Wednesday, April 20, 2011

ബംഗാളില്‍ അമേരിക്കയ്ക്ക് അമിത താല്‍പ്പര്യം: കാരാട്ട്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ എട്ടാംതവണയും അധികാരത്തിലെത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് ഇടതുപക്ഷത്തെ തുടച്ചുമാറ്റാന്‍ ആര് ശ്രമിച്ചാലും നടക്കില്ല- അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ കാരാട്ട് 'ദേശാഭിമാനി'യോട് സംസാരിക്കുകയായിരുന്നു.

അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ക്ക് എന്നും തടസ്സം നില്‍ക്കുന്ന ഇടതുപക്ഷത്തെ അപകടകാരികളായാണ് അമേരിക്കന്‍ സാമ്രാജ്യത്വം കാണുന്നത്. ഇടതുപക്ഷത്തെ ദുര്‍ബലമാക്കാന്‍ അമേരിക്ക എന്തൊക്കെ കുതന്ത്രങ്ങളാണ് നടത്തിയതെന്ന് വിക്കിലീക്സ് രേഖകളില്‍ വ്യക്തമാണ്. ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്തുന്നതില്‍ ഇടതുപക്ഷത്തെ ആശ്രയിച്ചത് ഏറ്റവും മോശമായ കാര്യമായാണ് അമേരിക്ക കണ്ടത്. പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തെ തോല്‍പ്പിച്ചാല്‍ ഇന്ത്യയിലാകെ ഇടതുപക്ഷത്തെ ദുര്‍ബലമാക്കാനാകുമെന്നാണ് അമേരിക്കന്‍ കണക്കുകൂട്ടല്‍. അതിന് എല്ലാ കമ്യൂണിസ്റ് വിരുദ്ധ ശക്തികളെയും തൃണമൂലിനു പിന്നില്‍ അണിനിരത്താന്‍ അവര്‍ ശ്രമിച്ചു. പ്രതിലോമശക്തികളെ ഒന്നിപ്പിക്കാന്‍ വിദേശത്തുനിന്ന് പണംപറ്റുന്ന ചില എന്‍ജിഒ സംഘടനകളും സജീവമായി ശ്രമിക്കുന്നു.

ഈ തെരഞ്ഞെടുപ്പില്‍ സാമ്രാജ്യത്വശക്തികള്‍ക്കുള്ള അമിതതാല്‍പ്പര്യം കാണാതിരിക്കാനാകില്ല. തൃണമൂല്‍ കോണ്‍ഗ്രസിലുള്ള ചിലര്‍ അമേരിക്കയുടെ സ്വന്തം ആളുകളാണ്. ഫിക്കിയുടെ ജനറല്‍ സെക്രട്ടറിയായ അമിത് മിത്ര തൃണമൂല്‍ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ഇതിന് ഉദാഹരണം. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ വിദേശ ശക്തികള്‍ ഉള്‍പ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ട്. പശ്ചിമബംഗാളില്‍ തൃണമൂല്‍കോണ്‍ഗ്രസിന്റെ ജൂനിയര്‍ പാര്‍ട്ണര്‍ ആയി കോണ്‍ഗ്രസ് ചുരുങ്ങി. തൃണമൂലിനു കീഴടങ്ങിയാല്‍ ഒരു രാഷ്ട്രീയ പാര്‍ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് ക്ഷീണമാണുണ്ടാവുക. കോണ്‍ഗ്രസ് ക്രമേണ ഇല്ലാതാകും. അതുകൊണ്ടാണ് ചില കോണ്‍ഗ്രസുകാര്‍ തൃണമൂല്‍ ബന്ധത്തെ എതിര്‍ക്കുന്നതും റിബലുകളായി മത്സരിക്കുന്നതും.

