കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ അതിശക്തമായ വിമര്‍ശനമാണ് ഇക്കഴിഞ്ഞ ദിവസം സുപ്രിംകോടതി നടത്തിയത്. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉന്നതനീതിപീഠം കേന്ദ്ര സര്‍ക്കാരിന്റെയും ആസൂത്രണ കമ്മിഷന്റെയും യുക്തിരഹിതമായ നിലപാടുകളെയും നടപടികളെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. പൊതുവിതരണ സംവിധാനത്തിലെ അപാകത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് സുപ്രിം കോടതിയുടെ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ഉണ്ടായത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവരെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിലെ അപാകത സുപ്രിംകോടതി ചൂണ്ടിക്കാണിച്ചു. ഒരു സംസ്ഥാനത്ത് 36 ശതമാനത്തിനുതാഴെ മാത്രമായിരിക്കണം ദാരിദ്ര്യ രേഖയ്ക്കു താഴെയുളളവര്‍ എന്ന് നിശ്ചയിക്കുന്നതിലെ മാനദണ്ഡമെന്താണെന്ന് സുപ്രിംകോടതി ആരാഞ്ഞു. ഓരോ സംസ്ഥാനത്തും ജീവിത നിലവാരം വ്യത്യസ്തമായിരിക്കുകയും ആളോഹരി വരുമാനത്തില്‍ വ്യത്യാസമുണ്ടായിരിക്കുകയും ചെയ്യുമ്പോള്‍ ഈ മാനദണ്ഡം അര്‍ഥശൂന്യമാണെന്നാണ് സുപ്രിം കോടതി പറഞ്ഞതിന്റെ സാരാംശം.
ദല്‍വീന്ദര്‍ ഭണ്ഡാരി, ദീപക്‌വര്‍മ്മ എന്നിവരുള്‍പ്പെട്ട സുപ്രിംകോടതി ഡിവിഷന്‍ ബഞ്ച് രാജ്യത്ത് രണ്ടുതരം പൗരന്‍മാരെ സൃഷ്ടിക്കുന്ന നയം തുടരരുതെന്നും നിര്‍ദേശിച്ചു. പണക്കാരനും പാവപ്പെട്ടവനും എന്ന വേര്‍തിരിവ് ഒരു രാജ്യത്തുണ്ടാവാന്‍ പാടില്ല.
ബി പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നതിന് അര്‍ഹതയുള്ളവര്‍ക്കായുള്ള വരുമാനപരിധി തന്നെ അപര്യാപ്തമാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. ഗ്രാമീണ മേഖലയില്‍ പ്രതിദിനം 11 രൂപയ്ക്കും നഗരമേഖലയില്‍ 20 രൂപയ്ക്കും താഴെ വരുമാനമുള്ളവരെ മാത്രമേ ബി പി എല്‍ ഗണത്തില്‍പ്പെടുത്താവൂ എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെയും ആസൂത്രണ കമ്മിഷന്റെയും നിബന്ധന. ഇതിലെ അപര്യാപ്തതയാണ് സുപ്രിംകോടതി ചൂണ്ടിക്കാണിച്ചത്.
മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ തന്നെ നിയോഗിച്ച അര്‍ജുന്‍സെന്‍ഗുപ്ത കമ്മിഷന്റെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്തിലെ 78 ശതമാനത്തോളം മനുഷ്യര്‍ പ്രതിദിനം എട്ട് രൂപയ്ക്കും 20 രൂപയ്ക്കുമിടയില്‍ മാത്രം വരുമാനമുള്ളവരാണ്. ആ റിപ്പോര്‍ട്ട് പ്രകാരം തന്നെ ഇന്ത്യയില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരെന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നവരുടെ എണ്ണത്തിന്റെ പതിന്‍മടങ്ങ് ആളുകള്‍ ആ പട്ടികയില്‍ ഉള്‍പ്പെടേണ്ടതാണ്.
1991 ലെ കാനേഷുമാരിയുടെ അടിസ്ഥാനത്തില്‍ 2011 ലെ ബി പി എല്‍ കാരെ നിശ്ചയിക്കുന്നതിലെ യുക്തിരാഹിത്യത്തെയും സുപ്രിംകോടതി ചോദ്യം ചെയ്തു.
