Tuesday, April 19, 2011

എസ്എടിയില്‍ വന്ധ്യതാ നിവാരണ ക്ളനിക് ഒരു മാസത്തിനകം


തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വന്ധ്യത ക്ളിനിക് ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനുവേണ്ടിയുള്ള ആര്‍ട്ടിഫിഷ്യല്‍ റീപ്രൊഡക്ടീവ് ചികിത്സാവിഭാഗത്തിന്റെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. വിദേശത്തുനിന്ന് ചില ഉപകരണംകൂടി എത്താനുള്ള കാലതാമസം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അവ സ്ഥാപിച്ചുകഴിഞ്ഞാല്‍ വന്ധ്യതയ്ക്ക് പരിഹാരം കാണാനുള്ള ലോകോത്തരസംവിധാനങ്ങളാണ് എസ്എടി ആശുപത്രിയില്‍ തയ്യാറാകുന്നത്. 45,000 ചതുരശ്രഅടി വിസ്തീര്‍ണം വരുന്ന പുതിയ ഗോള്‍ഡന്‍ ജൂബിലി മന്ദിരത്തിലെ ഏറ്റവും മുകളിലെ നിലയിലാണ് വന്ധ്യതാ ക്ളിനിക്കിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായിവരുന്നത്. ഒരു മാസത്തിനുള്ളില്‍ സ്വകാര്യമേഖലയില്‍ മാത്രം ലഭ്യമാകുന്ന വന്ധ്യതാനിവാരണത്തിനുള്ള വിപുലമായ ക്ളിനിക് എസ്എടിയിലും തയ്യാറാകും.

നാലുകോടി രൂപ ചെലവഴിച്ച് നിര്‍മിച്ച പുതിയ ഗോള്‍ഡന്‍ ജൂബിലി ബ്ളോക്കിന്റെ ഉദ്ഘാടനം രണ്ടുമാസം മുമ്പാണ് നടന്നത്. ഒന്നാം നിലയില്‍ പീഡിയാട്രിക് തീവ്രപരിചരണവിഭാഗം ആരംഭിച്ചു. തലസ്ഥാനത്ത് ഇന്നുള്ളതില്‍വച്ച് ഏറ്റവും വലിയ പീഡിയാട്രിക് തീവ്രപരിചരണവിഭാഗമാണ് ഇവിടെ തയ്യാറായിട്ടുള്ളത്. അതിനുമറുവശത്തായി അത്രയുംതന്നെ വിസ്തീര്‍ണമുള്ള നവജാതശിശുക്കളുടെ പരിചരണത്തിനുള്ള ഇന്‍ബോണ്‍ നേഴ്സറിയും സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും താഴത്തെ നിലയില്‍ പീഡിയാട്രിക് സര്‍ജറി ഒപി, സൂപ്രണ്ട് ഓഫീസ്, എസ്എടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റി ഓഫീസ് എന്നിവയും പ്രവര്‍ത്തിക്കുന്നു. സംസ്ഥാനസര്‍ക്കാരിന്റെയും എസ്എടി ഹെല്‍ത്ത് എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെയും സാമ്പത്തികസഹായത്തോടെയാണ് ഗോള്‍ഡന്‍ ജൂബിലി ബ്ളോക്ക് നിര്‍മിച്ചത്.

ദേശാഭിമാനി 190411

1 comment:

  1. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വന്ധ്യത ക്ളിനിക് ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനുവേണ്ടിയുള്ള ആര്‍ട്ടിഫിഷ്യല്‍ റീപ്രൊഡക്ടീവ് ചികിത്സാവിഭാഗത്തിന്റെ ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായി. വിദേശത്തുനിന്ന് ചില ഉപകരണംകൂടി എത്താനുള്ള കാലതാമസം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അവ സ്ഥാപിച്ചുകഴിഞ്ഞാല്‍ വന്ധ്യതയ്ക്ക് പരിഹാരം കാണാനുള്ള ലോകോത്തരസംവിധാനങ്ങളാണ് എസ്എടി ആശുപത്രിയില്‍ തയ്യാറാകുന്നത്. 45,000 ചതുരശ്രഅടി വിസ്തീര്‍ണം വരുന്ന പുതിയ ഗോള്‍ഡന്‍ ജൂബിലി മന്ദിരത്തിലെ ഏറ്റവും മുകളിലെ നിലയിലാണ് വന്ധ്യതാ ക്ളിനിക്കിനുള്ള സംവിധാനങ്ങള്‍ പൂര്‍ത്തിയായിവരുന്നത്. ഒരു മാസത്തിനുള്ളില്‍ സ്വകാര്യമേഖലയില്‍ മാത്രം ലഭ്യമാകുന്ന വന്ധ്യതാനിവാരണത്തിനുള്ള വിപുലമായ ക്ളിനിക് എസ്എടിയിലും തയ്യാറാകും.

    ReplyDelete