Thursday, April 21, 2011

2 രൂപ അരി: ആവശ്യമായ പണം നല്‍കും- മുഖ്യമന്ത്രി

രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്തതിനുള്‍പ്പെടെ റേഷന്‍വ്യാപാരികള്‍ക്കുള്ള കുടിശ്ശിക ബജറ്റ് വിഹിതത്തില്‍നിന്ന് നല്‍കാനാവശ്യമായ നടപടിക്ക് മന്ത്രിസഭ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. റേഷന്‍വ്യാപാരികള്‍ കിലോയ്ക്ക് 8.50ന് എടുക്കുന്ന അരി രണ്ടു രൂപയ്ക്ക് വിതരണംചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അരി വിതരണംചെയ്ത വകയില്‍ റേഷന്‍കടക്കാര്‍ക്കുള്ള പണം കണക്ക് സമര്‍പ്പിക്കുന്ന മുറയ്ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പു കമീഷന്റെ നിരോധനവും നിരോധനം പിന്‍വലിച്ച അറിയിപ്പ് സര്‍ക്കാരിന് ലഭിക്കാന്‍ വൈകിയതുമാണ് അരിവിതരണം തടസ്സപ്പെടുത്തിയത്. അടുത്തടുത്ത ദിവസങ്ങളില്‍ അവധി വന്നതും പ്രശ്നമായി. തടസ്സങ്ങള്‍ നീക്കി രണ്ടു രൂപ അരിവിതരണം ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വേനല്‍മഴയെത്തുടര്‍ന്ന് കുട്ടനാട് മേഖലയില്‍ കൃഷിനാശം നേരിട്ട കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഹെക്ടറിന് 10,000 രൂപവീതം നല്‍കും. കൊയ്ത്തുയന്ത്രങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ ആലപ്പുഴ കലക്ടര്‍ക്ക് 25 ലക്ഷം രൂപ അനുവദിക്കാനും തീരുമാനിച്ചു. തെരഞ്ഞെടുപ്പു കമീഷന്റെ അനുമതിക്ക് വിധേയമായി ഇത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു. സ്കൂളുകള്‍ അപ്ഗ്രേഡ് ചെയ്യാനുള്ള തീരുമാനം ജൂണ്‍ ഒന്നിനുമുമ്പുതന്നെ നടപ്പാക്കുന്നതിന് തെരഞ്ഞെടുപ്പു കമീഷന്റെ അനുമതി തേടാന്‍ മന്ത്രിസഭ തീരുമാനിച്ചു. പിഡബ്ള്യുഡി റോഡുകളിലെ അറ്റകുറ്റപ്പണി മഴക്കാലത്തിനുമുമ്പ് ഏറ്റെടുക്കാനും പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമന നടപടി പൂര്‍ത്തിയാക്കാനും കമീഷന്റെ അനുമതി തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

രജിസ്ട്രേഷന്‍ ഐജിയായി വി കെ ബാലകൃഷ്ണനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഐജിയുടെ ചുമതല വഹിക്കുന്ന ജോയിന്റ് ഐജി വിവേകാനന്ദനെ സ്ഥാനത്തുനിന്ന് മാറ്റി. ഐജിയായിരുന്ന എ കെ രാമകൃഷ്ണന്‍ വിരമിച്ചതിനെത്തുടര്‍ന്ന് ഓഫീസില്‍ ചാണകവെള്ളം തളിച്ച അപരിഷ്കൃത നടപടികൂടി പരിഗണിച്ചാണ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയത്. സംസ്ഥാനത്തെ 34 പൊതുമേഖലാ സഹകരണ സ്ഥാപനത്തിലും റോഡ് ഫണ്ട് ബോര്‍ഡിലും ശാസ്ത്ര സാങ്കേതിക വകുപ്പിലും മലയാളം ഔദ്യോഗിക ഭാഷയാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതു സംബന്ധിച്ച് ഉടന്‍ വിജ്ഞാപനം പുറപ്പെടുവിക്കും.

1,427 പേര്‍ക്ക് അരി നല്‍കി 2 രൂപ അരി വിതരണം ജില്ലയില്‍ പുരോഗമിക്കുന്നു

പാലക്കാട്: നിരോധനം നീങ്ങിയതോടെ ജില്ലയില്‍ രണ്ടു രൂപ നിരക്കില്‍ അരി വിതരണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം ജില്ലയിലെ 1,427 പേര്‍ക്ക് അരി വിതരണം ചെയ്തതായി ജില്ലാ സപ്ളൈസ് ഓഫീസില്‍നിന്ന് അറിയിച്ചു. അപേക്ഷ നല്‍കിയ എല്ലാ എപിഎല്‍ കുടുംബങ്ങള്‍ക്കും അരി നല്‍കാന്‍ റേഷന്‍ഷോപ്പുടമകള്‍ക്ക് നിര്‍ദേശം നല്‍കിയതായും അധികൃതര്‍ പറഞ്ഞു. ജില്ലയില്‍ 4,49,187 എപിഎല്‍ കാര്‍ഡുടമകളാണുള്ളത്. ഇതില്‍ അസംഘടിതവിഭാഗത്തില്‍പ്പെട്ട 73,837 കാര്‍ഡുടമകള്‍ക്ക് നേരത്തേതന്നെ രണ്ടു രൂപ നിരക്കില്‍ അരി നല്‍കിയിരുന്നു. ഈ പദ്ധതി വിപുലീകരിച്ചാണ് എല്ലാ എപിഎല്‍കാര്‍ഡുടമകള്‍ക്കും രണ്ടു രൂപ നിരക്കില്‍ അരി നല്‍കാന്‍ എല്‍ഡിഎഫ്സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍, ഇലക്ഷന്‍ കമീഷന്‍ പദ്ധതി തടഞ്ഞതോടെ അരിവിതരണം തടസ്സപ്പെട്ടിരുന്നു. ഹൈക്കോടതിനിരോധനം നീക്കിയെങ്കിലും സുപ്രീംകോടതി ഇടപെട്ടും അരിവിതരണം തടഞ്ഞിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പിനുശേഷം നിരോധനം നീക്കിയതോടെ ജില്ലയില്‍ അരിവിതരണം പുരോഗതിയിലാണ്. രണ്ടു രൂപ നിരക്കില്‍ പത്ത്കിലോ അരിയും ഗോതമ്പും നല്‍കാനാണ് റേഷന്‍ഷോപ്പുകള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത ദിവസങ്ങളിലായി അരിവിതരണം കൂടുതല്‍ വിപുലമാക്കാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

