Friday, April 29, 2011

സ്വപ്നം തകര്‍ത്തത് തൃണമൂല്‍; രോഷത്തോടെ സിംഗൂര്‍

സിംഗൂര്‍(പശ്ചിമബംഗാള്‍): പശ്ചിമ ബംഗാളിന്റെ പരിവര്‍ത്തനം തേടി വോട്ടുപിടിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചതിയുടെ മുറിവുകള്‍ അര്‍ജുന്‍ പാഞ്ച എന്ന വൃദ്ധകര്‍ഷകന്റെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. അരനൂറ്റാണ്ടിലേറെയായി സിംഗൂരില്‍ കൃഷിചെയ്തു ജീവിച്ച ഈ 76കാരന്‍ സ്വന്തംഭൂമി സ്വമേധയാ വ്യവസായത്തിന് വിട്ടുകൊടുത്തത് നാല് ആണ്‍മക്കള്‍ക്ക് ടാറ്റ കമ്പനിയിലോ അനുബന്ധ വ്യവസായങ്ങളിലോ എന്തെങ്കിലും തൊഴില്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തൃണമൂലിന്റെ അക്രമം പക്ഷേ എല്ലാം തകര്‍ത്തു. സിംഗൂര്‍ ഗോപാല്‍നഗറിലെ പാഞ്ചയുടെ വീട്ടില്‍ നിന്ന് നോക്കിയാല്‍ ടാറ്റ തുടങ്ങാനിരുന്ന കാര്‍ഫാക്ടറിയുടെ ചട്ടക്കൂട് കാണാം. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ 28 സെന്റ് നല്‍കിയ അര്‍ജുന്‍ പാഞ്ചക്ക് 3.37 ലക്ഷം രൂപ പ്രതിഫലം കിട്ടി. അതുകൊണ്ട് വീടു വെച്ചു. ബാക്കി ഒന്നര ലക്ഷം ബാങ്കിലിട്ടു. അതിന്റെ പലിശ കൊണ്ടാണ് ഇപ്പോള്‍ ജീവിതം. നാലു മക്കള്‍ക്ക് ജോലി കിട്ടാനുള്ള സാധ്യത തകര്‍ത്ത തൃണമൂലിന്റെ വ്യവസായവിരുദ്ധ സമരത്തോടുള്ള രോഷം പാഞ്ചയില്‍ അടങ്ങിയിട്ടില്ല. സിംഗൂരില്‍ വ്യവസായം വരാത്തതില്‍ നിരാശയുണ്ടെന്ന് പാഞ്ച പറഞ്ഞു. ഇദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവെക്കുന്നവരാണ് സിംഗൂരിലെ കര്‍ഷകര്‍. എല്ലാവരും സ്വമേധയാ ഭൂമി കൊടുത്തവര്‍. വ്യവസായം വരണമെന്ന് ആഗ്രഹിച്ചവര്‍. സിംഗൂരിന്റെ പുരോഗതിക്കും വ്യവസായ വികസനത്തിനും വേണ്ടിയുള്ള 'സിംഗൂര്‍ ഉന്നയന്‍-ശില്‍പ്പവികാസ് സമിതി'യില്‍ സജീവമാണ് ഇവര്‍.

കൊല്‍ക്കത്ത-ഡല്‍ഹി എക്സ്പ്രസ് പാതയുടെ ഇടതുവശത്താണ് ടാറ്റയുടെ ഫാക്ടറി. 2008 ഒക്ടോബറില്‍ ഫാക്ടറി സ്ഥാപിക്കുന്നതില്‍ നിന്ന് പിന്‍മാറിയതോടെ യന്ത്രങ്ങളെല്ലാം ഗുജറാത്തിലേക്ക് കടത്തി. ഇപ്പോള്‍ ചട്ടക്കൂട് മാത്രം. ഏറ്റെടുത്ത 997 ഏക്കര്‍ ഭൂമി ഇപ്പോഴും ടാറ്റയുടെ കൈവശമാണ്. സിംഗൂരിന്റെ മൊത്തം പുരോഗതിക്കായി സ്വയം ഭൂമി വിട്ടുകൊടുത്തവരാണ് 85 ശതമാനം കര്‍ഷകരുമെന്ന് കിസാന്‍സഭ സിംഗൂര്‍ മേഖലാ കമ്മിറ്റി സെക്രട്ടറിയും സിപിഐ എം ഹുഗ്ളി ജില്ലാ കമ്മിറ്റി അംഗവുമായ ശ്രീകാന്ത ചതോപാധ്യായ പറഞ്ഞു. പത്ത് ശതമാനം കര്‍ഷകരുടെ ഭൂമിയില്‍ ചില നിയമപ്രശ്നമുണ്ടായിരുന്നു. ആകെ 110 കര്‍ഷകര്‍ മാത്രമാണ് ഭൂമി ഏറ്റെടുക്കുന്നതിനെ എതിര്‍ത്തത്. ഒരുപ്പൂ ഭൂമിക്ക് ഏക്കറിന് 14 ലക്ഷം രൂപയും ഒന്നിലധികം കൃഷി ചെയ്യുന്ന ജലസേചന സൌകര്യമുള്ള ഭൂമിക്ക് ഏക്കറിന് 45 ലക്ഷവുമായിരുന്നു പ്രതിഫലം. അവരെല്ലാം വ്യവസായം വരാത്തതില്‍ നിരാശരാണ്. വ്യവസായം തകര്‍ത്തവര്‍ ഇപ്പോള്‍ പറയുന്നത്, മമത അധികാരത്തിലെത്തിയാല്‍ 400 ഏക്കര്‍ തിരിച്ചുകൊടുക്കുമെന്നാണ്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയില്‍ ഇക്കാര്യം പറയുന്നില്ല-ശ്രീകാന്ത ചതോപാധ്യായ പറഞ്ഞു.

