Saturday, April 30, 2011

ഒഞ്ചിയം രക്തസാക്ഷി സ്മരണയ്ക്ക് അറുപത്തിമൂന്ന് വയസ്സ്

പോരാട്ട വീഥികളില്‍ സൂര്യതേജസായി ഒഞ്ചിയം രക്തസാക്ഷികള്‍. ജനദ്രോഹത്തിനും അധികാരഹുങ്കിനുമെതിരായ മലബാറിലെ ത്യാഗോജ്വല കര്‍ഷക ചെറുത്തുനില്‍പ്പിന്റെ സ്മരണകള്‍ക്ക് ഇന്ന് അറുപത്തിമൂന്ന് വയസ്സ്.

1948 ഏപ്രില്‍ 30. അന്നാണ് ഒഞ്ചിയം ഗ്രാമത്തില്‍ 8 ധീര വിപ്ളവകാരികളെ പൊലീസ് വെടിവെച്ചുകൊന്നത്- സഖാക്കള്‍ അളവക്കന്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, വി പി ഗോപാലന്‍, സി കെ ചാത്തു, കെ എം ശങ്കരന്‍, വി കെ രാഘൂട്ടി... വെടിയേറ്റ് അംഗഭംഗം വന്നവരേറെ. മണ്‍മറഞ്ഞുപോയ സഖാക്കള്‍ ടി സി കുഞ്ഞിരാമന്‍ മാസ്റര്‍, പി രാമക്കുറുപ്പ്, വടേക്കണ്ടി ചാത്തു, ആയാട്ട് ചോയി മാസ്റര്‍, പാലേരി മീത്തല്‍ അച്ചുതന്‍, പി പി കണ്ണന്‍, ടി പി ചോയി, ചാക്കേരിമീത്തല്‍ കുങ്കന്‍നായര്‍, ഇന്നും ജീവിച്ചിരിക്കുന്ന പുറവില്‍ കണ്ണന്‍ എന്നിവര്‍ പരിക്കേറ്റവരില്‍ പ്രധാനികളാണ്. 

സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള ആദ്യ വര്‍ഷങ്ങളില്‍ നാട്ടിലാകെ ‘ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടു. ജനങ്ങള്‍ പൊറുതിമുട്ടി. പൂഴ്ത്തിവെപ്പുകാര്‍, കരിഞ്ചന്തക്കാര്‍ എന്നിവര്‍ ഭരണാധികാരികളുടെ തണലില്‍ യഥേഷ്ടം സ്വൈരവിഹാരം നടത്തി. നാട്ടില്‍ പട്ടിണി നടമാടി. പകര്‍ച്ചവ്യാധികളും മരണവും വ്യാപകമായി. കമ്യൂണിസ്റ് പാര്‍ടിയും കര്‍ഷകസംഘവും പൂഴ്ത്തിവെപ്പിനും കരിഞ്ചന്തയ്ക്കുമെതിരെ നാട്ടുകാരെ സംഘടിപ്പിക്കാന്‍ തുടങ്ങി. വടക്കേ മലബാറില്‍ പല പ്രദേശങ്ങളിലും പൂഴ്ത്തിവെച്ച ധാന്യങ്ങള്‍ പിടിച്ചെടുത്ത് പട്ടിണി കിടന്ന ജനങ്ങള്‍ക്ക് വിതരണം ചെയ്തു. കമ്യൂണിസ്റ് പാര്‍ടിക്കും കര്‍ഷക സംഘത്തിനും ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതയേറി. ഇത് കോണ്‍ഗ്രസ് അധികാരി വര്‍ഗത്തിന് സഹിച്ചില്ല. തോക്കും ലാത്തിയുമേന്തി അവര്‍ കമ്യൂണിസ്റുകാരെ വേട്ടയാടാനിറങ്ങി.