യുപിഎ സര്‍ക്കാരിന്റെ നവ ലിബറല്‍നയങ്ങളെ തുടര്‍ച്ചയായി ഉറച്ചുനിന്ന് എതിര്‍ക്കുന്ന ഏകശക്തി ഇടതുപക്ഷമാണ്. കോണ്‍ഗ്രസിന്റെ ജനവിരുദ്ധനയംതന്നെയാണ് ബിജെപിയും പിന്തുടരുന്നത്. ഇടതുപക്ഷത്തിന്റെ ബദല്‍നയ പരിപാടികള്‍ ഉയര്‍ത്തിക്കാട്ടാന്‍ പശ്ചിമബംഗാളിലെയും കേരളത്തിലെയും ഇടതു സര്‍ക്കാരുകള്‍ സഹായകമായി. അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷവിജയം അനിവാര്യമാണ്. ഈ വിജയം ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തെ വീണ്ടും ശക്തിപ്പെടുത്തും. കഴിഞ്ഞ ഏഴ് ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കുശേഷം എട്ടാമത്തെ ഇടതുപക്ഷ സര്‍ക്കാരിനെ ബംഗാളില്‍ അധികാരത്തിലേറ്റുന്നത് ദേശീയ രാഷ്ട്രീയത്തില്‍ ഇടതുപക്ഷ ഇടപെടലുകള്‍ക്ക് ശക്തിയേകും.

പശ്ചിമ ബംഗാളില്‍ മുന്‍വര്‍ഷങ്ങളിലുണ്ടായ പിഴവ് തിരുത്താന്‍ ഇടതുപക്ഷം സംഘടനാതലത്തിലും ഭരണതലത്തിലും കഠിനപരിശ്രമമാണ് ഒരു വര്‍ഷത്തിനിടയില്‍ നടത്തിയത്. സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും ജനങ്ങളില്‍ എത്തിക്കാനും പാര്‍ടിയും ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും തിരുത്തല്‍പ്രക്രിയകൊണ്ട് കഴിഞ്ഞു. അത് ജനങ്ങള്‍ നല്ല മനസ്സോടെ സ്വീകരിച്ചു. ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലാതാകുന്നത് ഭൂപരിഷ്കരണത്തെയും പഞ്ചായത്തിരാജ് സംവിധാനത്തെയും കാര്‍ഷിക വളര്‍ച്ചയെയും ക്ഷേമപദ്ധതികളെയും തകര്‍ക്കുമെന്ന് ഗ്രാമീണ ജനതയെ ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണിക്കായി. അതിനാല്‍, ലോക്സഭാ തെരഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം നേടാനാകും- പ്രകാശ് കാരാട്ട് പറഞ്ഞു.
(വി ജയിന്‍)

തൃണമൂല്‍ പണമൊഴുക്കുന്നത് തടയണം: സിപിഐ എം

ന്യൂഡല്‍ഹി: പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍തോതില്‍ കള്ളപ്പണം ഉപയോഗിക്കുന്നത് അന്വേഷിക്കണമെന്ന് സിപിഐ എം തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ് വൈ ഖുറൈഷിയെ കണ്ട് പരാതി നല്‍കിയത്. സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് അസാധ്യമാകുംവിധമാണ് തൃണമൂല്‍ കോണ്‍ഗ്രസ് പണമൊഴുക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു. തമിഴ്നാട്ടില്‍ ചെയ്തപോലെ ഇത് തടയാന്‍ കര്‍ക്കശമായ നടപടിസ്വീകരിക്കണമെന്ന് കമീഷനോട് ആവശ്യപ്പെട്ടതായി യെച്ചൂരി പറഞ്ഞു.

ഓരോ സ്ഥാനാര്‍ഥിക്കും 15 ലക്ഷം രൂപവച്ച് 226 സ്ഥാനാര്‍ഥികള്‍ക്കായി 34 കോടി രൂപയാണ് തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയത്. ഇത് ചെക്കായല്ല പണമായാണ് നല്‍കിയത്. ഈ കള്ളപ്പണം വെളുപ്പിക്കാന്‍ 100, 200, 500 രൂപയുടെ കൂപ്പണുകള്‍ അടിച്ചു. അതില്‍ 15 ലക്ഷത്തിന്റെ കൂപ്പണുകള്‍ കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മുകുള്‍ റോയിയുടെ വീട്ടിലാണ് സൂക്ഷിച്ചത്. പിന്നീടിവ കത്തിക്കുകയുംചെയ്തു. ഭാഗികമായി കത്തിയ രസീതുകളുടെ കോപ്പികള്‍ യെച്ചൂരി കമീഷന് കൈമാറി.

