Sunday, April 24, 2011

ചേര്‍ത്തല ആശുപത്രിയില്‍ അഴിമതിയും കെടുകാര്യസ്ഥതയും

ചേര്‍ത്തല: സംസ്ഥാന സര്‍ക്കാരിന്റെ ഇഛാശക്തിയിലും ജനപ്രതിനിധികളുടെ കൂട്ടായ്മയിലും വികസനപുരോഗതിയിലെത്തിയ താലൂക്കാശുപത്രിയെ പണക്കൊയ്ത്തിനുള്ള ഉപായമാക്കി മാറ്റുന്നു. ഒരുവിഭാഗം ഡോക്ടര്‍മാരും ജീവനക്കാരും രോഗികളെ പിഴിയുമ്പോള്‍ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ട് ആശുപത്രിയെ ജനോപകാരപ്രദമായി പരിപാലിക്കേണ്ട നഗരസഭ നിസംഗത പാലിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യത്തിലൂടെയാണ് താലൂക്കാശുപത്രി പരിതാപകരമായ അവസ്ഥയില്‍ നിന്ന് മികവുറ്റതായി മാറിയത്. നാലുവര്‍ഷങ്ങള്‍ക്കകം കെട്ടും മട്ടും മാറി വന്‍കിട സ്വകാര്യാശുപത്രിയെ വെല്ലുന്ന നിലയിലേക്കാണ് ഉയര്‍ന്നത്. ഇതോടെ ചികിത്സതേടുന്ന രോഗികളുടെ എണ്ണവും വര്‍ധിച്ചു. സ്വകാര്യാശുപത്രികളെ ആശ്രയിച്ചവര്‍ പോലും ചികിത്സതേടി ഇവിടെയെത്തി. ഈ സാഹചര്യത്തെ ഒരുവിഭാഗം മുതലെടുക്കുന്നതായാണ് പരാതി. പണസമ്പാദനത്തിന് മെച്ചപ്പെട്ട സൌകര്യമാണ് ഇവര്‍ക്ക് കൈവന്നത്. ഒരുവിഭാഗം ഡോക്ടര്‍മാര്‍ സമര്‍ഥമായി ഈ അവസരം വിനിയോഗിക്കുന്നു. വീടുകളില്‍ ചെന്ന് കാണാത്ത രോഗികള്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയില്ലെന്നാണ് ആക്ഷേപം. ഇത്തരക്കാരെ ആശുപത്രിയില്‍ പേരിനുമാത്രമാണ് ചില ഡോക്ടര്‍മാര്‍ പരിശോധിക്കുക. വീട്ടിലെത്തി സൌകര്യമായി വേണ്ടതുപോലെ കാണുന്നവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതായും പറയുന്നു. ശസ്ത്രക്രിയ വേണ്ടുന്ന രോഗികളെയാണ് ഏറെയും പിഴിയുന്നത്. ഗൈനക്കോജി വിഭാഗത്തിലാണ് നിലവിട്ട് പണക്കൊയ്ത്ത് നടക്കുന്നതായി ആക്ഷേപം.

സ്വകാര്യാശുപത്രിയില്‍ ആയിരങ്ങള്‍ ചെലവാകുമ്പോള്‍ 20 ശതമാനമെങ്കിലും തങ്ങള്‍ക്ക് വേണമെന്ന നിര്‍ബന്ധത്തിലാണ് ചിലര്‍. കണക്കുപറഞ്ഞ് കൈക്കൂലി വാങ്ങുന്ന ഡോക്ടര്‍മാരുണ്ടിവിടെ. ആശുപത്രിയില്‍ ഇതരജീവനക്കാരില്‍ ഒരുവിഭാഗം ഈ ഗണത്തിലുണ്ട്. ഗൈനക്കോളജിയില്‍ ഡോക്ടര്‍മാരുടെ എണ്ണം വലുതാകയാല്‍ കിടമത്സരമാണുള്ളത്. പ്രസവശസ്ത്രക്രിയ വര്‍ധിതതോതില്‍ നടന്നതും അത് വിവാദമായതിനും പിന്നില്‍ ഈ കിടമത്സരമാണ്. ഇതെല്ലാം നിയന്ത്രിക്കാന്‍ ഇടപെടേണ്ട നഗരസഭയും ആശുപത്രി മാനേജിങ് കമ്മിറ്റിയും നിഷ്ക്രിയമാണെന്നത് വാസ്തവവും. വിവാദങ്ങള്‍ താലൂക്കാശുപത്രിയെ വേട്ടയാടുമ്പോള്‍ ആഹ്ളാദിക്കുന്നത് സ്വകാര്യാശുപത്രിക്കാരാണ്.