തൃണമൂല്‍ സഖ്യം അധികാരത്തില്‍ വന്നാല്‍ സിംഗൂരില്‍ കോച്ചുഫാക്ടറി സ്ഥാപിക്കുമെന്ന് സിംഗൂരില്‍ വ്യവസായവിരുദ്ധസമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന തൃണമൂല്‍ നേതാവ് ബേചാറാം മന്ന പറഞ്ഞു. സിംഗൂരിനടുത്തുള്ള ഹരിപാല്‍ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ മന്ന. സിംഗൂരിലെ ജനങ്ങള്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വഞ്ചന തിരിച്ചറിഞ്ഞുവെന്ന് സംസ്ഥാന വ്യവസായമന്ത്രി നിരുപംസെന്‍ പറഞ്ഞു. ജനങ്ങളെല്ലാം ഇപ്പോള്‍ വ്യവസായത്തിനു വേണ്ടി നിലകൊള്ളുന്നവരാണ്. സ്വമേധയാ ഭൂമി നല്‍കിയ 85 ശതമാനം കര്‍ഷകര്‍ക്കും വ്യവസായം വരാത്തതിനാല്‍ അവര്‍ക്ക് വിഷമമുണ്ടെന്ന് നിരുപം സെന്‍ പറഞ്ഞു. സിംഗൂരിലെ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ വ്യവസായവല്‍ക്കരണമാണ് പ്രധാന ചര്‍ച്ച. വ്യവസായം വരണമെന്ന് തൃണമൂലും ഇപ്പോള്‍ പറയുന്നു. സിപിഐ എമ്മിന്റെ ഡോ. അസിത് ദാസും തൃണമൂല്‍ കോണ്‍ഗ്രസിന്റെ രവീന്ദ്രനാഥ ഭട്ടാചാര്യയും തമ്മിലാണ് പ്രധാന പോരാട്ടം. 2006ല്‍ 1787 വോട്ടിനാണ് തൃണമൂല്‍ ജയിച്ചത്.

'വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കാന്‍ ആര്‍ക്കുമാവില്ല'

ബര്‍ധമാന്‍(പശ്ചിമബംഗാള്‍): വ്യവസായവല്‍ക്കരണത്തെ എതിര്‍ക്കാന്‍ ഇനി ഒരു രാഷ്ട്രീയകക്ഷിക്കും കഴിയില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ വ്യവസായമന്ത്രിയുമായ നിരുപം സെന്‍ പറഞ്ഞു. സര്‍ക്കാരിന്റെ വ്യവസായവല്‍ക്കരണ ശ്രമം തടസ്സപ്പെടുത്തിയ തൃണമൂല്‍ കോണ്‍ഗ്രസു പോലും അവരുടെ പ്രകടനപത്രികയില്‍ വ്യവസായവല്‍ക്കരണത്തെ നിഷേധിക്കുന്നില്ല. തീര്‍ത്തും വൈരുധ്യം നിറഞ്ഞതാണ് അവരുടെ പ്രകടനപത്രികയെന്ന് ബര്‍ധമാന്‍ സൌത്ത് മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി കൂടിയായ സെന്‍ 'ദേശാഭിമാനി'യോടു പറഞ്ഞു.