സ്ഥാനാര്‍ഥികള്‍ക്ക് പണം വിതരണംചെയ്തതിന്റെ തൊട്ടടുത്ത ദിവസം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായ അമിത് മിത്ര അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് അക്കൌണ്ടില്‍ ഏഴ് ലക്ഷം രൂപ നിക്ഷേപിച്ചു. പ്രചാരണത്തിന് രണ്ട് ഹെലികോപ്റ്ററുകളാണ് തൃണമൂല്‍ ഉപയോഗിക്കുന്നത്. ഇതിനുള്ള കോടികള്‍ എവിടെനിന്ന് ലഭിക്കുന്നുവെന്ന് വ്യക്തമാക്കണം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മര്‍ദിച്ച തൃണമൂല്‍ സ്ഥാനാര്‍ഥി സുബ്രാങ് റോയിയെ ഒളിച്ച് പാര്‍ക്കാന്‍ സഹായിച്ച മമത ബാനര്‍ജി പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നും യെച്ചൂരി പരാതിയില്‍ പറഞ്ഞു.

എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തു; എംപിമാരെ തൊടാന്‍ കോണ്‍ഗ്രസിന് പേടി

കൊല്‍ക്കത്ത: മമത ബാനര്‍ജി വിരട്ടിയപ്പോള്‍ എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്ത കോണ്‍ഗ്രസിന് വിമതരെ പിന്തുണയ്ക്കുന്ന രണ്ട് എംപിമാരെ തൊടാന്‍ ഭയം. കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനെതിരെ വിമതരായി മത്സരിക്കുന്നവരെ പുറത്താക്കണമെന്ന മമതയുടെ ആവശ്യത്തിനു വഴങ്ങിയാണ് രാംപ്യാരേ രാം, അബ്ദുള്‍ ഖലേക് മൊള്ള എന്നീ എംഎല്‍എമാരെ പിസിസി സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍, ദക്ഷിണ ദിനാജ്പുര്‍, മാള്‍ദ ജില്ലകളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ മത്സരിക്കുന്ന സ്വതന്ത്രരെ പിന്തുണയ്ക്കുന്ന ദീപ ദാസ്മുന്‍ഷി എംപി, അധീര്‍രഞ്ജന്‍ ചൌധരി എംപി എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തില്ല. കോണ്‍ഗ്രസ്-തൃണമൂല്‍ സഖ്യത്തിനെതിരെ വിമതരായി മത്സരിക്കുന്ന 12 പേരെ ഇതിനകം കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തു.

എന്നാല്‍, ഡിസിസി പ്രസിഡന്റുമാരായ അധീര്‍രഞ്ജന്‍ ചൌധരി, ദീപ ദാസ്മുന്‍ഷി എന്നിവരില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുക മാത്രമേ ചെയ്തിട്ടുള്ളൂ. തങ്ങളുടെ ജില്ലകളില്‍ സഖ്യത്തിനെതിരെ ആരും മത്സരിക്കുന്നില്ലെന്നാണ് ഇരുവരുടെയും വിശദീകരണം. അത് കണക്കിലെടുത്ത് അവര്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് പിസിസി പ്രസിഡന്റ് മനാസ് ഭുനിയ പറഞ്ഞു.

രണ്ടുദിവസംമുമ്പ് വിമതര്‍ക്കും അവരെ പിന്തുണയ്ക്കുന്ന നേതാക്കള്‍ക്കുമെതിരെ രോഷംകൊണ്ട കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി പെട്ടെന്ന് സ്വരംമാറ്റി. മൂര്‍ഷിദാബാദ് ജില്ലയിലെ നബഗ്രാം മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയ മുഖര്‍ജി അധീര്‍രഞ്ജന്‍ എംപിയെ വാനോളം പുകഴ്ത്തി. ജംഗിപ്പുരില്‍നിന്ന് താന്‍ ലോക്സഭയിലേക്ക് ജയിച്ചത് ഡിസിസിയുടെയും ചൌധരിയുടെയും സഹകരണംകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