കൂട്ട പ്രസവ ശസ്ത്രക്രിയ കൈക്കൂലിക്കുവേണ്ടി

ചേര്‍ത്തല: ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയാനിരക്ക് ഉയര്‍ത്തിയത് ഡോക്ടര്‍മാരുടെ കൈക്കൂലിക്കായുള്ള മത്സരംമൂലമെന്ന് സൂചന. തിങ്കളാഴ്ച അന്വേഷണത്തിനെത്തുന്ന ആരോഗ്യവകുപ്പിലെ വിജിലന്‍സ് വിഭാഗം ഇതുസംബന്ധിച്ചും അന്വേഷിച്ചേക്കും. ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ പ്രസവശസ്ത്രക്രിയാ നിരക്ക് അസാധാരണമായി ഉയര്‍ന്നതാണ് വിവാദത്തിന് വഴിതുറന്നത്. 30 ശതമാനമാണ് ലോകാരോഗ്യസംഘടന നിഷ്കര്‍ഷിക്കുന്ന പ്രസവശസ്ത്രക്രിയ. സംസ്ഥാനശരാശരി 42 ശതമാനമാണ്. ഇത് താഴേക്ക് എത്തിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് ലക്ഷ്യംവയ്ക്കുമ്പോഴാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ കൂട്ട പ്രസവശസ്ത്രക്രിയാ വിവാദം. ഇതിനിടെയാണ് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയാനിരക്ക് സംസ്ഥാന ശരാശരിയെക്കാള്‍ വളരെ ഉയര്‍ന്നതാണെന്ന വിവരം പുറത്തുവരുന്നത്. കൂട്ട ശസ്ത്രക്രിയ നടന്നുവെന്നതിനപ്പുറം സാധാരണപ്രസവം തീരെ കുറഞ്ഞതും സംശയത്തിനിടയാക്കുന്നു.

