Saturday, April 30, 2011

ആഗോളനിരോധനം

ജീവജാലങ്ങള്‍ക്ക് തീരാദുരിതം സമ്മാനിക്കുന്ന മാരക കീടനാശിനി എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിച്ചു. ജനീവയില്‍ നടന്ന സ്റോക്ഹോം കണ്‍വന്‍ഷനാണ് തീരുമാനമെടുത്തത്. കണ്‍‌വന്‍ഷന്റെ സമാപനദിവസമായ വെള്ളിയാഴ്ച സമവായത്തിലൂടെയായിരുന്നു തീരുമാനം. നിരോധനം തടയാന്‍ ഇന്ത്യ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടു. അതേസമയം, നിരോധനവുമായി ബന്ധപ്പെട്ട് നേടിയെടുത്ത ഇളവുകള്‍ കീടനാശിനി ലോബിക്കുവേണ്ടിയുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

അനക്സ് എയില്‍ ഉള്‍പ്പെടുത്തിയാണ് എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെ 22 കീടനാശിനികള്‍ നിരോധനപ്പട്ടികയില്‍ പെടുത്തിയത്. നിരോധനം പ്രാബല്യത്തില്‍ വരുത്താന്‍ 11 വര്‍ഷ കാലയളവ് അനുവദിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ പ്രയോഗിച്ചുവരുന്ന വിളകള്‍ക്ക് തല്‍ക്കാലം ഇളവു നല്‍കിയാണ് നിരോധനം. ബദല്‍ ഇല്ലാത്തതിനാലാണ് ഇളവെന്നാണ് ഔദ്യോഗിക വിശദീകരണം.

ഇന്ത്യയിലെ 22 വിളകള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്ക് എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കാന്‍ അനുവദിച്ചു. രണ്ടിനം പരുത്തി, ചണം, കാപ്പി, തേയില, പയര്‍, ബീന്‍സ്, തക്കാളി, വഴുതന, വെണ്ട, മാവ്, കശുമാവ്, വഴുതന, ആപ്പിള്‍, കടല, ഉരുളക്കിഴങ്ങ്, ചോളം, നെല്ല്, നിലക്കടല, കടുക്, പുകയില എന്നിവയ്ക്ക് തുടര്‍ന്നും എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കാം. അഞ്ചുവര്‍ഷത്തിനകം പകരം സംവിധാനം കണ്ടെത്തുകയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഉല്‍പ്പാദനവും ഇറക്കുമതിയും പൂര്‍ണമായും അവസാനിപ്പിക്കുകയും വേണം. കണ്‍‌വന്‍ഷന്റെ ആദ്യ മൂന്നുദിവസം എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാന്‍ ഇന്ത്യ വലിയ സമ്മര്‍ദം ചെലുത്തി. വോട്ടെടുപ്പിലൂടെ നിരോധന തീരുമാനം എടുക്കേണ്ടിവരുമെന്ന ആശങ്ക അംഗരാജ്യങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഒടുവില്‍ എതിര്‍പ്പുകളൊന്നുമില്ലാതെയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചു നശിപ്പിക്കുന്ന കീടങ്ങളെ നേരിടാനുള്ള ബദല്‍മാര്‍ഗത്തെക്കുറിച്ചും കണ്‍‌വന്‍ഷന്‍ ചര്‍ച്ച ചെയ്തു. ബദല്‍ മാര്‍ഗങ്ങള്‍ നടപ്പാക്കാന്‍ അംഗരാജ്യങ്ങള്‍ക്ക് നല്‍കേണ്ടിവരുന്ന സാമ്പത്തിക സഹായത്തെക്കുറിച്ചും പ്രാഥമിക ചര്‍ച്ച നടന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം വഴി അംഗരാജ്യങ്ങള്‍ക്ക് ഉണ്ടാകുന്ന അധികച്ചെലവ് പരിഹരിക്കാനും ബദല്‍മാര്‍ഗങ്ങള്‍ കണ്ടെത്താനും ഐക്യരാഷ്ട്ര പരിസ്ഥിതി സമിതി സാമ്പത്തികസഹായം ലഭ്യമാക്കും. വ്യാഴാഴ്ച തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധനം തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതിനായി അംഗരാജ്യങ്ങളുടെ ഉപസമിതി രൂപീകരിച്ച് അഭിപ്രായമാരാഞ്ഞു. ഉപസമിതികളുടെ സമവായ തീരുമാനങ്ങള്‍ വെള്ളിയാഴ്ച പ്ളീനറി സമ്മേളനത്തില്‍ അറിയിച്ചു.

നിരോധനത്തെ അനുകൂലിച്ചതിനൊപ്പം വികസ്വര രാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കാന്‍ കണ്‍‌വന്‍ഷനില്‍ തന്നെ തീരുമാനമുണ്ടാകണമെന്നും അംഗരാജ്യങ്ങള്‍ ആവശ്യപ്പെട്ടതായി കേരളത്തില്‍ നിന്നുള്ള സ്വതന്ത്ര പ്രതിനിധി ഡോ. മുഹമ്മദ് അഷീല്‍, നിരീക്ഷകന്‍ തിരുവനന്തപുരത്തെ തണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ജയകുമാര്‍ എന്നിവര്‍ ദേശാഭിമാനിയോടു പറഞ്ഞു. കണ്‍‌വന്‍ഷനില്‍ പങ്കെടുത്ത 173 രാജ്യത്തില്‍ 152ഉം ഇതിനകം നിരോധനം നടപ്പാക്കിയിട്ടുണ്ട്. ഇന്ത്യ, ബ്രസീല്‍, അര്‍ജന്റീന, ചൈന, ഉഗാണ്ട, ക്യൂബ തുടങ്ങി 23 രാജ്യത്തു മാത്രമാണ് ഇനി നടപ്പാക്കേണ്ടത്. ഇന്ത്യ ഒഴികെയുള്ള രാജ്യത്തെല്ലാം ചുരുക്കം വിളകള്‍ക്കു മാത്രമേ എന്‍ഡോസള്‍ഫാന്‍ പ്രയോഗിക്കുന്നുള്ളൂ. ചൈന നാലു വിളകള്‍ക്കു മാത്രമാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കുന്നത്. ഈ വിളകള്‍ക്കും ഇളവുണ്ട്.
(ടി എന്‍ സീന)

