Friday, April 29, 2011

പ്രധാനമന്ത്രിയെ രക്ഷിക്കാന്‍ പിഎസി റിപ്പോര്‍ട്ട് യുപിഎ അട്ടിമറിച്ചു

ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിയില്‍ മുന്‍ ടെലികോം മന്ത്രി എ രാജയോടൊപ്പം പ്രധാനമന്ത്രികാര്യാലയത്തെയും പ്രതിക്കൂട്ടിലാക്കുന്ന പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി(പിഎസി) റിപ്പോര്‍ട്ട് യുപിഎ ഘടക കക്ഷികള്‍ അട്ടിമറിച്ചു. റിപ്പോര്‍ട്ടിനെതിരെ പിഎസിയില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ സമാജ്വാദി പാര്‍ടിയുടെയും ബിഎസ്പിയുടെയും പ്രതിനിധികളെ കോണ്‍ഗ്രസ് പാട്ടിലാക്കി. സംഘര്‍ഷഭരിതമായ യോഗത്തിനൊടുവില്‍ 21 അംഗ സമിതിയിലെ 11 അംഗങ്ങളും എതിര്‍ത്തതോടെ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ഭരണപക്ഷം ശ്രമിച്ചത്തില്‍ പ്രതിഷേധിച്ച് പിഎസി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി ഇറങ്ങിപ്പോയി. പൊടുന്നനെ ഏകപക്ഷീയമായി കോണ്‍ഗ്രസിലെ സെയ്ഫുദീന്‍ സോസിനെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചു. ഇതോടെ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന മറ്റ് എട്ടംഗങ്ങളും യോഗം ബഹിഷ്കരിച്ചു. ശേഷിച്ച 11 അംഗങ്ങള്‍ റിപ്പോര്‍ട്ട് തള്ളാനുള്ള പ്രമേയം വോട്ടെടുപ്പിലൂടെ അംഗീകരിച്ചെന്ന് സോസ് അവകാശപ്പെട്ടു.

രണ്ടാം യുപിഎ സര്‍ക്കാരിന് വീണ്ടും തലവേദന സൃഷ്ടിച്ച പിഎസിയുടെ അന്തിമ റിപ്പോര്‍ട്ട് അനുകൂലമാക്കാന്‍ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടതോടെയാണ് ബിഎസ്പി, എസ്പി അംഗങ്ങളെ വശത്താക്കിയത്. പാര്‍ലമെന്റ് സമിതികളില്‍ ഭൂരിപക്ഷാഭിപ്രായം എതിരാണെങ്കില്‍ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കാനാകില്ല. അധ്യക്ഷന്‍ ഭൂരിപക്ഷതീരുമാനത്തിന് വഴങ്ങണം. 21 അംഗ പിഎസിയില്‍ കോണ്‍ഗ്രസിന് ഏഴും ഡിഎംകെയ്ക്ക് രണ്ടും അംഗങ്ങളുണ്ട്. 11 അംഗങ്ങളുള്ള മറ്റു കക്ഷികള്‍ക്കായിരുന്നു ഭൂരിപക്ഷം. ഇതിനുമുമ്പ് നടന്ന എല്ലാ യോഗത്തിലും യുപിഎ നീക്കങ്ങള്‍ വിജയിക്കാത്തത് പിഎസിയില്‍ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ഉള്ളതുകൊണ്ടായിരുന്നു. വ്യാഴാഴ്ചത്തെ യോഗത്തില്‍ ഈ സാഹചര്യം മറികടക്കാന്‍ ആസൂത്രിതനീക്കത്തിലൂടെ എസ്പിയുടെയും ബിഎസ്പിയുടെയും ഓരോ അംഗത്തെ അനുകൂലമാക്കി. ഇതോടെ 21 അംഗ സമിതിയില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കാന്‍ 11 പേരായി. ബിഎസ്പി അംഗം ഡോ. ബലിറാം, എസ് പി അംഗം കെ ആര്‍ രമസിങ് എന്നിവരെയാണ് കോണ്‍ഗ്രസ് പാട്ടിലാക്കിയത്.

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം റിപ്പോര്‍ട്ടില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ ജോഷി ഏകപക്ഷീയമായാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആരോപിച്ചു. ബഹളത്തെത്തുടര്‍ന്ന് പിഎസി യോഗം നിര്‍ത്തിവച്ചു. ഇതിനിടെ റിപ്പോര്‍ട്ടിനെതിരെ കോണ്‍ഗ്രസ്, ഡിഎംകെ അംഗങ്ങള്‍ വിയോജനക്കുറിപ്പ് എഴുതിനല്‍കി. രണ്ടാമതും യോഗം ചേര്‍ന്നതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ഭൂരിപക്ഷം എതിര്‍ത്ത സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ ഭാവി എന്താകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഭരണകക്ഷി അംഗങ്ങള്‍ ബഹളം തുടര്‍ന്നതിനാല്‍ യോഗം മാറ്റിവയ്ക്കുകയായിരുന്നെന്ന് ജോഷി പറഞ്ഞു.
(വിജേഷ് ചൂടല്‍)

deshabhimani 290411

1 comment:

  1. 2ജി സ്പെക്ട്രം അഴിമതിയില്‍ മുന്‍ ടെലികോം മന്ത്രി എ രാജയോടൊപ്പം പ്രധാനമന്ത്രികാര്യാലയത്തെയും പ്രതിക്കൂട്ടിലാക്കുന്ന പാര്‍ലമെന്റിന്റെ പബ്ളിക് അക്കൌണ്ട്സ് കമ്മിറ്റി(പിഎസി) റിപ്പോര്‍ട്ട് യുപിഎ ഘടക കക്ഷികള്‍ അട്ടിമറിച്ചു. റിപ്പോര്‍ട്ടിനെതിരെ പിഎസിയില്‍ ഭൂരിപക്ഷമുണ്ടാക്കാന്‍ സമാജ്വാദി പാര്‍ടിയുടെയും ബിഎസ്പിയുടെയും പ്രതിനിധികളെ കോണ്‍ഗ്രസ് പാട്ടിലാക്കി. സംഘര്‍ഷഭരിതമായ യോഗത്തിനൊടുവില്‍ 21 അംഗ സമിതിയിലെ 11 അംഗങ്ങളും എതിര്‍ത്തതോടെ റിപ്പോര്‍ട്ട് സ്പീക്കര്‍ക്ക് സമര്‍പ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ഭരണപക്ഷം ശ്രമിച്ചത്തില്‍ പ്രതിഷേധിച്ച് പിഎസി അധ്യക്ഷന്‍ മുരളി മനോഹര്‍ ജോഷി ഇറങ്ങിപ്പോയി. പൊടുന്നനെ ഏകപക്ഷീയമായി കോണ്‍ഗ്രസിലെ സെയ്ഫുദീന്‍ സോസിനെ പുതിയ അധ്യക്ഷനായി പ്രഖ്യാപിച്ചു. ഇതോടെ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന മറ്റ് എട്ടംഗങ്ങളും യോഗം ബഹിഷ്കരിച്ചു. ശേഷിച്ച 11 അംഗങ്ങള്‍ റിപ്പോര്‍ട്ട് തള്ളാനുള്ള പ്രമേയം വോട്ടെടുപ്പിലൂടെ അംഗീകരിച്ചെന്ന് സോസ് അവകാശപ്പെട്ടു.

    ReplyDelete