Friday, April 29, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു

എന്‍ഡോസള്‍ഫാന്‍ ആഗോളതലത്തില്‍ നിരോധിക്കാന്‍ സ്റ്റോക് ഹോമില്‍ചേര്‍ന്ന സമ്മേളനത്തില്‍ തീരുമാനമായതായി കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ അറിയിച്ചു. ഇന്ത്യ ആവശ്യപ്പെട്ട മറ്റു ഇളവുകള്‍ നല്‍കും. ദുരന്തബാധിതരായ വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കും. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല.ബദല്‍മാര്‍ഗ്ഗങ്ങള്‍ രൂപീകരിക്കുന്നതിന് എല്ലാ രാജ്യങ്ങളുമായി കൂടിയാലോചന നടത്താനും തീരുമാനിച്ചിട്ടുണ്ട്.സ്റ്റോക്ഹേം കണ്‍വന്‍ഷന്‍ ഉപസമിതി തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിന് സമ്മേളനം അംഗീകാരം നല്‍കി. സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ച അനുകൂല നിലപാടിന് വിരുദ്ധമായാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ തീരുമാനമായത്. ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന മാരകകീടനാശിനി കമ്പനിക്കുവേണ്ടിയാണ് പ്രധാനമന്ത്രിയും കേന്ദ്രകൃഷിമന്ത്രാലയവും നിലപാട് സ്വീകരിച്ചത്.

എന്‍ഡോസള്‍ഫാനെതിരെ മറ്റു തെളിവെന്തിന് : പിണറായി

എന്‍ഡോസള്‍ഫാനെതിരെ ഇനിയെന്തു തെളിവാണ് ആവശ്യമുള്ളതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരത്തു നടന്ന പ്രതിഷേധറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണുള്ള ആരെയും ഞെട്ടിക്കുന്ന തെളിവുകളാണ് മുന്നിലുള്ളത്. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്ന കോര്‍പറേറ്റ് കമ്പനിയോടാണ് കേന്ദ്രസര്‍ക്കാരിന് താല്‍പര്യം. പ്രധാനമന്ത്രിപോലും എന്‍ഡോസള്‍ഫാന് അനുകൂലമായാണ് നിലപാടെടുക്കുന്നത്. ഇതുവരെ 12 പഠനങ്ങള്‍ നടന്നു. അവയിലെല്ലാം വളരെ വ്യക്തമായി എന്‍ഡോസള്‍ഫാന്റെ വിഷത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. മുലപ്പാലില്‍പോലും വിഷമടങ്ങിയതായി പഠനങ്ങള്‍ വ്യക്തമാക്കി. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ പോലും മാരകവിഷത്തിനടിമകളാണ്. മനുഷ്യക്കോലങ്ങളെ പ്രസവിക്കാന്‍ അമ്മമാര്‍ മടിക്കുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തിയ ഉപവാസത്തില്‍ കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിന്റെ പരിച്ഛേദം പങ്കെടുത്തു. കേരളത്തിന്റെ പൊതുവികാരമായി എന്‍ഡോസള്‍ഫാനെതിരെയുള്ള സമരം മാറുന്നു.കോഗ്രസ് ഒഴിച്ചുള്ള യുഡിഎഫിലെ ചില കക്ഷിനേതാക്കള്‍ ഉപവാസത്തില്‍ പങ്കെടുത്തതും അതുകൊണ്ടാണ്. അദ്ദേഹം വ്യക്തമാക്കി

കേന്ദ്രസര്‍ക്കാര്‍ നാടിന് അപമാനം പിണറായി

കോര്‍പറേറ്റുകള്‍ക്ക് വേണ്ടി എന്‍ഡോസള്‍ഫാന്‍ നിരോധനത്തില്‍ ഇളവു വരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമം ആശങ്കയുണ്ടാക്കുന്നതായി സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായിവിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിരോധനം ഒഴിവാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തിയത്. നിരോധനത്തില്‍ കേരളമാകെ ആഹ്ളാദം പ്രകടിപ്പിക്കുകയാണ്. എല്ലാവര്‍ക്കും അഭിമാനിക്കാന്‍ വകയുണ്ട്.കക്ഷിരാഷ്ട്രീയഭേദമന്യേ കേരളത്തിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കണം. ഈ സാഹചര്യത്തില്‍ കേരളത്തിലെ കോഗ്രസ് നേതാക്കള്‍ നിലപാട് വ്യക്തമാക്കണം. ജനങ്ങളെ കൊന്നൊടുക്കുന്ന മാരകകീടനാശിനിക്കുവേണ്ടി രംഗത്തുവന്ന കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കാകെ അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.

ജനവികാരത്തിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ തോറ്റു മുഖ്യമന്ത്രി

ജനവികാരത്തിനു മുന്നില്‍ എന്‍ഡോസള്‍ഫാന്‍ ലോബിക്ക് കീഴടങ്ങേണ്ടി വന്നുവെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സ്റ്റോക്ഹോം കവന്‍ഷനെ അഭിനന്ദിക്കുന്നു. കേരളത്തില്‍ നടന്ന ചെറുത്തുനില്‍പ്പുകളും സമരങ്ങളും എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് ചാലകശക്തിയായി പ്രവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ ലോബിയുടെ സ്വാധീനത്തില്‍ ചില കേന്ദ്രമന്ത്രിമാരും പെട്ടിട്ടുണ്ട്. അതൊക്കെ മാധ്യമങ്ങള്‍ അന്വേഷിച്ചുകണ്ടെത്തണം.അദ്ദേഹം ആവശ്യപ്പെട്ടു

1 comment:

  1. ഇന്ത്യ തോറ്റു, ഇന്ത്യക്കാര്‍ ജയിച്ചു!

    http://anoopesar.blogspot.com/2011/04/blog-post_30.html

    ReplyDelete