ജനകീയ പോരാട്ടത്തിന്റെ മഹാവിജയം

കാസര്‍കോട്: പത്തുവര്‍ഷം മുമ്പ് കാസര്‍കോട്ട് ആരംഭിച്ച സമരത്തിന് ലോകരാജ്യങ്ങളുടെ അംഗീകാരം. ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ജനീവയിലെ സ്റ്റോക്ഹോമില്‍ ചേര്‍ന്ന കണ്‍‌വന്‍ഷന്‍ തീരുമാനിച്ചത് ജനകീയ സമരങ്ങളുടെ കൂടി വിജയമാണ്. കാസര്‍കോട് ജില്ലയിലെ 11 ഗ്രാമങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തവും അതിനെതിരെ കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന സമരവും സ്റ്റോക്ഹോമിലും ചര്‍ച്ചാവിഷയമായി. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ചേര്‍ന്ന സ്റ്റോക്ഹോം കണ്‍‌വന്‍ഷനില്‍ നിരോധത്തിനെതിരെ വോട്ടുചെയ്ത ഇന്ത്യ, ഈ കണ്‍‌വന്‍ഷന്റെ ആദ്യ രണ്ടു ദിവസവും അതേനിലപാട് തുടര്‍ന്നുവെങ്കിലും കേരളത്തിലും അതുവഴി രാജ്യത്താകെയും ഉയര്‍ന്ന ജനകീയ പ്രതിരോധത്തിന്റെയും ലോകരാഷ്ട്രങ്ങളുടെ ഉറച്ച തീരുമാനത്തിന്റെയും ഫലമായി നിരോധനത്തെ അനുകൂലിക്കേണ്ടിവന്നു. എന്നാല്‍, നിരോധത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ഇന്ത്യ തുടരുന്നുവെന്നത് ആശങ്കാജനകമാണ്. ലോകരാജ്യങ്ങള്‍ നിരോധിച്ചാലും അടുത്ത 11 വര്‍ഷത്തേക്ക് ഈ മാരകവിഷം ഉപയോഗിക്കാനുള്ള ഇളവാണ് ഇന്ത്യ സമ്പാദിച്ചത്. 11 വര്‍ഷം കഴിഞ്ഞാലും നിരോധിക്കാതിരിക്കാനുള്ള ശ്രമമായിരിക്കും ഇനി കീടനാശിനിലോബി കേന്ദ്രസര്‍ക്കാരിനെ സ്വാധീനിച്ച് ചെയ്യുന്നത്.

മനുഷ്യനാശിനിയായ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പറ്റില്ലെന്ന കടുത്ത തീരുമാനമെടുത്ത കേന്ദ്ര ഭരണാധികാരികള്‍ക്ക് അതില്‍നിന്ന് പിന്നോട്ടുപോകേണ്ടിവന്നത് ജനകീയ സമരത്തിന്റെ വിജയമാണ്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, കൃഷിമന്ത്രി ശരത്പവാര്‍, പരിസ്ഥിതി മന്ത്രി ജയറാം രമേഷ് എന്നിവരുടെ അഹന്തക്കേറ്റ തിരിച്ചടികൂടിയാണ് സ്റ്റോക്ഹോമില്‍ കണ്ടത്. ലോകരാഷ്ട്രങ്ങള്‍ക്കുമുന്നില്‍ ഇന്ത്യക്ക് നാണക്കേടുണ്ടാക്കിയ ഇവര്‍ ഭരണത്തില്‍ തുടരാന്‍ യോഗ്യരല്ലെന്ന അഭിപ്രായം ഉയര്‍ന്നുകഴിഞ്ഞു. കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തിലെ സ്വര്‍ഗ, വാണിനഗര്‍ എന്നിവിടങ്ങളില്‍ ക്ളിനിക്ക് നടത്തുന്ന ഡോ. വൈ എസ് മോഹന്‍കുമാറാണ് എന്‍ഡോസള്‍ഫാന്‍ ദുരന്തം ലോകത്തിനുമുമ്പില്‍ കൊണ്ടുവന്നത്. ഗ്രാമീണരില്‍ ജനിതകവൈകല്യം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ വ്യാപകമായി കണ്ട ഡോക്ടറുടെ അന്വേഷണമാണ് വില്ലന്‍ എന്‍ഡോസള്‍ഫാനാണെന്ന് ആദ്യം തിരിച്ചറിഞ്ഞത്. ഇതിനിടെ മാധ്യമപ്രവര്‍ത്തകനായ ശ്രീപഡ്രെയും എന്‍ഡോസള്‍ഫാന്‍ മാരക ഫലങ്ങളുളവാക്കുന്നതായി ജനശ്രദ്ധയില്‍കൊണ്ടുവരാന്‍ ഏറെ ശ്രമിച്ചു. പിണഞ്ഞ കാലുമായി പിറന്ന പശുക്കുട്ടിയുടെ വൈകല്യത്തിന് കാരണം എന്‍ഡോസള്‍ഫാനാണെന്ന് കാട്ടി ശ്രീപഡ്രെ ഇംഗ്ളീഷ് പത്രത്തില്‍ എഴുതിയ ലേഖനമാണ് ഈ രംഗത്തെ ആദ്യ മാധ്യമ ഇടപെടല്‍.

ഇക്കാലയളവില്‍ പെരിയയിലെ കൃഷി ഓഫീസര്‍ ലീലാകുമാരിയമ്മ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീച്ചു. ഹെലികോപ്ടറില്‍ കീടനാശിനി തളിക്കുന്നത് മനുഷ്യരില്‍ പലവിധത്തിലുള്ള രോഗത്തിന് കാരണമാകുന്നുവെന്നായിരുന്നു പരാതി. ഇതോടെ പ്രശ്നം കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിച്ചു. ഹൈക്കോടതി ആകാശമാര്‍ഗമുള്ള എന്‍ഡോസള്‍ഫാന്‍ തളിക്കല്‍ നിരോധിച്ചു. വിവിധ പരിസ്ഥിതി- സന്നദ്ധസംഘടനകള്‍ മുന്‍കൈയടുത്ത് രൂപംകൊടുത്ത എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി പ്രത്യക്ഷസമരപരിപാടികള്‍ ആരംഭിച്ചു. 'ദേശാഭിമാനി' അടക്കമുള്ള മാധ്യമങ്ങളും വാര്‍ത്താ പരമ്പരയുമായി സജീവമായി രംഗത്തുവന്നു. 2003ല്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രശ്നം ഏറ്റെടുത്തതോടെ സമരത്തിന് ജനകീയ മുഖം കൈവന്നു. ഇരകളുടെ ദൈന്യത എടുത്തുകാട്ടി വി എസ് നിയമസഭയ്ക്കകത്തും പുറത്തും നടത്തിയ പോരാട്ടം അവിസ്മരണീയം. സിപിഐ എം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ടികളും ട്രേഡ്യൂണിയന്‍- ബഹുജനസംഘടനകളും സമരരംഗത്തെത്തി. വിവിധ ഘട്ടങ്ങളിലായി 16 പഠനസംഘങ്ങള്‍ ഔദ്യോഗികമായെത്തി. രണ്ടെണ്ണമൊഴികെ മറ്റെല്ലാം എന്‍ഡോസള്‍ഫാന്റെ ഭവിഷ്യത്ത് തിരിച്ചറിഞ്ഞു. എന്നിട്ടും നിരോധിക്കാന്‍ കേന്ദ്രം തയ്യാറായില്ല. കാസര്‍കോട്ട് ഹെലികോപ്ടറിലൂടെ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നത് പത്തുവര്‍ഷം മുമ്പും പൂര്‍ണമായ ഉപയോഗം അഞ്ചുവര്‍ഷം മുമ്പും നിരോധിച്ചു. അതുകൊണ്ട് പ്രയോജനമില്ലെന്നും രാജ്യത്താകെ നിരോധിക്കണമെന്നുമായിരുന്നു ജനങ്ങളുടെ ആവശ്യം. ലോകസമ്മേളനം വേണ്ടിവന്നു അതു സഫലമാകാന്‍.
(എം ഒ വര്‍ഗീസ്)

