Monday, April 25, 2011

കിതപ്പ് മാറ്റാന്‍ എക്സ്ട്രാ പവര്‍

വോട്ടും മാധ്യമരുചിയും 5

ഒന്നാം ഭാഗം വിശ്വാസ ദുരുപയോഗ തരംഗം

രണ്ടാം ഭാഗം "കുഞ്ഞാലിക്കുട്ടി ജയ്‌ഹോ"

മൂനാം ഭാഗം മര്‍ഡോക്കിന്റെ ചിരി

നാലാം ഭാഗം ജാതിക്കണ്ണും ചാറ്റ് ഇരയും

വാസ്കോഡഗാമ കപ്പലിറങ്ങിപ്പോള്‍ കേരളത്തെ വരുതിയിലാക്കാന്‍ ഇവിടെയുള്ള ധീരയോദ്ധാക്കളുമായി യുദ്ധം നടത്തിയിരുന്നു. അതിന്റെ കഥയാണ് സന്തോഷ് ശിവന്റെ 'ഉറുമി' എന്ന സിനിമ. ഇന്ന് പഴയപോലെ തിരപ്പുറത്തുകൂടി സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ (എംബയര്‍ ഓണ്‍ വേവ്സ്) നാവികശക്തിയെ ആശ്രയിക്കേണ്ട; മാധ്യമശക്തിയെ ആശ്രയിച്ചാല്‍ മതി. ഇതിനായി ആഗോളവല്‍ക്കരണ നയസംരക്ഷകരായ രാഷ്ട്രീയവും മാധ്യമങ്ങളും തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്തു. പാണ്ടന്‍ നായയുടെ പല്ലിന് ശൌര്യം പണ്ടേപ്പോലെ ഫലിക്കാതിരിക്കാനാണ് സാധ്യത. എങ്കിലും അവര്‍ ചെയ്യാനുള്ളതെല്ലാം ചെയ്തു. മാധ്യമപ്രവര്‍ത്തനത്തിലെ നിഷ്പക്ഷത, വസ്തുനിഷ്ഠത, സമതുലനം, ആധികാരികത തുടങ്ങിയ സങ്കല്‍പ്പങ്ങളെ തച്ചുടച്ചു. കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും സാധാരണയായി 50 ശതമാനത്തിനുമേല്‍ വോട്ട് കിട്ടാറില്ല. അതുകൊണ്ടുതന്നെ ചില സംഭവങ്ങളുടെയോ ജാതി-മത കാരണങ്ങളാലോ ചേരിതിരിവ് സൃഷ്ടിക്കാന്‍ യുഡിഎഫും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും പരിശ്രമിക്കാറുണ്ട്. അതിന്റെ നീചമായ ചില ഉദാഹരണങ്ങള്‍ മുന്‍ലക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേരളത്തിലെ ജനസംഖ്യയില്‍ മുസ്ളിം-ക്രിസ്ത്യന്‍ മതന്യൂനപക്ഷങ്ങള്‍ ചേര്‍ന്നാല്‍ 40 ശതമാനത്തോളം വരും. അവര്‍ക്ക് മതത്തെ ആസ്പദമാക്കി കെട്ടിപ്പടുത്ത ഉറച്ച സംഘടനയുണ്ട്. ഇതുപോലെയല്ലെങ്കിലും നായരീഴവാദി സമുദായങ്ങള്‍ക്കും സംഘടനയും പ്രവര്‍ത്തനവുമുണ്ട്. 