Sunday, April 24, 2011

ഹസാരെയുടെ നിര്‍ദേശങ്ങളില്‍ അധികാര കേന്ദ്രീകരണം:

അധികാര കേന്ദ്രീകരണവും അമിതാധികാരവുമാണ് ലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാ ഹസാരെ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളില്‍ നിഴലിയ്ക്കുന്നതെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. അധികാരത്തിന്റെ കേന്ദ്രീകരണം ലോക്പാല്‍ സമിതി രൂപീകരണത്തിലുമുണ്ടെന്ന് പണിക്കര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സിനിമാ നിര്‍മാതാവ് മഹേഷ്ഭട്ടും സാമൂഹ്യപ്രവര്‍ത്തക ശബ്നം ഹാഷ്മിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

അണ്ണാ ഹസാരെ മുന്നോട്ടുവയ്ക്കുന്ന ബില്ലനുസരിച്ച് അന്വേഷണം നടത്താനും അഴിമതിക്കാരെ ശിക്ഷിക്കാനുമുള്ള അധികാരം ലോക്പാലിനുണ്ട്. എന്നാല്‍, അഴിമതി എങ്ങനെ തടയാമെന്നതിനെക്കുറിച്ച് ബില്‍ മൗനം പാലിക്കുന്നു. സാമൂഹ്യാവബോധം സൃഷ്ടിക്കാതെ ഭരണപരമായ നടപടികളിലൂടെമാത്രം അഴിമതി തടയാമെന്നത് മൗഢ്യമാണ്. 20 വര്‍ഷമായി അഴിമതി എന്തുകൊണ്ട് വര്‍ധിച്ചു എന്നതിനെക്കുറിച്ച് അണ്ണാ ഹസാരെ ഉള്‍പ്പടെയുള്ളവര്‍ ഒന്നും പറയുന്നില്ല. നവ ഉദാരവല്‍ക്കരണ നയവും അതിന്റെ ഭാഗമായി ഏതാനും ചിലരുടെ കൈവശം പണം കുന്നുകൂടിയതുമാണ് വര്‍ധിച്ച അഴിമതിക്ക് വഴിവച്ചത്. ഈ വിഷയത്തെ പരിശോധിക്കാന്‍ അണ്ണാ ഹസാരെയും കൂട്ടരും തയ്യാറാകുന്നില്ല. ഇതിന്റെ ഭാഗമായുള്ള പ്രതിസന്ധിയില്‍നിന്ന് ഒളിച്ചോടാന്‍ സമിതിയുടെ രൂപീകരണത്തിലൂടെ സര്‍ക്കാരിന് വഴികിട്ടി. സമിതിയുടെ രൂപീകരണംപോലും ജനാധിപത്യ വിരുദ്ധമാണ്. സമിതിയിലേക്ക് പൗരസമൂഹത്തിന്റെ പ്രതിനിധികളെ നിശ്ചയിച്ചതും അണ്ണാ ഹസാരെയാണ്. അണ്ണാ ഹസാരെയുടെ പ്രസ്ഥാനത്തിലൂടനീളം ഹൈന്ദവ ചിഹ്നങ്ങള്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. ആര്‍എസ്എസിന്റെ അതിപ്രസരം ഈ സമരത്തിലുടനീളം ഉണ്ടായിരുന്നു. ഹിന്ദു വര്‍ഗീയ ശക്തികളെ ന്യായീകരിക്കുംവിധമുള്ള പ്രസ്താവനകളാണ് ഹസാരെയില്‍നിന്നുണ്ടായത്. വികസനത്തിന്റെ മാതൃകയായി നരേന്ദ്രമോഡിയെ ചൂണ്ടിക്കാട്ടിയതുതന്നെ ഉദാഹരണം. വികസനമെന്നത് സമഗ്ര വികസനമാണെന്നു തിരിച്ചറിയണം. 2002ല്‍ മുസ്ലിങ്ങളെ വേട്ടയാടിയ മോഡി ഇപ്പോഴും അവര്‍ക്കെതിരെ നിലകൊള്ളുന്നു. ഇതു കാണാതെ വികസനത്തെക്കുറിച്ചുമാത്രം പറയുന്നത് ഹിന്ദുവര്‍ഗീയതയെ ന്യായീകരിക്കലാണ്. ബാബാ രാംദേവും രാം മാധവും ഹസാരെയുമായി വേദി പങ്കിടുന്നതും അസ്വസ്ഥതയുളവാക്കുന്ന കാര്യംതന്നെ- പണിക്കര്‍ പറഞ്ഞു.

പൗരസമൂഹത്തിന്റെ പ്രതിനിധികളായി അണ്ണാ ഹസാരെ നിര്‍ദേശിച്ചവരെമാത്രം ഉള്‍പ്പടുത്തിയതിനെ മഹേഷ്ഭട്ടും ശക്തമായി എതിര്‍ത്തു. അഴിമതിയെന്ന രാക്ഷസനെ വളര്‍ത്തിയതില്‍ എല്ലാവര്‍ക്കും പങ്കുണ്ടെന്നും ലോക്പാല്‍ വരുന്നതോടെ ഈ ഭീഷണി അവസാനിക്കുമെന്നു പറയുന്നത് ശരിയല്ലെന്നും മഹേഷ് ഭട്ട് പറഞ്ഞു.

deshabhimani news

2 comments:

  1. അധികാര കേന്ദ്രീകരണവും അമിതാധികാരവുമാണ് ലോക്പാല്‍ ബില്ലിന് വേണ്ടി അണ്ണാ ഹസാരെ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശങ്ങളില്‍ നിഴലിയ്ക്കുന്നതെന്ന് പ്രശസ്ത ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. അധികാരത്തിന്റെ കേന്ദ്രീകരണം ലോക്പാല്‍ സമിതി രൂപീകരണത്തിലുമുണ്ടെന്ന് പണിക്കര്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. സിനിമാ നിര്‍മാതാവ് മഹേഷ്ഭട്ടും സാമൂഹ്യപ്രവര്‍ത്തക ശബ്നം ഹാഷ്മിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

    ReplyDelete
  2. ലോക്പാല്‍ സംയുക്തസമിതി അംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രധാനമന്ത്രിയോടും സുപ്രീംകോടതി ചീഫ് ജസ്റിസിനോടും ആവശ്യപ്പെടാന്‍ സമിതിയിലെ അണ്ണാ ഹസാരെ വിഭാഗം തീരുമാനിച്ചു. സമിതിയില്‍നിന്ന് പിന്‍വാങ്ങുമെന്ന് നേരത്തെ അറിയിച്ച കര്‍ണാടക ലോകായുക്ത ജസ്റിസ് സന്തോഷ് ഹെഗ്ഡെ തീരുമാനം മാറ്റുകയും ചെയ്തു. ശനിയാഴ്ച വൈകിട്ട് അണ്ണാ ഹസാരെയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സാമൂഹ്യപ്രവര്‍ത്തകരുടെ യോഗമാണ് അഴിമതി ആരോപണങ്ങളില്‍ അന്വേഷണ ആവശ്യം മുന്നോട്ടുവയ്ക്കാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിയോടും സുപ്രീംകോടതി ചീഫ് ജസ്റിസിനോടും ഇക്കാര്യം ആവശ്യപ്പെടുമെന്ന് യോഗശേഷം കിരബേദി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലോക്പാല്‍ സമിതിയിലെ സഹാധ്യക്ഷന്‍കൂടിയായ മുന്‍നിയമമന്ത്രി ശാന്തിഭൂഷണും മകന്‍ പ്രശാന്ത് ഭൂഷണുമെതിരെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത് അണ്ണാ ഹസാരെ വിഭാഗത്തിന് തിരിച്ചടിയായിരുന്നു. ജഡ്ജിക്ക് നാലുകോടി രൂപ നല്‍കിയാല്‍ കേസൊതുക്കാമെന്ന ശാന്തിഭൂഷന്റെ ടെലിഫോ സംഭാഷണവും നോയിഡയില്‍ ശാന്തിഭൂഷണും മകന്‍ ജയന്ത് ഭൂഷണും കോടികളുടെ സ്വത്ത് സ്വന്തമാക്കിയതുമാണ് വിവാദമായത്. ഇതേത്തുടര്‍ന്ന് ഇരുവരും സമിതിയില്‍നിന്ന് ഒഴിവാകണമെന്ന അഭിപ്രായമുയര്‍ന്നു. കര്‍ണാടകത്തില്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതികള്‍ ജസ്റിസ് ഹെഗ്ഡെ കണ്ടില്ലെന്നു നടിക്കുന്നുവെന്നും ആരോപണമുയര്‍ന്നത്. ഇതേത്തുടര്‍ന്ന് താന്‍ സമിതിയില്‍നിന്ന് ഒഴിയുമെന്ന് ഹെഗ്ഡെ പ്രഖ്യാപിച്ചിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്പാല്‍ സമിതി അനിശ്ചിതത്വം ഉണ്ടായതോടെയാണ് ഹസാരെയുടെ നേതൃത്വത്തില്‍ ശനിയാഴ്ച യോഗം ചേര്‍ന്നത്. ജസ്റിസ് ഹെഗ്ഡെ അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു. അഴിമതി ആരോപണങ്ങള്‍ ഉണ്ടെങ്കിലും സമിതി അംഗങ്ങള്‍ തല്‍ക്കാലം ഒഴിയേണ്ടെന്ന് ഹസാരെ നിര്‍ദേശിച്ചു. സമിതിയില്‍ മാറ്റംവരേണ്ട കാര്യമില്ലെന്ന് സഹാധ്യക്ഷനായ ധനമന്ത്രി പ്രണബ്മുഖര്‍ജി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ആരോപണങ്ങള്‍ കണക്കിലെടുക്കേണ്ടെന്നും ശക്തമായ ലോക്പാലിന് രൂപംനല്‍കുകയാണ് വേണ്ടതെന്നും മുഖര്‍ജി പറഞ്ഞു. ആരോപണങ്ങള്‍ ഉയര്‍ന്നെങ്കിലും സമിതിയില്‍ മാറ്റമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ശനിയാഴ്ച പ്രസ്താവിച്ചു. പത്തംഗ സമിതി അംഗമാണ് ഖുര്‍ഷിദ്. ജസ്റിസ് ഹെഗ്ഡെ അടക്കമുള്ളവരുടെ സംഭാവനകള്‍ ലോക്പാല്‍ ബില്‍ രൂപീകരണത്തിന് ആവശ്യമാണെന്നും ഖുര്‍ഷിദ് അഭിപ്രായപ്പെട്ടു.

    ReplyDelete