സംസ്ഥാനത്ത് ഭൂപരിഷ്കരണത്തിനുശേഷം വിദ്യാഭ്യാസ സൌകര്യം മെച്ചപ്പെട്ടു, സാക്ഷരത കൂടി, നിരവധി ചെറുപ്പക്കാര്‍ വിദ്യാസമ്പന്നരായപ്പോള്‍ തൊഴിലന്വേഷകര്‍ വര്‍ധിച്ചു. കേന്ദ്രസര്‍ക്കാരിന് പൊതുമേഖലയെ വിറ്റഴിക്കാനാണ് വ്യഗ്രത. സംസ്ഥാന സര്‍ക്കാരിന് സ്വന്തം നിലയ്ക്ക് വ്യവസായം തുടങ്ങാന്‍ ആവശ്യമായ ഫണ്ടില്ല. തൊഴില്‍ നല്‍കാനും സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്താനും വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് സ്വകാര്യമൂലധന നിക്ഷേപം വേണം. 1994ല്‍ ജ്യോതിബസുവിന്റെ നേതൃത്വത്തില്‍ ഇതിന് ശക്തമായ ശ്രമം തുടങ്ങി. സിങ്കൂരിലും നന്ദിഗ്രാമിലും വ്യവസായവല്‍ക്കരണ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേറ്റെങ്കിലും സ്വാതന്ത്യ്രപ്രാപ്തിക്കുശേഷം ഏറ്റവും കൂടുതല്‍ വ്യവസായനിക്ഷേപമുണ്ടായ കാലമാണ് കഴിഞ്ഞ അഞ്ചു വര്‍ഷം. വന്‍കിട, ഇടത്തരം മേഖലയില്‍ 35,000 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 1300 വ്യവസായ യൂണിറ്റുകളാണ് ഈ കാലയളവില്‍ ഉണ്ടായത്. മൂന്നുലക്ഷം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കി. ചെറുകിട-സൂക്ഷ്മ വ്യവസായങ്ങളുടെ എണ്ണത്തില്‍ രാജ്യത്ത് ഏറ്റവും മുന്നിലാണ് ബംഗാള്‍. ഭക്ഷ്യസംസ്കരണം പോലുള്ള മേഖലകളില്‍ ഇത്തരം ചെറുകിട-സൂക്ഷ്മ യൂണിറ്റുകള്‍ അനവധിയുണ്ടായി. വ്യവസായവല്‍ക്കരണ ശ്രമങ്ങള്‍ തുടരുക തന്നെയാണ് ഈ സര്‍ക്കാര്‍.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തെ രാഷ്ട്രീയാന്തരീഷമല്ല ഇപ്പോള്‍. അത് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. തെരഞ്ഞെടുപ്പു ഫലം ഇടതുമുന്നണിക്ക് അനുകൂലമാകും. പാവപ്പെട്ടവരുടെ ക്ഷേമത്തിന് സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ കൊണ്ടുവന്നു. ദാരിദ്യ്രരേഖയ്ക്കു താഴെയുള്ള കുടുംബങ്ങള്‍ക്ക് കിലോയ്ക്ക് രണ്ടു രൂപ നിരക്കില്‍ അരി നല്‍കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംവരണം ഏര്‍പ്പെടുത്തി. ന്യൂനപക്ഷക്ഷേമത്തിനായി പദ്ധതികള്‍ കൊണ്ടുവന്നു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ പകുതിയോളം തൃണമൂലിന്റെ നിയന്ത്രണത്തിലാണ്. അവിടെയൊക്കെ നടമാടുന്ന അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളെ ചിന്തിപ്പിക്കാന്‍ തുടങ്ങി. പിഴവുകള്‍ തിരുത്തി ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ഇടതുമുന്നണിയെ ജനങ്ങള്‍ വിജയിപ്പിക്കുമെന്ന് നിരുപം സെന്‍ പറഞ്ഞു.
(വി ജയിന്‍)