പെര്‍ളയില്‍ തുടക്കം; ജനീവയില്‍ സാഫല്യം

പാലക്കാട്: 'പശുക്കിടാവിന്റെ അംഗവൈകല്യത്തിന് കീടനാശിനിയുമായി വല്ല ബന്ധവുമുണ്ടോ'- ഇങ്ങനെയൊരു തലക്കെട്ടിലൂടെ പുറത്തിറങ്ങിയ വാര്‍ത്തയിലൂടെ കാസര്‍കോട് എന്‍മകജെയില്‍ എന്‍ഡോസള്‍ഫാനെതിരെ തുടക്കമിട്ട പോരാട്ടത്തിന് ജനീവയില്‍ വിജയം. 173 അംഗ രാജ്യങ്ങള്‍ പങ്കെടുത്ത സ്റ്റോക്ഹോം കവഷനില്‍ ആഗോളതലത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത് ജനകീയപ്രതിരോധത്തിന്റെ വിജയമായി. കടുംപിടിത്തം ഉപേക്ഷിച്ച് ഇന്ത്യക്കും നിരോധനത്തെ അംഗീകരിക്കേണ്ടിവന്നു. എന്‍മകജെയിലെ പെര്‍ള ഗ്രാമത്തിലെ സോമാജെ മഹാലിംഗ ഭട്ടിന്റെ പശുക്കുട്ടിയുടെ അംഗവൈകല്യത്തെക്കുറിച്ച് പത്രപ്രവര്‍ത്തകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ ശ്രീപദ്രെ ആയിരുന്നു ആ വാര്‍ത്ത നല്‍കിയത്. ഇതേവാര്‍ത്ത ഇംഗ്ളീഷിലുള്ള എവിഡന്റ് വീക്ക്ലി 'ലൈഫ് ഈസ് ചീപ്പര്‍ ദാന്‍ കാഷ്യു' (ജീവിതം കശുവണ്ടിയേക്കാള്‍ വിലകുറഞ്ഞതാണ്) എന്ന പേരില്‍ പ്രസിദ്ധീകരിച്ചതോടെ എന്‍ഡോസള്‍ഫാന്‍ ഭീകരാവസ്ഥ പുറംലോകം അറിഞ്ഞുതുടങ്ങി. പിന്നീട് ദുരന്തഗ്രാമങ്ങളില്‍നിന്ന് തല വീര്‍ത്ത സൈനബയുടെയും ശിഖരങ്ങള്‍പോലെ കൈയുള്ള ശ്രുതിയുടെയും ചിത്രങ്ങള്‍ എന്‍ഡോസള്‍ഫാനെതിരെ ചിന്തിപ്പിക്കാന്‍ ലോകത്തെ പ്രേരിപ്പിച്ചു.

ഈ പ്രദേശത്തെ കശുമാവിന്‍തോട്ടങ്ങളില്‍ അക്കാലത്ത് ഹെലികോപ്റ്ററിലൂടെയാണ് എന്‍ഡോസള്‍ഫാന്‍ തളിച്ചിരുന്നത്. രണ്ടു പതിറ്റാണ്ടിലധികം തുടര്‍ന്ന കീടനാശിനിപ്രയോഗമായിരുന്നു പ്രദേശത്തെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വൈകിയാണ് ലോകം തിരിച്ചറിഞ്ഞത്. ഇതോടെ കാസര്‍കോട്ട് എന്‍ഡോസള്‍ഫാനെതിരെ പ്രതിരോധ ശബ്ദമുയര്‍ന്നു. ഉക്കിനടുക്കയില്‍ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഹെലികോപ്റ്റര്‍ തടഞ്ഞ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിക്കാന്‍ പാടില്ലെന്ന് പറഞ്ഞു. ഈ ഗ്രൂപ്പാണ് പിന്നീട് എന്‍ഡോസള്‍ഫാന്‍ സ്പ്രെ പ്രൊട്ടക്ഷന്‍ ആക്ഷന്‍ കൌണ്‍സില്‍ (എസ്പാക്) രൂപീകരിച്ച് കീടനാശിനിക്കെതിരെ പോരാട്ടം തുടങ്ങിയത്.

ആകാശമാര്‍ഗം കീടനാശിനി തളിക്കുന്നതിനെതിരെ ഹൊസ്ദുര്‍ഗ് കോടതിയില്‍നിന്ന് പേരിയയിലെ ലീലാകുമാരിയമ്മ അനുകൂലവിധി സമ്പാദിച്ചത് എന്‍ഡോസള്‍ഫാനെതിരെയുള്ള സമരചരിത്രത്തിലെ തിളക്കമുള്ള അധ്യായമായി. പുഞ്ചിരി ക്ളബ്, തിരുവനന്തപുരത്തെ തണല്‍ തുടങ്ങി സംഘടനകളും വ്യക്തികളും ഈ കീടനാശിനിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു. 2000ത്തില്‍ സ്റ്റാര്‍ ടി വി ഗ്രൂപ്പ്് ദുരന്തബാധിതപ്രദേശങ്ങളിലെ ഇരകളെ ചിത്രീകരിച്ചു. ബിബിസിയും ദുരന്തം റിപ്പോര്‍ട്ട് ചെയ്തു. നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഒക്ക്യുപേഷണല്‍ ഹെല്‍ത്ത് പഠനത്തില്‍ മണ്ണിലും വെള്ളത്തിലും മാത്രമല്ല, മുലപ്പാലില്‍പോലും എന്‍ഡോസള്‍ഫാന്‍ കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത് കീടനാശിനിക്കെതിരെയുള്ള സമരത്തിന് ആക്കംകൂട്ടി. അക്കാലത്തും കോണ്‍ഗ്രസ് നേതൃത്വവും യുഡിഎഫും ജനകീയസമരത്തിന് എതിരായിരുന്നു. കാസര്‍കോട്ടെ ഗ്രാമങ്ങളില്‍ കാണുന്ന രോഗങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ആണെന്നതിന് തെളിവില്ലെന്നായിരുന്നു അന്നത്തെ കൃഷിമന്ത്രി കെ ആര്‍ ഗൌരിയമ്മ നിയമസഭയില്‍ പറഞ്ഞത്. 'ഇങ്ങനെ പോയാല്‍ കേരളത്തിലെ കശുവണ്ടി ഞങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടിവരും' എന്നൊരു സന്ദേശം അന്ന് മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് വിദേശത്ത്നിന്ന് ഇ-മെയില്‍ ലഭിച്ചിരുന്നു.

