ്ങളുടെ വില്‍പ്പനയ്ക്കൊപ്പം സാങ്കേതിക കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, സാങ്കേതികവിദ്യയുടെ കൈമാറ്റം എന്നിവയും ആന്‍ട്രിക്സ് കോര്‍പറേഷനു കീഴിലാണ്. 1000 കോടി രൂപയിലേറെ വിറ്റുവരവുള്ള കമ്പനിയാണ് ഇത്. പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകളുടെ സഹായത്തോടെ വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുകയും ചെയ്യുന്നത് ആന്‍ട്രിക്സാണ്.
ReplyDelete