പി ചിദംബരത്തിനെതിരെ സിപിഐ എം പരാതി നല്‍കി

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ സര്‍ക്കാരിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച ആഭ്യന്തരമന്ത്രി പി ചിദംബരത്തിന്റെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സിപിഐ എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ട് തെറ്റായ പ്രസ്താവനകളാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്രമന്ത്രി നടത്തിയതെന്ന് പരാതിയില്‍ വ്യക്തമാക്കി. ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ കണക്കുമാത്രം ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് തെരഞ്ഞുപിടിച്ച് പുറത്തുവിട്ടത് ഗൂഢലക്ഷ്യത്തോടെയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറൈഷിയെ സന്ദര്‍ശിച്ച സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ ബംഗാളിലെ ജനങ്ങളെ അടിച്ചമര്‍ത്തി ഭരിക്കുകയാണെന്ന മട്ടിലുള്ള പ്രസ്താവനകള്‍ കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത് ചട്ടലംഘനമാണ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 380 ഇടതുമുന്നണി പ്രവര്‍ത്തകരാണ് തൃണമൂല്‍-മാവോയിസ്റ്റ് അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇത് കേന്ദ്രമന്ത്രി മറച്ചുപിടിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി കള്ളപ്പണം വിനിയോഗിച്ചതും കമീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അതിനിടെ മാനദണ്ഡം ലംഘിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ ഡ്രാഫ്റ്റ് നല്‍കിയതു സംബന്ധിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ നോട്ടീസ് നല്‍കി. പണമിടപാട് സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിക്കും കമീഷന്‍ നോട്ടീസ് നല്‍കി. തൃണമൂല്‍ നേതാക്കള്‍ക്കു വേണ്ടി അലഹബാദ് ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് 1.33 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റുകള്‍ നല്‍കിയത്. ഇത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് എതിരാണ്. ഡിഡി നല്‍കിയതു സംബന്ധിച്ച് സിപിഐ എം തെരഞ്ഞെടുപ്പുകമീഷന് പരാതി നല്‍കുകയും ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

deshabhimani 290411

1 comment:

  1. പശ്ചിമ ബംഗാളിന്റെ പരിവര്‍ത്തനം തേടി വോട്ടുപിടിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ചതിയുടെ മുറിവുകള്‍ അര്‍ജുന്‍ പാഞ്ച എന്ന വൃദ്ധകര്‍ഷകന്റെ മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. അരനൂറ്റാണ്ടിലേറെയായി സിംഗൂരില്‍ കൃഷിചെയ്തു ജീവിച്ച ഈ 76കാരന്‍ സ്വന്തംഭൂമി സ്വമേധയാ വ്യവസായത്തിന് വിട്ടുകൊടുത്തത് നാല് ആണ്‍മക്കള്‍ക്ക് ടാറ്റ കമ്പനിയിലോ അനുബന്ധ വ്യവസായങ്ങളിലോ എന്തെങ്കിലും തൊഴില്‍ കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ തൃണമൂലിന്റെ അക്രമം പക്ഷേ എല്ലാം തകര്‍ത്തു. സിംഗൂര്‍ ഗോപാല്‍നഗറിലെ പാഞ്ചയുടെ വീട്ടില്‍ നിന്ന് നോക്കിയാല്‍ ടാറ്റ തുടങ്ങാനിരുന്ന കാര്‍ഫാക്ടറിയുടെ ചട്ടക്കൂട് കാണാം. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ 28 സെന്റ് നല്‍കിയ അര്‍ജുന്‍ പാഞ്ചക്ക് 3.37 ലക്ഷം രൂപ പ്രതിഫലം കിട്ടി. അതുകൊണ്ട് വീടു വെച്ചു. ബാക്കി ഒന്നര ലക്ഷം ബാങ്കിലിട്ടു. അതിന്റെ പലിശ കൊണ്ടാണ് ഇപ്പോള്‍ ജീവിതം. നാലു മക്കള്‍ക്ക് ജോലി കിട്ടാനുള്ള സാധ്യത തകര്‍ത്ത തൃണമൂലിന്റെ വ്യവസായവിരുദ്ധ സമരത്തോടുള്ള രോഷം പാഞ്ചയില്‍ അടങ്ങിയിട്ടില്ല. സിംഗൂരില്‍ വ്യവസായം വരാത്തതില്‍ നിരാശയുണ്ടെന്ന് പാഞ്ച പറഞ്ഞു. ഇദ്ദേഹത്തിന്റെ അഭിപ്രായം പങ്കുവെക്കുന്നവരാണ് സിംഗൂരിലെ കര്‍ഷകര്‍. എല്ലാവരും സ്വമേധയാ ഭൂമി കൊടുത്തവര്‍. വ്യവസായം വരണമെന്ന് ആഗ്രഹിച്ചവര്‍. സിംഗൂരിന്റെ പുരോഗതിക്കും വ്യവസായ വികസനത്തിനും വേണ്ടിയുള്ള 'സിംഗൂര്‍ ഉന്നയന്‍-ശില്‍പ്പവികാസ് സമിതി'യില്‍ സജീവമാണ് ഇവര്‍.

    ReplyDelete