Friday, April 29, 2011

എന്‍മകജെയുടെ പോരാട്ടം ലോകത്തിന്റെ കൈകളില്‍

കേരളം ഇന്ന് നിശ്ചലമാകും

മനുഷ്യരെ ഇഞ്ചിഞ്ചായി കൊന്നൊടുക്കുന്ന എന്‍ഡോസള്‍ഫാന്‍ നിരോധിക്കാത്ത കേന്ദ്രനിലപാടിനെതിരെ വെള്ളിയാഴ്ച കേരളം പ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്തും. എല്‍ഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താലില്‍ കേരളം നിശ്ചലമാകും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇരു ചക്രവാഹനങ്ങള്‍, ആശുപത്രി, ആരാധനാലയങ്ങള്‍, പാല്‍, പത്രം, വിവാഹം എന്നിവ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മോട്ടോര്‍ വാഹന തൊഴിലാളികള്‍ പണിമുടക്കുന്നതിനാല്‍ ഗതാഗതം നിലയ്ക്കും. കെഎസ്ആര്‍ടിസി ജീവനക്കാരും ഹര്‍ത്താലില്‍ പങ്കാളികളാകും. കക്ഷിരാഷ്ട്രീയത്തിനപ്പുറം വന്‍ ബഹുജനമുന്നേറ്റമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധപ്രക്ഷോഭം മാറിക്കഴിഞ്ഞു. വിവിധ സംഘടനകള്‍ ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്‍മകജെയുടെ പോരാട്ടം ലോകത്തിന്റെ കൈകളില്‍

കാസര്‍കോട്: മനുഷ്യജീവിതം നരകമാക്കുന്ന മാരക കീടനാശിനിക്കെതിരെ എന്‍മകജെയില്‍ തുടക്കംകുറിച്ച പോരാട്ടം ലോകമാകെ ആളിപ്പടരുന്നു. ജനീവയില്‍ നടക്കുന്ന സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ളവര്‍പോലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യത്തിനുപിന്നില്‍ അണിനിരന്നു. അപ്പോഴും ഇന്ത്യ നിരോധനത്തിനെതിരെ തന്ത്രം മെനഞ്ഞു. ഇന്ത്യന്‍ ഭരണാധികാരികളും അവര്‍ പറഞ്ഞയച്ച ഉദ്യോഗസ്ഥരും മനുഷ്യനാശിനി വക്താക്കളായി ലോകത്തിനുമുന്നില്‍ നാണംകെടുന്ന സാഹചര്യത്തിലാണ് പ്രതിഷേധാഗ്നി പടര്‍ത്തി കേരളം ഒറ്റക്കെട്ടായി വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ അയ്യായിരത്തോളം പാതിജീവിതങ്ങളുടെ ദുരിതം കാണാത്തവര്‍ക്കെതിരായ സമരമാണിത്. ജീവിക്കാനുള്ള അവകാശപോരാട്ടത്തില്‍ സമൂഹം ഒന്നാകെ അണിനിരക്കുന്നു. വൈകല്യമുള്ള കുഞ്ഞുങ്ങള്‍ ഇനിയും പിറന്നുവീഴാതിരിക്കാനുള്ള ചെറുത്തുനില്‍പ്. ഒന്നു ഞരങ്ങാന്‍പോലുമാകാത്ത നൂറുകണക്കിന് ദയനീയ ജീവിതങ്ങള്‍ സൃഷ്ടിച്ചത് ഈ മാരക കീടനാശിനിയാണെന്നതില്‍ ആര്‍ക്കും സംശയമില്ല. കേന്ദ്രമന്ത്രിമാരും ഏതാനും നേതാക്കളും എതിരു നിന്നാലും അന്തിമ വിജയം ജനങ്ങള്‍ക്കായിരിക്കും. മനുഷ്യരുടെ ജനിതകഘടനയെപ്പോലും അട്ടിമറിക്കാന്‍ ശേഷിയുള്ള ഈ മാരക വിഷം എവിടെയും പ്രയോഗിക്കാതിരിക്കണം. രാജ്യത്തിന്റെ നാനാഭാഗത്തുനിന്ന് നൂറുകണക്കിനാളുകള്‍ സമരത്തിന് പിന്തുണയുമായി കാസര്‍കോട് എത്തുന്നുണ്ട്. സിഎന്‍എന്‍-ഐബിഎന്‍, ബിബിസി, എന്‍ഡിടിവി തുടങ്ങിയ ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളുമെത്തി. ആര്‍ക്കും അവഗണിക്കാന്‍ പറ്റാത്ത പ്രക്ഷോഭമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധപോരാട്ടം മാറിയതിനു തെളിവാണിത്. തികച്ചും അവികസിതമായ ഗ്രാമങ്ങളില്‍ പതിറ്റാണ്ടായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഈ ചെറുത്തുനില്‍പ്പ്. സഹായഹസ്തവുമായി സുമനസുകളായ സമൂഹം ഒപ്പമുണ്ടാകുമെന്ന തോന്നല്‍. സംസ്ഥാന സര്‍ക്കാര്‍തന്നെ പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുത്തത് ജനങ്ങള്‍ക്ക് വലിയ ആവേശം പകരുന്നു.

