ന്യൂഡല്‍ഹി: ബംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില പരിശോധിക്കുമ്പോള്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. മഅ്ദനിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിച്ചപ്പോഴാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഹര്‍ജി ബുധനാഴ്ച വീണ്ടും പരിഗണിക്കും. മഅ്ദനിയുടെ ഹര്‍ജി പരിഗണിക്കുന്നത് നീട്ടിക്കൊണ്ടുപോകാന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ജസ്റിസുമാരായ അല്‍ത്തമാസ് കബീര്‍, ഗ്യാന്‍സുധ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അനുവദിച്ചില്ല. മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് കേസ് പരിഗണിച്ചപ്പോള്‍ കര്‍ണാടകയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അന്ത്യാര്‍ജുന അഭ്യര്‍ഥിച്ചു. എന്നാല്‍, കേസ് നീട്ടാനാകില്ലെന്നും വെള്ളിയാഴ്ചതന്നെ സത്യവാങ്മൂലം സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് വൈകിട്ടോടെ കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ചെയ്തു. കര്‍ണാടകയുടെ വാദങ്ങള്‍ക്ക് മറുപടി നല്‍കാനുണ്ടെങ്കില്‍ ചൊവ്വാഴ്ച സമര്‍പ്പിക്കണമെന്ന് കോടതി മഅ്ദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശാന്തിഭൂഷനോട് ആവശ്യപ്പെട്ടു. കേസ് ബുധനാഴ്ച കേള്‍ക്കുമെന്നും കോടതി അറിയിച്ചു.
കഴിഞ്ഞയാഴ്ച മഅ്ദനിയുടെ ഹര്‍ജി സ്വീകരിച്ച കോടതി ഒരാഴ്ചയ്ക്കകം മറുപടി സമര്‍പ്പിക്കാന്‍ കര്‍ണാടകയോട് ആവശ്യപ്പെട്ടിരുന്നു. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ മറുപടി ഫയല്‍ചെയ്യുന്നതിന് സമയം അനുവദിക്കണമെന്ന് കര്‍ണാടക ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, ശാന്തിഭൂഷണ്‍ ഇതിനെ എതിര്‍ത്തു. കേസ് നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും അടിയന്തരമായി തീര്‍പ്പുണ്ടാകണമെന്നും ശാന്തിഭൂഷണ്‍ പറഞ്ഞു. മഅ്ദനി പലവിധ രോഗത്താല്‍ കഷ്ടപ്പെടുകയാണ്. കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒമ്പതരവര്‍ഷം വിചാരണത്തടവുകാരനായി ജയിലില്‍ കഴിഞ്ഞ വ്യക്തിയാണ് അദ്ദേഹം. ഒടുവില്‍ നിരപരാധിയെന്നു കണ്ട് വെറുതെ വിടുകയായിരുന്നു. ബംഗളൂരു കേസിലും ആദ്യ രണ്ടു കുറ്റപത്രങ്ങളില്‍ മഅ്ദനിയുടെ പേരുണ്ടായിരുന്നില്ല. മൂന്നാമത്തെ കുറ്റപത്രത്തിലാണ് പ്രതിചേര്‍ത്തത്. ഇപ്പോള്‍ എട്ടുമാസമായി ജയിലില്‍ കഴിയുകയാണ്. എന്നാല്‍, ഒരു തെളിവും മദനിക്കെതിരെയില്ല. അന്യായമായി തടങ്കലില്‍ കഴിയുകയാണ്. അംഗവൈകല്യംമൂലം ബുദ്ധിമുട്ടുന്ന മഅ്ദനി ഒട്ടേറെ രോഗത്താലും കഷ്ടപ്പെടുകയാണ്. ന്യായമായും ജാമ്യത്തിന് അര്‍ഹതയുണ്ട്- ശാന്തിഭൂഷണ്‍ പറഞ്ഞു.
ഈ വാദങ്ങളെ എതിര്‍ത്ത കര്‍ണാടക സര്‍ക്കാര്‍ അഭിഭാഷകന്‍ ബംഗളൂരുകേസില്‍മാത്രമല്ല അഹമ്മദാബാദ്, സൂറത്ത് സ്ഫോടനങ്ങളിലും മഅ്ദനി പങ്കാളിയാണെന്ന് വാദിച്ചു. വ്യക്തമായ തെളിവുകള്‍ മഅ്ദനിക്കെതിരെയുണ്ട്. അത് ഹാജരാക്കാം. ഗൂഢാലോചനക്കുറ്റമാണ് മഅ്ദനിക്കെതിരെയുള്ളത്. ഗൂഢാലോചനയ്ക്ക് അംഗവൈകല്യം തടസ്സമല്ല- അന്ത്യാര്‍ജുന പറഞ്ഞു.
deshabhimani 300411
ബംഗളൂരു സ്ഫോടനക്കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ ആരോഗ്യനില പരിശോധിക്കുമ്പോള്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി. മഅ്ദനിയുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിച്ചപ്പോഴാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ReplyDelete