Saturday, April 30, 2011

പുരൂളിയ: ജുഡീഷ്യല്‍ അന്വേഷണം വേണം- കാരാട്ട്

പുരൂളിയ ആയുധവര്‍ഷത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നും സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആയുധവര്‍ഷത്തിന്റെ മുഖ്യആസൂത്രകന്‍ കിംഡേവിയെ രക്ഷപ്പെടാന്‍ സഹായിച്ച മുന്‍ എംപി പപ്പു യാദവിനെ ചോദ്യംചെയ്യണമെന്നും കാരാട്ട് പറഞ്ഞു.

ഡേവി എങ്ങനെ രക്ഷപ്പെട്ടുവെന്ന് കണ്ടെത്തണം. കുറ്റക്കാര്‍ക്കെതിരെ കേസെടുക്കണം. ഡേവിയെ വിട്ടുകിട്ടുന്നതിന് നടപടികള്‍ ത്വരിതപ്പെടുത്തണം. രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഏറ്റവും വലിയ കൈയേറ്റമാണ് പുരൂളിയ ആയുധവര്‍ഷം. മതമൌലിക സംഘടനയായ ആനന്ദമാര്‍ഗികള്‍ക്ക് ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ആയുധങ്ങള്‍ വര്‍ഷിച്ചതെന്ന് അന്വേഷണത്തിലും കേസ് വിചാരണയിലും തെളിഞ്ഞതാണ്. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയായിരുന്നു ആനന്ദമാര്‍ഗികളുടെ ലക്ഷ്യം. ഇപ്പോള്‍ കിംഡേവിയുടെയും കോടതി ശിക്ഷിച്ച പീറ്റര്‍ ബ്ളീച്ചിന്റെയും വെളിപ്പെടുത്തലുകള്‍ പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. ഇന്ത്യയിലെ അധികാരകേന്ദ്രങ്ങള്‍ തങ്ങളെ സഹായിച്ചിട്ടുണ്ടെന്ന് ഇരുവരും പറയുന്നു. ആയുധവര്‍ഷമുണ്ടാകുമെന്ന് ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജന്‍സി എംഐ-5 ഇന്ത്യന്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സിയായ റോയെ അറിയിച്ചിരുന്നു. ഇക്കാര്യം 1996 ജനുവരിയില്‍ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അന്നത്തെ ബ്രിട്ടീഷ് ആഭ്യന്തരസെക്രട്ടറി സ്ഥിരീകരിച്ചു. ആഭ്യന്തരമന്ത്രാലയത്തിനും മറ്റ് അധികൃതര്‍ക്കും റോ വിവരം നല്‍കി. എന്നാല്‍, ബംഗാള്‍ സര്‍ക്കാരിന് കേന്ദ്രം വിവരം കൈമാറിയത് ആയുധവര്‍ഷം നടന്നശേഷമാണ്. രജിസ്റ്റേര്‍ഡ് പോസ്റില്‍ ഒരാഴ്ച കഴിഞ്ഞാണ് ബംഗാള്‍ സര്‍ക്കാരിന് കേന്ദ്രത്തിന്റെ 'മുന്നറിയിപ്പ്' ലഭിച്ചത്. ആയുധവര്‍ഷത്തിന്റെ സമയത്ത് കലൈകുണ്ഡ വ്യോമതാവളത്തിലെ റഡാര്‍ സംവിധാനം പ്രവര്‍ത്തിച്ചില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ആയുധവര്‍ഷത്തിന് ശേഷം തായ്ലന്‍ഡിലെ ഫുക്കറ്റില്‍ പോയി മടങ്ങുംവഴി വിമാനം വീണ്ടും ചെന്നൈയില്‍ ഇറങ്ങി. വിമാനത്തെക്കുറിച്ച് ജാഗ്രത മുന്നറിയിപ്പ് നിലനില്‍ക്കെയാണ് ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയത്.