'മതം അപകടത്തില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ബഹുജനങ്ങളെ ഇടതുപക്ഷത്തിനെതിരെ തിരിക്കാനും അത് യുഡിഎഫിനുള്ള വോട്ടാക്കി മാറ്റാനും മുന്‍കാലങ്ങളില്‍ നടത്തിയ പരിശ്രമം ചില ഘട്ടങ്ങളില്‍ ഒരളവോളം വിജയിച്ചിരുന്നു. അതില്‍നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് മനോരമ-മാതൃഭൂമിയാദികള്‍ പ്രധാന പ്രശ്നങ്ങള്‍ മാറ്റി അപ്രധാനകാര്യങ്ങള്‍ വോട്ടുവിഷയമാക്കാന്‍ നോക്കിയത്. അതിന്റെ ഭാഗമായി എല്‍ഡിഎഫും ബിജെപിയും ഐക്യത്തിലാണെന്നും അതിന് തെളിവാണ് മലമ്പുഴയില്‍ ബിജെപി സ്ഥാനാര്‍ഥിയില്ലാത്തതെന്നും മനോരമ മാര്‍ച്ച് ആദ്യം വാര്‍ത്ത നല്‍കി. തൊട്ടുപിന്നാലെ കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, എം എം ഹസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനം നടത്തി വിവാദം കത്തിക്കാന്‍ നോക്കി. പക്ഷേ, മലമ്പുഴയിലടക്കം ബിജെപിയും കോണ്‍ഗ്രസും തുടരുന്ന പ്രാദേശിക സഖ്യഭരണത്തിന്റെയും ആര്‍എസ്എസും സിപിഐ എമ്മും തമ്മില്‍ തുടരുന്ന സന്ധിയില്ലാത്ത പോരാട്ടത്തിന്റെയും കമ്യൂണിസ്റുകാരുടെ ജീവത്യാഗത്തിന്റെയും അനുഭവങ്ങള്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി വിവരിച്ചതോടെ ആ നുണപ്പടം ഒരു ഷോ പോലും ഓടാതെ പെട്ടിയിലായി. എന്നാല്‍, മലമ്പുഴയില്‍ മത്സരിപ്പിക്കുന്ന ബിജെപി-ജെഡിയു സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതായി ജെഡിയു നേതാവ് ശരദ്്യാദവ് വോട്ടെടുപ്പിന് മൂന്നുനാള്‍ മുമ്പ് നടത്തിയ പ്രസ്താവന അല്‍പ്പസമയത്തിനുള്ളില്‍ തന്നെ നിഷേധിച്ചെങ്കിലും അതിന്മേല്‍ പിടിച്ച് ബിജെപി-എല്‍ഡിഎഫ് കൂട്ടുകെട്ടെന്ന നെറികെട്ട ആക്ഷേപം മനോരമ ആവര്‍ത്തിച്ചു. 'മലമ്പുഴയില്‍ പിന്മാറല്‍ നാടകം' എന്ന തലക്കെട്ടില്‍ ഏപ്രില്‍ 11ന് ഒന്നാം പേജില്‍ നാലുകോളം വാര്‍ത്തയാണ്.

