Tuesday, February 8, 2011

പുതുക്കിയ കൂലി വാങ്ങി; കുടുംബങ്ങളില്‍ ആഹ്ളാദം

കൊല്ലം: പുത്തൂര്‍ പഴയചിറ കാല്‍വരി കാഷ്യൂ ഫാക്ടറി തൊഴിലാളികള്‍ക്ക് തിങ്കളാഴ്ച ജോലിചെയ്യാന്‍ ഉത്സാഹമേറെയായിരുന്നു. ശനിയാഴ്ച കൂലിവാങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ കണ്ടതിനേക്കാള്‍ മുഖം പ്രസന്നം. പ്രതിബദ്ധതയുള്ള ഭരണകര്‍ത്താക്കളുണ്ടെങ്കില്‍ അഭിമാനത്തോടെ അധ്വാനിക്കാമെന്ന ആത്മവിശ്വാസം. കശുവണ്ടിത്തൊഴിലാളികള്‍ക്ക് മിനിമംകൂലി പുതുക്കി നിശ്ചയിച്ചശേഷമുള്ള ആദ്യശമ്പളമാണ് ശനിയാഴ്ച ഇവര്‍ വാങ്ങിയത്. ഫെബ്രുവരി ഒന്നിനു നടപ്പിലായ പുതിയ കൂലിപ്രകാരം നാല് പ്രവൃത്തിദിനമാണ് കഴിഞ്ഞാഴ്ച നടന്നത്. ആഴ്ചയുടെ അവസാനദിനമാണ് ശമ്പളവിതരണം.

പുതുക്കിയ കൂലിനിരക്കനുസരിച്ച് ഷെല്ലിങ് തൊഴിലാളികളുടെ കൂലി കിലോയ്ക്ക് 22.36 രൂപയാണ്. 13.06 രൂപയായിരുന്നു പഴയനിരക്ക്. പീലിങ് തൊഴിലാളിയുടെ കൂലി കിലോയ്ക്ക് 16.61 രൂപയില്‍നിന്ന് 28.44 രൂപയായി വര്‍ധിച്ചു. ഗ്രേഡിങ് തൊഴിലാളികളുടെ പ്രതിദിനവേതനം 180 രൂപയാണിപ്പോള്‍. 98.10 രൂപയില്‍നിന്നാണ് വേതനം 180ല്‍ എത്തിയത്. കൂലി കൂടാതെ പ്രതിദിനം 6.15 രൂപ ക്ഷാമബത്തയുണ്ടാകും. കൂടുതല്‍ കിലോ തല്ലുകയും പീല് ചെയ്യുകയും ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആനുപാതിക വര്‍ധന ലഭിക്കും. അടിസ്ഥാനകൂലിയുടെ 45 ശതമാനം മുതല്‍ 80 ശതമാനംവരെ ദിവസവേതനത്തില്‍ വര്‍ധനയുണ്ട്.

ദിവസവേതനം ലഭിക്കുന്ന ടിന്‍ഫില്ലര്‍ തൊഴിലാളിയുടെ കൂലി 100.10 രൂപയില്‍നിന്ന് 185 ആയി വര്‍ധിച്ചു. മൈക്കാടിന് 103.10ല്‍നിന്ന് 200 രൂപയായും പെന്‍സുലറിന് 103.10ല്‍നിന്ന് 200 രൂപ, ചുമട്ടുതൊഴിലാളിക്ക് 109.10ല്‍നിന്ന് 225 രൂപ, സോക്കിങ് ആന്‍ഡ് സൈസറിങ്ങിന് 103.10ല്‍നിന്ന് 200, ആശാരി-കൊല്ലന്‍ വിഭാഗത്തിന് 115.10ല്‍നിന്ന് 250 രൂപ, മെക്കാനിക്കിന് 115.10ല്‍നിന്ന് 250 എന്നിങ്ങനെ വര്‍ധിച്ചു. നിലവിലുള്ള കൂലി പുതുക്കാന്‍ 2012വരെ സമയമുണ്ടെന്നിരിക്കെ പരമ്പരാഗത മേഖലയോടുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിബദ്ധതയാണ് മിനിമംകൂലി പുതുക്കല്‍ നടപടികള്‍ വേഗത്തിലാക്കിയത്.
(ജയന്‍ ഇടയ്ക്കാട്)

deshabhimani 080211

1 comment:

  1. പുത്തൂര്‍ പഴയചിറ കാല്‍വരി കാഷ്യൂ ഫാക്ടറി തൊഴിലാളികള്‍ക്ക് തിങ്കളാഴ്ച ജോലിചെയ്യാന്‍ ഉത്സാഹമേറെയായിരുന്നു. ശനിയാഴ്ച കൂലിവാങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ കണ്ടതിനേക്കാള്‍ മുഖം പ്രസന്നം. പ്രതിബദ്ധതയുള്ള ഭരണകര്‍ത്താക്കളുണ്ടെങ്കില്‍ അഭിമാനത്തോടെ അധ്വാനിക്കാമെന്ന ആത്മവിശ്വാസം. കശുവണ്ടിത്തൊഴിലാളികള്‍ക്ക് മിനിമംകൂലി പുതുക്കി നിശ്ചയിച്ചശേഷമുള്ള ആദ്യശമ്പളമാണ് ശനിയാഴ്ച ഇവര്‍ വാങ്ങിയത്

    ReplyDelete