Wednesday, April 20, 2011

കേന്ദ്രത്തിന്റെ 3 രൂപ അരി പദ്ധതി പ്രതിസന്ധിയില്‍

രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു രൂപാ അരിപദ്ധതി അനിശ്ചിതത്വത്തില്‍. സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതിയും ആസൂത്രണ കമീഷനും തമ്മിലുള്ള തര്‍ക്കമാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നത്. എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മൂന്നു രൂപയ്ക്ക് പ്രതിമാസം 35 കിലോ അരി നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, എല്ലാവര്‍ക്കും മൂന്നു രൂപയ്ക്ക് അരി എന്ന പ്രഖ്യാപനം പിന്നീട് തിരുത്തി. ജനസംഖ്യയില്‍ 75 ശതമാനത്തെയും പദ്ധതിക്കു കീഴിലാക്കണമെന്നാണ് സോണിയ അധ്യക്ഷയായ ദേശീയ ഉപദേശക സമിതി ആവശ്യപ്പെട്ടത്. ഗ്രാമീണതലത്തില്‍ 90 ശതമാനത്തിനും നഗരങ്ങളിലെ 50 ശതമാനത്തിനുമായി പദ്ധതി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. ഇതിനോട് ആസൂത്രണ കമീഷന്‍ യോജിക്കുന്നില്ല.

ഭക്ഷ്യസുരക്ഷാബില്ലിന്റെ കരട് സംസ്ഥാനങ്ങള്‍ക്ക് അയച്ചുകൊടുത്തിരുന്നു. ഇതിന് മറുപടി നല്‍കി ഒരുവര്‍ഷം കഴിഞ്ഞിട്ടും ബില്ല് അവതരിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് കേന്ദ്രം. ബില്ലിനെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നിയോഗിച്ച സി രംഗരാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശകളും പദ്ധതിക്ക് വിനയായി. 90 ശതമാനം ഗ്രാമീണജനങ്ങള്‍ക്കും നഗരത്തിലുള്ള 50 ശതമാനം കുടുംബങ്ങള്‍ക്കും മൂന്നു രൂപാ നിരക്കില്‍ അരി നല്‍കണമെന്നത് പ്രായോഗികമല്ലെന്നായിരുന്നു രംഗരാജന്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍. ഗ്രാമങ്ങളിലെ 46 ശതമാനത്തിനും നഗരങ്ങളിലെ 28 ശതമാനത്തിനും മാത്രമായി പദ്ധതി നടപ്പാക്കിയാല്‍ മതിയെന്നാണ് കമ്മിറ്റിയുടെ നിര്‍ദേശം.

ഇന്ത്യയില്‍ ഗ്രാമീണ ജനസംഖ്യയില്‍ 41.8 ശതമാനവും നഗരജനസംഖ്യയില്‍ 25.7 ശതമാനവും മാത്രമാണ് ദരിദ്രര്‍ എന്നാണ് തെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ പഠനം. ഇതിനോട് പത്തു ശതമാനംകൂടി ചേര്‍ത്താണ് രംഗരാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശ. എപിഎല്‍ വിഭാഗത്തിന് സബ്സിഡി നിരക്കില്‍ ഭക്ഷ്യധാന്യം നല്‍കേണ്ട കാര്യമില്ലെന്നും സംഭരണവില കണക്കാക്കിയാണ് അവര്‍ക്കുള്ള അരിയുടെയും ഗോതമ്പിന്റെയും വില നിശ്ചയിക്കേണ്ടതെന്നുമാണ് രംഗരാജന്‍ കമ്മിറ്റി പറയുന്നത്. ദേശീയ ഉപദേശക സമിതി ആവശ്യപ്പെടുന്നതനുസരിച്ച് ഭക്ഷ്യധാന്യം വിതരണംചെയ്യാന്‍ പ്രതിവര്‍ഷം 83000 കോടി രൂപ വേണം. ഇതിനുള്ള തുക വകയിരുത്താതെയാണ് പദ്ധതിക്ക് സമ്മര്‍ദം ചെലുത്തുന്നതെന്നാണ് ആസൂത്രണ കമീഷന്റെ പക്ഷം. രംഗരാജന്‍ കമ്മിറ്റിയുടെ ശുപാര്‍ശയനുസരിച്ച് പദ്ധതിയില്‍ വെള്ളം ചേര്‍ത്ത് നടപ്പാക്കിയാല്‍ രാഷ്ട്രീയമായ തിരിച്ചടിയുണ്ടാകുമെന്ന് യുപിഎ ഭയപ്പെടുന്നു.
(ആര്‍ സാംബന്‍)