ഇന്നത്തെ വടകര, കൊയിലാണ്ടി താലൂക്കുകള്‍ ഉള്‍ക്കൊള്ളുന്ന പഴയ കുറുമ്പ്രനാട് താലൂക്കിലും പാര്‍ട്ടിയുടെയും കര്‍ഷകസംഘത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. കുറുമ്പ്രനാട് താലൂക്കിലെ നേതാക്കളായിരുന്ന എം കെ കേളുഏട്ടന്‍, എം കുമാരന്‍ മാസ്റര്‍, യു കുഞ്ഞിരാമന്‍, പി ആര്‍ നമ്പ്യാര്‍, പി പി ശങ്കരന്‍, എം കെ രാമന്‍ മാസ്റര്‍, പി രാമക്കുറുപ്പ് എന്നിവരുടെ പ്രവര്‍ത്തനം പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്നു. നാട്ടില്‍ കോളറ, വസൂരി തുടങ്ങിയ പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിച്ച കാലം. അശരണരായവര്‍ക്ക് ആശ്വാസം പകരാന്‍ മണ്ടോടി കണ്ണനും സഖാക്കളും ജീവന്‍പോലും പണയംവെച്ച് അവരുടെ ചെറ്റക്കുടിലുകളിലെത്തി.  ക്രമേണ ഒഞ്ചിയത്തും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റുകാര്‍ ജനങ്ങളുടെ സമരനായകരായി. ഇത് ജന്മിമാരേയും അധികാരി വര്‍ഗത്തേയും അലോസരപ്പെടുത്തി.

1948 ഫെബ്രുവരിയില്‍ കല്‍ക്കത്തയില്‍ ചേര്‍ന്ന കമ്യൂണിസ്റ് പാര്‍ടിയുടെ 2-ാം കോണ്‍ഗ്രസ് അവസാനിച്ച് പ്രതിനിധികള്‍ രഹസ്യമായി നാട്ടിലെത്തിക്കൊണ്ടിരിക്കുന്ന കാലം. പാര്‍ടി കോണ്‍ഗ്രസ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യാനായി പാര്‍ടി കുറുമ്പ്രനാട് താലൂക്ക് കമ്മിറ്റിയോഗം ഒഞ്ചിയത്ത് ചേരാന്‍ തീരുമാനിച്ചു. എം കുമാരന്‍ മാസ്ററായിരുന്നു താലൂക്ക് സെക്രട്ടറി.

യോഗവിവരം മണത്തറിഞ്ഞ മലബാര്‍ സ്പെഷല്‍ പൊലീസ് സംഘം പുലര്‍ച്ചെ സിഐ അടിയോടിയുടെ നേതൃത്വത്തില്‍  മുക്കാളി വന്നിറങ്ങി. കൂടെ ദേശരക്ഷാസേന എന്നുവിളിച്ചിരുന്ന കോണ്‍ഗ്രസിന്റെ ചോറ്റു പട്ടാളവും. യോഗത്തില്‍ പങ്കെടുക്കാനെത്തിച്ചേരുന്ന പാര്‍ടി നേതാക്കളെ കയ്യോടെ പിടികൂടാം എന്നായിരുന്നു കണക്കുകൂട്ടല്‍. മേടച്ചൂടില്‍ ആലസ്യത്തിലാണ്ടുകിടക്കുന്ന ഒഞ്ചിയത്തേക്ക് അവര്‍ മാര്‍ച്ച്ചെയ്തു. പുലര്‍ച്ചെ നാലു മണിക്ക് അവര്‍ ആദ്യം പാഞ്ഞുകയറിയത് നെല്ലാച്ചേരിയിലുള്ള മണ്ടോടി കണ്ണന്റെ വീട്ടിലേക്കായിരുന്നു.കണ്ണനെ കിട്ടിയില്ല. പൊലീസിന് കലികയറി. സഖാക്കളുടെ വീടുകളിലേക്കെല്ലാം പൊലീസ് ഓടിക്കയറി ഭീകരാന്തരീക്ഷംതന്നെ സൃഷ്ടിച്ചു. പൊലീസിനാവശ്യമായ വിവരം നല്‍കാന്‍ വിസമ്മതിച്ച കര്‍ഷക കാരണവരായിരുന്ന പുളിയുള്ളതില്‍ ചോയിയേയും മകന്‍ കണാരനേയും പൊലീസ് വീട്ടില്‍ക്കയറി അറസ്റ്ചെയ്തു കയ്യാമംവെച്ചു. അവരേയുംകൊണ്ട്  നേരെ കിഴക്കോട്ടു നീങ്ങി.

