രാജപുരം: എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിലൂടെ ജീവിതത്തില്‍ ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച മലയോരത്തെ ഓരോ കുടുംബവും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം ഏറെ ഞെട്ടലോടെയാണ് കാതോര്‍ത്തത്. സംസാരശേഷിയും ചലനശേഷിയും ഇല്ലാതെ ശാരീരിക, മാനസിക വൈകല്യങ്ങളാല്‍ ജീവിതത്തില്‍ എന്നും ദുരിതം മാത്രം തിന്നുന്ന ഓരോ കുടുംബത്തിന്റെയും കഷ്ടപ്പാടുകള്‍ മനസിലാക്കാതെയുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഏറെ പ്രതിഷേധത്തിന് കാരണമായി. ഞങ്ങളുടെ അനുഭവം ഇനി മറ്റാര്‍ക്കും ഉണ്ടാവരുതെന്ന പ്രാര്‍ഥനയിലാണ് എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന ഓരോ കുടുംബത്തിനുമുള്ളത്. എന്റെ മകനുണ്ടായ അവസ്ഥ ഇനി മറ്റാര്‍ക്കും വരരുതെന്നാണ് കോടോം ബേളൂര്‍ പഞ്ചായത്തിലെ ഉദയപുരം കുളങ്ങലടിയിലെ അനീഷിന്റെ അമ്മ മാധവി തേങ്ങിക്കൊണ്ട് പറയുന്നത്. എന്‍ഡോസള്‍ഫാന്‍ ഞങ്ങളുടെ കുടുംബത്തെ വേട്ടയാടിയതുപോലെ മാറ്റാരെയും വേട്ടയാടാന്‍ അനുവദിച്ചു കൂടാ. മനുഷ്യരെ കൊല്ലുന്ന കീടനാശിനി നിര്‍ത്തലാക്കണം. ഇത് നിര്‍ത്തലാക്കുന്നതിനുള്ള സമരത്തില്‍ ഞങ്ങളുടെ കുടുംബം മുന്നിലുണ്ടാകുമെന്ന് മാധവി വിതുമ്പിക്കൊണ്ട് പറയുന്നു.
അപസ്മാര രോഗം ബാധിച്ച പതിനേഴുകാരന്‍ ബാലചന്ദ്രന്റെ കുടുംബം ഏറെ കഷ്ടപ്പാടുകള്‍ അനുഭവിക്കുകയാണ്. ചികിത്സാ ചെലവിന് പോലും പണം കണ്ടെത്താന്‍ കഴിയാതെ ദുരന്തം അനുഭവിക്കുന്നതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ ബാലചന്ദ്രന് പെന്‍ഷന്‍ നല്‍കാന്‍ തുടങ്ങിയത്. ഇത് ഏറെ ആശ്വാസകരമായെങ്കിലും കേന്ദ്രസര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം ഞങ്ങളെ തളര്‍ത്തിയെന്ന് ബാലചന്ദ്രന്റെ അമ്മ നാരായണിയും അച്ഛന്‍ ബാലനും ഒരേ സ്വരത്തില്‍ പറയുന്നു. മകന് രോഗം പിടിപെടാന്‍ കാരണമായ എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കണം. ഇത് മനുഷ്യരെ കൊല്ലുന്ന മരുന്നാണ്, ഇത് തടയണം- ഇതാണ് ബാലചന്ദ്രന്റെ ആവശ്യം.
കോടോം തടിയന്‍ വളപ്പിലെ എണ്‍പതുകാരി ഇച്ചിരിയമ്മയ്ക്കും മകന്‍ പി ഗോവിന്ദനും ഒന്നേ പറയാനുള്ളു. ഞങ്ങളുടെ കുടുംബത്തെ തകര്‍ത്ത എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം. ഞങ്ങളുടെ വിധി മറ്റാര്‍ക്കും വരരുതെന്നാണ് കൂലിപ്പണിക്കാരായ സുരേഷും ഭാര്യ കല്യാണിയും പറയുന്നത്. ഞങ്ങളുടെ മകന്‍ അഭിഷേകിന് പിടിപെട്ട രോഗം ഞങ്ങളെ ഏറെ തളര്‍ത്തി. ഇതിനിടെയാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം വീണ്ടും വന്നത്. രോഗബാധിതരോട് കാണിക്കുന്ന അനീതിയാണിത്. എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നാണ് സുരേഷ് ബാബുവും കല്യാണിയും പറയുന്നത്.
