Friday, April 22, 2011

സാമൂഹ്യമേഖലയിലും സ്വകാര്യവല്‍ക്കരണം

സാമൂഹ്യമേഖലയടക്കം സര്‍വരംഗങ്ങളിലും സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടാനുള്ള നിര്‍ദേശത്തോടെ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനരേഖയ്ക്ക് ആസൂത്രണകമീഷന്‍ രൂപം നല്‍കി. നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച മേഖലകളില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുകയും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക, ആണവോര്‍ജ ഉല്‍പ്പാദനത്തിന് ഊന്നല്‍ നല്‍കുക, പശ്ചാത്തലസൌകര്യ മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതികള്‍ക്കുമാത്രം പ്രോത്സാഹനം നല്‍കുക, സാമൂഹ്യമേഖലയിലും പിപിപി മോഡല്‍ അവലംബിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ രേഖയിലുണ്ട്. എല്ലാ മേഖലയിലും തീവ്രസ്വകാര്യവല്‍ക്കരണമാണ് സമീപനരേഖ നിര്‍ദേശിക്കുന്നത്. പശ്ചാത്തലസൌകര്യവികസനത്തിന് പൂര്‍ണസ്വകാര്യനിക്ഷേപമോ അല്ലെങ്കില്‍ പൊതു-സ്വകാര്യപങ്കാളിത്ത മാതൃകയോ മതിയെന്ന് രേഖയില്‍ പറയുന്നു. വിദേശനിക്ഷേപ നയവും വ്യാപാര നയവും കൂടുതല്‍ ഉദാരമാക്കണം.

പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അധ്യക്ഷതയിലാണ് ആസൂത്രണകമീഷന്‍ സമ്പൂര്‍ണയോഗം ചേര്‍ന്നത്. പന്ത്രണ്ടാം പദ്ധതിക്കാലത്ത് ഒമ്പത് മുതല്‍ ഒമ്പതര ശതമാനംവരെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്. കാര്‍ഷികമേഖലയില്‍ അഞ്ചുശതമാനം വളര്‍ച്ചയാണ് ലക്ഷ്യം. 2014-15 ആവുമ്പോഴേക്കും ധനകമ്മി മൂന്ന് ശതമാനമായി കുറയ്ക്കും. കമ്മി കുറയ്ക്കുന്നത് അടക്കമുള്ള ധനഉത്തരവാദിത്ത നടപടി ഊര്‍ജിതമാക്കിയും കാര്‍ഷികമേഖലയില്‍ വളര്‍ച്ച ഉറപ്പാക്കിയും വിലക്കയറ്റം പിടിച്ചുനിര്‍ത്താമെന്നും സമീപനരേഖ പ്രത്യാശിക്കുന്നു. മെട്രോ അടക്കമുള്ള വന്‍കിട ഗതാഗത പദ്ധതികളും പിപിപി മാതൃകയില്‍ മതി. പദ്ധതികാലത്ത് വൈദ്യുതോല്‍പ്പാദനത്തില്‍ ലക്ഷം മെഗാവാട്ടിന്റെ വര്‍ധന വേണം. ആണവോര്‍ജ പദ്ധതികള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ജലവൈദ്യുത പദ്ധതികള്‍ക്ക് പരിസ്ഥിതിമന്ത്രാലയം അനാവശ്യതടസ്സം സൃഷ്ടിക്കുന്നത് ഒഴിവാക്കണം. പ്രകൃതിവാതകത്തിന്റെ പൈപ്പ് ലൈന്‍ ശൃംഖല സംവിധാനം വ്യാപകമാക്കണം. സെക്കന്‍ഡറി വിദ്യാഭ്യാസം 2017 ആവുമ്പോഴേക്കും സാര്‍വത്രികമാക്കണം. ആരോഗ്യമേഖലയിലെ മുതല്‍മുടക്ക് പന്ത്രണ്ടാം പദ്ധതിക്കാലത്ത് നിലവിലുള്ള 1.3 ശതമാനത്തില്‍നിന്ന് 2.5 ശതമാനമായി വര്‍ധിപ്പിക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എല്ലാ ദുര്‍ബല വിഭാഗങ്ങള്‍ക്കും വേണം. ഉല്‍പ്പന്ന നിര്‍മാണമേഖലയില്‍ ഉയര്‍ന്ന വളര്‍ച്ച ഉറപ്പാക്കണം. ആരോഗ്യം, വിദ്യാഭ്യാസം, ഗ്രാമീണ പശ്ചാത്തലസൌകര്യം, ജലസേചനം, ജലസ്രോതസ്സുകളുടെ സംരക്ഷണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടെക്സിങ് അലുവാലിയ പറഞ്ഞു. സമീപനരേഖയുടെ അടിസ്ഥാനത്തില്‍ കരട് തയ്യാറാക്കി സംസ്ഥാനങ്ങള്‍ക്ക് അയക്കുമെന്ന് അലുവാലിയ അറിയിച്ചു. പിന്നീട് മന്ത്രിസഭയും ദേശീയ വികസനസമിതിയും യോഗം ചേര്‍ന്ന് അന്തിമപദ്ധതിക്ക് രൂപംനല്‍കും.

എം പ്രശാന്ത് ദേശാഭിമാനി 220411

1 comment:

  1. സാമൂഹ്യമേഖലയടക്കം സര്‍വരംഗങ്ങളിലും സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടാനുള്ള നിര്‍ദേശത്തോടെ പന്ത്രണ്ടാം പഞ്ചവത്സരപദ്ധതിയുടെ സമീപനരേഖയ്ക്ക് ആസൂത്രണകമീഷന്‍ രൂപം നല്‍കി. നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ച മേഖലകളില്‍ വിദേശനിക്ഷേപ പരിധി ഉയര്‍ത്തുകയും കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുക, ആണവോര്‍ജ ഉല്‍പ്പാദനത്തിന് ഊന്നല്‍ നല്‍കുക, പശ്ചാത്തലസൌകര്യ മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) പദ്ധതികള്‍ക്കുമാത്രം പ്രോത്സാഹനം നല്‍കുക, സാമൂഹ്യമേഖലയിലും പിപിപി മോഡല്‍ അവലംബിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ രേഖയിലുണ്ട്. എല്ലാ മേഖലയിലും തീവ്രസ്വകാര്യവല്‍ക്കരണമാണ് സമീപനരേഖ നിര്‍ദേശിക്കുന്നത്. പശ്ചാത്തലസൌകര്യവികസനത്തിന് പൂര്‍ണസ്വകാര്യനിക്ഷേപമോ അല്ലെങ്കില്‍ പൊതു-സ്വകാര്യപങ്കാളിത്ത മാതൃകയോ മതിയെന്ന് രേഖയില്‍ പറയുന്നു. വിദേശനിക്ഷേപ നയവും വ്യാപാര നയവും കൂടുതല്‍ ഉദാരമാക്കണം.

    ReplyDelete