സിപിഐ എമ്മും ബിജെപിയും തമ്മില്‍ കൂട്ടുകൂടില്ലെന്ന് രാഷ്ട്രീയത്തിന്റെ ഹരിശ്രീ അറിയാവുന്ന ആര്‍ക്കും മനസിലാകും. എന്നിട്ടും അപ്രസക്തമായ ആക്ഷേപങ്ങള്‍ ആവര്‍ത്തിച്ചത് മുന്‍കൂട്ടി തയ്യാറാക്കിയ മാധ്യമ അജന്‍ഡയുടെ ഭാഗമാണ്. കണ്‍മുമ്പിലെ സംഭവങ്ങളും പഴയകാല ചെയ്തികളില്‍ പൊലീസ്-നിയമസംവിധാനങ്ങളുടെ ഇടപെടലും വിധിയും വിചാരണയും തെരഞ്ഞെടുപ്പ് വിഷയങ്ങളാണ്. പക്ഷേ, യുഡിഎഫിന് ദോഷകരമായ സംഭവങ്ങള്‍ മുക്കാന്‍ മാധ്യമങ്ങള്‍ മത്സരിച്ചു.

ഹിന്ദു പുറത്തുകൊണ്ടുവന്ന വിക്കിലീക്സ് രേഖ രാജ്യത്ത് കൊടുങ്കാറ്റായി. വോട്ടുകോഴ പാര്‍ലമെന്റിനെ സ്തംഭിപ്പിച്ചു. 'വിശ്വാസ വോട്ട് നേടാന്‍ എംപിമാരെ വിലയ്ക്കെടുക്കാന്‍ സതീശ് ശര്‍മവഴി 60 കോടി രൂപ നല്‍കി, പ്രധാനമന്ത്രി ഇടപെട്ടു'- ഇത് ദേശാഭിമാനിക്ക് (മാര്‍ച്ച് 18) ലീഡ്. പക്ഷേ, അത് മനോരമയ്ക്കും മറ്റും രണ്ടുദിവസം ഒന്നാംപേജ് വാര്‍ത്തപോലുമായില്ല. ഒന്നാം യുപിഎ സര്‍ക്കാരിനെ നിലനിര്‍ത്താനായി എംപിമാരെ വിലയ്ക്കെടുക്കാന്‍ 60 കോടി രൂപ കോഴ നല്‍കിയെന്ന് സോണിയയുടെ വിശ്വസ്തനായ സതീഷ്ശര്‍മ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനോട് പറഞ്ഞ രേഖയാണ് വിക്കിലീക്സ് പുറത്തുവിട്ടത്. അത് മറച്ചുവയ്ക്കാനാകാത്ത ചലനം രാജ്യത്ത് സൃഷ്ടിച്ചപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെ രക്ഷിക്കാനുള്ള വാദമുഖം പ്രചരിപ്പിക്കുന്നതിനായിരുന്നു വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ഉത്സാഹം. സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കോഴ നല്‍കിയെന്ന ആരോപണം തള്ളിക്കളഞ്ഞ പ്രധാനമന്ത്രി സൌമ്യഭാവംവിട്ട് പ്രതിപക്ഷത്തിനുനേരെ കടന്നാക്രമണം നടത്തിയെന്നാണ് മാര്‍ച്ച് 24ന്റെ മനോരമയില്‍ ലീഡ് സ്റ്റോറിയിലെ ആദ്യവാചകം തന്നെ. 2 ജി, കോമണ്‍വെല്‍ത്ത്, ആദര്‍ശ് അഴിമതികളില്‍ മൂക്കുകുത്തിക്കിടക്കുന്ന മന്‍മോഹന്‍ വോട്ടുകോഴകൂടി വന്നപ്പോള്‍ പാവ വീണപോലെയായി. എന്നിട്ടും മന്‍മോഹന്റെ കാല്‍ മേലെയാണെന്ന് വരുത്താനുള്ള ശ്രമമായിരുന്നു വലതുപക്ഷ മാധ്യമങ്ങളുടേത്.

കേരളത്തിലും കോണ്‍ഗ്രസിനെതിരെ വോട്ടുകോഴ വിവാദം കത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും ഘടകകക്ഷിക്കാര്‍ക്കും നല്‍കാനായി 100 കോടി രൂപ. അതിനുപുറമേ ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഹെലികോപ്റ്ററും. ഇതെല്ലാം 2ജി സ്പെക്ട്രം അഴിമതിപ്പണത്തിന്റെ പങ്കാണെന്ന ആക്ഷേപം സജീവമായപ്പോള്‍ അതിനെ ചെറുക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ വിയര്‍പ്പൊഴുക്കി. ബംഗാളില്‍ ബുദ്ധദേവും കോപ്റ്റര്‍ പ്രചാരണം നടത്തുന്നുവെന്ന കളവ് മനോരമ എഴുന്നള്ളിച്ചു. ചെന്നിത്തല ലളിതജീവിതം നയിക്കുന്ന ഗാന്ധിയനാണെന്ന് മാലോകരെ ബോധ്യമാക്കാന്‍ ഹരിപ്പാട്ടെ ചെമ്മണ്‍പാതയില്‍, ബൈക്കിനു പിന്നിലിരുന്ന് സഞ്ചരിക്കുന്ന അഞ്ചുകോളം ചിത്രം മനോരമ നല്‍കി. എഡിറ്റോറിയല്‍ മേധാവി തോമസ് ജേക്കബ്ബിന്റെ ബുദ്ധിക്കുമുന്നില്‍ നമിച്ചു! പണത്തിന്റെ കുത്തൊഴുക്ക് ഇത്രമേല്‍ ഒരുകാലത്തുമുണ്ടായിട്ടില്ല. അത്രമാത്രം തെരഞ്ഞെടുപ്പിനെ അധാര്‍മികമാക്കിയ കോണ്‍ഗ്രസ് നടപടി തെരഞ്ഞെടുപ്പ് വിഷയമാക്കാതിരിക്കാന്‍ 'മ' മാധ്യമസംഘം യുഡിഎഫിന് മറകെട്ടി.

