Sunday, April 24, 2011

തമിഴ്നാട് അതിര്‍ത്തിഗ്രാമങ്ങളിലും എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വര്‍ധിക്കുന്നു

കല്‍പ്പറ്റ: തമിഴ്നാട് അതിര്‍ത്തിഗ്രാമങ്ങളിലും എന്‍ഡോസള്‍ഫാന്‍ കെടുതികള്‍ വര്‍ധിക്കുന്നു. നീലഗിരി ജില്ലയിലെ പല ഭാഗങ്ങളിലും ജനിതക വൈകല്യവും മാരകരോഗങ്ങളും പേറുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ മൂലം പ്രശ്നങ്ങളുള്ളതെന്ന കേന്ദ്ര സര്‍ക്കാരിന്റെയും എന്‍ഡോസള്‍ഫാന്‍ ലോബിയുടെയും വാദങ്ങളെ ഖണ്ഡിക്കുന്നതാണ് നീലഗിരിയിലെ തോട്ടംമേഖലകളിലെ കാഴ്ചകള്‍. കേരളവും കര്‍ണാടകവും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോള്‍ തമിഴ്നാട് ഇതിന് തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ എന്‍ഡോസള്‍ഫാന്‍ നിര്‍ബാധം ഉപയോഗിച്ചുവരികയാണ്. തേയിലത്തോട്ടങ്ങളിലും പച്ചക്കറി പാടങ്ങളിലുമെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഈ മാരക വിഷം തളിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരന്തം പേറുന്ന കാസര്‍കോട് ജില്ലയിലെ ബദിയടുക്കയ്ക്ക് സമാനമായ സംഭവങ്ങളാണ് നീലഗിരിയിലെ ചേരമ്പാടിയിലുള്ളത്. ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ കീഴിലെ വെന്റ് വെര്‍ത്ത് എസ്റേറ്റ് തൊഴിലാളികളുടെ മക്കളിലാണ് ബുദ്ധിമാന്ദ്യവും ശരീര വൈകല്യങ്ങളും അസ്വാസ്ഥ്യങ്ങളും കാണുന്നത്. ചേരമ്പാടി വെന്റ് വെര്‍ത്ത് എസ്റേറ്റിലെ കണ്ണന്‍വയല്‍ ഡിവിഷനില്‍ ഒരു വീട്ടില്‍ ഒരുകുട്ടിക്കെന്ന കണക്കില്‍ ശാരീരിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഇവിടെയുള്ള പത്തോളം കുടുംബങ്ങളിലെ പതിനഞ്ചോളം കുട്ടികള്‍ ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍മൂലം വിഷമതകള്‍ അനുഭവിക്കുന്നവരാണ്. തേയിലത്തോട്ടങ്ങളില്‍ മരുന്ന് തളിക്കുന്നവരുടെയും കൊളുന്തെടുക്കുന്നവരുടെയും കുടുംബത്തിലാണ് ഇത്തരത്തിലുള്ള കുട്ടികള്‍ പിറക്കുന്നത്.

ആദി കന്നഡ വിഭാഗത്തില്‍പ്പെട്ട തോട്ടം തൊഴിലാളികളായ പുട്ടുനഞ്ചന്‍-സാവിത്രി ദമ്പതികളുടെ മകളായ ശിവഗംഗയാണ് എന്‍ഡോസള്‍ഫാന്റെ ഏറ്റവും വലിയ ഇര. ജന്മനാ ഊമയും കൈകാലുകള്‍ക്ക് ശേഷിയുമില്ലാത്ത ശിവഗംഗയ്ക്ക് പരസഹായമില്ലാതെ പുറത്തേക്കിറങ്ങാന്‍ പോലും കഴിയില്ല. വായിലിട്ട് കൊടുക്കുന്ന ഭക്ഷണം പോലും കഴിക്കാന്‍ കഴിയാത്ത ദയനീയാവസ്ഥയിലാണ് ഈ ഇരുപത്തിയേഴുകാരി.സ്ത്രീകളില്‍ ഗര്‍ഭാശയ സംബന്ധമായ രോഗങ്ങളും വ്യാപകമാണിവിടെ. രോഗം ബാധിച്ച് ഗര്‍ഭപാത്രം നീക്കം ചെയ്ത തൊഴിലാളികളും അനവധിയാണ്. കീടനാശിനികള്‍ ഏറെ പ്രയോഗിക്കുന്ന തോട്ടം മേഖലകളില്‍ ക്യാന്‍സര്‍ രോഗികളുടെ എണ്ണവും വര്‍ധിച്ചുവരികയാണ്. മാരക കീടനാശിനികളായ റൌണ്ട് അപ്പ്, ഗ്ളൈസല്‍, ഗോള്‍, ഗ്രമക്സോ തുടങ്ങിയവ അനിയന്ത്രിതമായാണ് ഇവിടത്തെ തോട്ടങ്ങളില്‍ പ്രയോഗിക്കുന്നത്.