റേഷന്‍ഷോപ്പുകള്‍വഴിയാണ് ഇതിനുള്ള അപേക്ഷ സ്വീകരിക്കുന്നത്. 25,000 രൂപയിലധികം വരുമാനമില്ലെന്നും 2,500 ചതുരശ്ര അടിയിലധികം വലുപ്പമുള്ള വീടില്ലെന്നുമുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്. ഇത് റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധിച്ച് താലൂക്ക് സപ്ളൈ ഓഫീസില്‍ നല്‍കുകയാണ് ചെയ്യുക. കേന്ദ്രസര്‍ക്കാര്‍ 8.90നു നല്‍കുന്ന അരി രണ്ടു രൂപ നിരക്കില്‍ നല്‍കുന്നതോടെ അധികബാധ്യതയുണ്ടാകുന്നതായുള്ള റേഷന്‍ഷോപ്പുടമകളുടെ പരാതിക്കും ഇതിനകം പരിഹാരം കണ്ടെത്തിയിട്ടുണ്ട്. രണ്ടു രൂപ നിരക്കില്‍ അരി നല്‍കുന്നതുകൊണ്ടുണ്ടാകുന്ന അധിക സാമ്പത്തികബാധ്യത അടുത്തദിവസംതന്നെ പരിഹരിക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. രണ്ടു രൂപയ്ക്ക് അരി നല്‍കാനുള്ള സര്‍ക്കാര്‍തീരുമാനം ജില്ലയിലെ നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ക്കാണ് അനുഗ്രഹമായത്. രണ്ടു രൂപ നിരക്കിലുള്ള അരിവിതരണത്തെ രാഷ്ട്രീയലക്ഷ്യത്തോടെ തടയാന്‍ കൂട്ടുനിന്ന കോണ്‍ഗ്രസിനെതിരെ ജില്ലയില്‍ ഇടതുപക്ഷം പ്രത്യക്ഷസമരം നടത്തിയിരുന്നു. എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ്പ്രചാരണത്തിലും അരിമുടക്കികോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശം പ്രകടമായിരുന്നു. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് നിലവില്‍ 28 കിലോ അരിയും ഏഴ് കിലോ ഗോതമ്പും നല്‍കുന്നുണ്ട്. കൂടാതെ അന്ത്യോദയ കാര്‍ഡുടമകള്‍ക്ക് 35 കിലോ അരിയും വിതരണം ചെയ്യുന്നുണ്ട്.

ദേശാഭിമാനി 210411

2 comments:

  1. രണ്ടു രൂപയ്ക്ക് അരി വിതരണം ചെയ്തതിനുള്‍പ്പെടെ റേഷന്‍വ്യാപാരികള്‍ക്കുള്ള കുടിശ്ശിക ബജറ്റ് വിഹിതത്തില്‍നിന്ന് നല്‍കാനാവശ്യമായ നടപടിക്ക് മന്ത്രിസഭ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. റേഷന്‍വ്യാപാരികള്‍ കിലോയ്ക്ക് 8.50ന് എടുക്കുന്ന അരി രണ്ടു രൂപയ്ക്ക് വിതരണംചെയ്യാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അരി വിതരണംചെയ്ത വകയില്‍ റേഷന്‍കടക്കാര്‍ക്കുള്ള പണം കണക്ക് സമര്‍പ്പിക്കുന്ന മുറയ്ക്ക് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തെരഞ്ഞെടുപ്പു കമീഷന്റെ നിരോധനവും നിരോധനം പിന്‍വലിച്ച അറിയിപ്പ് സര്‍ക്കാരിന് ലഭിക്കാന്‍ വൈകിയതുമാണ് അരിവിതരണം തടസ്സപ്പെടുത്തിയത്. അടുത്തടുത്ത ദിവസങ്ങളില്‍ അവധി വന്നതും പ്രശ്നമായി. തടസ്സങ്ങള്‍ നീക്കി രണ്ടു രൂപ അരിവിതരണം ത്വരിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

    ReplyDelete
  2. തൊഴിലാളി സര്‍ക്കാരിനു അഞ്ചുവര്‍ഷം ഭരിച്ചിട്ടും 8.25 അരി 2 രൂപക്ക് കൊടുത്താല്‍ ബാക്കി എത്രകാശ് സര്‍ക്കാരു കൊടുക്കണം എന്ന് കണ്ടുപിടിക്കാന്‍ കഴിഞ്ഞിട്ടില്ലാ അല്ല്ലേ.. കൊള്ളാം. ചുമതലപ്പെടുത്തീലോ ഇപ്പോളെങ്കിലും.. ഇത് ഒരു വര്‍ഷം നടത്തിയാല്‍ ഒരു തവണ കൂടി ചുമ്മാ ഭരിക്കായിരുന്നു.. അന്ന് കിണ്ടിയും ചൊറിഞ്ഞിരുന്നൂലേ?

    ReplyDelete