അനാവശ്യ പ്രസവ ശസ്ത്രക്രിയകള്‍ തടയുന്നതിന് മാര്‍ഗരേഖ തയ്യാറാക്കാന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ പി കെ ജമീലയുടെ നേതൃത്വത്തിലുള്ള നാലംഗ സമിതിയെ ഇതിനായി ചുമതലപ്പെടുത്തി. സമിതി രണ്ട് ദിവസത്തിനകം മാര്‍ഗരേഖ തയ്യാറാക്കും. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ പ്രൊഫസര്‍ നിര്‍മല, തൈക്കാട് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ചീഫ് കസള്‍ട്ടന്റ് ബെറ്റി ജോസ്, തിരുവനന്തപുരം ഡിഎംഒ ശ്രീധര്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.
പ്രസവ ശസ്ത്രക്രിയ നിരക്ക് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ പൊതുവെ കൂടിവരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ആരോഗ്യ-സാമൂഹ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. അടിയന്തരഘട്ടങ്ങളില്‍ ശസ്ത്രക്രിയ ആവശ്യമാണ്. എന്നാല്‍,അനാവശ്യമായും ശസ്ത്രക്രിയ നടക്കുന്നു. ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഗര്‍ഭിണികളെ കൂട്ട ശസ്ത്രക്രിയക്ക് വിധേയമാക്കിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രി യോഗം വിളിച്ചത്. ആരോഗ്യഡയറക്ടര്‍ ഇന്‍ ചാര്‍ജ് കുമാരി ജി പ്രേമ, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ വി ഗീത, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഡിഎംഒമാര്‍, ഗൈനക്കോളജി ഡോക്ടര്‍മാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ മാര്‍ഗരേഖ അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് ആരോഗ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ദേശാഭിമാനി 270411
No comments:
Post a Comment