Wednesday, April 27, 2011

ടി എം ജേക്കബിനെതിരെ വിജിലന്‍സ് അന്വേഷണം

തീരപഥം കുടിവെള്ളപദ്ധതി അഴിമതിയില്‍ മുന്‍ മന്ത്രി ടി എം ജേക്കബിനും മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. 10.15 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയത് വഴി എട്ടു കോടി നഷ്ടം വരുത്തിയെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ പി കെ രാജു അഡ്വ. കെ ബിജുലാല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജഡ്ജി എസ് ജഗദീശന്റെ ഉത്തരവ്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കുടിവെള്ളം എത്തിക്കാന്‍ തയ്യാറാക്കിയതാണ് തീരപഥം പദ്ധതി. 2004ല്‍ ടി എം ജേക്കബ് ജലമന്ത്രിയായിരിക്കുമ്പോള്‍ നടപ്പാക്കിയ പദ്ധതി, നിരന്തരം പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് 2008ല്‍ നിര്‍ത്തി. ഗുണനിലവാരം കുറഞ്ഞ പൈപ്പ് ഉപയോഗിച്ചത് പൈപ്പ് പൊട്ടല്‍ നിത്യസംഭവമാകാന്‍ ഇടയാക്കിയെന്നും അതുവഴി കോടികള്‍ നഷ്ടം വരുത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. ജേക്കബിന് പുറമെ പദ്ധതി നടപ്പാക്കിയ സമയത്തെ ജല അതോറിറ്റി ചീഫ് എന്‍ജിനിയര്‍, പബ്ളിക് ഹെല്‍ത്ത് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയര്‍, തീരപഥം വികസന പദ്ധതി ഡയറക്ടര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. ഒരുവര്‍ഷത്തിനിടെ 58 തവണ പൈപ്പ് പൊട്ടി വെള്ളം മുടങ്ങി. അറ്റകുറ്റപ്പണിക്കായി 19.57 ലക്ഷം ചെലവഴിച്ചു. തമിഴ്നാട് സര്‍ക്കാര്‍ ഉപേക്ഷിച്ച പൈപ്പാണ് ഈ പദ്ധതിക്കായി ഉപയോഗിച്ചതെന്ന് അന്ന് കണ്ടെത്തിയിരുന്നു. പൈപ്പ് വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. തീരപഥം പദ്ധതിക്കായി ഹൈഡ്രോടെക് എന്‍ജിനിയേഴ്സ് ആന്‍ഡ് കോണ്‍ട്രാക്ടേഴ്സ് എന്ന സ്ഥാപനത്തിന് 8.71 കോടി രൂപ 2004ല്‍ കൈമാറിയിട്ടുണ്ട്. മന്ത്രിസഭയുടെ അനുമതിയില്ലാതെയാണിത്.

deshabhimani 270411

1 comment:

  1. തീരപഥം കുടിവെള്ളപദ്ധതി അഴിമതിയില്‍ മുന്‍ മന്ത്രി ടി എം ജേക്കബിനും മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഉത്തരവിട്ടു. 10.15 കോടി രൂപയുടെ പദ്ധതി നടപ്പാക്കിയത് വഴി എട്ടു കോടി നഷ്ടം വരുത്തിയെന്ന് കാണിച്ച് പൊതുപ്രവര്‍ത്തകനായ പി കെ രാജു അഡ്വ. കെ ബിജുലാല്‍ മുഖേന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജഡ്ജി എസ് ജഗദീശന്റെ ഉത്തരവ്.

    ReplyDelete