കേന്ദ്രമന്ത്രിമാരേ ഈ അമ്മമാരുടെ നിലവിളി കേള്‍ക്കൂ...
കാസര്‍കോട്: കേന്ദ്രമന്ത്രിമാരേ കണ്ണു തുറക്കു, ഈ അമ്മമാരുടെ നിലവിളി കേള്‍ക്കൂ... രാജ്യവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച കാസര്‍കോട് സംഘടിപ്പിച്ച അമ്മമാരുടെ കൂട്ടായ്മയിലാണ് ഈ ശബ്ദം ഉയര്‍ന്നത്. '
മനുഷ്യജന്മത്തിന് സഹിക്കാന്‍ കഴിയുന്നതിലധികം ഞങ്ങള്‍ സഹിച്ചു. ഞങ്ങളുടെ മക്കള്‍ കണ്ണും കാതും മറ്റ് ഇന്ദ്രിയങ്ങളുമില്ലാതെ മണ്ണില്‍ ഇഴഞ്ഞുനീന്തുന്ന വിരൂപ രൂപികളായ കീടങ്ങളായി മാറി. ഈ കുഞ്ഞുങ്ങളെയും ചവിട്ടിമെതിച്ചാണ് ഇന്നലെ കേന്ദ്ര കൃഷിമന്ത്രാലയം എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ പറ്റില്ലെന്ന് പ്രഖ്യാപിച്ചത്. ഇതിലും ഭേദം ഞങ്ങളെ ഒന്നടങ്കം ഇല്ലാതാക്കുകയാണ്....' നൂറിലധികം അമ്മമാരുടെ കണ്ഠത്തില്‍നിന്നുയര്‍ന്ന ഈ ശബ്ദം ഭരണകൂടത്തിന്റെ ക്രൂരതക്കെതിരായ പ്രതിഷേധം മാത്രമല്ല, ഒരു ജനതയുടെ ദുരിത ജീവിതത്തിന്റെ നേര്‍കാഴ്ചകൂടിയായി.
ഗാന്ധിജി ജനിച്ച നാട്ടില്‍ ഭരണകൂടം വിഷ വില്‍പനയുടെ ദല്ലാളന്മാരായി മാറിയതില്‍ ഞങ്ങള്‍ ലജ്ജിക്കുന്നതായും ഇവര്‍ പറഞ്ഞു. ജില്ലയുടെ വിവിധ ഭാഗത്തുനിന്നെത്തിയ അമ്മമാര്‍ ചൊവ്വാഴ്്ച വൈകിട്ട് കാസര്‍കോട് പ്രസ്ക്ളബ് പരിസരത്താണ് ഒത്തുകൂടിയത്. പലരും രോഗബാധിതരായ തങ്ങളുടെ മക്കളുമായാണ് എത്തിയത്. ആയിരക്കണക്കിന് ദയനീയ ജീവിതങ്ങളെ സൃഷ്ടിച്ച എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ ഇവര്‍ ശക്തിയായി പ്രതിഷേധിച്ചു. ഞങ്ങളുടെ ശേഷിക്കുന്ന ജീവിതം ഈ വിഷഭീമനെതിരായ പോരാട്ടത്തിനുകൂടി ഉപയോഗിക്കുമെന്ന് ഇവര്‍ ഏക സ്വരത്തില്‍ പ്രഖ്യാപിച്ചു. കാണാനും കേള്‍ക്കാനും കഴിയാത്ത അനുഭവങ്ങളാണ് ഓരോ അമ്മക്കും പറയാനുള്ളത്. ഈ ദുരന്തത്തിന് കാരണം എന്‍ഡോസള്‍ഫാനാണെന്നതില്‍ ഇവര്‍ക്കാര്‍ക്കും സംശയമില്ല.
