എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും. ദുരന്തം വിതയ്ക്കുന്ന എന്‍ഡോസള്‍ഫാന്റെ വക്താക്കളായി മാറിയ കേന്ദ്ര ഭരണാധികാരികള്‍ക്ക് താക്കീതായി ജനലക്ഷങ്ങള്‍ പ്രതിഷേധങ്ങളില്‍ അണിനിരക്കും. എന്‍ഡോസള്‍ഫാനടക്കം മാരക കീടനാശിനികളുടെ നിരോധനം ചര്‍ച്ച ചെയ്യുന്ന ജനീവ കണ്‍വന്‍ഷന്‍ തുടങ്ങുന്നത് തിങ്കളാഴ്ചയാണ്. കണ്‍വന്‍ഷനില്‍ ഇന്ത്യാ ഗവര്‍മെണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടുകൂടിയാണ് കേരളത്തില്‍ തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം ആചരിക്കുന്നത്. മാരകവിഷത്തിന്റെ ഇരകളെ സംരക്ഷിക്കണമെന്നും ഇനിയൊരു ജീവന്‍ പോലും ദുരിതക്കടലിലേക്ക് എറിയരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാനമാകെ വിവിധ രൂപത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ കണ്ണികളാകും. കേരളത്തിന്റെ വികാരത്തിനൊപ്പമാണ് സര്‍ക്കാരെന്ന് വിളംബരം ചെയ്ത് തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉപവസിക്കും. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന ഉപവാസത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.
ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ജനകീയ കൂട്ടായ്മ തിരുവനന്തപുരത്ത് വിജെടി ഹാളില്‍ വൈകിട്ട് അഞ്ചിന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തലസ്ഥാനത്തെ ഉപവാസ സമരത്തിനൊപ്പം ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞയും നടക്കും. മന്ത്രിമാര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കും. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, ജീവനക്കാര്‍, അധ്യാപകര്‍, മഹിളകള്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍, കലാ- സാഹിത്യ- സാംസ്കാരിക പ്രവര്‍ത്തകര്‍, ശാസ്ത്ര- ഗവേഷണ മേഖലയിലുള്ളവര്‍, സംഘടിത- അസംഘടിതമേഖലയിലെ തൊഴിലാളികള്‍ തുടങ്ങി സമസ്ത ജനവിഭാഗവും സമരത്തില്‍ കൈകോര്‍ക്കും. കേരളത്തിന്റെ വടക്കേ അറ്റത്തുനിന്ന് ഉയര്‍ന്ന, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ദീനരോദനം ഡല്‍ഹിയിലെ ഭരണാധികാരികളുടെ കാതുകളില്‍ എത്തിക്കുന്നതിനുള്ള പോരാട്ടമായി പ്രതിഷേധദിനാചരണം മാറും. എന്‍ഡോസള്‍ഫാന്‍ നിരോധനകാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളി എത്രയും വേഗം അവസാനിപ്പിച്ച് നയപരമായ തീരുമാനമെടുക്കാന്‍ തയ്യാറാകണമെന്ന് പ്രക്ഷോഭത്തില്‍ ആവശ്യമുയരും. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരയായ പെണ്‍കുട്ടി ഷാഹിന വൈകിട്ട് മുഖ്യമന്ത്രിക്ക് നാരങ്ങാനീര് നല്‍കി ഉപവാസം അവസാനിപ്പിക്കും.
ജനീവ കണ്‍വന്‍ഷന്‍ തുടങ്ങുന്ന ഇന്ത്യന്‍സമയം പകല്‍ 1.30ന് ഡിവൈഎഫ്ഐ നേതൃത്വത്തില്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധാഗ്നി തെളിക്കും. കാസര്‍കോട് പട്ടണത്തില്‍ നിശ്ചലസമരം നടത്തും. പ്രതിഷേധാഗ്നി തെളിച്ചശേഷം 15 മിനിറ്റാണ് നിശ്ചലസമരം. മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വൈകിട്ട് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. ശാസ്ത്രസാഹിത്യപരിഷത്ത് മേഖലാ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും സംഘടിപ്പിക്കും. പ്രതിഷേധ പരിപാടിയില്‍ എല്ലാ വിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് വിവിധ വര്‍ഗബഹുജന സംഘടനകള്‍ അഭ്യര്‍ഥിച്ചു.