എന്നാല്‍, പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും നിലപാട് ദുരന്തംപേറുന്ന മനുഷ്യരുടെയും പൊതുസമൂഹത്തിന്റെയും മനസില്‍ തീകോരിയിടുന്നതായി. ജനകീയ പോരാട്ടത്തെ പരിഹസിച്ച ഇവരുടെ നിലപാട് സമൂഹം ഒറ്റക്കെട്ടായി തള്ളുന്ന കാഴ്ചയാണ് കാസര്‍കോട് കാണുന്നത്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് എല്‍ഡിഎഫാണെങ്കിലും ഇത് തങ്ങളുടെ നിലനില്‍പ്പിനുള്ള സമരമാണെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തിന്റെ നാനാമേഖലയില്‍നിന്നും പിന്തുണ ലഭിക്കുന്നുണ്ട്. കേരളമൊന്നാകെ എന്‍ഡോസള്‍ഫാന്‍വിരുദ്ധ പോരാട്ടത്തിലാണ്. ഇതില്‍ രാഷ്ട്രീയ അതിര്‍വരമ്പുകളില്ല. സമരം തകര്‍ക്കാനുള്ള ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ശ്രമം തിരിച്ചറിയപ്പെട്ടതിന്റെ വിജയംകൂടിയാണ് ഹര്‍ത്താലിനുള്ള ജനപിന്തുണ.
(എം ഒ വര്‍ഗീസ്)

കീടനാശിനി വാങ്ങണോ? കൃഷി ഓഫീസറുടെ കുറിപ്പടി വേണം

കണ്ണൂര്‍: എലിവിഷമോ, എക്കാലക്സോ?- ഏത് കീടനാശിനി വാങ്ങണമെങ്കിലും ഇനി കൃഷി ഓഫീസറുടെ കുറിപ്പടി നിര്‍ബന്ധം. സംസ്ഥാന സര്‍ക്കാര്‍ ജൈവനയം കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് കീടനാശിനി വില്‍പനയും ഉപയോഗവും നിയന്ത്രിക്കുന്നത്. വിപണിയില്‍ സുലഭമായ രാസവളവും മാരകഫലങ്ങളുള്ള കീടനാശിനികളും കൃഷിക്കാരുടെ അജ്ഞത മുതലാക്കിയാണ് വിറ്റഴിക്കുന്നത്. ഇതു തടയുന്നതിനാണ് കീടനാശിനി വാങ്ങാന്‍ കുറിപ്പടി വേണമെന്നതടക്കമുള്ള നടപടി. കീടനാശിനി നിര്‍ദേശിക്കേണ്ട ഉത്തരവാദിത്വം കൃഷി ഓഫീസര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. വിളയുടെ പേര്, രോഗബാധ, കീടനാശിനിയുടെ പേര്, രാസനാമം എന്നിവ കുറിപ്പടിയില്‍ വ്യക്തമാക്കണം. കീടനാശിനി ഡിപ്പോ തുടങ്ങാന്‍ ലൈസന്‍സ് നല്‍കാനുള്ള അധികാരവും കൃഷി ഓഫീസര്‍ക്കായിരിക്കും. ഡിപ്പോ ഉടമ കീടനാശിനികള്‍ വിറ്റതു സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കുകയും അധികൃതരുടെ പരിശോധനയ്ക്ക് വിധേയമാക്കുകയും വേണം. ഇതു ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയുണ്ടാകും. വിളകളുടെ രോഗം കണ്ടെത്താനും പ്രതിരോധത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനുമുള്ള ചുമതലയും കൃഷി ഓഫീസര്‍ക്കായിരിക്കും.