"പ്രിയമുള്ളവരെ, ഒഞ്ചിയത്ത് പട്ടാളം വന്നിരിക്കുന്നു. അവരിതാ നമ്മുടെ സഖാക്കളെ പിടിച്ചുകൊണ്ടുപോകുന്നു. എല്ലാവരും ഓടി വരിന്‍...''” പുലര്‍കാല നിശബ്ദതയെ കീറിമുറിച്ച് ഒഞ്ചിയത്ത് മെഗഫോണ്‍ വിളികളുയര്‍ന്നു. പൊലീസിന്റെ കിരാത വാഴ്ച ഒഞ്ചിയത്തെ മുഴുവന്‍ കാതുകളിലും ചെന്നലച്ചു. ചെറ്റക്കുടിലുകളില്‍ ഓലച്ചൂട്ടുകള്‍ മിന്നി. നാട്ടുകാര്‍ കൂട്ടംകൂട്ടമായെത്തി. ഇവരെ നിങ്ങളെന്തിനാണ് അറസ്റ് ചെയ്യുന്നത്?  നിരപരാധികളായ ഇവരെ വിട്ടുതരണം. ഗ്രാമം ഒന്നടങ്കം പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. പൊലീസ് അത് ചെവിക്കൊണ്ടില്ല. അവര്‍ വീണ്ടും കിഴക്കോട്ടുതന്നെ നീങ്ങി. പിന്നാലെ അഭ്യര്‍ത്ഥനയുമായി ഗ്രാമീണരും. പൊലീസും ഗ്രാമീണരും  ചെന്നാട്ടുതാഴ വയലിനടുത്തെത്തി. പൊലീസിന് മുന്നോട്ടുപോകാനാകാത്ത അവസ്ഥയായി. ജനങ്ങളുടെ ആവശ്യം നിരാകരിച്ച പൊലീസ് മട്ടുമാറ്റി. സബ് ഇന്‍സ്പെക്ടര്‍ തലൈമ ജനങ്ങളോട് പിരിഞ്ഞുപോകാന്‍ ആജ്ഞാപിച്ചു. ചോയിക്കാരണവരേയും കണാരനേയും വിട്ടുകിട്ടണം. ഇല്ലാതെ പിരിഞ്ഞുപോകില്ലെന്ന് ജനവും ശഠിച്ചു. നിരായുധരായ ഗ്രാമീണരുടെ നേരെ തോക്കുകള്‍ ഗര്‍ജ്ജിച്ചു. 303 റൈഫിള്‍ ഉപയോഗിച്ച് 17 ചുറ്റ് വെടിയുതിര്‍ത്തു.പ്രഭാതത്തിന്റെ മുഖത്ത് ചെഞ്ചോര. ഒഞ്ചിയത്തിന്റെ വീരപുത്രന്മാരായ എട്ടുപേര്‍ മരിച്ചുവീണു. പോരാളികളുടെ മൃതശരീരങ്ങള്‍ പിസിസിയുടെ ലോറിയില്‍ കൊണ്ടുപോയി

വൈകുന്നേരത്തോടെ വടകര പുറങ്കര കടപ്പുറത്ത് ഒറ്റക്കുഴിവെട്ടി അട്ടിയിട്ടുമൂടി. നിരവധിപേര്‍ക്ക് അംഗഭംഗമുണ്ടായി. അതില്‍ ചിലരിന്നും ഒഞ്ചിയത്തിന്റെ വീരസ്മൃതികളുമായി ജീവിക്കുന്നു.

