Wednesday, April 20, 2011

പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ ആശ്രിത നിയമന വ്യവസ്ഥ ലഘൂകരിച്ചു

പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ ലഘൂകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. മറ്റ് വിഭാഗക്കാരുടെ പീഡനങ്ങള്‍ക്ക് ഇരയായി ജോലി ചെയ്യാന്‍ കഴിയാതായവരുടെ ആശ്രിതര്‍ക്കും ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനം ലഭിക്കും. സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ വിജിലന്‍സ് ആന്റ് മൊണിറ്ററിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് പുതിയ തീരുമാനം. പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ ആശ്രിത നിയമന വ്യവസ്ഥകളില്‍ ഇളവ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ജനുവരി 31 മുതല്‍ ബാധകമായി. നിലവില്‍ മറ്റ് വിഭാഗങ്ങളെപ്പോലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് മാത്രമാണ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആശ്രിത നിയമനം നല്‍കിയിരുന്നത്.

ഇന്ത്യന്‍ പീനല്‍കോഡില്‍ വിവക്ഷിച്ചിട്ടുള്ളതും പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് എതിരെ മറ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ ചെയ്യുന്നതുമായ എല്ലാ കുറ്റകൃത്യങ്ങളും പട്ടികജാതി- പട്ടികവര്‍ഗക്കാരുടെ മേലുള്ള ക്രൂരതകളായി കണക്കാക്കും. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമചട്ടം 1995 അനുബന്ധം ഒന്നിലെ ഷെഡ്യൂളില്‍ പറഞ്ഞിട്ടുള്ള മറ്റ് ആനുകൂല്യങ്ങള്‍ക്ക് പുറമെ ഐറ്റം 22 പ്രകാരം കുറ്റകൃത്യങ്ങളെ തുടര്‍ന്നുള്ള കൊലപാതകം, മരണം, കൂട്ടക്കൊല, ബലാല്‍സംഗം, കുട്ടബലാല്‍സംഗം, ജോലി ചെയ്യാനുള്ള കഴിവ് സ്ഥിരമായി നഷ്ടപ്പെടല്‍, കൊള്ളയടി എന്നിവയ്ക്ക് ഇരയാവുന്ന പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ ഒരു ആശ്രിതനോ ആശ്രിതയ്‌ക്കോ  പ്രതിമാസം 1000 രൂപ സര്‍ക്കാര്‍  പെന്‍ഷന്‍ അനുവദിക്കണം.  കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയോ അതുമല്ലെങ്കില്‍ കൃഷിഭൂമിയോ വീടോ  നല്‍കണം. ആശ്രിത നിയമനമോ സ്ഥലമോ വീടോ നല്‍കുന്നതു വരെ 1000 രൂപ പെന്‍ഷന്‍ തുടരും.

1989ലെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിവാരണ നിയമത്തില്‍ വിവരിച്ച പ്രകാരം ക്രൂരതക്ക് വിധേയമായി മരണപ്പെടുകയോ സ്ഥിരമായി ജോലി ചെയ്ത് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയോ ചെയ്ത വ്യക്തിയുടെ കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കാന്‍ ആശ്രിത നിയമന വ്യവസ്ഥ പ്രകാരം അപേക്ഷിക്കാം. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമ നിവാരണ നിയമ പ്രകാരം പൊലീസ് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ ക്രൂരതക്ക് ഇരയായിട്ടുള്ള വ്യക്തിയുടെ ആശ്രിതര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാവൂ. ഭാര്യ, ഭര്‍ത്താവ്, മകന്‍, മകള്‍, സഹോദരന്‍, സഹോദരി, അച്ഛന്‍, അമ്മ എന്നിവരെ ആശ്രിതരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി. ഇത് പ്രകാരം ഒരു കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ ആശ്രിത നിയനമം ലഭിക്കൂ.