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടന്നതിനെക്കാള്‍ കൂടുതല്‍ പ്രസവശസ്ത്രക്രിയകള്‍ ഇവിടെ മുമ്പും നടന്നിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ സ്വാഭാവിക പ്രസവം ഈ തോതിനനുസരിച്ച് നടക്കാത്തതാണ് സംശയം ജനിപ്പിക്കുന്നത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ 21 പ്രസവശസ്ത്രക്രിയയാണ് നടന്നത്. സാധാരണ പ്രസവം ആറുമാത്രം. ഡോക്ടര്‍മാര്‍ അനാവശ്യമായി പ്രസവശസ്ത്രക്രിയ നടത്തുന്നുണ്ടോ എന്നകാര്യം വിജിലന്‍സ് അന്വേഷിക്കും. പ്രസവശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ ആയിരങ്ങള്‍ കൈക്കൂലി വാങ്ങുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സ്ത്രീരോഗവിഭാഗം ഡോക്ടര്‍മാര്‍ തമ്മില്‍ ശസ്ത്രക്രിയയ്ക്ക് മത്സരമുണ്ടെന്ന പരാതിയും നേരത്തെ ഉയര്‍ന്നിരുന്നു. അവധിയില്‍പോകാന്‍ സൌകര്യത്തില്‍ കൂട്ടശസ്ത്രക്രിയ നടത്തിയെന്ന ആക്ഷേപവും അന്വേഷണവിഷയമാണ്. ഇതൊന്നും സംബന്ധിച്ച് പരാതിയൊന്നും വകുപ്പിനുമുന്നിലില്ല. മാതൃ-ശിശുമരണനിരക്ക് ഇവിടെ തീരെ കുറവെന്നതും ശ്രദ്ധേയം. ആശുപത്രിയുടെ നവീകരണവും മെച്ചപ്പെടുത്തലും വഴി പ്രസവത്തിനായി കൂടുതല്‍പേര്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. ഈ സാഹചര്യം ഡോക്ടര്‍മാരില്‍ ഒരുവിഭാഗം പണസമ്പാദനത്തിന് മുതലാക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആശാസ്യമല്ലാത്ത പ്രവണതയും വിവാദവും താലൂക്ക് ആശുപത്രിയുടെ സല്‍പ്പേരിന് കളങ്കംചാര്‍ത്തുന്നതായി. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനം ശരിയാംവണ്ണമാക്കാന്‍ ബാധ്യതപ്പെട്ട നഗരസഭ അനാസ്ഥയിലാണ്. ആശുപത്രി മാനേജിങ് കമ്മിറ്റിയെ വേണ്ടവിധം പ്രവര്‍ത്തിപ്പിക്കുന്നില്ല. ആശുപത്രി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. കൈക്കൂലി നല്‍കാത്തവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ആശുപത്രിയില്‍ ലഭിക്കില്ലെന്ന രോഗികളുടെ ആക്ഷേപം ഗൌരവമായ അന്വേഷണത്തിന് വിധേയമാക്കേണ്ടതുണ്ട്. ഇതെല്ലാം അന്വേഷണത്തില്‍ കണ്ടെത്തി പരിഹാരനടപടികള്‍ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്.

ഡിവൈഎഫ്ഐ, എഐവൈഎഫ് സംഘടനകള്‍ വെള്ളിയാഴ്ച ആശുപത്രിമാര്‍ച്ചും ധര്‍ണയും നടത്തി. ശനിയാഴ്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ജില്ലാ സെക്രട്ടറി ജലജാ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഏലിക്കുട്ടി ജോ, ഷേര്‍ളി ഭാര്‍ഗവന്‍ എന്നിവര്‍ സംസാരിച്ചു. മഹിളാസംഘം മാര്‍ച്ചും ധര്‍ണയും സംസ്ഥാന പ്രസിഡന്റ് കമലാ സദാനന്ദന്‍ ഉദ്ഘാടനംചെയ്തു. ബിജെപി, യൂത്ത് കോഗ്രസ് പ്രവര്‍ത്തകരും സമരം നടത്തി. കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാല്‍ ആശുപത്രി സന്ദര്‍ശിച്ചു. ഏറ്റവും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയുടെ സല്‍പ്പേര് തകര്‍ക്കരുതെന്നും വിവാദത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈദ്യശാസ്ത്രത്തിന് അപമാനം: ജി സുധാകരന്‍