എണ്‍പതിലധികം രാജ്യങ്ങള്‍ നിരോധിച്ചിട്ടും ഇവിടെ നിരോധിക്കാന്‍ തെളിവ് ചോദിക്കുന്ന ഭരണാധികാരികളില്‍നിന്ന് എന്ത് നന്മയാണ് പ്രതീക്ഷിക്കേണ്ടതെന്ന് കൂട്ടായ്മയില്‍ പങ്കാളിയാകാന്‍ എത്തിയ കഥാകാരി കെ ആര്‍ മീര ചോദിച്ചു. പണക്കൊതി മൂലം ഭരണകൂടം കുഞ്ഞുങ്ങളെ നരകത്തിലേക്ക് തള്ളിവിടുകയാണ്. ഇതിനെതിരായ പോരാട്ടത്തോടൊപ്പം എല്ലാ അമ്മമാരും ഉണ്ടാകും- മീര പറഞ്ഞു.
എന്‍ഡോസള്‍ഫാനെതിരായ പോരാട്ടത്തിന് തുടക്കം കുറിച്ച ലീലാകുമാരിയമ്മ, ദുരന്തത്തിനിരയായ നാരായണി ബോവിക്കാനം, ലക്ഷ്മി ചിപ്ളിക്കൈ, സത്യഭാമ, ആയിഷ പെര്‍ള, ശാന്തി ബോവിക്കാനം എന്നീ അമ്മമാരും സംസാരിച്ചു. അന്ധനായ കിഷന്‍ കിഷോറിന്റെ കീ ബോഡ് വായനയും ഉണ്ടായി.
കേന്ദ്ര ധാര്‍ഷ്ട്യത്തിനെതിരെ പ്രതിഷേധം കനക്കുന്നു
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. കേരളം ഒറ്റക്കെട്ടായി ഈ ആവശ്യത്തിനുപിന്നില്‍ അണിനിരക്കുകയാണ്. കേന്ദ്രമനുഷ്യാവകാശ കമീഷന്‍ ആവശ്യപ്പെട്ടിട്ടും മാരക കീടനാശിനി നിരോധിക്കാന്‍ കൂട്ടാക്കാത്ത കേന്ദ്രനിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയായാണ് വിലയിരുത്തപ്പെടുന്നത്. സ്റ്റോക്ഹോം കവന്‍ഷനില്‍ നിരോധത്തിനു അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് കാസര്‍കോട് നിന്നാംഭിച്ച സമരം ഇതനികം ലോക ശ്രദ്ധയിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. മനുഷ്യരാശിയുടെ നിലനില്‍പിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇതിനെ ബാലിശമായ കാരണങ്ങള്‍ പറഞ്ഞ് അവഹേളിക്കാനാണ് കേന്ദ്രഭരണാധികാരികളും എന്‍ഡോസള്‍ഫാന്‍ ലോബിയും ശ്രമിക്കുന്നത്. എന്നാല്‍ ദുരന്തം നേരിട്ട് അനുഭവിക്കുന്ന ജനതയുടെ ചെറുത്തുനില്‍പ്പ് ഒരിക്കലും പരാജയപ്പെടില്ലെന്ന പ്രഖ്യാപനമായി മാറുകയാണ് സമരത്തിലേക്ക് ഓരോദിവസവും കൂടുതല്‍ ജനിവിഭാഗങ്ങള്‍ കടന്നുവരുന്നത്.
കീടനാശിനി നിരോധിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തെ നിഷ്കരുണം തള്ളിക്കളഞ്ഞ കേന്ദ്ര കൃഷിമന്ത്രാലയത്തിനെതിരെ കോടികളുടെ അഴിമതിയാരോപണവും ഉയര്‍ന്നിട്ടുണ്ട്. ബഹുരാഷ്ട്ര കീടനാശിനി കമ്പനികളുടെ ഇംഗിതത്തിന് വഴങ്ങി ജനവിരുദ്ധ തീരുമാനം എടുക്കുന്ന കൃഷി മന്ത്രാലയത്തിലെ ഉന്നതരും മന്ത്രിമാരും കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടത്തുന്നത്. കീടനാശിനി നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതോടെ സമരത്തിന് പുതിയമാനം കൈവന്നു. സംസ്ഥാനത്തിന്റെ പല ഭാഗത്തും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി രൂപീകരിച്ചും സമരത്തിലേക്ക് നീങ്ങുകയാണ്. 22 മുതല്‍ 29 വരെ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.