വെടിവെപ്പിനെ തുടര്‍ന്ന് ഒഞ്ചിയത്തെമ്പാടും പൊലീസ് നരനായാട്ട് നടത്തി. ജന്മിമാരുടേയും കമ്യൂണിസ്റ് വിരോധികളുടേയും ലിസ്റ് അനുസരിച്ച് പൊലീസ് ആളുകളെ പിടികൂടി മര്‍ദ്ദിച്ചു. മുക്കാട്ട്കുനി കുഞ്ഞാപ്പു മുതല്‍ 64 സഖാക്കളുടെ പേരില്‍ പൊലീസ് കള്ളക്കേസ് ചുമത്തി ജയിലിലടച്ചു. (പിന്നീട് കേസ് തള്ളിപ്പോയി). പീഡനകാലത്തും പ്രസ്ഥാനത്തെ മറന്ന് നേതാക്കളെ ഒറ്റുകൊടുക്കാന്‍ ഗ്രാമീണര്‍ ഒരിക്കലും തയ്യാറായിരുന്നില്ല. തന്നെച്ചൊല്ലി ഒരു ഗ്രാമം മുഴുക്കെ അനുഭവിക്കുന്ന പീഡനത്തിനറുതിവരുത്താന്‍ സ്വയം പൊലീസിന് കീഴടങ്ങുകയായിരുന്നു മണ്ടോടി കണ്ണന്‍. ക്രൂരമായ മര്‍ദ്ദനത്തെതുടര്‍ന്ന് മണ്ടോടി കണ്ണനും കൊല്ലാച്ചേരി കുമാരനും  കൊല്ലപ്പെട്ടു. ഒറ്റപ്രാവശ്യം കമ്യൂണിസ്റ് പാര്‍ട്ടി മൂര്‍ദ്ദാബാദെന്ന് വിളിച്ചാല്‍, നെഹറുസര്‍ക്കാറിനൊരു ജയ് വിളിച്ചാല്‍ മര്‍ദ്ദനമുറകളെല്ലാം അവസാനിപ്പിക്കാമെന്ന പ്രലോഭനത്തിനു കീഴടങ്ങാന്‍ ധീരരായ അവര്‍ തയ്യാറായില്ല. തുടര്‍ന്നുള്ള ക്രൂരമായ മര്‍ദനപ്പാടില്‍നിന്നും ചീറ്റിയ ചെഞ്ചോരയില്‍ കൈമുക്കി വടകര ലോക്കപ്പ് ‘ഭിത്തിയില്‍ മണ്ടോടി കണ്ണന്‍ വരച്ചുവെച്ച അരിവാളും ചുറ്റികയും കണ്ട് ഭരണാധികാരി വര്‍ഗവും വര്‍ഗവഞ്ചകരും ഇന്നും കിടിലം കൊള്ളുന്നു.