നാണക്കേട് ബാക്കി

ഇന്ത്യയുടെ കടുത്ത സമ്മര്‍ദവും എതിര്‍പ്പും അവഗണിച്ച് ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് ഒടുവില്‍ അംഗീകാരം. ചില ഇളവുകള്‍ നേടിയെടുത്തുകൊണ്ടാണ് നിരോധനത്തിന് വഴങ്ങുന്നതെന്ന് ഇന്ത്യയുടെ ഭരണാധികാരികള്‍ക്ക് വീമ്പ് പറയാമെങ്കിലും ലോകജനസംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്ന ഒരുരാജ്യത്തെ ലോകത്തിനുമുന്നില്‍ നാണംകെടുത്തിയതിന്റെ ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. ഒരു ജനതയുടെ ജീവിതം തകര്‍ന്നത് അപ്പാടെ മറച്ചുവച്ചുകൊണ്ട് ആത്മാഭിമാനം പണയംവച്ച് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദക കമ്പനികള്‍ക്കുവേണ്ടി സംസാരിക്കുകയും അവരുമായി ഗൂഢാലോചന നടത്തുകയും ചെയ്യുന്ന ഇന്ത്യന്‍ പ്രതിനിധി സംഘത്തെയാണ് ജനീവയില്‍ സ്റോക് ഹോം കണ്‍‌വന്‍ഷനില്‍ ലോകരാജ്യങ്ങള്‍ കണ്ടത്. സമ്മേളനത്തിന്റെ ആദ്യദിനങ്ങളില്‍ നിരോധനത്തെ എതിര്‍ക്കാന്‍ ഏഷ്യ-പസഫിക് മേഖലയിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു ഇന്ത്യ. നിലവില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെമേല്‍പോലും ഇന്ത്യ ഈ സമ്മര്‍ദതന്ത്രം പയറ്റി. അതിനിടയില്‍ കേരളത്തില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ സമ്മേളനവേദിക്കുപുറത്ത് പ്രദര്‍ശിപ്പിച്ചത് ഇന്ത്യയുടെ ഔദ്യോഗിക സംഘത്തിന് കനത്ത അടിയായി. സമ്മര്‍ദതന്ത്രം ഫലിക്കാതെ വന്നപ്പോള്‍, എല്ലാ വിളകള്‍ക്കും ഇളവ് അനുവദിക്കണമെന്ന നിര്‍ദേശവും ഇന്ത്യ മുന്നോട്ടുവച്ചു.

അംഗരാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കിടയില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളുടെ പ്രതിനിധികളുമായി നിരന്തരം ചര്‍ച്ച നടത്തിയത് രൂക്ഷമായി വിമര്‍ശിക്കപ്പെട്ടു. ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനം ഘട്ടംഘട്ടമായി അംഗീകരിക്കേണ്ട സാഹചര്യത്തിലേക്ക് ഇന്ത്യയും എത്തി. അല്‍പ്പംപോലും ഒഴിവാക്കാനാകാത്ത വിളകള്‍ക്കു ഇളവ് ലഭിക്കാനാണ് മറ്റു രാജ്യങ്ങള്‍ അനുമതി നേടിയതെങ്കില്‍ 23 വിളകള്‍ക്ക് ഇളവ് നേടിയ ഇന്ത്യ തങ്ങളുടെ താല്‍പ്പര്യം വിഷക്കമ്പനികളോടാണെന്നു വ്യക്തമാക്കി. നിരോധനം പാര്‍ലമെന്റ് അംഗീകരിച്ചാല്‍മാത്രമേ രാജ്യത്ത് നടപ്പാക്കാനാകൂ. അത് വൈകിപ്പിക്കാന്‍ ഉല്‍പ്പാദക കമ്പനികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാവുകയില്ല.

ഇനി പാര്‍ലമെന്റ് അംഗീകരിക്കണം

എന്‍ഡോസള്‍ഫാന്‍ നിരോധനം നടപ്പാകാന്‍ ഇനിയും കടമ്പകളേറെ. ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള കണ്‍‌വന്‍ഷന്‍ തീരുമാനം ഓരോ രാജ്യത്തിന്റെയും പാര്‍ലമെന്റ് അംഗീകരിക്കുന്നതാണ് നടപടിക്രമത്തിന്റെ ആദ്യഘട്ടം. തീരുമാനം പാര്‍ലമെന്റ് അംഗീകരിച്ചതായുള്ള റിപ്പോര്‍ട്ട് സ്റോക്ഹോം കണ്‍‌വന്‍ഷനു സമര്‍പ്പിച്ചാല്‍ മാത്രമേ അംഗരാജ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കൂ. നിരോധനം ആഗോളവ്യാപകമായി നടപ്പാക്കാന്‍ പ്രാഥമികമായി 25,000 കോടി രൂപയുടെ പദ്ധതി കണ്‍‌വന്‍ഷന്‍ അംഗീകരിച്ചിട്ടുണ്ട്. ഓരോ രാജ്യത്തെയും സാഹചര്യമനുസരിച്ച് തുക അനുവദിക്കും. നിരോധനം പാര്‍ലമെന്റ് അംഗീകരിച്ചു കഴിഞ്ഞാല്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി ഓരോ രാജ്യത്തിനും സാമ്പത്തിക സഹായത്തിനൊപ്പം സാങ്കേതിക സഹായവും ലഭ്യമാക്കും. രാജ്യങ്ങള്‍ക്ക് സ്വന്തമായും ബദല്‍ മാര്‍ഗങ്ങള്‍ വികസിപ്പിക്കാം. ഇളവ് അനുവദിച്ചതിനാല്‍ ബദല്‍ സംവിധാനം വികസിപ്പിക്കും വരെ (അഞ്ചുവര്‍ഷത്തേക്ക്) 23 വിളകള്‍ക്ക് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാം. അതിനിടെ, നിരോധനം പാര്‍ലമെന്റ് അംഗീകരിക്കുകയും ബദല്‍മാര്‍ഗങ്ങള്‍ വികസിപ്പിക്കുകയും വേണം. അഞ്ചുവര്‍ഷത്തിനുശേഷം എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്നത് നിര്‍ത്താനും കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കാനും നടപടി സ്വീകരിക്കണം. ആഗോളവ്യാപകമായി നിരോധിക്കുന്നതിനാല്‍ കയറ്റുമതിക്കും ഇറക്കുമതിക്കും സാധ്യത ഇല്ലാതാകും. ഉല്‍പ്പാദന കമ്പനികളിലെ തൊഴിലാളികളുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ തീരുമാനിക്കാം. ഇതെല്ലാം സമയബന്ധിതമായി നടപ്പാക്കുകയും കണ്‍‌വന്‍ഷനെ അറിയിക്കുകയും വേണം.