2 രൂപ അരിവിതരണത്തിന് തടസ്സമില്ല: ഭക്ഷ്യമന്ത്രി

സംസ്ഥാനത്ത് 70 ലക്ഷം കാര്‍ഡുടമകള്‍ക്കും രണ്ടുരൂപ നിരക്കില്‍ റേഷനരി ലഭ്യമാക്കാന്‍ ധനവകുപ്പ് 250 കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രി സി ദിവാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അരിവിതരണത്തിന് ഇപ്പോള്‍ തടസ്സങ്ങളൊന്നുമില്ല. തെരഞ്ഞെടുപ്പ് കമീഷന്റെ നിരോധനം കൊണ്ടാണ് അരിവിതരണം മുടങ്ങിയത്. ~ അരി നല്‍കുന്നതു മൂലമുള്ള സാമ്പത്തികബാധ്യതയെക്കുറിച്ച് റേഷന്‍ കടയുടമകള്‍ക്ക് ആശങ്ക വേണ്ട. രണ്ടാഴ്ചക്കകം മുഴുവന്‍ പണവും നല്‍കും. മെയ്മുതല്‍ പണം മുന്‍കൂറായി എഫ്സിഐയില്‍ അടയ്ക്കും. കേന്ദ്രം കിലോയ്ക്ക് 8.90 രൂപ ഈടാക്കുന്ന അരിയാണ് ഇവിടെ രണ്ടുരൂപയ്ക്ക് നല്‍കുന്നത്. അരി വിതരണം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാന്‍ ഉന്നതോദ്യോഗസ്ഥരുടെ സമിതി രൂപീകരിച്ചിട്ടുണ്ട്. പരാതികള്‍ കാര്‍ഡുടമകള്‍ക്ക് ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കാം. സംസ്ഥാനത്ത് എവിടെ നിന്നും വിളിക്കാവുന്ന ടോള്‍ഫ്രീ നമ്പര്‍ 18004251550 ആണ്. അരി വിതരണത്തില്‍ തെരഞ്ഞെടുപ്പു കമീഷന്‍ ഏര്‍പ്പെടുത്തിയ നിരോധനം നീക്കിയത് സര്‍ക്കാരിനെ അറിയിക്കാന്‍ വൈകി. ഇതുമൂലമാണ് തുടര്‍നടപടികള്‍ക്ക് കാലതാമസം നേരിട്ടത്. പൊതുഅവധിയും തെരഞ്ഞെടുപ്പ് ചുമതലയും ചിലയിടത്തെ എഫ്സിഐ തൊഴിലാളി പണിമുടക്കും അരി വിതരണത്തെ ബാധിച്ചു.