ചരിത്രത്തിന്റെ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത പാഠങ്ങളാണ് ഒഞ്ചിയം രക്തസാക്ഷികളുടെ സ്മരണ നമ്മെ ഉണര്‍ത്തിക്കുന്നത്. വിലക്കയറ്റവും ക്ഷാമവും പകര്‍ച്ചവ്യാധികളും ജനജീവിതത്തെയാകെ വേട്ടയാടിയിരുന്ന കാലത്താണവര്‍ മരണത്തെ കീഴ്പ്പെടുത്തിയ ആത്മബോധം ഉയര്‍ത്തിപ്പിടിച്ച് പോരാടിയത്. കമ്യൂണിസ്റ് വേട്ടയുടെ കാലത്ത് സ്വജീവന്‍ മറന്ന് പാര്‍ട്ടിയേയും നേതാക്കളേയും സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയ ഒഞ്ചിയം വിപ്ളവകാരികളുടെ സ്മരണ എന്നെന്നും ആവേശ‘ഭരിതമാണ്.  ലോകമെമ്പാടും സാമ്രാജ്യത്വത്തിനും സ്വേഛാധിപത്യ ‘ഭരണകൂടങ്ങള്‍ക്കുമെതിരെ ജനകീയ പ്രതിരോധങ്ങള്‍ അലയടിച്ചുയരുന്ന സന്ദര്‍ഭത്തിലാണ് ഇത്തവണ ഒഞ്ചിയം രക്തസാക്ഷിദിനം കടന്നുപോകുന്നത്. അറബ് നാടുകളിലും ഉത്തരാഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ നാടുകളിലും ജനാധിപത്യ പ്രസ്ഥാനങ്ങളും ഇടതുപക്ഷ ശക്തികളും അഭൂതപൂര്‍വമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നവലിബറല്‍ നയങ്ങള്‍ നമ്മുടെ രാജ്യത്തും വന്‍ അഴിമതിയും കുംഭകോണങ്ങളും വര്‍ധിതമാക്കിയിരിക്കുന്നു. ഇതിനെതിരെ വന്‍പ്രതിഷേധങ്ങള്‍ രാജ്യമെമ്പാടും വളര്‍ന്നുവരുന്നുണ്ട്. 2ജി സ്പെക്ട്രം, ആദര്‍ശ് ഫ്ളാറ്റ് തുടങ്ങിയ അഴിമതികളിലൂടെ ലക്ഷക്കണക്കിന് കോടികളുടെ രാഷ്ട്രസമ്പത്ത് കവര്‍ന്നെടുത്ത യുപിഎ നേതാക്കള്‍ ഒന്നൊന്നായി ജയിലറകളിലേക്ക് പോകുന്നതാണ് നാം കാണുന്നത്. കോര്‍പ്പറേറ്റ് മൂലധന ശക്തികളുടെ ലാഭാര്‍ത്തിക്കെതിരെ പ്രകൃതിയെയും മനുഷ്യനെയും എറിഞ്ഞുകൊടുക്കുന്ന മരണത്തിന്റെ വ്യാപാരികളായിരിക്കുന്നു മന്‍മോഹനും കൂട്ടരും.

കേന്ദ്രത്തിന്റെ ജനവിരുദ്ധ- ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരെ ബദല്‍ നയങ്ങള്‍ യാഥാര്‍ഥ്യമാക്കിയ കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്തിനാകെ മാതൃകയായിക്കഴിഞ്ഞു. കോര്‍പറേറ്റ് ആധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങളിലൂടെ കേരളമിന്ന് ലോകശ്രദ്ധ നേടുകയാണ്. 13-ാം നിയമസഭാ തെരഞ്ഞെടുപ്പുഫലം ഇടതുപക്ഷത്തിന് കേരള ജനത നല്‍കുന്ന അംഗീകാരമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒഞ്ചിയത്തെ ധീര രക്തസാക്ഷികളുടെ സ്മരണയില്‍ കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ-രാജ്യദ്രോഹ നയങ്ങള്‍ക്കെതിരായ പോരാട്ടം നമുക്ക് ശക്തിപ്പെടുത്താം. രക്തസാക്ഷികളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സഫലമാക്കുമെന്ന് പ്രതിജ്ഞ ചെയ്യാം. 

സി ഭാസ്കരന്‍ ദേശാഭിമാനി 300411

1 comment:

  1. പോരാട്ട വീഥികളില്‍ സൂര്യതേജസായി ഒഞ്ചിയം രക്തസാക്ഷികള്‍. ജനദ്രോഹത്തിനും അധികാരഹുങ്കിനുമെതിരായ മലബാറിലെ ത്യാഗോജ്വല കര്‍ഷക ചെറുത്തുനില്‍പ്പിന്റെ സ്മരണകള്‍ക്ക് ഇന്ന് അറുപത്തിമൂന്ന് വയസ്സ്.

    ReplyDelete