രാജ്യം സാമ്പത്തിക വളര്‍ച്ച നേടുന്നുവെന്ന് പറയുമ്പോള്‍ തന്നെ ഇവിടെ പട്ടിണിയും ദാരിദ്ര്യവും വര്‍ധിക്കുകയും പട്ടിണിമരണങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നുവെന്ന് സുപ്രിംകോടതി ചൂണ്ടിക്കാണിച്ചു. വമ്പിച്ച വിളവെടുപ്പുണ്ടായെന്നും ഗോഡൗണുകള്‍ നിറഞ്ഞുകവിഞ്ഞുവെന്നും സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും അതിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭ്യമാകാത്തതിലെ അമര്‍ഷം കോടതി മറച്ചുവെച്ചില്ല. പോഷകാഹാരക്കുറവ് പരിഹരിക്കുവാനും പട്ടിണിമരണം ഇല്ലാതാക്കുവാനും സര്‍ക്കാര്‍ എന്തുചെയ്തുവെന്ന് സുപ്രിംകോടതി ആരാഞ്ഞു. വന്‍വിളവുണ്ടാവുമ്പോഴും 150 ദരിദ്ര ജില്ലകള്‍ക്ക് പത്ത് ദശലക്ഷം ടണ്‍ ഭക്ഷ്യധാന്യം അധികമായി നല്‍കാന്‍ സര്‍ക്കാര്‍ മടിക്കുന്നതെന്തുകൊണ്ടാണെന്ന ചോദ്യവും സുപ്രിംകോടതി ഉയര്‍ത്തി.
സുപ്രിംകോടതിയുടെ നിരീക്ഷണവും വിമര്‍ശനവും കേന്ദ്ര സര്‍ക്കാരിനും ആസൂത്രണ കമ്മിഷനും ഏറ്റ കനത്ത തിരിച്ചടിയാണ്. സമ്പന്നന്‍മാര്‍ക്കും കുത്തകകള്‍ക്കും വേണ്ടി മാത്രം നയസമീപനം കൈക്കൊള്ളുകയും മഹാഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരെയും സാധാരണക്കാരെയും അവഗണിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തിനെതിരായ പ്രതികരണമാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. സാമ്പത്തിക വളര്‍ച്ച എന്ന് കൊട്ടിഘോഷിക്കുന്നത് വന്‍കിട കുത്തകകളുടെയും കുബേരന്‍മാരുടെയും വളര്‍ച്ചയാണെന്ന് സുപ്രിംകോടതി വരികള്‍ക്കിടയിലൂടെ പറഞ്ഞുവെയ്ക്കുകയാണ് ചെയ്തത്.
നിയമവ്യവസ്ഥയോട് കൂറു പുലര്‍ത്താന്‍ ബാധ്യസ്ഥമായ ഭരണസംവിധാനം സുപ്രിം കോടതിയുടെ നിരീക്ഷണങ്ങളും നിലപാടുകളും ഉള്‍ക്കൊള്ളുകയും ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായുള്ള ഫലപ്രദ നടപടികള്‍ കൈക്കൊള്ളുകയും ബി പി എല്‍ നിര്‍ണയിക്കുവാനുള്ള മാനദണ്ഡങ്ങളിലെ യുക്തിരഹിത നിബന്ധനകള്‍ തിരുത്തുവാന്‍ തയ്യാറാവുകയുമാണ് വേണ്ടത്.
janayugom editorial 220411
കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ അതിശക്തമായ വിമര്‍ശനമാണ് ഇക്കഴിഞ്ഞ ദിവസം സുപ്രിംകോടതി നടത്തിയത്. ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്യുന്നതില്‍ കേന്ദ്ര സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉന്നതനീതിപീഠം കേന്ദ്ര സര്‍ക്കാരിന്റെയും ആസൂത്രണ കമ്മിഷന്റെയും യുക്തിരഹിതമായ നിലപാടുകളെയും നടപടികളെയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. പൊതുവിതരണ സംവിധാനത്തിലെ അപാകത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ് സുപ്രിം കോടതിയുടെ നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ഉണ്ടായത്.
ReplyDelete