Friday, April 29, 2011

ക്ളാസ് മുറികളില്‍ പഠന വസന്തം

സ്മാര്‍ട്ടായി ജില്ലാപഞ്ചായത്ത് ക്ളാസ് മുറികളില്‍ പഠന വസന്തം

കണ്ണൂര്‍: കലാപ കലുഷിതമെന്ന് മുദ്രകുത്തപ്പെട്ട നാട് എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി ഉന്നത വിജയം നേടുമ്പോള്‍ വിമര്‍ശകര്‍ നെറ്റി ചുളിക്കുക സ്വാഭാവികം. കണ്ണൂരിനെ ഒന്നടങ്കം അപമാനിക്കുന്നതിന് ഭാവി തലമുറ മറുപടി നല്‍കുന്നത് എസ്എസ്എല്‍സി വിജയ ശതമാനം കൂട്ടിയാണ്. വിദ്യാഭ്യാസ രംഗത്തെ ഈ നേട്ടത്തിനു പിന്നില്‍ മാസ്മരിക വിദ്യകളൊന്നുമില്ല. സംസ്ഥാനത്ത് ഒട്ടാകെ എസ്എസ്എല്‍സി വിജയത്തിന്റെ 'കണ്ണൂര്‍ മോഡല്‍' ചര്‍ച്ചയാവുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് ജില്ലാപഞ്ചായത്തിന്റെ കര്‍മപദ്ധതികള്‍. എന്നാല്‍ എസ്എസ്എല്‍സി വിജയശതമാനം കൂട്ടാന്‍ ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ 'മുകുളം' പദ്ധതി മാത്രമേ പുറംലോകം അറിഞ്ഞിട്ടുള്ളൂ. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്കൊപ്പം സ്കൂളുകളുടെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജില്ലാപഞ്ചായത്ത് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്.

അഞ്ചുവര്‍ഷംമുമ്പ് ജില്ലയിലെ ഹൈസ്കൂളുകള്‍ മിക്കതും ഓലഷെഡിലായിരുന്നു. ഇപ്പോള്‍ ഓല ഷെഡേയില്ല. ജില്ലാപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയും എസ്എസ്എ സഹായവും ഉപയോഗിച്ച് ഹയര്‍ സെക്കന്‍ഡറി നിലവാരത്തിലാണ് എസ്എസ്എല്‍സി ക്ളാസ്മുറികള്‍ ഒരുക്കിയത്. പന്ത്രണ്ടാം ധനകാര്യ കമീഷന്‍ ഗ്രാന്റും ജില്ലാപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് ലാബുകള്‍, ലൈബ്രറികള്‍, വര്‍ക്ക് ഷെഡുകള്‍ എന്നിവ നിര്‍മിച്ചു. പെണ്‍കുട്ടികളില്‍ ആരോഗ്യശീലം വളര്‍ത്താന്‍ ഹൈസ്കൂളുകളില്‍ നിര്‍മിച്ച പെണ്‍ സൌഹൃദ ടോയ്ലറ്റുകള്‍ മാതൃകയായി. വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരകള്‍ പണിതു. ഹൈസ്കൂളുകള്‍ക്ക് 2.25 കോടി രൂപ ചെലവഴിച്ച് 4138 ഡെസ്ക്കും ബെഞ്ചും നല്‍കി. സ്ഥല പരിമിതിയില്‍ വികസനം മുരടിച്ച സ്കൂളുകള്‍ക്ക് ഭൂമി കണ്ടെത്തി കെട്ടിടങ്ങള്‍ നിര്‍മിച്ചു. പടിയൂര്‍ ഗണ്‍വമെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ പ്രവര്‍ത്തനം ജില്ലാപഞ്ചായത്ത് വിഹിതം കൊണ്ട് മാത്രമാണ്. പടിയൂര്‍ സ്കൂളിന് അഞ്ച് ഏക്കര്‍ വിലകൊടുത്ത് എടുക്കുകയും കെട്ടിടം സ്ഥാപിക്കുകയും ചെയ്തത് ജില്ലാപഞ്ചായത്താണ്. നൂറുശതമാനം വിജയം നല്‍കിയാണ് ഇവിടുത്തെ ആദ്യ ബാച്ച് ജില്ലാപഞ്ചായത്തിനോട് കടപ്പാട് അറിയിച്ചത്.

വിഷമമുള്ള വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാപഞ്ചായത്ത് 2007ല്‍ മുകുളം പദ്ധതി തുടങ്ങിയത്. പിന്നീട് എസ്എസ്എല്‍സി വിജയശതമാനത്തില്‍ കുതിപ്പിന്റെ വര്‍ഷങ്ങളായി. ആദ്യവര്‍ഷം 90.7 ശതമാനമായിരുന്നു വിജയം. 2008ല്‍ 96.4 ശതമാനം വിജയവുമായി ഒന്നാംസ്ഥാനത്ത് എത്തി. 2009ല്‍ വിജയം 96.84 ശതമാനമായി ഉയര്‍ന്നു. 2010ല്‍ 96.88ശതമാനമായി. ഇത്തവണ അല്‍പം പിറകോട്ട് പോയെങ്കിലും 96.27ശതമാനവുമായി സംസ്ഥാനത്ത് കൂടുതല്‍ വിദ്യാര്‍ഥികളെ വിജയിപ്പിച്ച രണ്ടാമത്തെ ജില്ലയായി. ജില്ലയ്ക്ക് മികച്ച വിജയം സമ്മാനിക്കാന്‍ യത്നിച്ചവരെയും വിദ്യാര്‍ഥികളെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. കെ എ സരള അഭിനന്ദിച്ചു. അടുത്ത വര്‍ഷംമുതല്‍ എട്ടാംക്ളാസ് മുതല്‍ മുകുളം പദ്ധതി നടപ്പാക്കാനാണ് ആലോചനയെന്ന് ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി റോസ പറഞ്ഞു.