ദുരന്തം ലോകം കണ്ടു; കണ്ണടച്ച് കേന്ദ്രം
കാസര്‍കോട്: എണ്‍പതിലധികം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തെളിവായി കാസര്‍കോട്ടെ ദുരന്തം എടുത്തുകാണിക്കുമ്പോഴും കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നു. ജില്ലയിലെ 11 പഞ്ചായത്തില്‍ ആയിരങ്ങളുടെ ജീവിതം ഇല്ലാതാക്കിയത് എന്‍ഡോസള്‍ഫാനാണെന്നതിന് തെളിവില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാട് വഞ്ചനയാണ്. കര്‍ണാടകയും എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടത് കേന്ദ്രം ബോധപൂര്‍വം മറയ്ക്കുകയാണ്. രണ്ടു പതിറ്റാണ്ടിലധികം പ്ളാന്റേഷന്‍ കോര്‍പറേഷന്റെ കശുമാവ് തോട്ടത്തില്‍ തേയിലക്കൊതുകിനെ നശിപ്പിക്കാന്‍ കൃഷിവിദഗ്ധരുടെ ശുപാര്‍ശയില്‍ ഹെലികോപ്റ്റര്‍വഴി തളിച്ച എന്‍ഡോസള്‍ഫാന്‍ ജനങ്ങളുടെ ആരോഗ്യവും നാടിന്റെ പരിസ്ഥിതിയുമാണ് തകര്‍ത്തത്. തോട്ടമുള്ള 11 പഞ്ചായത്തിലെ ജനങ്ങളില്‍ സമാനരോഗങ്ങള്‍ പടര്‍ന്നുപിടിച്ചതിന് മറ്റു കാരണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ഇവിടെ പഠനം നടത്തിയ വിവിധ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലോകരാജ്യങ്ങള്‍ ഈ കീടനാശിനി നിരോധിച്ചത്. എന്നിട്ടും തെളിവില്ലെന്നു വാദിച്ച് നിരോധനത്തിന് എതിരുനില്‍ക്കുകയാണ് കേന്ദ്രം. ഇതിനുപിന്നില്‍ രഹസ്യ അജന്‍ഡ ഉണ്ടെന്ന് വ്യക്തം.
ഐസിഎംആര്‍ (ഇന്ത്യന്‍ കൌസില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്) റിപ്പോര്‍ട്ട് കിട്ടാതെ നടപടി സ്വീകരിക്കാന്‍ പറ്റില്ലെന്ന പ്രധാനമന്ത്രിയുടെ നിലപാട് മറ്റൊരു വഞ്ചനയാണ്. പത്തു വര്‍ഷംമുമ്പ് ഐസിഎംആര്‍ നിയോഗിച്ച നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത് (എന്‍ഐഒഎച്ച്) നടത്തിയ പഠന റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്റെ കൈയിലിരിക്കെയാണ് ഇതേക്കുറിച്ച് അറിയില്ലെന്നും പുതിയ സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിക്കഴിഞ്ഞ് പരിശോധിക്കാമെന്നും പ്രധാനമന്ത്രി പറയുന്നത്. പഠനത്തിന് സമയപരിധി നിശ്ചയിക്കാന്‍ പറ്റില്ലെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി ജയറാം രമേഷ് പറയുന്നു. കാസര്‍കോട്ടെ രോഗകാരണം എന്‍ഡോസള്‍ഫാനാണെന്ന് തെളിവില്ലെന്നും മറ്റു സംസ്ഥാനങ്ങളൊന്നും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പറയുന്ന കേന്ദ്ര കൃഷിമന്ത്രി ശരത്പവാറിന്റെയും സഹമന്ത്രി കെ വി തോമസിന്റെയും അഭിപ്രായത്തോട് കേന്ദ്രമന്ത്രിമാര്‍ ഒന്നാകെ യോജിക്കുന്നുവെന്നാണ് വെളിവാകുന്നത്.
