Sunday, April 24, 2011

വംശഹത്യ: മോഡി വീണ്ടും പ്രതിക്കൂട്ടില്‍

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്ക് കൂടുതല്‍ തെളിഞ്ഞതോടെ ബിജെപി നേതൃത്വവും ഗുജറാത്ത് സര്‍ക്കാരും വീണ്ടും പ്രതിസന്ധിയില്‍. മോഡിയുടെ പങ്കിനെക്കുറിച്ച് നേരത്തെ പല വെളിപ്പെടുത്തലും ഉണ്ടായെങ്കിലും അദ്ദേഹത്തെ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവില്ലെന്നായിരുന്നു സംഘപരിവാര്‍ വാദിച്ചത്. ഗോധ്ര സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ ഈ വാദം പൊളിഞ്ഞു. ഭട്ടിന്റെ വെളിപ്പെടുത്തല്‍ കോടതിയില്‍ തിരിച്ചടിക്കുമെന്ന് ബിജെപി ഭയക്കുന്നു. മോഡിയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ ഭട്ട് പങ്കെടുത്തില്ലെന്ന് സമര്‍ഥിക്കാന്‍ ചില ഉദ്യോഗസ്ഥരെ രംഗത്തിറക്കാനാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പുതിയ ശ്രമം.

സൊഹ്റാബുദ്ദീന്‍ ഷേഖിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ച കേസില്‍ മോഡിയുടെ വലംകൈയായ മുന്‍ ആഭ്യന്തര സഹമന്ത്രിഅമിത് ഷാ അറസ്റിലായത് ഗുജറാത്ത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. മുസ്ളിങ്ങളെ കൂട്ടക്കൊല ചെയ്യാന്‍ നേതൃത്വം നല്‍കിയ മന്ത്രി മായ കോദ്നാനി അടക്കമുള്ളവര്‍ അറസ്റിലായതും ബിജെപിയുടെ തീവ്രഹിന്ദുത്വ മുഖം വെളിവാക്കി. എസ്ഐടിയെ പോലും മോഡി സര്‍ക്കാര്‍ സ്വാധീനിക്കുന്നുവെന്ന ആശങ്ക പ്രകടിപ്പിച്ചാണ് സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ നേരിട്ട് സത്യവാങ്മൂലം നല്‍കിയത്.

ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡി കുറ്റക്കാരനാണെന്ന് സുപ്രീംകോടതി നിയോഗിച്ച, മുന്‍ സിബിഐ ഡയറക്ടര്‍ ആര്‍ കെ രാഘവന്‍ തലവനായ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കണ്ടെത്തിയിരുന്നു. സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയോടെയും ഒത്താശയോടെയുമാണ് വംശഹത്യ നടപ്പാക്കിയതെന്ന് 600 പേജുള്ള റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2002 ഫെബ്രുവരി 28ന് ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ സംഘപരിവാറുകാര്‍ ചുട്ടുകൊന്ന മുന്‍ കോണ്‍ഗ്രസ് എംപി ഇഹ്സാന്‍ ജഫ്റിയുടെ ഭാര്യ സാകിയ ജഫ്റി സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് 2008 മാര്‍ച്ചില്‍ അഞ്ചംഗ എസ്ഐടിക്ക് സുപ്രീംകോടതി രൂപംനല്‍കിയത്. ഹൈന്ദവ വര്‍ഗീയവാദികള്‍ അരിശം തീര്‍ക്കുമ്പോള്‍ നിശബ്ദരായിരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടു, വംശഹത്യയുടെ തലേന്നു രാത്രി ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു, ഗോധ്രയില്‍ ട്രെയിന്‍ തീപിടിത്തത്തില്‍ മരിച്ച കര്‍സേവകരുടെ മൃതദേഹം വര്‍ഗീയവികാരം ആളിക്കത്തിക്കാനായി അഹമ്മദാബാദില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു, കൂട്ടക്കൊല തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ പിന്‍വലിച്ചു എന്നെല്ലാമാണ് സാകിയ ജഫ്റിയുടെ പരാതിയിലുണ്ട്.

മോഡിയെ പ്രോസിക്യൂട്ട് ചെയ്യണം: സിപിഐ എം

ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യ സംബന്ധിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഗുജറാത്ത് പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം വംശഹത്യയില്‍ മോഡിക്കെതിരെയുള്ളനേരിട്ടുള്ള തെളിവാണ്്. ഇതോടെ 2002ല്‍ ഗുജറാത്തില്‍ ന്യൂനപക്ഷസമുദായത്തിനു നേരെ നടന്ന വംശഹത്യയില്‍ മോഡിയുടെ പങ്ക് കൂടുതല്‍ വ്യക്തമായിരിക്കയാണ്. മുസ്ളിങ്ങളെ സംഘപരിവാര്‍ അക്രമികളില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നിര്‍ദേശം നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. ഈ യോഗത്തില്‍ പങ്കെടുത്ത ഉദ്യോഗസ്ഥന്റെ സത്യവാങ്മൂലം മോഡി കുറ്റകൃത്യത്തില്‍ പങ്കാളിയാണെന്ന് സ്ഥിരീകരിക്കുന്നതാണ്. ഈ സാഹചര്യത്തില്‍ വംശഹത്യയില്‍ മോഡിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹത്തെ ഉടന്‍ പ്രോസിക്യൂട്ടു ചെയ്യണമെന്നും പിബി ആവശ്യപ്പെട്ടു.

deshabhimani 240411

1 comment:

  1. ഗുജറാത്ത് വംശഹത്യയില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പങ്ക് കൂടുതല്‍ തെളിഞ്ഞതോടെ ബിജെപി നേതൃത്വവും ഗുജറാത്ത് സര്‍ക്കാരും വീണ്ടും പ്രതിസന്ധിയില്‍. മോഡിയുടെ പങ്കിനെക്കുറിച്ച് നേരത്തെ പല വെളിപ്പെടുത്തലും ഉണ്ടായെങ്കിലും അദ്ദേഹത്തെ നേരിട്ടു ബന്ധിപ്പിക്കുന്ന തെളിവില്ലെന്നായിരുന്നു സംഘപരിവാര്‍ വാദിച്ചത്. ഗോധ്ര സംഭവത്തിനു പിന്നാലെ മുഖ്യമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പങ്കെടുത്ത ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലൂടെ ഈ വാദം പൊളിഞ്ഞു. ഭട്ടിന്റെ വെളിപ്പെടുത്തല്‍ കോടതിയില്‍ തിരിച്ചടിക്കുമെന്ന് ബിജെപി ഭയക്കുന്നു. മോഡിയുടെ വീട്ടില്‍ നടന്ന യോഗത്തില്‍ ഭട്ട് പങ്കെടുത്തില്ലെന്ന് സമര്‍ഥിക്കാന്‍ ചില ഉദ്യോഗസ്ഥരെ രംഗത്തിറക്കാനാണ് ഗുജറാത്ത് സര്‍ക്കാരിന്റെ പുതിയ ശ്രമം.

    ReplyDelete