മൂര്‍ഷിദാബാദിലെ 22 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 18 ലും തൃണമൂലിനെതിരെ സ്വതന്ത്രര്‍ മത്സരിക്കുന്ന നാലു സീറ്റിലും ഡിസിസി പ്രസിഡന്റ് ചൌധരി പ്രചാരണം നടത്തുന്നു. നാലു സീറ്റിലെ സ്വതന്ത്രര്‍ യഥാര്‍ഥത്തില്‍ കോണ്‍ഗ്രസുകാര്‍തന്നെയാണെന്നായിരുന്നു ചൌധരിയുടെ വിശദീകരണം. കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളില്‍ പത്രിക നല്‍കിയിട്ടുള്ള എസ്യുസിഐ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുന്നത് തൃണമൂലാണെന്ന് കോണ്‍ഗ്രസ് നേതൃത്വവും പരാതി ഉന്നയിച്ചു. എന്നാല്‍, അങ്ങനെ ഏതെങ്കിലുമൊരു മണ്ഡലം ചൂണ്ടിക്കാട്ടാന്‍ കഴിയുമോ എന്നാണ് തൃണമൂലിന്റെ ചോദ്യം. പുറമെ സഖ്യമെങ്കിലും കോണ്‍ഗ്രസും തൃണമൂലും തമ്മിലടിക്കുന്നതാണ് കോണ്‍ഗ്രസിന് ശക്തിയുള്ള മണ്ഡലങ്ങളിലെ ചിത്രം. തൃണമൂല്‍ മത്സരിക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് നിര്‍ജീവമാണ്.

ദേശാഭിമാനി 200411

6 comments:

  1. പശ്ചിമബംഗാളില്‍ ഇടതുമുന്നണി സര്‍ക്കാര്‍ എട്ടാംതവണയും അധികാരത്തിലെത്തുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തും. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍നിന്ന് ഇടതുപക്ഷത്തെ തുടച്ചുമാറ്റാന്‍ ആര് ശ്രമിച്ചാലും നടക്കില്ല- അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കാനെത്തിയ കാരാട്ട് 'ദേശാഭിമാനി'യോട് സംസാരിക്കുകയായിരുന്നു.

    ReplyDelete
  2. wow wow.. i am sure, 99.9999% americans dont know where is west bengal and you are claiming that they are interfering in their politics?

    ReplyDelete
  3. മുക്കുവാ,
    http://www.thehindu.com/news/the-india-cables/article1712431.ece?homepage=true

    വായിച്ച് കഴിഞ്ഞ് പാലും കുടിച്ച് ചീച്ചി മുള്ളി വേഗം കിടന്നുറങ്ങൂ.

    ReplyDelete
  4. നന്ദി അജു, മുക്കുവാ വായിച്ചോളൂ.

    ReplyDelete
  5. ഇങ്ങനെ കുറെയെഴുതിയില്ലെ ഒരു ശാസ്ത്രഞ്ഞനെപറ്റി.. അന്ന് ഞാന്‍ ആ സ്ഥാപനത്തില്‍ ജോലിനോക്കുന്ന സമയം..ആ പാവം മനുഷ്യനെ കല്ലെറിഞ്ഞ് കൊല്ലാതെ കൊന്നില്ലേ അതു പോലെ തന്നെയാണ് ഇതും എന്ന് എനിക്കൊരു സംശയം... വാര്‍ത്തകള്‍ക്കൊരു ക്സാ‍മവും വരത്തരുത്.. അമേരിക്കയില്‍ ഒരു കോര്‍പറേറ്റിന്റെ പത്തിലൊന്ന് വരുമാനം പോലുമില്ലാത്ത ഒരു പട്ടിണി സ്ഥലത്തെ രഷ്ട്രീയം കളിക്കാന്‍ അമേരിക്കക്കാരന്റെ കിണ്ടി കടി കൂടിയേക്കാ‍ാലേ? അതെ ഇനി അച്ചുമാ‍മന്റെ കാപ്പിയില്‍ പൊടികൂടുതലിടാനും ഒബാമ വരും... പണ്ടൊരു കാര്‍ട്ടൂണ്‍ വന്നിരുന്നു.. അത് പകര്‍ത്തിയെഴുതിയാല്‍ ഇതിലും ഭംഗിയുണ്ടായിരുന്നേനെ!

    ReplyDelete
  6. മുക്കുവാ, ഇതു കൂടി വായിച്ചോളൂ.
    http://mangalam.com/index.php?page=detail&nid=419530&lang=malayalam
    മറുപടി എഴുതുമ്ബോള്‍ വിഷയവുമായി യാതൊരു ബന്ധവും പാടില്ലെന്നത് പ്രത്യേകം ഓര്‍ ക്കണേ.

    ReplyDelete