കാസര്‍കോട്ടുണ്ടായ ദുരന്തം രാജ്യത്താകെ ഉണ്ടായാലേ നടപടി സ്വീകരിക്കൂവെന്ന് പറയുന്നത് അസംബന്ധമാണ്. സത്യം തിരിച്ചറിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കീടനാശിനി നിരോധിക്കുക മാത്രമല്ല, രോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും നടപടിയെടുത്തു. ആരോഗ്യവകുപ്പിന്റെ പഠനത്തില്‍ 4530 രോഗികള്‍ ഉണ്ടെന്ന് കണ്ടെത്തി. ഇവര്‍ക്ക് നല്‍കിയ ബയോമെട്രിക് കാര്‍ഡ് കാണിച്ചാല്‍ ഏത് ആശുപത്രിയിലും സൌജന്യ ചികിത്സ ലഭിക്കും. അവശരായ രോഗികള്‍ക്ക് 2000 രൂപയും മറ്റുള്ളവര്‍ക്ക് 1000 രൂപയും പ്രതിമാസം സര്‍ക്കാര്‍ നല്‍കും. ഇവരെ പരിചരിക്കുന്നവര്‍ക്കും പെന്‍ഷന്‍ നല്‍കുന്നുണ്ട്. സൌജന്യ റേഷന്‍, കടം എഴുതിത്തള്ളല്‍, വീട് തുടങ്ങിയ മറ്റു പദ്ധതികള്‍ക്കും രൂപം നല്‍കി. രോഗംമൂലം മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം നല്‍കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ഇവര്‍ക്കുള്ള ആശ്വാസ പദ്ധതിക്ക് തുടക്കമിട്ടത്. ഈ പദ്ധതി മുന്നോട്ട് കൊണ്ടുപോകാനും ദുരന്തബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സഹായിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും കേന്ദ്രം പരിഗണിച്ചിട്ടില്ല.
(എം ഒ വര്‍ഗീസ്)
മാരകവിഷത്തിനെതിരെ നിരവധി തെളിവ്
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍മൂലം കാസര്‍കോട് ജില്ലയില്‍ ആളുകള്‍ രോഗബാധിതരായതിന് തെളിവില്ലെന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെ വാദിക്കുന്നത് ഐസിഎംആര്‍ പഠന റിപ്പോര്‍ട്ട് കണ്ടില്ലെന്നു നടിച്ച്. കൃഷിമന്ത്രി ശരത്പവാറിന്റെ അടിസ്ഥാനരഹിത വാദം കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി ആവര്‍ത്തിക്കുകയാണ്. ഐസിഎംആര്‍ നിയോഗിച്ച സമിതി 2001ലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ടുവര്‍ഷം കേന്ദ്രം പൂഴ്ത്തിവച്ച റിപ്പോര്‍ട്ട് 2003ലാണ് പുറത്തു വിട്ടത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്തി (എന്‍ഐഒഎച്ച്)നെയാണ് പഠനത്തിന് നിയോഗിച്ചത്. ഡോ. ഹബീബുള്ള സെയ്ദിന്റെ നേതൃത്വത്തില്‍ എപ്പിഡെമോളജി സര്‍വേയാണ് നടത്തിയത്. ഈ റിപ്പോര്‍ട്ടില്‍ കാസര്‍കോട് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കാണുന്ന രോഗങ്ങള്‍ക്കുകാരണം ഇവിടെ 22 വര്‍ഷത്തോളം തളിച്ച എന്‍ഡോസള്‍ഫാനാണെന്ന് വ്യക്തമായി പറയുന്നുണ്ട്. രോഗബാധിത പ്രദേശങ്ങളിലെത്തി സംഘം നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. രോഗബാധിതപ്രദേശമായ വാണിനഗറിലെ 150 കുട്ടികളെയും ഇവിടെനിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള മീഞ്ച പ്രദേശത്തെ 150 കുട്ടികളെയും പ്രത്യേക പഠനത്തിന് വിധേയമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എന്‍ഡോസള്‍ഫാന്‍ രോഗങ്ങള്‍ ഈ രണ്ടു സ്ഥലത്തെയും കുട്ടികളില്‍ വ്യത്യസ്ത നിലയിലാണ് കണ്ടെത്തിയത്. വാണിനഗറിലെ കുട്ടികളില്‍ നാലിരട്ടി അധികമാണ് രോഗലക്ഷണം. എന്‍ഡോസള്‍ഫാനല്ലാതെ മറ്റൊരു കാരണവും ഇതിന് കാണാനുമില്ല. ഈ കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കണമെന്ന ആവശ്യം എട്ടു വര്‍ഷംമുമ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡോ. പ്രജേന്ദ്രസിങ്, ഡോ. വൈ കെ ഗുപ്ത, ഡോ. എ ദിവാന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റു വിദഗ്ധര്‍.