അട്ടപ്പാടി മേഖലയില്‍ മികച്ച വിജയം

അഗളി: അട്ടപ്പാടി ആദിവാസി മേഖലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം. ഇവിടെ രണ്ട് സ്കൂളുകളില്‍ നൂറ് ശതമാനം വിജയം നേടിയാണ് ജില്ലയിലെ മറ്റ് സ്കൂളുകള്‍ക്കൊപ്പം തലയുയര്‍ത്തി നില്‍ക്കുന്നത്. സര്‍ക്കാര്‍ സ്കൂളുകളും മികച്ച വിജയമാണ് കൈവരിച്ചിരിക്കുന്നത്. ഒരു കാലത്ത് എസ്എസ്എല്‍സിക്ക് ആരും ജയിച്ചിട്ടില്ലാത്ത സ്കൂളുകളില്‍ പോലും ഇന്ന് 80 ശതമാനത്തിലധികം വിജയം കൈവരിച്ചതും ശ്രദ്ധേയമായി. അട്ടപ്പാടി മേഖലയില്‍ ഏകദേശം 88 ശതമാനം വിജയം കൈവരിച്ചതായി അധികൃതര്‍ പറയുന്നു. മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ചിണ്ടക്കി ആദിവാസി ഹൈസ്കൂള്‍ എന്നിവിടങ്ങളിലാണ് നൂറ് ശതമാനം വിജയം കൈവരിച്ചത്. മുക്കാലി സ്കൂളില്‍ പരീക്ഷയെഴുതിയ 35പേരില്‍ 35പേരും ജയിച്ചു. ചിണ്ടക്കി സ്കൂളില്‍ 27 പേരായിരുന്നു പരീക്ഷയെഴുതിയത്.

എസ്എസ്എല്‍സി പരീക്ഷയില്‍ എന്നും പിന്നോക്കമായിരുന്ന സര്‍ക്കാര്‍ സ്കൂളുകളുടെ ചിത്രവും മാറി. സര്‍ക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഫലപ്രദമായ പദ്ധതികളിലൂടെ സര്‍ക്കാര്‍ സ്കൂളുകളും മികച്ച വിജയം കൈവരിച്ചു. ഷോളയൂര്‍ ട്രൈബല്‍ സ്കൂളില്‍ പരീക്ഷയെഴുതിയ 55പേരില്‍ 46പേരും ഉന്നതപഠനത്തിന ്അര്‍ഹത നേടി. 83 ശതമാനമാണ വിജയം. 78ശതമാനം വിജയം കൈവരിച്ച് പുതൂര്‍ ട്രൈബല്‍ സ്കൂളും മികവിന്റെ പട്ടികയില്‍ ഇടംതേടി. 47പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 37പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയ അഗളി ഗവ.ഹൈസ്കൂളില്‍ 73ശതമാനം വിജയം നേടി. 149പേരാണ് ഇവിടെ പരീക്ഷയെഴുതിയത്. ഇതില്‍ 110പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. മുമ്പ് ഈ സ്കൂളില്‍ വിജയശതമാനം പത്തില്‍ താഴെയായിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്. എയ്ഡഡ് സ്കൂളുകളും മകിവ് പുലര്‍ത്തി. ജല്ലിപ്പാറ മൌണ്ട് കാര്‍മല്‍ സ്കൂള്‍ 94ശതമാനം വിജയം നേടി. കോട്ടത്തറ ആരോഗ്യമാത സ്കൂള്‍ 88 ശതമാനവും കൂക്കംപാളയം ആരോഗ്യമാത ഹൈസ്കൂള്‍ 91ശതമാനവും വിജയം നേടി.

ദേശാഭിമാനി 290411

1 comment:

  1. കലാപ കലുഷിതമെന്ന് മുദ്രകുത്തപ്പെട്ട നാട് എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി ഉന്നത വിജയം നേടുമ്പോള്‍ വിമര്‍ശകര്‍ നെറ്റി ചുളിക്കുക സ്വാഭാവികം. കണ്ണൂരിനെ ഒന്നടങ്കം അപമാനിക്കുന്നതിന് ഭാവി തലമുറ മറുപടി നല്‍കുന്നത് എസ്എസ്എല്‍സി വിജയ ശതമാനം കൂട്ടിയാണ്. വിദ്യാഭ്യാസ രംഗത്തെ ഈ നേട്ടത്തിനു പിന്നില്‍ മാസ്മരിക വിദ്യകളൊന്നുമില്ല. സംസ്ഥാനത്ത് ഒട്ടാകെ എസ്എസ്എല്‍സി വിജയത്തിന്റെ 'കണ്ണൂര്‍ മോഡല്‍' ചര്‍ച്ചയാവുമ്പോള്‍ അംഗീകരിക്കപ്പെടുന്നത് ജില്ലാപഞ്ചായത്തിന്റെ കര്‍മപദ്ധതികള്‍. എന്നാല്‍ എസ്എസ്എല്‍സി വിജയശതമാനം കൂട്ടാന്‍ ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയ 'മുകുളം' പദ്ധതി മാത്രമേ പുറംലോകം അറിഞ്ഞിട്ടുള്ളൂ. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്കൊപ്പം സ്കൂളുകളുടെ സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ജില്ലാപഞ്ചായത്ത് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണ്.

    ReplyDelete