കാര്‍ഷിക സര്‍വകലാശാലയുടെ നിര്‍ദേശം അനുസരിച്ചാണ് സംസ്ഥാനത്ത് കൃഷിവകുപ്പ് കീടനാശിനി ശുപാര്‍ശ ചെയ്യുന്നത്. 1973-ല്‍ ആണ് ഇത് തുടങ്ങിയത്. ചുവപ്പ്, മഞ്ഞ ലേബലുകളിലുള്ള ഉഗ്രവിഷമടങ്ങിയ കീടനാശിനികള്‍ (ഫ്യൂരിഡാന്‍, എന്‍ഡോസള്‍ഫാന്‍, എക്കാലക്സ് തുടങ്ങിയവ) എന്നിവയുടെ വില്‍പനയും വ്യാപനവും പൂര്‍ണമായി തടയുകയാണ് ഇപ്പോഴത്തെ നടപടിയുടെ ലക്ഷ്യം. ശരാശരിയിലേറെ വിഷാംശമുള്ളവ ഉള്‍പ്പെടുന്ന നീല ലേബലുള്ള കാര്‍ബന്റാസിന്‍, സെവിന്‍, കുമിള്‍ നാശിനികള്‍, വിഷം കുറഞ്ഞ പച്ച ലേബലിലുള്ള രാസകീടനാശിനികള്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറച്ചുകൊണ്ടുവരണമെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. ചുവപ്പ്, മഞ്ഞ ലേബലിലുള്ളവ ഇതിനകം കാസര്‍കോട് ജില്ലയില്‍ നിരോധിച്ചിട്ടുണ്ട്. ഈ കീടനാശിനികള്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ കാര്‍ഷിക സര്‍വകലാശാല വിലക്കിയിട്ടുണ്ട്. കീടനാശിനികള്‍ വില്‍ക്കുന്നവരുടെ യോഗംവിളിച്ച് നിയന്ത്രണനടപടികള്‍ വിശദമാക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍വിരുദ്ധ പോരാട്ടത്തെതുടര്‍ന്ന് സംസ്ഥാനത്താകെ ജൈവ കൃഷിയുടെ സന്ദേശം പ്രവഹിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും ഇതില്‍ മുഖ്യ പങ്കു വഹിക്കുന്നു. ജൈവനയം കര്‍ശനമാക്കുന്നതിലൂടെ കീടനാശിനി പരമാവധി ഒഴിവാക്കിയുള്ള കൃഷിക്ക്് പ്രാമുഖ്യം നല്‍കുകയാണ്.
(സതീഷ്ഗോപി)

എന്‍ഡോസള്‍ഫാന് ആഗോള നിരോധം വരും

ജനീവ/തിരു: ഇന്ത്യയുടെ എല്ലാ വിധത്തിലുള്ള സമ്മര്‍ദവും എതിര്‍പ്പും തള്ളി ആഗോളവ്യാപകമായി എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സ്റോക്ക്ഹോം കണ്‍വന്‍ഷന്‍ തീരുമാനിക്കും. ജനീവയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ സമാപനദിവസമായ വെള്ളിയാഴ്ച നിരോധം സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. അംഗരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നിരോധത്തെ അനുകൂലിക്കുന്നതിനാല്‍ ഇക്കാര്യം അംഗീകരിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകുന്നുവെന്നാണ് സൂചന.

എന്‍ഡോസള്‍ഫാന്‍ നിരോധിക്കുമ്പാള്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് അംഗരാജ്യങ്ങളിലെ സമ്പര്‍ക്കഗ്രൂപ്പുകള്‍ക്കിടയില്‍ വ്യാഴാഴ്ച സജീവ ചര്‍ച്ച നടന്നു. നിരോധം ലോകവ്യാപകമായി നടപ്പാക്കാന്‍ ചുരുങ്ങിയത് പത്തുവര്‍ഷമെങ്കിലും എടുക്കും. ഉപയോഗം പടിപടിയായി കുറയ്ക്കുകയാണ് നിരോധത്തിന്റെ ആദ്യഘട്ടം. ചില വിളകള്‍ക്ക് ഈ കീടനാശിനി ഉപയോഗിക്കാന്‍ അനുവദിക്കുകയും മറ്റുചില വിളകള്‍ക്ക് ഇതിനുപകരം ഏതെങ്കിലും കീടനാശിനി ഉപയോഗിക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്യും. സാധാരണഗതിയില്‍ ഒരുവര്‍ഷംമുതല്‍ രണ്ടുവര്‍ഷംവരെയാണ് ഇത്തരം ഇളവ് അനുവദിക്കുക. എന്നാല്‍, ഇത് അഞ്ചുവര്‍ഷത്തേക്ക് വേണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നു. തുടക്കം ഏതെല്ലാം വിളകളെ എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തില്‍നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദേശിക്കാന്‍ സമ്പര്‍ക്കഗ്രൂപ്പ് പ്രതിനിധികള്‍ അംഗരാജ്യങ്ങളോടു ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാനുപകരം കീടനാശിനി നിര്‍ദേശിക്കണം എന്നാവശ്യപ്പെട്ട ചൈന, ഉഗാണ്ട എന്നീ രാജ്യങ്ങള്‍പോലും ഒഴിച്ചുകൂടാനാകാത്ത നാലോ അഞ്ചോവിളകളുടെ പട്ടികമാത്രമാണ് നല്‍കിയതെങ്കില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഒരു വിളയില്‍നിന്നും എന്‍ഡോസള്‍ഫാന്‍ ഒഴിവാക്കാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്. ഉരുളക്കിഴങ്ങ്, വെണ്ട, വഴുതന, കശുമാവ് തുടങ്ങി പതിനാറോളം വിളകളുടെ പട്ടിക ഇന്ത്യ നല്‍കി.