ഒന്നരമാസം നീണ്ട തെരഞ്ഞടുപ്പ് പ്രചാരണത്തിലെ മുഖ്യവിഷയം എന്തെന്ന് നാളെ മനോരമ പരതുന്ന ചരിത്രവിദ്യാര്‍ഥി ഒരുപക്ഷേ രേഖപ്പെടുത്തുക, ലതിക സുഭാഷ് വിഷയമെന്നാകും. ഇന്ദിരാഗാന്ധി വെടിയേറ്റുമരിച്ചപ്പോള്‍ നല്‍കിയതിനേക്കാള്‍ പ്രാധാന്യമാണ് മനോരമ മലമ്പുഴയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലതിക സുഭാഷിനെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വാക്കുകൊണ്ട് അപമാനിച്ചുവെന്ന അടിസ്ഥാനമില്ലാത്ത ആക്ഷേപത്തിന് നല്‍കിയത്. സ്ത്രീപദവി ഉയര്‍ത്താനും അവരുടെ മാനം രക്ഷിക്കാനും എല്‍ഡിഎഫും വി എസും നടത്തുന്ന പോരാട്ടങ്ങള്‍ കപടമാണെന്ന് സ്ഥാപിക്കാന്‍ മുഖപ്രസംഗ പേജിനെ 'മഹിളാരത്ന'ങ്ങളുടെയും 'നിയമജ്ഞ'രുടെയും അഭിപ്രായങ്ങളാല്‍ അലങ്കരിച്ചു. പോരാത്തതിന് വി എസിന്റെ മൂക്കരിയാന്‍ ആഹ്വാനംചെയ്യുന്ന മുഖപ്രസംഗവും. കേന്ദ്ര തെരഞ്ഞടുപ്പ് കമീഷന്‍ വി എസിന് എതിരായ പരാതി ചവറ്റുകുട്ടയില്‍ തള്ളിയതോടെ മനോരമ-മാതൃഭൂമിയാദികള്‍ തലയില്‍ മുണ്ടിട്ട് പിന്‍വലിഞ്ഞു.

രണ്ടുരൂപ അരി പദ്ധതി തെരഞ്ഞെടുപ്പ് കമീഷന്‍ ആദ്യം തടഞ്ഞപ്പോള്‍ അതിലെ വില്ലന്മാരെ വലതുപക്ഷ മാധ്യമങ്ങള്‍ പൊതിഞ്ഞുവച്ചു. അരിതടഞ്ഞ വാര്‍ത്ത ആദ്യനാള്‍ മനോരമ കൊടുത്തതേയില്ല. അന്നംമുടക്കികളായ കോണ്‍ഗ്രസ് നേതാക്കളുടെ മുഖം പുറത്തുകൊണ്ടുവന്നത് ദേശാഭിമാനി, കൈരളി, ജനയുഗം, മാധ്യമം തുടങ്ങിവയാണ്. വിലക്കയറ്റം, അഴിമതി, വികസനം തുടങ്ങിയ പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് വിഷയങ്ങളാക്കാതിരിക്കാനാണ് മനോരമ നേതൃസംഘം ആഗ്രഹിച്ചത്. ബാലറ്റ് അങ്കത്തില്‍ കിതച്ച യുഡിഎഫിന് ഉത്തേജനം നല്‍കാന്‍ യുഡിഎഫ് എംബെഡഡ് മാധ്യമസംഘം മുന്നിലായിരുന്നു. ദാമ്പത്യ-ദാമ്പത്യേതര ബന്ധത്തില്‍ തളര്‍ച്ച മാറ്റാന്‍ എക്സ്ട്രാ പവര്‍ വാഗ്ദാനം ചെയ്ത തട്ടിപ്പുകാരനായ മരുന്നുകച്ചവടക്കാരന്റെ മാതൃകയില്‍ ഒരുമാധ്യമത്തട്ടിപ്പ്.