കീടനാശിനി നിരോധിക്കണമെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. എല്‍ഡിഎഫ് ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ 23ന് കാസര്‍കോട് ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച് പ്രതിഷേധറാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി പി കെ ശ്രീമതിയാണ് റാലി ഉദ്ഘാടനം ചെയ്യുന്നത്. വിവിധ വര്‍ഗ- ബഹുജന സംഘടനകളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവര്‍ത്തനമാരംഭിച്ചു. കീടനാശിനി നിരോധിക്കാന്‍ കേന്ദ്രം തയ്യാറായില്ലെങ്കില്‍ വരും ദിവസങ്ങില്‍ സമരം ആളിപ്പടരുമെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
പ്രതിഷേധ റാലി ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ജില്ലാകമ്മിറ്റി 23 ന് കാസര്‍കോട് സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ആരോഗ്യമന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാലിന് ചന്ദ്രഗിരി ജങ്ഷനില്‍നിന്നാണ് റാലി ആരംഭിക്കുന്നത്. സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായി ഇന്ത്യ വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടാണ് റാലി സംഘടിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ പാക്കേജ് അംഗീകരിച്ച് സഹായം നല്‍കണമെന്നും സമരത്തില്‍ ഉന്നയിക്കുന്നുണ്ട്.
അയ്യായിരത്തോളം ആളുകളെ മാറാരോഗികളും ആയിരത്തോളം ആളുകളുടെ മരണത്തിനുമിടയാക്കിയ കീടനാശിനി നിരോധിക്കാന്‍ തയ്യാറാകാത്ത കേന്ദ്രനിലപാട് മനുഷ്യത്വരഹിതമാണ്. ഇതിനെതിരെ നടക്കുന്ന പ്രക്ഷോഭത്തില്‍ മുഴുവനാളുകളും അണിനിരക്കണമെന്ന് എല്‍ഡിഎഫ് ജില്ലാകവീനര്‍ പി രാഘവന്‍ പറഞ്ഞു.
പ്രതിഷേധ കൂട്ടായ്മ 22 മുതല്‍
കാസര്‍കോട്: 'ഇന്ത്യ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക' 25 മുതല്‍ 19 വരെ ജനീവയില്‍ സംഘടിപ്പിക്കുന്ന സ്റ്റോക്ക് ഹോം കോണ്‍ഫറന്‍സില്‍ നിരോധനത്തിന് വേണ്ടിയുള്ള ആദ്യവോട്ട് ഇന്ത്യ രേഖപ്പെടുത്തുക, ദുരന്ത ബാധിതരുടെ ചികിത്സ, പുനരധിവാസ നടപടികള്‍ ആത്മാര്‍ഥതയോടെ നടപ്പിലാക്കുക, ഗോഡൌണുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ നീക്കം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 22 മുതല്‍ 29 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമിതി ജനകീയ പ്രതിഷേധ കൂട്ടായ്മകള്‍ സംഘടിപ്പിക്കും. 22ന് വൈകിട്ട് നാലിന് ചന്ദ്രഗിരിപ്പുഴയില്‍ വെളിച്ചോത്സവം സംഘടിപ്പിച്ച് പ്രതിഷേധ കൂട്ടായ്മയ്ക്ക് തുടക്കം കുറിക്കും. യോഗത്തില്‍ പ്രൊഫ. ടി സി മാധവപ്പണിക്കര്‍ അധ്യക്ഷനായി. അംബികാസുതന്‍ മാങ്ങാട്, നാരായണന്‍ പേരിയ, കെ വി മുഹമ്മദ്കുഞ്ഞി, സുധീര്‍, എം എ റഹ്മാന്‍, പ്രൊഫ. വി ഗോപിനാഥ്, ഹമീദ് മൊഗ്രാല്‍ എന്നിവര്‍ സംസാരിച്ചു.
