Saturday, April 30, 2011

ട്രേഡ് യൂണിയന്‍ അംഗീകാര ആക്ട് നിലവില്‍ വന്നു

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ സംഘടിത വിലപേശല്‍ സുഗമമാക്കുന്നതിനും ട്രേഡ് യൂണിയനുകളുടെ ബാഹുല്യം നിയന്ത്രിക്കുന്നതിനുമുള്ള ആക്ട് നിലവില്‍ വന്നു. കേരള നിയമസഭ പാസാക്കിയ ആക്ടിന് ഇന്ത്യന്‍ പ്രസിഡന്റിന്റെ അനുമതി ലഭിച്ചു. ഇനി ചട്ടങ്ങള്‍ ഉണ്ടാക്കി വിജ്ഞാപനം ഇറക്കുന്ന മുറയ്ക്ക് നിയമം പ്രാബല്യത്തിലാവും.

അന്‍പതോ അതിലധികമോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന പൊതുമേഖലാ, സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ട്രേഡ് യൂണിയന്‍ അംഗീകരണ ആക്ട് ബാധകമാവും. 1926ലെ ട്രേഡ് യൂണിയന്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളി യൂണിയനുകളുടെ അംഗീകാരം നിശ്ചയിക്കുന്നതിന്  മാനദണ്ഡങ്ങളുമായി. ഓരോ വ്യവസായ സ്ഥാപനത്തിലെയും യൂണിയനുകളുടെ അംഗീകാരം നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിയമിക്കുന്ന രജിസ്ട്രാര്‍ക്കാണ് അധികാരം. രഹസ്യ ബാലറ്റിലൂടെ തൊഴിലാളികളുടെ സമ്മതിദാനം വിനിയോഗിച്ചാവും അംഗീകാരം നിശ്ചയിക്കുക. കൂട്ടായ വിലപേശല്‍ നടത്തുന്നതിനുള്ള ജോയിന്റ് ബാര്‍ഗെയ്‌നിംഗ് കൗണ്‍സിലില്‍ അംഗീകാരമുള്ള ട്രേഡ് യൂണിയനുകളെയാവും ചര്‍ച്ചയിലും ഒത്തുതീര്‍പ്പിലും പങ്കെടുപ്പിക്കുക. ഒന്നിലധികം തൊഴിലാളി യൂണിയനുകളുള്ള സ്ഥാപനത്തില്‍ നടക്കുന്ന വോട്ടെടുപ്പില്‍ 51 ശതമാനത്തിലധികം പേരുടെ അംഗീകാരമുള്ള ട്രേഡ് യൂണിയനെ സോള്‍ ബാര്‍ഗെയ്‌നിംഗ് ഏജന്റായി കണക്കാക്കി രജിസ്ട്രാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. നാല്‍പത് ശതമാനത്തില്‍ കുറയാത്ത വോട്ട് നേടുന്ന ട്രേഡ് യൂണിയനുകള്‍ ബന്ധപ്പെട്ട വ്യവസായ സ്ഥാപനത്തില്‍ ജോയിന്റ് ബാര്‍ഗെയ്‌നിംഗ് കൗണ്‍സിലിലെ പ്രിന്‍സിപ്പല്‍ ബാര്‍ഗെയ്‌നിംഗ് ഏജന്റായിരിക്കും. 10 മുതല്‍ 15 ശതമാനം വരെ വോട്ടുകള്‍ നേടുന്ന ട്രേഡ് യൂണിയനുകളെ ആ സ്ഥാപനത്തിലെ അംഗീകൃത ട്രേഡ് യൂണിയനായി കണക്കാക്കും. ഇവരും ഒത്തുതീര്‍പ്പ് ചര്‍ച്ചകളില്‍ ഒരു കക്ഷിയായിരിക്കും.

തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പില്‍ എത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ സോള്‍ ബാര്‍ഗെയ്‌നിംഗ് ഏജന്റിന്റെ അഭിപ്രായത്തിനാവും മുന്‍ഗണന. നാല്‍പത് ശതമാനത്തിലേറെ തൊഴിലാളികളുടെ അംഗീകാരമുള്ള പ്രിന്‍സിപ്പല്‍ ബാര്‍ഗെയ്‌നിംഗ് ഏജന്റ് ഉള്ള സ്ഥാപനങ്ങളില്‍ അവരെ കൂടാതെ ഒരു ഒത്തുതീര്‍പ്പ് വ്യവസ്ഥക്കും നിയമ പ്രാബല്യമുണ്ടാവില്ല.

പ്രിന്‍സിപ്പല്‍ ബാര്‍ഗെയ്‌നിംഗ് ഏജന്റ് ഇല്ലാത്ത സ്ഥാപനങ്ങളില്‍ ജോയിന്റ് ബാര്‍ഗെയ്‌നിംഗ് കൗണ്‍സിലിലെ ഘടകങ്ങളായി അംഗീകരിക്കപ്പെട്ടതും അന്‍പത് ശതമാനത്തിലധികം വോട്ട് കൂട്ടായി നേടിയിട്ടുള്ളതുമായ  ഒന്നോ അതിലധികമോ ട്രേഡ് യൂണിയനുകള്‍ക്ക് ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ ഒപ്പുവെയ്ക്കുന്നതിന് അവകാശംഉണ്ടായിരിക്കും. അംഗീകാരം നേടിയ ട്രേഡ് യൂണിയന് അംഗത്വം നഷ്ടപ്പെട്ടുവെന്നോ അംഗീകരണ ആക്ടിലെ വ്യവസ്ഥകള്‍ ലംഘിച്ചുവെന്നോ രജിസ്ട്രാര്‍ക്ക് ബോധ്യപ്പെട്ടാല്‍ അംഗീകാരം പിന്‍വലിക്കാനും റദ്ദാക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ നിശ്ചിത ഫീസോടെ അപ്പീല്‍ ബോധിപ്പിക്കാനുള്ള അവകാശം ട്രേഡ് യൂണിയനുകള്‍ക്ക് ഉണ്ടായിരിക്കും.

ജനയുഗം 290411

1 comment:

  1. സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ സംഘടിത വിലപേശല്‍ സുഗമമാക്കുന്നതിനും ട്രേഡ് യൂണിയനുകളുടെ ബാഹുല്യം നിയന്ത്രിക്കുന്നതിനുമുള്ള ആക്ട് നിലവില്‍ വന്നു. കേരള നിയമസഭ പാസാക്കിയ ആക്ടിന് ഇന്ത്യന്‍ പ്രസിഡന്റിന്റെ അനുമതി ലഭിച്ചു. ഇനി ചട്ടങ്ങള്‍ ഉണ്ടാക്കി വിജ്ഞാപനം ഇറക്കുന്ന മുറയ്ക്ക് നിയമം പ്രാബല്യത്തിലാവും.

    ReplyDelete