ഹര്‍ത്താല്‍ പൂര്‍ണം കേരളം നെഞ്ചേറ്റിയ പ്രതിഷേധം

മാരകവിഷത്തിനുവേണ്ടി വാശിപിടിക്കുന്ന കേന്ദ്രനിലപാടിനെതിരെ എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ ജനകീയപ്രക്ഷോഭമായി. എന്‍ഡോസള്‍ഫാന്‍വിരുദ്ധ സമരം കേരളത്തിന്റെ ഹൃദയവികാരമായപ്പോള്‍ സമസ്തജനവിഭാഗവും ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ രംഗത്തിറങ്ങി. സ്റോക്ഹോം കണ്‍‌വന്‍ഷന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ച ആവേശത്തിലാണ് വൈകിട്ട് ആറിന് 12 മണിക്കൂര്‍ ഹര്‍ത്താല്‍ അവസാനിച്ചത്. ഹര്‍ത്താല്‍ദിനത്തില്‍തന്നെ എന്‍ഡോസള്‍ഫാന്‍ നിരോധനത്തില്‍ തീരുമാനമുണ്ടായത് കേരളജനതയ്ക്കും എല്‍ഡിഎഫിനും അഭിമാനമായി. സ്റോക്ഹോം കണ്‍‌വന്‍ഷന് തുടക്കംകുറിച്ച ഏപ്രില്‍ 25ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ നേതൃത്വം നല്‍കിയ ഉപവാസസമരത്തില്‍ കേരളം കണ്ട അതേ ഒത്തൊരുമ ഹര്‍ത്താലിലും പ്രകടമായി. രാഷ്ട്രീയം മറന്ന് തൊഴിലാളികളും ബഹുജനങ്ങളും പങ്കുചേര്‍ന്നതോടെ സംസ്ഥാനം നിശ്ചലമായി. സംസ്ഥാനമൊട്ടാകെ പ്രതിഷേധപ്രകടനം അരങ്ങേറി.

തിരുവനന്തപുരത്ത് ജിപിഒയില്‍ പൊതുയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഹാജര്‍നില കുറവായിരുന്നു. അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല. ഇരുചക്രവാഹനങ്ങള്‍ ഒഴികെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി, സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയില്ല. ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. എന്‍ഡോസള്‍ഫാന്‍ നാശംവിതച്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണവിജയമായി. കാസര്‍കോട് ടൌ എസ്ഐയുടെ നടപടി നഗരത്തില്‍ ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. കാഞ്ഞങ്ങാട്ട് ഫെഡറല്‍ ബാങ്കിനുമുന്നില്‍ പ്രതിഷേധിച്ച എല്‍ഡിഎഫ് പ്രവര്‍ത്തകരെ അറസ്റുചെയ്തതും സംഘര്‍ഷത്തിന് കാരണമായി. കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താല്‍ ബന്ദായി മാറി. കോട്ടയത്ത് പൊതുയോഗത്തിനിടെ സിഐടിയു ജില്ലാ സെക്രട്ടറി കെ പി സുഗുണന്‍ കുഴഞ്ഞുവീണ് മരിച്ചത് പ്രവര്‍ത്തകരെ ദുഃഖത്തിലാഴ്ത്തി. മൂന്നാറിലും തേക്കടിയിലും സഞ്ചാരികളുമായി ചില വാഹനങ്ങള്‍ നിരത്തിലിറങ്ങി. തൊടുപുഴയില്‍ പ്രകടനത്തിനിടെ അക്രമത്തിന് ശ്രമിച്ചവരെ ഒഴിവാക്കിയത്് ചിത്രീകരിച്ച ചില ചാനല്‍ ക്യാമറാമാന്മാര്‍ക്കുനേരെ കൈയേറ്റശ്രമമുണ്ടായി. സെക്രട്ടറിയറ്റ് പ്രവര്‍ത്തിച്ചില്ല.

ജനകീയമുന്നേറ്റത്തിന്റെ വിജയം: വി എസ്

ജനകീയമുന്നേറ്റത്തിന്റെ വിജയമാണ് സ്റ്റോക്ക്ഹോം കണ്‍‌വന്‍ഷന്‍ തീരുമാനമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. കീടനാശിനിലോബിയുടെ തന്ത്രങ്ങളെ ജനവികാരം കൊണ്ട് നാം പരാജയപ്പെടുത്തി. കേന്ദ്രസര്‍ക്കാറിന്റെ നിലപാടിനും കീടനാശിനിലോബിയുടെ കുതന്ത്രങ്ങള്‍ക്കുമെതിരായ ചെറുത്തുനില്പ് വിജയിച്ചതില്‍ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കേരളമടക്കമുള്ള പ്രദേശങ്ങളിലെ ജനകീയമുന്നേറ്റമാണ് ഇന്ത്യയുടെ നിലപാട് മാറ്റത്തിനു കാരണമായത്. കേന്ദ്രസര്‍ക്കാറിനെതിരായ പ്രക്ഷോഭം മാത്രമായിരുന്നില്ല എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരം. അത് മാരകമായ കീടനാശിനി സൃഷ്ടിക്കുന്ന ദുരന്തത്തെക്കുറിച്ചുള്ള ബോധവത്കരണം കൂടിയായിരുന്നു. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാനുള്ള ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദ്ദേശം ഇതുവരെ കേന്ദ്രം പരിഗണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