തെരഞ്ഞെടുപ്പുകാലത്ത് വാര്‍ത്ത നല്‍കുമ്പോള്‍ ഓരോ രാഷ്ടീയപ്രസ്ഥാനങ്ങള്‍ക്കും അര്‍ഹമായ ഇടം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍തന്നെ നിഷ്കര്‍ഷിച്ചിട്ടുണ്ട്. നിഷ്പക്ഷത കൊട്ടിഘോഷിക്കുന്ന മാധ്യമങ്ങള്‍ അത് ചെയ്തില്ല. യുഡിഎഫിനുവേണ്ടി പ്രചാരണം നടത്തിയ നേതാക്കളുടെ പ്രസംഗം, പര്യടനം എന്നിവയ്ക്ക് കൊടുത്ത ഇടത്തിന്റെ 20 ശതമാനം പോലും എല്‍ഡിഎഫിന് നീക്കിവച്ചില്ല. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരുടെ പൊതുയോഗങ്ങള്‍ക്ക് ആളില്ലായിരുന്നു. ഒഴിഞ്ഞ കസേരകളെ നോക്കിയാണ് ഇവര്‍ പ്രസംഗിച്ചത്. അത് മനോരമ-മാതൃഭൂമി-ഏഷ്യാനെറ്റാദി മാധ്യമങ്ങളെമാത്രം ആശ്രയിച്ചവര്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടി. ഈ മൂന്നാളുടെയും പ്രസംഗം മനോരമയ്ക്കും മാതൃഭൂമിക്കും പ്രധാനവാര്‍ത്തയായി. 'ഇടതുസര്‍ക്കാര്‍ അഞ്ചുവര്‍ഷം പാഴാക്കി: സോണിയ'എന്ന തലക്കെട്ടില്‍ മനോരമ ഏപ്രില്‍ ഏഴിന് ലീഡ് വാര്‍ത്തയാക്കി കോണ്‍ഗ്രസ് അധ്യക്ഷയെ വരവേറ്റു. ചോദ്യശരങ്ങളുമായി സോണിയയുടെ തേരോട്ടമെന്ന ബഹുകേമ ഫീച്ചര്‍ ഉള്‍പ്പേജില്‍ വേറെ. കോള്‍മയിര്‍കൊള്ളാന്‍ ഇനിയെന്തുവേണം. പത്രത്തിന് കൂടുതല്‍ പേജും കോളവും ഇല്ലല്ലോ എന്നോര്‍ത്ത് മാമ്മന്‍ മാത്യുവും തോമസ് ജേക്കബ്ബും ദുഃഖിച്ചിട്ടുണ്ടാകണം.

