Wednesday, April 27, 2011

യുപിഎ സഖ്യത്തിന്റെ ജയില്‍ നിറയ്ക്കല്‍

രണ്ടാം യുപിഎ സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ്. രാഷ്ട്രീയപാര്‍ടികള്‍ ചില പ്രശ്നങ്ങളെ ആധാരമാക്കി ജയില്‍ നിറയ്ക്കല്‍ സമരം സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, അഴിമതി നടത്തി ജയില്‍ നിറയ്ക്കുന്നത് ഇന്ത്യയുടെമാത്രമല്ല, ലോകചരിത്രത്തില്‍തന്നെ പുതുമയായിരിക്കും. യുപിഎ സഖ്യത്തിലെ പ്രമുഖ കക്ഷിയായ ഡിഎംകെ നേതാവും ടെലികോം മന്ത്രിയുമായിരുന്ന എ രാജ 2ജി സ്പെക്ട്രം അഴിമതിയിലെ മുഖ്യപ്രതി എന്നനിലയില്‍ തിഹാര്‍ ജയിലില്‍ കഴിയുകയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പേരില്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ സുരേഷ് കല്‍മാഡിയെ സിബിഐ അറസ്റുചെയ്ത് ജയിലിലടച്ചിരിക്കുന്നു. തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ മകളും രാജ്യസഭാംഗവുമായ കനിമൊഴി 2ജി സ്പെക്ട്രം അഴിമതിക്കേസില്‍ പ്രതിയാണെന്ന് വന്നിരിക്കുന്നു. കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന അശോക് ചവാനെതിരെ ഫ്ളാറ്റ് കുംഭകോണത്തിന്റെ പേരിലുള്ള അന്വേഷണം നടക്കുകയാണ്.

യുപിഎ സഖ്യത്തിന്റെ കേരളത്തിലെ തനിപ്പകര്‍പ്പാണ് യുഡിഎഫ്. അതിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളായ ആര്‍ ബാലകൃഷ്ണപിള്ള, അഴിമതിക്കേസില്‍ സുപ്രീംകോടതി കഠിനതടവിന് ശിക്ഷിച്ചതുമൂലം പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്. താല്‍ക്കാലികമായി പരോളിലിറങ്ങി എന്നുമാത്രം. ഇനിയും പലരും ജയിലില്‍ പോകാന്‍ ഊഴവും കാത്തിരിക്കുകയാണ്. 2ജി സ്പെക്ട്രം അനുബന്ധ കുറ്റപത്രത്തില്‍ കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളും പ്രതിയാണുപോലും.

അതിനിടയ്ക്കാണ് കോണ്‍ഗ്രസും ഡിഎംകെയും തമ്മിലുള്ള ബന്ധം ഉലയുന്നതായുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ സ്ഥാനംപിടിച്ചത്. സുപ്രീംകോടതി നേരിട്ട് മേല്‍നോട്ടം വഹിക്കുന്ന അന്വേഷണമായതുകൊണ്ടുമാത്രമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് നേരിട്ട് ഇടപെട്ട് ആരെയെങ്കിലും പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനോ കൂട്ടിച്ചേര്‍ക്കാനോ കഴിയാത്ത നിസ്സഹായാവസ്ഥയുണ്ടായത്.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുഡിഎഫ് ഒരുപടികൂടി കടന്ന് മറ്റൊരു പുതിയ ചരിത്രവും സൃഷ്ടിച്ചിരിക്കുന്നു. അഴിമതിയുടെ പേരില്‍ ശിക്ഷിക്കപ്പെട്ട ഒരാള്‍ക്ക് സ്വീകരണം നല്‍കുന്ന പതിവ് കേട്ടുകേള്‍വിപോലും ഇല്ലാത്തതാണ്. എന്നാല്‍, ബാലകൃഷ്ണപിള്ളയ്ക്ക് കൊട്ടാരക്കരയില്‍ സ്വീകരണം നല്‍കാന്‍ യുഡിഎഫ് നേതൃത്വം തയ്യാറായി. അഴിമതി നടത്തിയ പിള്ളയെ അനുമോദിച്ചാണ് യുഡിഎഫ് നേതാക്കള്‍ ഘോരഘോരം പ്രസംഗിച്ചത്. അഴിമതി നടത്തി ജയിലില്‍ പോകുന്നതാണ് മാതൃകയെന്ന് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിച്ചിരിക്കുന്നു. പിള്ളയുടെ മാതൃക മറ്റുള്ളവരും പിന്തുടരുമെന്നാണ് സ്വീകരണം നല്‍കിയതിന്റെ അര്‍ഥം.

അഴിമതിയോടുള്ള സമീപനമാണ് ഇവിടെ പ്രധാനം. 2ജി സ്പെക്ട്രം അഴിമതിയെപ്പറ്റി 2007 നവംബറില്‍തന്നെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് അറിവുണ്ടായിട്ടും മുന്നണിധര്‍മത്തിന്റെ മറവില്‍ അത് മറച്ചുവയ്ക്കുകയാണുണ്ടായത്. കേന്ദ്ര ഖജനാവിന് 1.76 ലക്ഷം കോടി രൂപ നഷ്ടംവന്നതായി സിഎജി കണ്ടെത്തിയ അഴിമതിയാണ് പ്രധാനമന്ത്രിപോലും മൂടിവയ്ക്കാന്‍ ശ്രമിച്ചതെന്നുള്ളത് അതീവ ഗൌരവമുള്ള പ്രശ്നംതന്നെയാണ്. പ്രതിപക്ഷം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുകയും സുപ്രീംകോടതി ഫലപ്രദമായി ഇടപെടുകയും ചെയ്തതുകൊണ്ടുമാത്രമാണ് സമഗ്രമായ അന്വേഷണം നടത്താന്‍ സിബിഐ നിര്‍ബന്ധിതമായത്. അണ്ണ ഹസാരെയുടെ നിരാഹാരം അഴിമതിയുടെ പ്രശ്നത്തിലേക്ക് ബഹുജനശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിച്ചെന്നത് വസ്തുതയാണ്. എന്നാല്‍, അതുകൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല. ലോക്പാല്‍ ബില്‍ പാസാക്കിയതുകൊണ്ടും അഴിമതിയില്‍ അറുതിവരുമെന്ന് കരുതേണ്ടതില്ല. കോര്‍പറേറ്റ് ഉടമകളും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും രാഷ്ട്രീയനേതൃത്വവും ക്രിമിനലുകളും തമ്മിലുള്ള അവിഹിതമായ കൂട്ടുകെട്ട് തുടരുന്നിടത്തോളം കാലം അഴിമതി കുറയാനല്ല, വര്‍ധിക്കാനാണ് സാധ്യത. ഈ അവിഹിതബന്ധത്തിന് അറുതിവരുത്താനുള്ള സമരവും ഒപ്പം തുടരേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 270411

1 comment:

  1. രണ്ടാം യുപിഎ സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ക്കുകയാണ്. രാഷ്ട്രീയപാര്‍ടികള്‍ ചില പ്രശ്നങ്ങളെ ആധാരമാക്കി ജയില്‍ നിറയ്ക്കല്‍ സമരം സംഘടിപ്പിക്കാറുണ്ട്. എന്നാല്‍, അഴിമതി നടത്തി ജയില്‍ നിറയ്ക്കുന്നത് ഇന്ത്യയുടെമാത്രമല്ല, ലോകചരിത്രത്തില്‍തന്നെ പുതുമയായിരിക്കും.

    ReplyDelete