മുംബൈ വിമാനത്താവളത്തില്‍നിന്ന് ദൂരൂഹമായി രക്ഷപ്പെട്ട കിംഡേവി ഡെന്‍മാര്‍ക്കിലുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ വിവരം ലഭിച്ചിരുന്നു. എന്നാല്‍, ഡേവിയെ വിട്ടുകിട്ടുന്നതിന് സര്‍ക്കാര്‍ ശ്രമിച്ചില്ല. മുംബൈ വിമാനത്താവളത്തില്‍നിന്ന് നേപ്പാളിലേക്ക് കടക്കാന്‍ സഹായിച്ചത് പപ്പു യാദവാണെന്ന് ഡേവിതന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. സിപിഐ എം എംഎല്‍എ അജിത്ത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് പപ്പു ഇപ്പോള്‍. ആയുധങ്ങള്‍ വര്‍ഷിക്കുന്നതിനും പിന്നീട് ഇടപാടുകള്‍ മൂടിവയ്ക്കുന്നതിനും ഇന്ത്യയിലെ ചില അധികാരകേന്ദ്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഡേവിയും ബ്ളീച്ചും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം അനിവാര്യമാണ്.

ചില തെറ്റുകള്‍ സംഭവിച്ചതായി സര്‍ക്കാര്‍വൃത്തങ്ങളില്‍ പലരും ഇപ്പോള്‍ പറയുന്നുണ്ട്. കേന്ദ്രസര്‍ക്കാരും റോയും സിബിഐയുമെല്ലാം സംഭവത്തെ ലാഘവത്തോടെ സമീപിക്കുകയായിരുന്നു. ബംഗാളിലെ ഇടതുമുന്നണി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഇപ്പോഴും വ്യാപക അക്രമം അഴിച്ചുവിടുകയാണ്. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാരിന്റെ ഭാഗമായ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ മാവോയിസ്റ് അക്രമങ്ങളെ പിന്തുണയ്ക്കുകയും സഹായിക്കുകയുമാണ്- കാരാട്ട് പറഞ്ഞു.

രക്ഷപ്പെടുത്തിയത് പപ്പുയാദവും ഐപിഎസ് ഉദ്യോഗസ്ഥനും: ഡേവി

ന്യൂഡല്‍ഹി: പുരൂളിയയിലെ ആയുധവര്‍ഷത്തിനുശേഷം ഇന്ത്യയില്‍നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചത് മുന്‍ എംപി പപ്പുയാദവും സിബിഐ മുന്‍ ജോയിന്റ് ഡയറക്ടര്‍ ജെ കെ ദത്തുമാണെന്ന് കിം ഡേവി വെളിപ്പെടുത്തി. ദത്തിനെപ്പോലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവന്നതോടെ ബംഗാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. വ്യോമസേന തടഞ്ഞതിനെത്തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങിയശേഷം പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന താന്‍ പുനെയിലേക്കാണ് ആദ്യം പോയതെന്ന് ഡേവി പറഞ്ഞു.

വിമാനം ഇറങ്ങിയപ്പോള്‍ സമീപത്ത് ആരുമില്ലായിരുന്നു. അസ്വസ്ഥനായ താന്‍ വിമാനത്തില്‍നിന്ന് ഇറങ്ങി പിന്നിലേക്കു മാറി. പൊലീസ് ദൂരെനിന്ന് വരുന്നത് കണ്ടപ്പോള്‍ തന്ത്രപൂര്‍വം മാറി വിമാനത്താവളത്തില്‍നിന്ന് പുറത്തുകടന്നു. പിന്നീട് പുനെയ്ക്കു പോയി. അവിടെവച്ച് പപ്പുവിന്റെ ആളുകള്‍ ബന്ധപ്പെട്ടു. ഡല്‍ഹിക്ക് പറക്കാന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ വിമാനത്താവളത്തില്‍ പപ്പുവിന്റെ ഔദ്യോഗിക കാറില്‍ ആളുകള്‍ കാത്തുനിന്നിരുന്നു. രാഷ്ട്രപതിഭവനു സമീപമുള്ള എംപിയുടെ വസതിയിലേക്കാണ് പോയത്. ഇവിടെവച്ച് ജെ കെ ദത്ത് വന്നു. ട്രെയിനില്‍ നേപ്പാള്‍ അതിര്‍ത്തിയിലേക്ക് പോകാനുള്ള ഏര്‍പ്പാടുകള്‍ ഒരുക്കിയതായി ദത്ത് പറഞ്ഞു. ചെറിയൊരു സ്റേഷനിലാണ് വണ്ടിയിറങ്ങിയത്. പുതപ്പുകൊണ്ട് മൂടിയ നിലയിലായതിനാല്‍ ഏത് സ്റേഷനെന്നു മനസ്സിലാക്കാനായില്ല. സ്റേഷനില്‍ മറ്റൊരു ഔദ്യോഗിക കാര്‍ കാത്തുകിടന്നിരുന്നു. മറ്റ് രണ്ടു കാറിലായി എകെ- 47 തോക്കേന്തിയവര്‍ അനുഗമിച്ചു. നേപ്പാള്‍ അതിര്‍ത്തിയിലാണ് എത്തിച്ചത്. നേപ്പാള്‍ ഭാഗത്തെ ബസ്ഡിപ്പോയില്‍ തന്നെ ഇറക്കി. അവിടെനിന്ന് താന്‍ ഡെന്മാര്‍ക്കിലേക്ക് രക്ഷപ്പെട്ടു- ഡേവി പറഞ്ഞു.