മൂന്നുനാള്‍കഴിഞ്ഞ് മന്‍മോഹന്‍ വന്നപ്പോള്‍ സോണിയക്കു പിന്നിലാകാതിരിക്കാനും 'മ' പത്രം ജാഗ്രത കാട്ടി. 'കേരളത്തിന്റെ ഭാവിക്ക് യുഡിഎഫിന് വോട്ടുചെയ്യൂ: മന്‍മോഹന്‍' എന്ന ആഹ്വാനം ഏപ്രില്‍ 10ന് ലീഡാക്കിയ മനോരമ ഒന്നാംപേജില്‍തന്നെ മന്‍മോഹന്‍, ഉമ്മന്‍ചാണ്ടി, കെ എം മാണി എന്നിവരുടെ കൈവീശുന്ന വര്‍ണചിത്രവും നിറച്ചു. ഹരിപ്പാട്ട് സോണിയ പ്രസംഗിച്ചപ്പോള്‍ വോട്ട് എല്‍ഡിഎഫിന് നല്‍കൂ എന്ന് നാവ് പിഴയാല്‍ ആഹ്വാനം ചെയ്തതിന്റെ കോട്ടം തീര്‍ക്കാനാകും പ്രധാനമന്ത്രി യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് പറയുന്നത് അസാധാരണ ലീഡാക്കിയത്. ചെരുപ്പില്‍ കയറിയ ആണി ഊരാന്‍ നോക്കുന്ന രാഹുല്‍ ചിത്രവും (പര്‍ണാശ്രമത്തില്‍നിന്ന് ഇറങ്ങുന്ന ശകുന്തള ദുഷ്യന്തനെ നോക്കാന്‍ ദര്‍ഭമുന എടുക്കാന്‍ ഭാവിക്കുന്നത് ഓര്‍മിച്ച് മനോരമ ഛായാഗ്രാഹകന്‍ പകര്‍ത്തിയ പടം) മുഴുനീളന്‍ പ്രസംഗവുംകൊണ്ട് പത്രത്താള്‍ അലംകൃതമാക്കി. '93 വയസ്സുള്ള മുഖ്യമന്ത്രി മതിയോ- രാഹുല്‍' എന്ന ഏഴുകോളം പ്രസംഗം. 89 വയസ്സുള്ള നടക്കാനാവാത്ത കരുണാനിധിയെ വീണ്ടും അധികാരത്തിലേറ്റാന്‍ പ്രസംഗിച്ചിട്ടു വന്നവരാണ് വി എസ് അച്യുതാനന്ദന്റെ പ്രായാധിക്യത്തെ ആക്ഷേപിച്ചത് എന്നത് മനോരമ-മംഗളം-ദീപികയാദി പത്രങ്ങളും ഒരു വിഭാഗം ദൃശ്യമാധ്യമങ്ങളും മറന്നു. മന്‍മോഹന്‍-സോണിയ-രാഹുല്‍ മയമാകുന്നതിന് മാതൃഭൂമി, ദീപിക തുടങ്ങിയവയും ചില ചാനലുകളും മനോരമയുമായി മത്സരിച്ചു. ഇതിലൂടെ തങ്ങള്‍ ബഹുജന മാധ്യമമല്ല, വലതുപക്ഷ മാധ്യമങ്ങളാണെന്ന് നിസ്സംശയം തെളിയിച്ചു.

ആര്‍ എസ് ബാബു ദേശാഭിമാനി 250411

1 comment:

  1. വാസ്കോഡഗാമ കപ്പലിറങ്ങിപ്പോള്‍ കേരളത്തെ വരുതിയിലാക്കാന്‍ ഇവിടെയുള്ള ധീരയോദ്ധാക്കളുമായി യുദ്ധം നടത്തിയിരുന്നു. അതിന്റെ കഥയാണ് സന്തോഷ് ശിവന്റെ 'ഉറുമി' എന്ന സിനിമ. ഇന്ന് പഴയപോലെ തിരപ്പുറത്തുകൂടി സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ (എംബയര്‍ ഓണ്‍ വേവ്സ്) നാവികശക്തിയെ ആശ്രയിക്കേണ്ട; മാധ്യമശക്തിയെ ആശ്രയിച്ചാല്‍ മതി. ഇതിനായി ആഗോളവല്‍ക്കരണ നയസംരക്ഷകരായ രാഷ്ട്രീയവും മാധ്യമങ്ങളും തെരഞ്ഞെടുപ്പില്‍ കൈകോര്‍ത്തു. പാണ്ടന്‍ നായയുടെ പല്ലിന് ശൌര്യം പണ്ടേപ്പോലെ ഫലിക്കാതിരിക്കാനാണ് സാധ്യത. എങ്കിലും അവര്‍ ചെയ്യാനുള്ളതെല്ലാം ചെയ്തു. മാധ്യമപ്രവര്‍ത്തനത്തിലെ നിഷ്പക്ഷത, വസ്തുനിഷ്ഠത, സമതുലനം, ആധികാരികത തുടങ്ങിയ സങ്കല്‍പ്പങ്ങളെ തച്ചുടച്ചു. കേരളത്തില്‍ എല്‍ഡിഎഫിനും യുഡിഎഫിനും സാധാരണയായി 50 ശതമാനത്തിനുമേല്‍ വോട്ട് കിട്ടാറില്ല. അതുകൊണ്ടുതന്നെ ചില സംഭവങ്ങളുടെയോ ജാതി-മത കാരണങ്ങളാലോ ചേരിതിരിവ് സൃഷ്ടിക്കാന്‍ യുഡിഎഫും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും പരിശ്രമിക്കാറുണ്ട്. അതിന്റെ നീചമായ ചില ഉദാഹരണങ്ങള്‍ മുന്‍ലക്കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    ReplyDelete