അമ്പലപ്പുഴ: ചേര്‍ത്തല താലൂക്ക് ഗവമെന്റ് ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ ഗര്‍ഭിണികളെ കൂട്ടത്തോടെ സിസേറിയന്‍ നടത്തിയശേഷം കര്‍ത്തവ്യം നിറവേറ്റി എന്നുവരുത്തി അവധിയെടുത്ത് സ്ഥലംവിട്ട സംഭവം വൈദ്യശാസ്ത്രലോകത്തിന് അപമാനമാണെന്ന് സഹകരണമന്ത്രി ജി സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു. ആരോപണം ശരിയാണെങ്കില്‍ ഇതേപ്പറ്റി സംസ്ഥാനത്തെ ഏറ്റവും മികച്ച കുറ്റാന്വേഷണ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണം. ഈ സംഭവത്തെപ്പറ്റി വിജിലന്‍സ് അന്വേഷിക്കുമെന്ന ആരോഗ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണ്.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഒരുവിഭാഗം ഡോക്ടര്‍മാര്‍ കാട്ടിക്കൂട്ടുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങള്‍ രോഗികളുടെ ശക്തമായ എതിര്‍പ്പിന് കാരണമായിരിക്കുകയാണ്. വണ്ടാനം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ സാധാരണ ആശുപത്രി സന്ദര്‍ശിക്കാറില്ല. പ്രിന്‍സിപ്പലിന്റെ അലംഭാവമാണ് വണ്ടാനം മെഡിക്കല്‍ കേളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കെതിരെ ഉയരുന്ന പരാതിക്ക് പ്രധാനകാരണം. രോഗികളെയും ജനങ്ങളെയും സ്നേഹിക്കുകയും ഗവമെന്റിനെ മാനിക്കുകയും ചെയ്യുന്ന പ്രിന്‍സിപ്പലായി അവര്‍ മാറണം. കൊച്ചി സഹകരണ മെഡിക്കല്‍ കോളേജില്‍ സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശിച്ചതുപോലുള്ള വിശദമായ ഫോറം പൂരിപ്പിച്ച് നല്‍കാതെ പേഷ്യന്റ് കെയര്‍ അലവന്‍സും നോ പ്രാക്ടിസിങ് അലവന്‍സും വേണമെന്ന് ശഠിക്കുന്ന ഏതാനും ഡോക്ടര്‍മാരുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആയാലും കൊച്ചി സഹകരണ ആശുപത്രിയായലും ഭൂരിപക്ഷം ഡോക്ടര്‍മാരും രോഗികളോട് സ്നേഹമായാണ് പെരുമാറുന്നത്. കൊച്ചി സഹകരണ ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായി പുന്നപ്രയിലെ ആധുനിക സഹകരണ ആശുപത്രിയില്‍ വന്നുപോകുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ദുരനുഭവങ്ങള്‍ ഉണ്ടായിട്ടില്ല.

വൈദ്യശാസ്ത്രത്തെയും മാനവികതയെയും സര്‍ക്കാര്‍ നിയമങ്ങളെയും രോഗികളെയും സമൂഹത്തെ ആകെയും നിന്ദിക്കുകയും ഏകാധിപതികളെപ്പോലെ മനുഷ്യരഹിതമായി പെരുമാറുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ ചികിത്സാരംഗത്ത് പ്രവര്‍ത്തിക്കാന്‍ യോഗ്യരല്ല. സര്‍ക്കാരും ഇന്ത്യന്‍ മെഡിക്കല്‍ കൌസിലും ചേര്‍ന്ന് ഇത്തരക്കാരെ കണ്ടെത്തി കര്‍ശനനടപടി സ്വീകരിക്കുകയും രോഗികളെ രക്ഷിക്കുകയും വേണം. രോഗികളുടെ ജീവന്‍ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കാന്‍ ഈ ഡോക്ടര്‍മാര്‍ തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

deshabhimani 240411

1 comment:

  1. സംസ്ഥാന സര്‍ക്കാരിന്റെ ഇഛാശക്തിയിലും ജനപ്രതിനിധികളുടെ കൂട്ടായ്മയിലും വികസനപുരോഗതിയിലെത്തിയ താലൂക്കാശുപത്രിയെ പണക്കൊയ്ത്തിനുള്ള ഉപായമാക്കി മാറ്റുന്നു. ഒരുവിഭാഗം ഡോക്ടര്‍മാരും ജീവനക്കാരും രോഗികളെ പിഴിയുമ്പോള്‍ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ട് ആശുപത്രിയെ ജനോപകാരപ്രദമായി പരിപാലിക്കേണ്ട നഗരസഭ നിസംഗത പാലിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം.

    ReplyDelete