Wednesday, April 20, 2011

അര്‍ബുദത്തിന്റെ ജീവചരിത്രത്തിന് പുലിറ്റ്സര്‍ സമ്മാനം

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജി അര്‍ബുദത്തെക്കുറിച്ച് എഴുതിയ പുസ്തകം കഥേതര വിഭാഗത്തില്‍ ഇക്കൊല്ലത്തെ പുലിറ്റ്സര്‍ പുരസ്കാരത്തിന് അര്‍ഹനായി. ഡോ. മുഖര്‍ജിയുടെ 'ദി എമ്പറര്‍ ഓഫ് ഓള്‍ മാലഡീസ്: എ ബയോഗ്രഫി ഓഫ് ക്യാന്‍സര്‍' എന്ന കൃതിക്കാണ് പുരസ്കാരം. അമേരിക്കന്‍ എഴുത്തുകാരി ജന്നിഫര്‍ എഗാന്റെ ' എ വിസിറ്റ് ഫ്രം ദി ഗൂണ്‍ സ്ക്വാഡ്' കഥാവിഭാഗത്തില്‍ പുരസ്കാരം നേടി. വിജയികള്‍ക്ക് പതിനായിരം ഡോളറും പ്രശസ്തി പത്രവും ലഭിക്കും.
നാല്‍പ്പതുകാരനായ ഡോ. മുഖര്‍ജി കൊളംബിയ സര്‍വകലാശാലയില്‍ അര്‍ബുദരോഗ വിദഗ്ധനാണ്. വൈദ്യശാസ്ത്രത്തിന്റെ പരിധിയില്‍നിന്നുകൊണ്ടുതന്നെ അര്‍ബുദത്തെക്കുറിച്ച്, വായനസുഖം നല്‍കുന്ന വിവരണമാണ് പുസ്തകത്തിലുള്ളതെന്ന് പുരസ്കാരനിര്‍ണയസമിതി വിലയിരുത്തി. അര്‍ബുദത്തിന്റെ ജീവചരിത്രം എന്ന് പുസ്തകത്തെ വിശേഷിപ്പിക്കാം. ശാസ്ത്രഗവേഷകന്റെ കൃത്യതയും ചരിത്രകാരന്റെ കാഴ്ചപ്പാടും ജീവചരിത്രകാരന്റെ വൈകാരികതയും ഒത്തുചേര്‍ന്ന് കൃതിയെ മനോഹരമായ അനുഭവമാക്കുന്നതായി വിധികര്‍ത്താക്കള്‍ പറഞ്ഞു. ഇന്ത്യയില്‍ ജനിച്ച ഡോ. മുഖര്‍ജി സ്റാന്‍ഫോര്‍ഡ്, ഓക്സ്ഫഡ്, ഹാവാര്‍ഡ് സര്‍വകലാശാലകളില്‍നിന്നാണ് വൈദ്യശാസ്ത്ര പരിശീലനം നേടിയത്. ശാസ്ത്ര ജേര്‍ണലുകളിലും ദിനപത്രങ്ങളിലും സ്ഥിരമായി എഴുതുന്നു.
അതിദ്രുതം സംഭവിക്കുന്ന സാംസ്കാരികമാറ്റങ്ങളെ ഹൃദയവൃഥയോടെ നോക്കിക്കാണുന്ന നോവലാണ് എഗാന്റെ ' എ വിസിറ്റ് ഫ്രം ദി ഗൂണ്‍ സ്ക്വാഡ്'. ' ദി ഇന്‍വിസിബിള്‍ സര്‍ക്കസ്', ' ദി കീപ്പ്, 'ലുക്ക് അറ്റ് മി' എന്നിവയാണ് എഗാന്റെ മറ്റ് നോവലുകള്‍. ചെറുകഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ദേശാഭിമാനി 200411

1 comment:

  1. അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഡോക്ടര്‍ സിദ്ധാര്‍ഥ മുഖര്‍ജി അര്‍ബുദത്തെക്കുറിച്ച് എഴുതിയ പുസ്തകം കഥേതര വിഭാഗത്തില്‍ ഇക്കൊല്ലത്തെ പുലിറ്റ്സര്‍ പുരസ്കാരത്തിന് അര്‍ഹനായി. ഡോ. മുഖര്‍ജിയുടെ 'ദി എമ്പറര്‍ ഓഫ് ഓള്‍ മാലഡീസ്: എ ബയോഗ്രഫി ഓഫ് ക്യാന്‍സര്‍' എന്ന കൃതിക്കാണ് പുരസ്കാരം. അമേരിക്കന്‍ എഴുത്തുകാരി ജന്നിഫര്‍ എഗാന്റെ ' എ വിസിറ്റ് ഫ്രം ദി ഗൂ സ്ക്വാഡ്' കഥാവിഭാഗത്തില്‍ പുരസ്കാരം നേടി. വിജയികള്‍ക്ക് പതിനായിരം ഡോളറും പ്രശസ്തി പത്രവും ലഭിക്കും.

    ReplyDelete