Thursday, April 21, 2011

കോണ്‍ഗ്രസ് ക്രിമിനല്‍ ബന്ധം

പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇക്ബാല്‍ സിങ്ങിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കേണ്ടി വന്നിരിക്കുന്നു. കുപ്രസിദ്ധ ആയുധക്കള്ളക്കടത്തുകാരനും നികുതിവെട്ടിപ്പുകാരനും രാജ്യദ്രോഹിയുമായ പുണെയിലെ ഹസ്സന്‍ അലിഖാനുമായി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് ചോദ്യംചെയ്യല്‍. 1997ല്‍ രാജ്യസഭാംഗമായിരുന്ന ഇക്ബാല്‍ സിങ് അന്ന് ഹസ്സന്‍ അലിഖാന് പാസ്പോര്‍ട്ട് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തതായി ഗവര്‍ണര്‍ സമ്മതിക്കുന്നുണ്ട്. അലിഖാന്‍ ആരായിരുന്നെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്. അലിഖാന്‍ കേസുമായി ബന്ധപ്പെട്ട് എഐസിസി അംഗം അമലേന്ദു പാണ്ഡെയെ മുമ്പ് ചോദ്യംചെയ്തിരുന്നു. ഹസ്സന്‍ അലിഖാനും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള അവിഹിതബന്ധം ഒന്നൊന്നായി മറനീക്കി പുറത്തുവരികയാണ്.

ഹസ്സന്‍ അലിഖാന്‍ 72,000 കോടി രൂപ നികുതി കുടിശ്ശിക അടയ്ക്കാന്‍ ബാക്കിയുള്ള നികുതിവെട്ടിപ്പുകാരനാണ്. ഹസ്സന്‍ അലിഖാനെ വെറും നികുതിവെട്ടിപ്പുകാരന്‍ മാത്രമായി കാണരുതെന്നാണ് സുപ്രീംകോടതി പറഞ്ഞത്. അന്തര്‍ദേശീയ ആയുധക്കള്ളക്കടത്തുമായി ബന്ധമുള്ളയാളാണ് അലിഖാന്‍. രാജ്യം കൊള്ളയടിച്ച പണം വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഈ ക്രിമിനല്‍പുള്ളിയോട് വളരെ മാന്യമായാണ് കേന്ദ്രസര്‍ക്കാര്‍ പെരുമാറിയത്. സുപ്രീംകോടതി ഇടപെടുന്നതിനുമുമ്പ് ഒരിക്കല്‍പ്പോലും സിബിഐ ഇയാളെ ചോദ്യംചെയ്തിരുന്നില്ല. അറസ്റ് ചെയ്യാതെ സ്വൈരവിഹാരത്തിന് അനുവദിച്ചു. അറസ്റ് ചെയ്തപ്പോള്‍ത്തന്നെ ജാമ്യം ലഭിക്കാവുന്ന വകുപ്പുമാത്രം ഉള്‍പ്പെടുത്തിയാണ് കേസ് ചാര്‍ജ് ചെയ്തത്. സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയതിനുശേഷം മാത്രമാണ് വീണ്ടും അറസ്റ് ചെയ്ത് ജയിലിലടച്ചത്. എത്ര വലിയ ക്രിമിനലായാലും കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടെങ്കില്‍ ഒന്നും സംഭവിക്കുകയില്ലെന്നതിന്റെ ഉദാഹരണമാണ് ഹസ്സന്‍ അലിഖാന്‍.

അഴിമതി നടത്തുന്നവര്‍ക്കും കള്ളക്കടത്തുകാര്‍ക്കും നികുതി വെട്ടിപ്പുകാര്‍ക്കും പറുദീസയായി നമ്മുടെ രാജ്യം മാറുകയാണ്. കേന്ദ്ര ഭരണാധികാരികള്‍ ഇത്തരക്കാരുമായുള്ള ഉറച്ച ബന്ധം നിലനിര്‍ത്തുകയും അവരുടെ ഉപ്പും ചോറും തിന്ന് ജീവിക്കുകയും ചെയ്യുന്നു. ഇന്നത്തെ കോണ്‍ഗ്രസ് 1885ല്‍ രൂപീകരിച്ച ദാദാ ഭായ് നവ്റോജിയുടെയും വല്ലഭായ് പട്ടേലിന്റെയും ബാലഗംഗാധര തിലകന്റെയും ഗാന്ധിജിയുടെയും നെഹ്റുവിന്റെയും കോണ്‍ഗ്രസല്ല. ആ കോണ്‍ഗ്രസ് എന്നേ മണ്ണടിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴുള്ളത് എന്‍ ഡി തിവാരിമാരും ഇക്ബാല്‍ സിങ്ങുമാരും അശോക് ചവാന്മാരും ശശി തരൂര്‍മാരും നയിക്കുന്ന ക്രിമിനല്‍ബന്ധമുള്ള പുതിയ കോണ്‍ഗ്രസാണ്.

ദേശാഭിമാനി മുഖപ്രസംഗം 210411

1 comment:

  1. പോണ്ടിച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇക്ബാല്‍ സിങ്ങിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പ്രധാനമന്ത്രിയുടെ ഓഫീസ് അനുമതി നല്‍കേണ്ടി വന്നിരിക്കുന്നു. കുപ്രസിദ്ധ ആയുധക്കള്ളക്കടത്തുകാരനും നികുതിവെട്ടിപ്പുകാരനും രാജ്യദ്രോഹിയുമായ പുണെയിലെ ഹസ്സന്‍ അലിഖാനുമായി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് ചോദ്യംചെയ്യല്‍. 1997ല്‍ രാജ്യസഭാംഗമായിരുന്ന ഇക്ബാല്‍ സിങ് അന്ന് ഹസ്സന്‍ അലിഖാന് പാസ്പോര്‍ട്ട് നല്‍കണമെന്ന് ശുപാര്‍ശ ചെയ്തതായി ഗവര്‍ണര്‍ സമ്മതിക്കുന്നുണ്ട്. അലിഖാന്‍ ആരായിരുന്നെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം പറയുന്നുണ്ട്. അലിഖാന്‍ കേസുമായി ബന്ധപ്പെട്ട് എഐസിസി അംഗം അമലേന്ദു പാണ്ഡെയെ മുമ്പ് ചോദ്യംചെയ്തിരുന്നു. ഹസ്സന്‍ അലിഖാനും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള അവിഹിതബന്ധം ഒന്നൊന്നായി മറനീക്കി പുറത്തുവരികയാണ്.

    ReplyDelete