അപേക്ഷകന്റെ വിദ്യാഭ്യാസ യോഗ്യതക്ക് അനുസരിച്ച് സബോര്‍ഡിനേറ്റ് സര്‍വീസ്, ലാസ്റ്റ് ഗ്രേഡ് സര്‍വീസ് എന്നിവയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡിലുള്ളതും നേരിട്ട് നിയമനം നടക്കുന്നതുമായ തസ്തികയിലേക്ക് മാത്രമായിരിക്കും  ആശ്രിത നിയമനം. അപേക്ഷിക്കുന്നവര്‍ക്ക് നിര്‍ദ്ദിഷ്ട യോഗ്യതയും പ്രായപരിധിയും ഉണ്ടെങ്കില്‍ ഈ ആശ്രിത നിയമനത്തിന് പബ്ലിക് സര്‍വീസ് കമ്മീഷനുമായി സര്‍ക്കാര്‍ കൂടിയാലോചിക്കേണ്ടതില്ല. വിധവക്കോ വിഭാര്യനോ 55 വയസ് തികയുന്നതിന് മുന്‍പ് വരെ ഇത്തരത്തില്‍ ജോലി നല്‍കാം. മറ്റുള്ള ആശ്രിതരുടെ കാര്യത്തില്‍ 50 വയസ് കവിയാന്‍ പാടില്ല. സംഭവം നടന്ന് ഒരു വര്‍ഷത്തിനകം ആശ്രിത നിയമനത്തിനുള്ള അപേക്ഷ സമര്‍പ്പിക്കണം. ജോലി ലഭിക്കേണ്ടയാള്‍ മൈനറാണെങ്കില്‍ പ്രായപൂര്‍ത്തിയായി മൂന്ന് വര്‍ഷത്തിനകം അപേക്ഷിച്ചാല്‍ മതിയാവും. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ഐ ടി ഡി പ്രോജക്ട് ഓഫീസര്‍, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ എന്നിവര്‍ക്കാണ് നിശ്ചിത ഫോറത്തില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷ സര്‍ക്കാര്‍ പരിഗണിക്കുക. അപേക്ഷിക്കുന്നയാള്‍ ആവശ്യപ്പെടുന്ന താലൂക്കിലോ അല്ലെങ്കില്‍ ജില്ലയിലോ നിയമനം നല്‍കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. ബന്ധപ്പെട്ട ജില്ലയില്‍ ഒഴിവില്ലെങ്കില്‍ മാത്രം തൊട്ടടുത്ത ജില്ലയില്‍ നിയമനം നല്‍കുകയും ഒഴിവ് വരുന്ന മുറയ്ക്ക് എത്രയും വേഗം ആവശ്യപ്പെട്ട ജില്ലയിലേക്ക് സ്ഥലംമാറ്റം കൊടുക്കുകയും വേണം. ഒരിക്കല്‍ നിയമനം ലഭിച്ചുകഴിഞ്ഞാല്‍ പിന്നീട് തസ്തിക മാറാന്‍ അനുവദിക്കില്ല. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ജനുവരി 31ന് ഇറങ്ങി. 

ജനയുഗം

1 comment:

  1. പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ ലഘൂകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. മറ്റ് വിഭാഗക്കാരുടെ പീഡനങ്ങള്‍ക്ക് ഇരയായി ജോലി ചെയ്യാന്‍ കഴിയാതായവരുടെ ആശ്രിതര്‍ക്കും ഇനി മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ ആശ്രിത നിയമനം ലഭിക്കും. സംസ്ഥാന പട്ടിക ജാതി-പട്ടിക വര്‍ഗ വിജിലന്‍സ് ആന്റ് മൊണിറ്ററിംഗ് കമ്മിറ്റിയുടെ ശുപാര്‍ശ പരിഗണിച്ചാണ് പുതിയ തീരുമാനം. പട്ടികജാതി-പട്ടികവര്‍ഗക്കാരുടെ ആശ്രിത നിയമന വ്യവസ്ഥകളില്‍ ഇളവ് ചെയ്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ജനുവരി 31 മുതല്‍ ബാധകമായി. നിലവില്‍ മറ്റ് വിഭാഗങ്ങളെപ്പോലെ സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരുടെ ആശ്രിതര്‍ക്ക് മാത്രമാണ് പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ആശ്രിത നിയമനം നല്‍കിയിരുന്നത്.

    ReplyDelete