കൃഷിശാസ്ത്രജ്ഞനായ ഒ പി ദുബെയുടെ നേതൃത്വത്തില്‍ പിന്നീട് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേന്ദ്രം അടിസ്ഥാനമാക്കുന്നത്. ഈ റിപ്പോര്‍ട്ടില്‍ കാസര്‍കോട്ട് കാണുന്ന രോഗങ്ങള്‍ എന്‍ഡോസള്‍ഫാന്‍മൂലമാണെന്നതിന് തെളിവില്ലെന്നാണ് പറയുന്നത്. എന്നാല്‍ ദുബെ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന എന്‍ഐഒഎച്ച് സമിതിയിലെ നാല് അംഗങ്ങളും വിയോജനക്കുറിപ്പ് എഴുതിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ഡോ. അച്യുതന്‍ കമ്മിറ്റിയുടെ നിഗമനവും എന്‍ഡോസള്‍ഫാനാണ് രോഗകാരണമെന്നാണ്. വിവിധ എന്‍ജിഒകള്‍ നടത്തിയ പഠനത്തിലും എന്‍ഡോസള്‍ഫാനാണ് ദുരന്തം വിതച്ചതെന്ന് പറഞ്ഞിട്ടും കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടിട്ടില്ല. ഏറ്റവും ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം നടത്തിയ പഠനവും ഐസിഎംആര്‍ പഠനം ശരിവയ്ക്കുന്നു.
മാധ്യമങ്ങളുടെ സമരം ആവേശകരം-വി എസ്
മനുഷ്യനും പ്രകൃതിക്കും ആപത്തുണ്ടാക്കുന്ന എന്‍ഡോസള്‍ഫാന്‍ വിഷത്തിനെതിരെ കേരളത്തിലെ മാധ്യമങ്ങള്‍ നടത്തുന്ന സമരം ആവേശകരമാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. മാരക കീടനാശിനികള്‍ക്കെതിരെ സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാന്‍ മാധ്യമങ്ങള്‍ക്കു കഴിഞ്ഞു. പരിസ്ഥിതി സംരക്ഷണത്തില്‍ മാധ്യമങ്ങള്‍ കാണിക്കുന്ന താല്‍പ്പര്യം അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേസരി സ്മാരക മന്ദിരത്തിനു മുന്നില്‍ കേസരി എ ബാലകൃഷ്ണപിള്ളയുടെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള മാധ്യമരംഗത്ത് പരിസ്ഥിതി സംരക്ഷണബോധം വളര്‍ത്തുന്നതിന് അടിത്തറ പാകിയതും കേസരി ബാലകൃഷ്ണപിള്ളയാണെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പന്റെ പൂങ്കാവനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശബരിമലയില്‍ രണ്ടു ലക്ഷത്തോളം ഏക്കര്‍ മലനിരകള്‍ കാപ്പിയും തേയിലയും കൃഷി ചെയ്യാന്‍ ബ്രൂക്ക്ബോണ്ട് കമ്പനിക്ക് 99 വര്‍ഷത്തെ പാട്ടത്തിനു നല്‍കാന്‍ റീജന്റ് മഹാറാണിയും ദിവാന്‍ വാട്സും ബ്രിട്ടീഷ് ഇന്ത്യാ ഗവണ്‍മെന്റും നീക്കം നടത്തിയപ്പോള്‍ വാര്‍ത്ത നല്‍കി ജനങ്ങളെ അറിയിച്ചത് ബാലകൃഷ്ണപിള്ളയായിരുന്നു. കാടുംമേടും നശിപ്പിച്ച് പ്രകൃതിയെ ബലാല്‍ക്കാരം ചെയ്യുന്ന ബ്രൂക്ക്ബോണ്ട് ഇടപാടിനെതിരെ ജനകീയപ്രക്ഷോഭത്തിനു തിരികൊളുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ജനരോഷത്തിനു മുന്നില്‍ മുട്ടുമടക്കാന്‍ ഭരണകൂടം നിര്‍ബന്ധിതമായി. അല്ലായിരുന്നെങ്കില്‍ മൂന്നാര്‍ ടാറ്റയുടെ പിടിയിലായതുപോലെ അയ്യപ്പന്റെ പൂങ്കാവനം വിദേശ കുത്തകയായ ബ്രൂക്ക്ബോണ്ടിന്റെ സ്വത്തായി മാറുമായിരുന്നു. പത്രമാരണം നിയമം കൊണ്ടുവന്ന റീജന്റ് മഹാറാണിയെയും ദിവാനെയും വലിയകോയിത്തമ്പുരാനെയും നിശിതമായി ബാലകൃഷ്ണപിള്ള വിമര്‍ശിച്ചു. ഇതിന്റെ പേരില്‍ പത്രാധിപജോലി ഉപേക്ഷിക്കാന്‍ ബാലകൃഷ്ണപിള്ള നിര്‍ബന്ധിതനായി. പിന്നീട്, അദ്ദേഹം സ്വന്തമായി തുടങ്ങിയ രണ്ടു പത്രങ്ങള്‍ അധികാരികള്‍ പൂട്ടിച്ചു. വൈക്കം സത്യഗ്രഹമടക്കമുള്ള സാമൂഹ്യനീതിക്കുവേണ്ടിയുള്ള പേരാട്ടങ്ങളിലും സമൂഹത്തില്‍ സാര്‍വദേശീയ വീക്ഷണം വളര്‍ത്തുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. സ്വാതന്ത്യ്രത്തിനും സത്യത്തിനും സാമൂഹ്യനീതിക്കുമായി കേസരിയടക്കമുള്ള ആദ്യപഥികര്‍ നടത്തിയ പേരാട്ടങ്ങള്‍, മാധ്യമരംഗത്തുള്‍പ്പടെ മൂല്യങ്ങള്‍ക്ക് ഇടിവു സംഭവിക്കുന്നുവെന്ന ആക്ഷേപം പരക്കെയുള്ള ഇക്കാലത്ത് മാധ്യമപ്രവര്‍ത്തകര്‍ അനുസ്മരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദേശാഭിമാനി 250411
എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ വിസമ്മതിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ തിങ്കളാഴ്ച കേരളം ഒറ്റക്കെട്ടായി പ്രതിഷേധിക്കും. ദുരന്തം വിതയ്ക്കുന്ന എന്‍ഡോസള്‍ഫാന്റെ വക്താക്കളായി മാറിയ കേന്ദ്ര ഭരണാധികാരികള്‍ക്ക് താക്കീതായി ജനലക്ഷങ്ങള്‍ പ്രതിഷേധങ്ങളില്‍ അണിനിരക്കും. എന്‍ഡോസള്‍ഫാനടക്കം മാരക കീടനാശിനികളുടെ നിരോധനം ചര്‍ച്ച ചെയ്യുന്ന ജനീവ കണ്‍വന്‍ഷന്‍ തുടങ്ങുന്നത് തിങ്കളാഴ്ചയാണ്. കണ്‍വന്‍ഷനില്‍ ഇന്ത്യാ ഗവര്‍മെണ്ട് എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് അനുകൂലമായ നിലപാടെടുക്കണമെന്ന് ആവശ്യപ്പെട്ടുകൂടിയാണ് കേരളത്തില്‍ തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനം ആചരിക്കുന്നത്. മാരകവിഷത്തിന്റെ ഇരകളെ സംരക്ഷിക്കണമെന്നും ഇനിയൊരു ജീവന്‍ പോലും ദുരിതക്കടലിലേക്ക് എറിയരുതെന്നും ആവശ്യപ്പെട്ട് സംസ്ഥാനമാകെ വിവിധ രൂപത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ കണ്ണികളാകും. കേരളത്തിന്റെ വികാരത്തിനൊപ്പമാണ് സര്‍ക്കാരെന്ന് വിളംബരം ചെയ്ത് തിങ്കളാഴ്ച രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉപവസിക്കും. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നടക്കുന്ന ഉപവാസത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കും.
ReplyDelete