Saturday, April 30, 2011

പൊതുവിദ്യാഭ്യാസത്തിലെ പൊന്‍തിളക്കം

കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മണ്ഡലം സചേതനമായ മുന്നേറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുണ്ടാകുന്ന എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളിലെ ഉയര്‍ന്ന വിജയ ശതമാനം ഇത് സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും എസ് എസ് എല്‍ സി പരീക്ഷാഫലം 90 ശതമാനം കടന്നിരിക്കുന്നു. 91.37 ശതമാനം വിജയമാണ് ഇത്തവണയുണ്ടായത്. പരീക്ഷയെഴുതിയവരില്‍ 4,18,967 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

5821 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയപ്പോള്‍ 18,823 പേര്‍ എ ഗ്രേഡും 42,218 വിദ്യാര്‍ഥികള്‍ ബി പ്ലസും 80,212 പേര്‍ ബി ഗ്രേഡും സ്വന്തമാക്കി. തികച്ചും അഭിമാനകരമായ വിജയമാണിത്. പൊതുവിദ്യാഭ്യാസരംഗം ശക്തിപ്പെട്ടതിന്റെ സൂചകങ്ങള്‍ ഇത് മാത്രമല്ല, സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളും പ്രദേശങ്ങളും കൈവരിച്ച ഉന്നത വിജയവും ശ്രദ്ധേയമാണ്. പട്ടികജാതിക്കാരായ വിദ്യാര്‍ഥികളില്‍ 82.25 ശതമാനവും പട്ടികവര്‍ഗവിദ്യാര്‍ഥികളില്‍ 80.94 ശതമാനവും വിജയം നേടിയത് കേരളം സശ്രദ്ധം ദീര്‍ഘവീക്ഷണത്തോടെ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതികള്‍ വിജയം വരിച്ചതിന്റെ സാക്ഷ്യപത്രമാണ്. വയനാട് ജില്ലയില്‍ 93.95 ശതമാനവും ഇടുക്കിയില്‍ 95.69 ശതമാനവും മലപ്പുറത്ത് 88.52 ശതമാനവും കാസര്‍കോട് 91.74 ശതമാനവും വിജയമുണ്ടായത് വിദ്യാഭ്യാസ നിലവാരത്തില്‍ പിന്നോക്കം നിന്നിരുന്ന ജില്ലകളിലെ അസാധാരണമായ മുന്നേറ്റത്തെയാണ് കാണിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയ ജില്ലയായ മലപ്പുറത്തും നല്ല വിജയം നേടാനായി. മോഡറേഷന്‍ നല്‍കാതെയാണ് 91.37 ശതമാനം വിജയം ഉണ്ടായിരിക്കുന്നത് എന്ന വസ്തുതയും കാണേണ്ടതാണ്.

അഞ്ചു കൊല്ലം മുമ്പുവരെ 50 ശതമാനത്തില്‍ ചുറ്റിക്കളിച്ചിരുന്ന എസ് എസ് എല്‍ സി വിജയശതമാനം തുടര്‍ച്ചയായി അഞ്ചാം തവണയും 90 ശതമാനം കടന്നത് ദീര്‍ഘവീക്ഷണമുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങളിലൂടെയും കാര്യക്ഷമമായ നടപടികളിലൂടെയും പ്രതിജ്ഞാബദ്ധതയുള്ള പ്രവര്‍ത്തനത്തിലൂടെയുമാണ്. വിജയശതമാനം ഉയര്‍ന്നുവെന്നത് മാത്രമല്ല, കേരളത്തിലെ സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളുടെ നിലവാരം വര്‍ധിക്കുകയും അവിടങ്ങളിലെ വിജയശതമാനം വന്‍തോതില്‍ ഉയരുകയും ചെയ്തു എന്നത് ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ്.

കേരളത്തിലെ 577 വിദ്യാലയങ്ങള്‍ ഇത്തവണ നൂറുമേനി വിജയം കൊയ്തു. കഴിഞ്ഞ അധ്യയനവര്‍ഷം ഇത് 352 വിദ്യാലയങ്ങളിലായിരുന്നു. ഇത്തവണ 225 വിദ്യാലയങ്ങള്‍ കൂടി ആ പട്ടികയില്‍ സ്ഥാനം പിടിച്ചു. നൂറ് ശതമാനം വിജയം നേടിയ 577 വിദ്യാലയങ്ങളില്‍ 155 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 216 എണ്ണം എയ്ഡഡ് വിദ്യാലയങ്ങളുമാണ്. ഈ പട്ടികയില്‍ 206 അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ മാത്രമേയുള്ളു. കഴിഞ്ഞ അധ്യയനവര്‍ഷം 228 അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ നൂറ് ശതമാനം വിജയം നേടിയിരുന്നു. ഇത്തവണ 22 വിദ്യാലയങ്ങളുടെ കുറവ്. എന്നാല്‍ 2010 ല്‍ 143 സര്‍ക്കാര്‍ വിദ്യാലയങ്ങളാണ് 100 ശതമാനം വിജയം നേടിയതെങ്കില്‍ ഇത്തവണ അത് 155 ആയും 197 എയ്ഡഡ് വിദ്യാലയങ്ങള്‍ 216 ആയും ഉയര്‍ന്നു. നൂറ് ശതമാനം വിജയം നേടിയ 206 ല്‍ 77 അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ 50 ല്‍ താഴെ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തിയാണ് നൂറ് ശതമാനം വിജയം നേടിയത്.

അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാത്രമാണ് നിലവാരം പുലര്‍ത്തുന്നതെന്നും സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങള്‍ പരാജയത്തിന്റെയും പാപ്പരത്തത്തിന്റെയും കദനകഥകള്‍ മാത്രം അവശേഷിക്കുന്നവയാണെന്നുമുള്ള കൊണ്ടുപിടിച്ച പ്രചരണം കേരളത്തില്‍ നടന്നുവന്നിരുന്നു. അത്തരം പ്രചരണത്തിനുള്ള കനത്ത തിരിച്ചടിയാണ് കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി എസ് എസ് എല്‍ സി - ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ സമ്മാനിക്കുന്നത്. നൂറ് ശതമാനം പരാജയത്തിന്റെ നാണക്കേട് മുന്‍കാലങ്ങളില്‍ ചില സര്‍ക്കാര്‍ സ്‌കൂളുകള്‍ പേറേണ്ടിവന്നിട്ടുണ്ട്. എന്നാല്‍ ആ അപമാനകാലത്തോട് സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങള്‍ വിടപറഞ്ഞുകഴിഞ്ഞു. സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മുന്‍കയ്യില്‍ സര്‍ക്കാര്‍ - എയ്ഡഡ് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയും വിദ്യാഭ്യാസ പദ്ധതിയില്‍ കാലോചിതവും ശാസ്ത്രീയവുമായ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയും അധ്യാപകരുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം ഉറപ്പുവരുത്തിയുമാണ് ഈ നേട്ടം കൈവരിക്കുവാനായത്. 2006 ല്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയ, പരാജയതോത് ഉയര്‍ന്നുനിന്നിരുന്ന 107 വിദ്യാലയങ്ങളില്‍ 29 എണ്ണം ഇത്തവണ നൂറ് ശതമാനം വിജയം കൈവരിച്ചതു തന്നെ ഇതിന്റെ തെളിവാണ്. ടി എച്ച് എസ് എല്‍ സിയിലും 97.88 ശതമാനം വിജയമുണ്ടായതും വിദ്യാഭ്യാസ മുന്നേറ്റത്തിന്റെ ഭാഗമാണ്.

പൊതുവിദ്യാഭ്യാസരംഗത്തെ ഈ ആഹ്ലാദകരമായ അനുഭവം ഉന്നത വിദ്യാഭ്യാസരംഗത്തേയ്ക്കുകൂടി കൂടുതല്‍ ജാഗ്രതയും പരിഗണനയും ആവശ്യപ്പെടുന്നുണ്ട്. വിദ്യാഭ്യാസ വാണിഭശക്തികളും സ്ഥാപിത താല്‍പര്യക്കാരും അധിനിവേശം നടത്തിക്കൊണ്ടിരിക്കുന്ന ഉന്നത പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തെ സംശുദ്ധീകരിക്കുവാനും നിലവാരം ഉയര്‍ത്തുന്നതിനും നടപടികള്‍ കൈക്കൊള്ളുകയും സര്‍ക്കാര്‍ കോളജുകളില്‍ കൂടുതല്‍ ആധുനിക കോഴ്‌സുകള്‍ ആരംഭിക്കുകയും വേണം. പൊതുവിദ്യാഭ്യാസരംഗത്ത് കേരളത്തിനുണ്ടായിരിക്കുന്ന പൊന്‍തിളക്കം വിദ്യാഭ്യാസമണ്ഡലത്തിലെ എല്ലാ രംഗത്തും സൃഷ്ടിക്കുവാന്‍ ഈ അനുഭവം കരുത്തുപകരും.

ജനയുഗം മുഖപ്രസംഗം 300411

1 comment:

  1. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മണ്ഡലം സചേതനമായ മുന്നേറ്റത്തിന്റെ പാതയിലാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുണ്ടാകുന്ന എസ് എസ് എല്‍ സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളിലെ ഉയര്‍ന്ന വിജയ ശതമാനം ഇത് സാക്ഷ്യപ്പെടുത്തുന്നു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും എസ് എസ് എല്‍ സി പരീക്ഷാഫലം 90 ശതമാനം കടന്നിരിക്കുന്നു. 91.37 ശതമാനം വിജയമാണ് ഇത്തവണയുണ്ടായത്. പരീക്ഷയെഴുതിയവരില്‍ 4,18,967 വിദ്യാര്‍ഥികള്‍ ഉന്നത പഠനത്തിന് യോഗ്യത നേടി.

    ReplyDelete