വിലക്കയറ്റം തടയുന്നതില്‍ പൂര്‍ണമായും പരാജയപ്പെട്ട കേന്ദ്രസര്‍ക്കാരിന് താക്കീതായി സംസ്ഥാനത്ത് കേന്ദ്രസര്‍ക്കാര്‍ ഓഫീസ് ഉപരോധം തുടങ്ങി. എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഉപരോധം ചൊവ്വാഴ്ചയും തുടരും.
നിയോജകമണ്ഡലാടിസ്ഥാനത്തിലാണ് കേന്ദ്രഓഫീസുകള്‍ക്കുമുന്നിലെ പ്രക്ഷോഭം. കേന്ദ്രനയങ്ങള്‍ക്കെതിരായ രോഷവുമായി പതിനായിരങ്ങള്‍ അണിനിരന്ന ഉപരോധത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. അവശ്യവസ്തുക്കളുടെയും ഭക്ഷ്യവസ്തുക്കളുടെയും അവധിവ്യാപാരം ഉപേക്ഷിക്കുക, പൊതുവിതരണസമ്പ്രദായം സാര്‍വത്രികമാക്കുക, കെട്ടിക്കിടക്കുന്ന ഭക്ഷ്യവസ്തുക്കള്‍ ബിപിഎല്‍ നിരക്കില്‍ വിതരണംചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
തിരുവനന്തപുരം ജനറല്‍ പോസ്റ് ഓഫീസ് ഉപരോധം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. പിഎംജി ഓഫീസ് ഉപരോധം സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ഉദ്ഘാടനംചെയ്തു. കാസര്‍കോട്ട് ചെറുവത്തൂര്‍ പോസ്റ് ഓഫീസ് ഉപരോധം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എം പിയും കണ്ണൂര്‍ ഹെഡ് പോസ്റ് ഓഫീസ് ഉപരോധം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജനും ഉദ്ഘാടനംചെയ്തു. എറണാകുളം ടെലിഫോ എക്സ്ചേഞ്ച് ഉപരോധം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം സി ജോസഫൈന്‍ ഉദ്ഘാടനം ചെയ്തു. കുറവിലങ്ങാട്ട് കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇ പി മാത്യുവും പാലായില്‍ എന്‍സിപി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയനും ഉപരോധം ഉദ്ഘാടനംചെയ്തു.
വിലക്കയറ്റം തടയാത്തത് കോര്‍പറേറ്റുകള്‍ക്കുവേണ്ടി: പിണറായി
രൂക്ഷമായ വിലക്കയറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാത്തത് കോര്‍പറേറ്റുകളുടെയും വന്‍കിടക്കാരുടെയും താല്‍പ്പര്യം സംരക്ഷിക്കുന്നതിനാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വിലക്കയറ്റം മൂലം പൊറുതിമുട്ടുന്നത് സാധാരണക്കാരായ ജനകോടികളാണ്. ഈ ജനവിഭാഗത്തോടു കാട്ടുന്ന നീതിനിഷേധം ബോധപൂര്‍വമാണെന്നും വിലക്കയറ്റത്തിനെതിരായ ദേശവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ജനറല്‍ പോസ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യവെ പിണറായി വ്യക്തമാക്കി.
വിലക്കയറ്റം തടയാന്‍ നിത്യോപയോഗ സാധനങ്ങളുടെ ക്രമമായ വിതരണം വേണം. ഇതിന് കേരളം മാതൃകയാണ്. കേരള മാതൃകയെ വാക്കാല്‍ അംഗീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുകയാണ്. കേരളത്തോടു മാത്രമല്ല ഈ സമീപനം, രാജ്യത്തെ 75 ശതമാനം റേഷനും വെട്ടിക്കുറച്ചു. സാധാരണ ഇത്തരം പ്രശ്നങ്ങളില്‍ ഇടപെടാത്ത സുപ്രീംകോടതി പോലും കേന്ദ്ര സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. എഫ്സിഐ ഗോഡൌണില്‍ കെട്ടിക്കിടന്നു നശിക്കുന്ന ടണ്‍ കണക്കിനു ഭക്ഷ്യധാന്യം പാവങ്ങള്‍ക്ക് നല്‍കുന്നതില്‍ എന്താണ് തടസ്സമെന്നാണ് കേന്ദ്ര സര്‍ക്കാറിനോട് സുപ്രീംകോടതി ചോദിച്ചത്. വിലക്കയറ്റം ഇല്ലാതാക്കാന്‍ അവധി വ്യാപാരവും ഊഹക്കച്ചവടവും തടയണം. ഇതു തടയാത്തത് റിലയന്‍സ് പോലുള്ള കോര്‍പറേറ്റുകള്‍ക്ക് മുഷിച്ചില്‍ വരുമെന്നതിനാലാണ്. റിലയന്‍സ് പോലുള്ള കോര്‍പറേറ്റുകളാണ് കൃഷിക്കാര്‍ക്ക് തുച്ഛവില നല്‍കി ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ചു വില നിയന്ത്രിക്കുന്നത്. പെട്രോളിന്റെ വില നിയന്ത്രണം എടുത്തുകളഞ്ഞതും ആഭ്യന്തരമായി പെട്രോള്‍ ഉല്‍പ്പാദിപ്പിക്കുന്ന റിലയന്‍സിനെ സഹായിക്കാനാണ്.