നിരോധം നടപ്പാക്കുന്നതിനു ബദല്‍ സംവിധാനങ്ങള്‍ ആലോചിക്കാന്‍ സമ്പര്‍ക്കഗ്രൂപ്പുകള്‍ നടത്തിയ ചര്‍ച്ചയില്‍, അംഗരാജ്യങ്ങള്‍ക്ക് എങ്ങനെ എവിടെനിന്ന് സാങ്കേതിക-സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാം എന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഉയര്‍ന്നു. നിരോധ തീരുമാനം പ്രഖ്യാപിക്കുന്ന പ്ളീനറിസമ്മേളനത്തില്‍തന്നെ ഇതുസംബന്ധിച്ച കരടുരേഖയും പ്രഖ്യാപിക്കും.

ചൊവ്വാഴ്ച ആരംഭിച്ച സമ്മേളനത്തിന്റെ ആദ്യദിവസംമുതല്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാതിരിക്കാനുള്ള സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റിയ ഇന്ത്യക്ക് നിരോധന തീരുമാനം കനത്ത തിരിച്ചടിയാകും. കീടനാശിനി നിര്‍മാണക്കമ്പനിയുമായി സമ്മേളനവേദിയില്‍ ഗൂഢാലോചന നടത്തിയ ഇന്ത്യ ലോകരാഷ്ട്രങ്ങള്‍ക്കുമുമ്പില്‍ നാണംകെട്ടിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന 173 രാജ്യങ്ങളെ രണ്ടായി തിരിച്ച് അവരുടെ ഉപസമിതി രൂപീകരിച്ചാണ് ഇത്തരം ചര്‍ച്ചകള്‍. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ-പസഫിക് മേഖലയെ നയിക്കുന്നത് ഖത്തര്‍ പ്രതിനിധിയാണ്. ഇന്ത്യയുടെ നിലപാടിനെ ചര്‍ച്ചകളില്‍ഖത്തര്‍ രൂക്ഷമായി വിമര്‍ശിച്ചു. ഇന്ത്യയുടെ ഔദ്യോഗിക എതിര്‍പ്പ് പ്രത്യക്ഷമല്ലെങ്കിലും കീടനാശിനി നിര്‍മാണകമ്പനികളുടെ പ്രതിനിധികള്‍ കടുത്ത ഭാഷയാണ് എതിര്‍പ്പ് പ്രകടിപ്പിച്ചതെന്ന് കേരളത്തില്‍നിന്നുള്ള സ്വതന്ത്ര പ്രതിനിധി ഡോ. മുഹമ്മദ് അഷീല്‍, കണ്‍വന്‍ഷനിലെ നിരീക്ഷകനായ തിരുവനന്തപുരത്തെ തണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ജയകുമാര്‍ എന്നിവര്‍ ദേശാഭിമാനിയോടു പറഞ്ഞു.
(ടി എന്‍ സീന)

ദേശാഭിമാനി 290411

1 comment:

  1. മനുഷ്യജീവിതം നരകമാക്കുന്ന മാരക കീടനാശിനിക്കെതിരെ എന്‍മകജെയില്‍ തുടക്കംകുറിച്ച പോരാട്ടം ലോകമാകെ ആളിപ്പടരുന്നു. ജനീവയില്‍ നടക്കുന്ന സ്റ്റോക്ഹോം കണ്‍വന്‍ഷനില്‍ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുള്‍പ്പെടെയുള്ളവര്‍പോലും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യത്തിനുപിന്നില്‍ അണിനിരന്നു. അപ്പോഴും ഇന്ത്യ നിരോധനത്തിനെതിരെ തന്ത്രം മെനഞ്ഞു. ഇന്ത്യന്‍ ഭരണാധികാരികളും അവര്‍ പറഞ്ഞയച്ച ഉദ്യോഗസ്ഥരും മനുഷ്യനാശിനി വക്താക്കളായി ലോകത്തിനുമുന്നില്‍ നാണംകെടുന്ന സാഹചര്യത്തിലാണ് പ്രതിഷേധാഗ്നി പടര്‍ത്തി കേരളം ഒറ്റക്കെട്ടായി വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നത്.

    ReplyDelete