ഡേവിയുടെ വെളിപ്പെടുത്തലിനോട് പപ്പുയാദവ് പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഡേവി നുണപറയുകയാണെന്ന് എന്‍എസ്ജി ഡയറക്ടര്‍ ജനറലായി വിരമിച്ച ജെ കെ ദത്ത് പറഞ്ഞു. പുരൂളിയ ആയുധവര്‍ഷം അന്വേഷിക്കാനായി നിയോഗിച്ചതും ദത്തിനെയായിരുന്നു. സിപിഐ എം എംഎല്‍എ അജിത് സര്‍ക്കാരിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പപ്പുയാദവ് ഇപ്പോള്‍ കോണ്‍ഗ്രസ് സഹയാത്രികനാണ്. പപ്പുവിന്റെ ഭാര്യ രഞ്ജിത കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു.
(എം പ്രശാന്ത്)

മുന്നറിയിപ്പു ലഭിച്ചത് സംഭവം കഴിഞ്ഞ്: ബുദ്ധദേവ്

കൊല്‍ക്കത്ത: പുരൂളിയയില്‍ 1995 ഡിസംബര്‍ 17നു രാത്രി ആയുധവര്‍ഷം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു സംഭവം നടക്കാനിടയുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് സംസ്ഥാന ആഭ്യന്തര വകുപ്പിനു ലഭിച്ചതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. ആയുധവര്‍ഷം നടത്തിയതിനു പിന്നിലുള്ള രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും 1995ല്‍ ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ബുദ്ധദേവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഡിസംബര്‍ 12 തീയതി വച്ച് ഡല്‍ഹിയില്‍ നിന്ന് തപാലിലാണ് മുന്നറിയിപ്പു കത്ത് കൊല്‍ക്കത്തയിലേക്ക് അയച്ചത്. അടിയന്തര സ്വഭാവമുള്ള കാര്യങ്ങളില്‍ അയക്കുന്നതുപോലെ വയര്‍ലസ് സന്ദേശമൊന്നും ഇക്കാര്യത്തില്‍ നല്‍കിയില്ല. പുരൂളിയ ആയുധവര്‍ഷത്തിന്റെ ഗൌരവസ്വഭാവം പരിഗണിച്ച് അന്നുതന്നെ അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. പിടിച്ചെടുത്ത ആയുധമെല്ലാം സിബിഐക്ക് സംസ്ഥാന പൊലീസ് കൈമാറി. - ബുദ്ധദേവ് പറഞ്ഞു.

deshabhimani 300411

1 comment:

  1. പുരൂളിയ ആയുധവര്‍ഷത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. സുപ്രീംകോടതി സിറ്റിങ് ജഡ്ജിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തണമെന്നും സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആയുധവര്‍ഷത്തിന്റെ മുഖ്യആസൂത്രകന്‍ കിംഡേവിയെ രക്ഷപ്പെടാന്‍ സഹായിച്ച മുന്‍ എംപി പപ്പു യാദവിനെ ചോദ്യംചെയ്യണമെന്നും കാരാട്ട് പറഞ്ഞു.

    ReplyDelete