രാജ്യത്ത് മന്ത്രി ആരാണെന്നു പോലും നിശ്ചയിക്കുന്നത് ഈ കോര്‍പറേറ്റുകളാണ്. ബൂര്‍ഷ്വാ രാഷ്ട്രീയക്കാരും കോര്‍പറേറ്റുകളും രാഷ്ട്രീയ ദല്ലാളന്മാരും മാധ്യമരംഗത്തെ ചില പ്രധാനികളും അടങ്ങുന്ന കോക്കസാണ് ഭരണകൂടത്തെ നിയന്ത്രിക്കുന്നത്. പിന്നെ പാവപ്പെട്ടവര്‍ക്ക് എവിടെ നീതി കിട്ടാനാണ്? രാജ്യത്തെ 77 ശതമാനം ജനങ്ങളുടെയും പ്രതിദിന വരുമാനം 20 രൂപയാണ്. അതേസമയം, ശതകോടീശ്വരന്മാരുടെ എണ്ണം എട്ടില്‍ നിന്നു 54 ആയി. മുമ്പൊക്കെ രാഷ്ട്രീയ പാരമ്പര്യവും ജനങ്ങളോട് പ്രതിബദ്ധതയുള്ളവരുമാണ് പാര്‍ലമെന്റ് അംഗങ്ങളായിരുന്നെങ്കില്‍ ഇന്ന് 543 പാര്‍ലമെന്റ് അംഗങ്ങളില്‍ 300 പേരും കോടീശ്വരന്മാരാണ്. ഇവര്‍ക്ക് 20 രൂപക്കാരന്റെ കാര്യം അന്വേഷിക്കാന്‍ എവിടെ സമയം? ഇവര്‍ ആലോചിക്കുന്നത് ഇവരുടെ ലാഭം മാത്രമാണ്. അതിന്റെ ഭാഗമായി അഴിമതിയുടെ ദുര്‍ഗന്ധം മുമ്പെങ്ങുമില്ലാത്ത വിധം വ്യാപിച്ചു.
രാജ്യത്ത് ഇതുവരെ നടന്ന എല്ലാ അഴിമതിയുടെയും തുക കൂട്ടിയാല്‍ പോലും സ്പെക്ട്രം അഴിമതിയിലെ 1,76,000 കോടി രൂപയാകില്ല. ഈ അഴിമതിയോട് കോണ്‍ഗ്രസ് സ്വീകരിച്ച സമീപനത്തില്‍ നിന്നും അഴിമതിയില്‍ അവര്‍ക്കുള്ള പങ്ക് വെളിപ്പെടുന്നതാണ്. രാജയെ മാറ്റി വകുപ്പു നല്‍കിയ കപില്‍ സിബല്‍ എന്ന മന്ത്രി പറഞ്ഞത് രാജ ഒരു രൂപയുടെയും അഴിമതി നടത്തിയില്ലെന്നാണ്. പിന്നെന്തിന് രാജയെ അറസ്റുചെയ്തതെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. പ്രധാനമന്ത്രിയെ സംശയിച്ചത് സുപ്രീംകോടതിയാണ്. 14 മാസം എന്തേ മൌനം പാലിച്ചു എന്നാണ് സുപ്രീംകോടതി ചോദിച്ചത്. ഒരു പ്രധാനമന്ത്രിക്ക് ഈ രീതിയിലുള്ള വിമര്‍ശം ഉണ്ടായിട്ടില്ല. ജെപിസിയെ കോണ്‍ഗ്രസ് ഭയക്കുന്നതെന്തിന്? ഭരണസമിതിക്ക് ഭൂരിപക്ഷമുള്ള സമിതിയായിട്ടുപോലും അന്വേഷണത്തെ ഭയക്കുന്നത് പലതും മറച്ചുവയ്ക്കാനുള്ളതുകൊണ്ടല്ലേ? കോമണ്‍വെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ളാറ്റ് അഴിമതി തുടങ്ങി കോണ്‍ഗ്രസ് തൊട്ടതെല്ലാം അഴിമതിമയമാണെന്നും പിണറായി പറഞ്ഞു.
ദേശാഭിമാനി 080211
No comments:
Post a Comment