കോണ്‍ഗ്രസിന് പശ്ചാത്തപിക്കാം: പിണറായി

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള സ്റ്റോക്ക്ഹോം കണ്‍‌വന്‍ഷന്‍ തീരുമാനം അഭിമാനകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. നിരോധന തീരുമാനത്തില്‍ കേരളമാകെ സന്തോഷിക്കുകയാണ്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പൂര്‍ണനിരോധനം നടപ്പാക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നു. നിരോധനം തടയാന്‍ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും ഇന്ത്യക്ക് കീടനാശിനി ലോബിക്കനുകൂലമായ ഇളവുകള്‍ നേടിയെടുക്കാനായി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ ഇനിയും കള്ളക്കളി തുടരരുതെന്ന് പ്രധാനമന്ത്രിയോട് പറയാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണം. കക്ഷിരാഷ്ട്രീയം മറന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധപ്രക്ഷോഭത്തില്‍ സഹകരിച്ചവര്‍ക്കെല്ലാം സ്റ്റോക്ക്ഹോം തീരുമാനത്തില്‍ അഭിമാനിക്കാമെന്ന് പിണറായി മാധ്യമങ്ങളോട് പറഞ്ഞു. എന്‍ഡോസള്‍ഫാനെതിരായ സമരത്തില്‍ നിന്ന് വിട്ടുനിന്ന യുഡിഎഫും പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതൃത്വവും പശ്ചാത്താപം പ്രകടിപ്പിക്കണമെന്ന് പിണറായി ആവശ്യപ്പെട്ടു.

കെ പി സുഗുണന്‍ സമരമുഖത്ത് കുഴഞ്ഞു വീണ് മരിച്ചു

കോട്ടയം: ഹര്‍ത്താലിനോടനുബന്ധിച്ചുള്ള പൊതുയോഗത്തിനിടെ കുഴഞ്ഞു വീണ് സിഐടിയു കോട്ടയം ജില്ലാ സെക്രട്ടറിയും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗവുമായ കെ പി സുഗുണന്‍(62) അന്തരിച്ചു. തിരുനക്കര ബസ്സ്റ്റാന്‍ഡിലെ യോഗസ്ഥലത്ത് ക്ഷീണിതനായി വീണ അദ്ദേഹത്തെ മിനിട്ടുകള്‍ക്കുള്ളില്‍ പൊലീസ് ജീപ്പില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 11.45ന് അന്ത്യം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ജില്ലാസഹകരണ ആശുപത്രി പ്രസിഡന്റുമാണ്. സംസ്കാരം ശനിയാഴ്ച്ച പകല്‍ മൂന്നിന് കഞ്ഞിക്കുഴി ഇറഞ്ഞാല്‍ കൊശമറ്റം കവലക്കു സമീപമുള്ള 'രമണീയം' വീട്ടുവളപ്പില്‍. രാവിലെ എട്ടിന് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലും 11 ന് കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

വെള്ളിയാഴ്ച പകല്‍ പതിനൊന്നോടെ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനത്തിന്റെ മുന്‍നിരയില്‍ കെ പി സുഗുണനുണ്ടായിരുന്നു. ജില്ലാ ആശുപത്രി ജങ്ഷനില്‍ സിപിഐ എം ജില്ലാസെക്രട്ടറി കെ ജെ തോമസ് പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. പൊടുന്നനെ അബോധാവസ്ഥയിലായി. പൊലീസ് ജീപ്പില്‍ കോട്ടയം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും പത്തു മിനിട്ടിനുള്ളില്‍ മരണം സ്ഥിരീകരിച്ചു. യോഗം നിര്‍ത്തി നേതാക്കളും പ്രവര്‍ത്തകരും ആശുപത്രി വളപ്പിലെത്തി. പന്ത്രണ്ടരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. നൂറുകണക്കിനാളുകള്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തഹസില്‍ദാരായി വിരമിച്ച എം വി രമണിയാണ് ഭാര്യ. കോട്ടയം പുളിക്കത്തറ കുന്നുകുഴിച്ചിറ പരേതനായ പാപ്പിയുടെയും കുഞ്ഞമ്മയുടെയും മകനാണ്. സഹോദരിമാര്‍: പൊന്നി, തങ്കമണി, വത്സമ്മ, ബീന.

പ്രതിപക്ഷനേതാവ് സംസാരിക്കുന്നത് എന്‍ഡോസള്‍ഫാനുവേണ്ടി: ശ്രീമതി

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെതിരെ ജനീവ കണ്‍‌വന്‍ഷനില്‍ ലോബിയിങ് നടത്തുന്നതിന് എക്സല്‍ ഗ്രൂപ്പ് അടക്കമുള്ള എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദകര്‍ക്ക് ഇന്ത്യാ ഗവണ്‍‌മെന്റ് അവസരം ഒരുക്കിക്കൊടുക്കുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി തയ്യാറാകണമെന്ന് ആരോഗ്യമന്ത്രി പി കെ ശ്രീമതി പറഞ്ഞു. മനുഷ്യജീവനുമായും ആരോഗ്യം, പരിസ്ഥിതി എന്നിവയുമായും ബന്ധപ്പെട്ട പ്രശ്നത്തെ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി വളരെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നത് എന്‍ഡോസള്‍ഫാന്‍ ലോബിക്കുവേണ്ടിയാണ്. കണ്‍‌വന്‍ഷനില്‍ പങ്കെടുത്ത ഇന്ത്യന്‍ ഔദ്യോഗികസംഘത്തിന്റെ ഭാഗമെന്നപോലെയാണ് ഉത്തരേന്ത്യയിലെ എന്‍ഡോസള്‍ഫാന്‍ അനുകൂലലോബി പ്രവര്‍ത്തിച്ചത്. ഔദ്യോഗികസംഘവും എന്‍ഡോസള്‍ഫാന്‍ലോബിയും ഗൂഢാലോചന നടത്തിയ കാര്യം ഇതിനകം പുറത്തുവന്നുകഴിഞ്ഞു. അപമാനകരമായ ഈ സംഭവത്തെ കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍തന്നെ പരസ്യമായി അപലപിക്കുകയുണ്ടായി.

എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ യഥാര്‍ഥ ഇന്ത്യന്‍ചിത്രം ജനീവ കണ്‍‌വന്‍ഷന്‍ പ്രതിനിധികള്‍ക്ക് മറ്റുവിധത്തില്‍ മനസ്സിലാക്കാന്‍ അവസരമുണ്ടായിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിന്റെ കേരള അനുഭവങ്ങള്‍ വിവിധ രാജ്യങ്ങളെ അറിയിക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള സ്വതന്ത്ര നിരീക്ഷകന്‍ വിജയിച്ചു. എന്‍ഡോസള്‍ഫാന്‍ നല്‍കിയ ദുരിതാനുഭവങ്ങളുടെ റിപ്പോര്‍ട്ടും അതേത്തുടര്‍ന്ന് കേരള സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടും വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ക്ക് വിതരണംചെയ്തത് എന്‍ഡോസള്‍ഫാന്‍ ലോബിക്ക് തിരിച്ചടിയായി. ഔദ്യോഗിക പ്രതിനിധിസംഘം കേരളത്തില്‍നിന്നുള്ള സ്വതന്ത്ര നിരീക്ഷകനെ കടുത്ത ഭാഷയില്‍ ആക്ഷേപിച്ചത് ഖേദകരമാണ്. ഡോ. മുഹമ്മദ് അഷീല്‍ സ്വതന്ത്ര നിരീക്ഷകനായാണ് ജനീവ സമ്മേളനത്തില്‍ തെരഞ്ഞെടുത്തത്. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഹമ്മദ് അഷീല്‍ അതിന്റെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ യഥാതഥമായി റിപ്പോര്‍ട്ടുചെയ്യുന്നതില്‍ വിജയിച്ചു. അഷീലിനെ സ്വതന്ത്ര പ്രതിനിധിയെന്ന് വിശേഷിപ്പിക്കുന്നത് എങ്ങനെയെന്നും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കേന്ദ്രനയത്തെ എതിര്‍ക്കാനുള്ള അവകാശമുണ്ടോ എന്നുമുള്ള ചോദ്യങ്ങള്‍ അപ്രസക്തമാണ്- ശ്രീമതി പറഞ്ഞു.

കേന്ദ്ര നിലപാടില്‍ സഹതപിക്കാം: പിണറായി

എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനിച്ച സ്റ്റോക്ക്ഹോം കണ്‍‌വന്‍ഷനെ മനം കുളിര്‍ക്കെ അഭിനന്ദിക്കുമ്പോള്‍, കേന്ദ്ര ഗവണ്‍‌മെന്റിനെക്കുറിച്ച് സഹതപിക്കുകയും വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 84 രാജ്യങ്ങള്‍ നേരത്തേ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചിരുന്നു. അവരെ അതിനു പ്രേരിപ്പിച്ചത് ആ രാജ്യങ്ങളിലുണ്ടായ ഭവിഷ്യത്തുകളാണ്. 56 രാജ്യങ്ങളില്‍ മുലപ്പാലില്‍ വരെ എന്‍ഡോസള്‍ഫാന്റെ അംശം കണ്ടെത്തി. പരിശോധനകളുടെ അടിസ്ഥാനത്തില്‍ മാരകമെന്ന് തെളിഞ്ഞ വിഷം നിരോധിക്കണമെന്ന നിലപാടാണ് 84 രാജ്യങ്ങളും സ്വീകരിച്ചത്. കക്ഷിരാഷ്ട്രീയത്തിനതീതമായി സംസ്ഥാനത്തെ ജനങ്ങളൊന്നാകെ പ്രക്ഷോഭങ്ങളില്‍ സഹകരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം വിട്ടുനില്‍ക്കുകയായിരുന്നു. അതേസമയം പലയിടത്തും യുഡിഎഫ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമരത്തില്‍ സഹകരിച്ചു.

ഇന്ത്യയിലാണ് എന്‍ഡോസള്‍ഫാന്‍ ഉപയോഗം മൂലം ഏറ്റവും കടുത്ത അനുഭവം നേരിട്ടത്. കാസര്‍കോട് ജില്ലയില്‍ നാനൂറോളം പേര്‍ എന്‍ഡോസള്‍ഫാന്‍ ഇരകളായി മരണത്തിന് കീഴടങ്ങി. നാലായിരത്തിലധികം പേര്‍ മാരകമായ രോഗങ്ങള്‍ക്കടിപ്പെട്ട് ചികിത്സയില്‍ കഴിയുന്നു. 50ലേറെ മാരകമായ രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മൂലം ഉണ്ടാകുന്നതായി പഠനങ്ങളില്‍ കണ്ടെത്തി. ഗര്‍ഭിണികളില്‍ ഉണ്ടാകുന്ന പ്രത്യാഘാതം ജനിതക വൈകല്യത്തിന് ഇടയാക്കുന്നു. മനുഷ്യരൂപം തന്നെ നഷ്ടപ്പെട്ട് വികൃതമായ അവസ്ഥയിലാണ് കുഞ്ഞുങ്ങള്‍ പിറക്കുന്നത്. കുട്ടികളിലും പ്രായമുള്ളവരിലും അര്‍ബുദവും കരള്‍ രോഗവും പടരുന്നു. മറ്റു രാജ്യങ്ങള്‍ നിരോധിച്ചെങ്കിലും ബഹുരാഷ്ട്രകുത്തകളുടെയും കോര്‍പറേറ്റുകളുടെയും താല്പര്യം സംരക്ഷിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രഗവണ്‍‌മെന്റ് ഇപ്പോഴും നിരോധനം തടയാന്‍ ശ്രമിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താല്‍ വന്‍വിജയമായി. എന്‍ഡോസള്‍ഫാന്‍നിരോധിക്കാനുള്ള തീരുമാനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച് പ്രകടനം സംഘടിപ്പിക്കാന്‍ പിണറായി ആഹ്വാനം ചെയ്തു.

കേന്ദ്രത്തിന്റെ കള്ളക്കളി വെളിപ്പെട്ടു: മുഖ്യമന്ത്രി

എന്‍ഡോസള്‍ഫന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹനടപടിയും കള്ളക്കളിയും ആഗോളതലത്തില്‍ തന്നെ വെളിപ്പെടുത്താന്‍ ജനീവ കണ്‍‌വന്‍ഷന്‍ സഹായിച്ചുവെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപവാസമടക്കം സംസ്ഥാനത്ത് നടന്ന സമരങ്ങള്‍ ജനീവ കണ്‍‌വന്‍ഷനെത്തിയ പ്രതിനിധികളുടെ ശ്രദ്ധയില്‍ വന്നു. ഇന്ത്യ അപമാനിക്കപ്പെടുന്ന സാഹചര്യമാണ് അവിടെ ഉണ്ടായത്. മറ്റ് രാജ്യങ്ങളിലെ പ്രതിനിധികള്‍ ഇന്ത്യയെ ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്തു. ഇന്ത്യയുടെ കള്ളം പൊളിഞ്ഞത് ഇതുകൊണ്ടാണ്. അംഗരാജ്യങ്ങള്‍ക്ക് കേന്ദ്രഗവണ്‍‌മെന്റിന്റെ ചതിയും കീടനാശിനി ലോബിയുമായുള്ള ഒത്തുകളിയുമൊക്കെ മനസ്സിലായി. നിരോധനതീരുമാനത്തിന് പ്രേരിപ്പിച്ച രാജ്യങ്ങള്‍ ഇന്ത്യ ഇത് നടപ്പാക്കുന്നുണ്ടോയെന്ന് ഉത്കണ്ഠയോടെ വീക്ഷിക്കും.

എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമരത്തില്‍ മാധ്യമങ്ങളുടെ സഹകരണം അഭിനന്ദനാര്‍ഹമാണ്. ചില കേന്ദ്രമന്ത്രിമാര്‍ കീടനാശിനി ലോബിയുടെ സ്വാധീനത്തിനും കോഴക്കും വിധേയരായിട്ടുണ്ട്. അതൊക്കെ പിന്നീട് പുറത്തുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്ത് എന്‍ഡോസള്‍ഫാന്‍ ഉല്പാദിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് 22 തവണ കേന്ദ്രത്തോടാവശ്യപ്പെട്ടതാണ്. ഒരു നടപടിയുമെടുത്തില്ല. 50 തൊഴിലാളികളാണ് അവിടെയുള്ളത്. അവരെ പിരിച്ചുവിടാതെ മറ്റു വകുപ്പുകളിലേക്ക് മാറ്റി പ്രശ്നം പരിഹരിക്കാം. ജനങ്ങളുടെ ജീവന്‍ കൊണ്ടുള്ള കളി ഇനി നടപ്പില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്റ്റോക്ക്ഹോം കണ്‍‌വന്‍ഷന്‍ തീരുമാനം കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു.

ഒരുമയുടെ വിജയം: കര്‍ഷകസംഘം

എന്‍ഡോസള്‍ഫാനും അനുബന്ധ രാസവസ്തുക്കളും ആഗോളവ്യാപകമായി നിരോധിക്കാനുള്ള സ്റോക്ഹോം കണ്‍‌വന്‍ഷന്‍ തീരുമാനത്തെ കേരള കര്‍ഷകസംഘം സംസ്ഥാന എക്സിക്യൂട്ടീവ് സ്വാഗതംചെയ്തു. വര്‍ഷങ്ങള്‍ക്കുമുമ്പേ അതിര്‍ത്തിപ്രദേശമായ എന്‍മകജെ പഞ്ചായത്തില്‍നിന്ന് ആരംഭിച്ച് കാസര്‍കോട് ജില്ലയില്‍ വ്യാപിച്ച് കേരളത്തിലും ഇന്ത്യയിലും വളര്‍ന്നുപന്തലിച്ച സമരമാണ് ഇപ്പോള്‍ വിജയം കണ്ടിരിക്കുന്നത്. ഇത് കേരളത്തിലെ ജനങ്ങളുടെ ഒരുമയുടെ വിജയമാണ്. ഒരു കാരണവശാലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കുകയില്ലെന്ന തീരുമാനമെടുത്ത ഇന്ത്യാ ഗവണ്‍‌മെന്റിന് ആഗോളതലത്തില്‍ വമ്പിച്ച തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നിലപാടുകള്‍ക്കെതിരെ കേരളത്തിലും ഇന്ത്യയിലും നടന്നുവന്ന ജനകീയപ്രക്ഷോഭത്തിന്റെ വ്യാപ്തി സ്റോക്ഹോം കണ്‍‌വന്‍ഷന്‍ പ്രതിനിധികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് കേരള സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ വിജയമാണിത്. മുഖ്യമന്ത്രിയുടെ ഉപവാസസമരമടക്കമുള്ള വിവരങ്ങള്‍ സ്റോക്ഹോം കണ്‍‌വന്‍ഷന്റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കേരള സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് കഴിഞ്ഞു.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുന്ന അവസ്ഥ ഇന്ത്യക്ക് വന്നുചേര്‍ന്നു. വോട്ടിനിട്ടാല്‍ ഇന്ത്യയുടെ സ്ഥിതി ദയനീയമാകുമെന്ന അവസ്ഥ വന്നപ്പോഴാണ് സമവായത്തിലൂടെ തീരുമാനിക്കാമെന്ന നിലയിലേക്ക് ഇന്ത്യാ ഗവണ്‍‌മെന്റ് മാറിയത്. കണ്‍‌വന്‍ഷനില്‍ ഇന്ത്യാ ഗവണ്‍‌മെന്റ് ആവശ്യപ്പെട്ട ചില ഇളവ് നല്‍കിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. 23 വിളകളെ ബാധിക്കുന്ന കീടങ്ങളെ നശിപ്പിക്കുന്നതിന് എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാമെന്ന ഇന്ത്യാ ഗവണ്‍‌മെന്റ് ആവശ്യപ്പെട്ട് നേടിയ ഇളവ്, ഭാവിയില്‍ എന്തു പ്രത്യാഘാതമുണ്ടാക്കുമെന്ന് പരിശോധിക്കേണ്ടിയിരിക്കുകയാണ്. എന്‍ഡോസള്‍ഫാന്‍വിരുദ്ധ ജനകീയകൂട്ടായ്മ ഇനിയും ശക്തമായി നിലകൊള്ളണം. ദുരിതബാധിതരായ വ്യക്തികളെയും കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരള സര്‍ക്കാര്‍ ചില പുനരധിവാസ നടപടി സ്വീകരിച്ചിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളതുപോലുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജനും സെക്രട്ടറി കെ വി രാമകൃഷ്ണനും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

deshabhimani 300411

1 comment:

  1. ജീവജാലങ്ങള്‍ക്ക് തീരാദുരിതം സമ്മാനിക്കുന്ന മാരക കീടനാശിനി എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിച്ചു. ജനീവയില്‍ നടന്ന സ്റോക്ഹോം കണ്‍വന്‍ഷനാണ് തീരുമാനമെടുത്തത്. കണ്‍‌വന്‍ഷന്റെ സമാപനദിവസമായ വെള്ളിയാഴ്ച സമവായത്തിലൂടെയായിരുന്നു തീരുമാനം. നിരോധനം തടയാന്‍ ഇന്ത്യ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടു. അതേസമയം, നിരോധനവുമായി ബന്ധപ്പെട്ട് നേടിയെടുത്ത ഇളവുകള്‍ കീടനാശിനി ലോബിക്കുവേണ്ടിയുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കങ്ങള്‍ക്ക് അനുകൂലമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

    ReplyDelete