രണ്ടുരൂപ അരി പദ്ധതി നിലവില്‍വന്നത് 2009 മെയ് 22നാണ്. അന്നുമുതല്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പദ്ധതിയെ എതിര്‍ക്കുന്നു. 2010 ജൂ ഒന്നുമുതല്‍ എപിഎല്‍ വിഭാഗത്തില്‍പ്പെട്ട അസംഘടിതമേഖലയിലെ തൊഴിലാളി കുടുംബങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി. എപിഎല്‍ വിഭാഗത്തിലെ ഏഴുലക്ഷം ഉള്‍പ്പെടെ മൊത്തം 28 ലക്ഷം കുടുംബങ്ങള്‍ക്കാണ് അരി നല്‍കിവരുന്നത്. 2011 ജനുവരി അഞ്ചുമുതല്‍ 23 വിഭാഗത്തില്‍പ്പെട്ട എപിഎല്‍ കുടുംബങ്ങളെക്കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ബജറ്റ് പ്രഖ്യാപനപ്രകാരം 2011 ഫെബ്രുവരി 25 മുതല്‍ മുഴുവന്‍ കാര്‍ഡുടമകള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി പദ്ധതി ബാധകമാക്കി. അപേക്ഷ സ്വീകരിച്ചുതുടങ്ങിയ ഘട്ടത്തിലാണ് മാര്‍ച്ച് ഏഴിന് തെരഞ്ഞെടുപ്പു കമീഷന്‍ അരിവിതരണം തടഞ്ഞത്. ഹൈക്കോടതി മാര്‍ച്ച് 21ന് ആ ഉത്തരവ് റദ്ദാക്കി. അരി വിതരണം പുനരാരംഭിച്ചെങ്കിലും മാര്‍ച്ച് 30ന് ഹൈക്കോടതി ഉത്തരവു സുപ്രീംകോടതി സ്റേ ചെയ്തു. ഏപ്രില്‍ 18ന് നിരോധനം പിന്‍വലിച്ച അറിയിപ്പ് കത്ത് മുഖേന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഭക്ഷ്യവകുപ്പിനെ അറിയിച്ചു. അന്ന് വൈകിട്ടുതന്നെ വിവരം അതതു ജില്ലാ സപ്ളൈ ഓഫീസര്‍മാരെ അറിയിച്ചു.

എപിഎല്‍ വിഭാഗത്തിന് മാസം പത്തുകിലോ അരിയും രണ്ടുകിലോ ഗോതമ്പും രണ്ടുരൂപ നിരക്കില്‍ നല്‍കിത്തുടങ്ങി. ബിപിഎല്ലിന് 28 കിലോ അരിയും ഏഴുകിലോ ഗോതമ്പും അന്ത്യോദയ അന്നയോജന കുടുംബങ്ങള്‍ക്ക് 35 കിലോ അരിയും ഇതേ നിരക്കില്‍ നല്‍കും. അന്നപൂര്‍ണ വിഭാഗത്തിന് പ്രതിമാസം പത്തുകിലോ അരി സൌജന്യമായി നല്‍കുമെന്ന് മന്ത്രി പറഞ്ഞു. അരിവിതരണം സംബന്ധിച്ച ഉത്തരവ് അവ്യക്തമാണെന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയുടെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പറഞ്ഞു.

ദേശാഭിമാനി 200411

1 comment:

  1. രാജ്യത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നു രൂപാ അരിപദ്ധതി അനിശ്ചിതത്വത്തില്‍. സോണിയ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശക സമിതിയും ആസൂത്രണ കമീഷനും തമ്മിലുള്ള തര്‍ക്കമാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നത്. എപിഎല്‍ ബിപിഎല്‍ വ്യത്യാസമില്ലാതെ രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും മൂന്നു രൂപയ്ക്ക് പ്രതിമാസം 35 കിലോ അരി നല്‍കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, എല്ലാവര്‍ക്കും മൂന്നു രൂപയ്ക്ക് അരി എന്ന പ്രഖ്യാപനം പിന്നീട് തിരുത്തി. ജനസംഖ്യയില്‍ 75 ശതമാനത്തെയും പദ്ധതിക്കു കീഴിലാക്കണമെന്നാണ് സോണിയ അധ്യക്ഷയായ ദേശീയ ഉപദേശക സമിതി ആവശ്യപ്പെട്ടത്. ഗ്രാമീണതലത്തില്‍ 90 ശതമാനത്തിനും നഗരങ്ങളിലെ 50 ശതമാനത്തിനുമായി പദ്ധതി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. ഇതിനോട് ആസൂത്രണ കമീഷന്‍ യോജിക്കുന്നില്ല.

    ReplyDelete