ഡിവൈഎഫ്ഐ നേതൃത്വത്തില്‍ 25 ന് ബഹുജന പ്രതിഷേധം
കാസര്‍കോട്: ജനീവയില്‍ ചേരുന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാനെതിരായ നിലപാട് ഇന്ത്യ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ 25ന് വൈകിട്ട് നാലിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ബഹുജന പ്രതിഷേധം സംഘടിപ്പിക്കും. ബോവിക്കാനം, കാസര്‍കോട്, പെരിയ, പനത്തടി, ചീമേനി എന്നിവിടങ്ങളിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നത്. സെപ്തംബറില്‍ ഇതേ സ്ഥലത്ത് നടന്ന കണ്‍വന്‍ഷനില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായി വോട്ടുചെയ്ത ഏക രാജ്യമാണ് ഇന്ത്യ. ബഹുരാഷ്ട്ര കീടനാശിനി ഉല്‍പാദകര്‍ക്ക് വേണ്ടി ജനതയെയൊന്നാകെ തീരാദുരിതത്തിലേക്ക് തള്ളി വിടാനാണ് കേന്ദ്ര ഭരണാധികാരികള്‍ ശ്രമിക്കുന്നത്. ഈ മാരക കീടനാശിനി നിരോധിക്കുന്നതിനൊപ്പം ദുരന്തബാധിതരെ സഹായിക്കാനുള്ള ബാധ്യതയും ജനാധിപത്യ സര്‍ക്കാരിനുണ്ട്. എന്നാല്‍ എന്‍ഡോസള്‍ഫാന്‍ കമ്പനികളുടെ ദല്ലാളുകളായി മാറിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
ജില്ലയിലെ അയ്യായിരത്തോളം പേരെ നിത്യരോഗിയാക്കിയ എന്‍ഡോസള്‍ഫാന്‍ മാരക കീടനാശിനി ഇന്ത്യയില്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും 25 മുതല്‍ 29 വരെ നടക്കുന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായി വോട്ടുചെയ്ത് കഴിഞ്ഞ തവണത്തെ തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടുള്ള ബഹുജന പ്രതിഷേധത്തില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ഥിച്ചു.
എന്‍ഡോസള്‍ഫാന്‍: ബോവിക്കാനത്ത് 25 ന് പ്രതിഷേധ ജ്വാല
ബോവിക്കാനം: കേന്ദ്ര സര്‍ക്കാരിന്റെ എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് 25 ന് ബോവിക്കാനത്ത് ഡിവൈഎഫ്ഐ കാറഡുക്ക ബ്ളോക്ക് കമ്മിറ്റി പ്രതിഷേധ ജ്വാല സംഘടിപ്പിക്കും. സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പങ്കെടുക്കും. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് പകരം വീണ്ടും പഠനസമിതികളെ നിയോഗിച്ചുകൊണ്ട് ഈ കീടനാശിനി കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ബി എം പ്രദീപ് അധ്യക്ഷനായി. പി രവീന്ദ്രന്‍, കെ ജയന്‍, കെ വി സജേഷ്, നാസര്‍ എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി 210411
എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിലൂടെ ജീവിതത്തില്‍ ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച മലയോരത്തെ ഓരോ കുടുംബവും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം ഏറെ ഞെട്ടലോടെയാണ് കാതോര്‍ത്തത്. സംസാരശേഷിയും ചലനശേഷിയും ഇല്ലാതെ ശാരീരിക, മാനസിക വൈകല്യങ്ങളാല്‍ ജീവിതത്തില്‍ എന്നും ദുരിതം മാത്രം തിന്നുന്ന ഓരോ കുടുംബത്തിന്റെയും കഷ്ടപ്പാടുകള്‍ മനസിലാക്കാതെയുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം ഏറെ പ്രതിഷേധത്തിന് കാരണമായി. ഞങ്ങളുടെ അനുഭവം ഇനി മറ്റാര്‍ക്കും ഉണ്ടാവരുതെന്ന പ്രാര്‍ഥനയിലാണ് എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതമനുഭവിക്കുന്ന ഓരോ കുടുംബത്തിനുമുള്ളത്.
ReplyDeleteഈ വക കാര്യങ്ങളെന്തെ ഇത്രയും നാള്‍ മറന്നുപോയി.. ഒരു നാലുമാസം മുന്‍പെങ്കിലും തുടങ്ങരുതായിരുന്നോ? പൊയ ബുദ്ദി ആന പിടിച്ചാ കിട്ടില്ലാന്നല്ലേ.. അന്നാ പിന്നെ നടക്കട്ടേ.. ആ ചണ്ടിനേയും കൂട്ടി മേലെ പോയാല്‍ നേരില്‍ പറഞ്ഞ് തീര്‍ത്തൂടെ ഈ പാവങ്ങളുടെ പ്രശ്നം അതോ ഇനി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചാല്‍ വേറെ പണിയില്ലാത്തതുകൊണ്ടാണോ സമരമുറയുമായി നടക്കണെ?
ReplyDelete