കേരളത്തിലേക്കുള്ള പച്ചക്കറിയിലും കീടനാശിനി ഗുണ്ടപേട്ടയില്‍ എന്‍ഡോസള്‍ഫാന്‍ വ്യാപകം

ബത്തേരി: ഗുണ്ടല്‍പേട്ട എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിന്റെ പ്രധാനകേന്ദ്രമായി മാറുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന കാര്‍ഷികോല്‍പ്പാദക മേഖലയാണ് കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമായ ഗുണ്ടല്‍പേട്ട. കര്‍ണാടകയിലെ മൈസൂരു ജില്ലയിലാണ് ഈ പ്രദേശം. നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന ഗുണ്ടല്‍പേട്ടയിലെ പതിനായിരക്കണക്കിന് ഏക്കര്‍ കൃഷിയിടങ്ങളില്‍ തളിക്കുന്ന കീടനാശിനികളില്‍ ഏറ്റവും കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ തന്നെ. ഗുണ്ടല്‍പേട്ട ടൌണിലെ ഇരുപതോളം കീടനാശിനി കടകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതും ഇത് തന്നെ. കരിമ്പ്, ചോളം, മുത്താറി, തെങ്ങ്, വാഴ, വിവിധ ഇനം പച്ചക്കറികള്‍, തണ്ണിമത്തന്‍, ചെണ്ടുമല്ലി പൂവ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന വിളകള്‍.

കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ കൃഷി നടത്തുന്നതെങ്കിലും തൊഴിലാളികള്‍ മുഴുവന്‍ ഗുണ്ടല്‍പേട്ടയിലെ ഉള്‍നാടന്‍ ഗ്രാമവാസികളാണ്. എന്‍ഡോസള്‍ഫാന്റെ നിരന്തര ഉപയോഗം മൂലം തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന ഹള്ളികളില്‍ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗം ബാധിച്ചവര്‍ ഏറെയാണ്. ഇവിടെ മാധ്യമപ്രവര്‍ത്തകരുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ ശ്രദ്ധ അധികമൊന്നും എത്താറുമില്ല. ഇതിനാല്‍ എന്‍ഡോസള്‍ഫാന്റെ ഉപയോഗം മൂലമുള്ള ദൂഷ്യഫലങ്ങള്‍ പുറംലോകം കാര്യമായി അറിയില്ല. കര്‍ണാടകയിലെ കുടകിലും മറ്റും ഇഞ്ചികൃഷി നടത്തുന്ന മലയാളികള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് എന്‍ഡോസള്‍ഫാനാണ്. വന്‍ വിളവ് ലഭിക്കുന്നതിനാല്‍ കീടനാശിനി ഉളവാക്കുന്ന ദൂഷ്യഫലങ്ങള്‍ ഇവര്‍ ബോധപൂര്‍വം മറക്കുന്നു. കര്‍ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും സംസ്ഥാനത്തെത്തുന്ന പച്ചക്കറികളില്‍ ഭൂരിഭാഗവും ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് എന്‍ഡോസള്‍ഫാന്‍ ഉപയോഗിച്ചാണ്. എന്‍ഡോസള്‍ഫാനെതിരെ അയല്‍സംസ്ഥാനമായ കേരളത്തില്‍ ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങളൊന്നും കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളെ ബാധിക്കുന്നില്ല.
(പി മോഹനന്‍)

കീടനാശിനികള്‍ നിയന്ത്രിക്കണമെന്ന് പഠന റിപ്പോര്‍ട്ടുകള്‍

കല്‍പ്പറ്റ: അശാസ്ത്രീയമായ കീടനാശിനി പ്രയോഗിക്കുന്ന ജില്ലയിലെ പ്രദേശങ്ങളില്‍ അമ്പത് തരം ക്യാന്‍സറുകള്‍ കണ്ടെത്തിയതായി പഠന റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം. കീടനാശിനിമൂലം ജില്ലയിലെ തോട്ടം- കാര്‍ഷിക മേഖലകള്‍ നേരിടുന്ന ഭീഷണി വിവരിക്കുന്ന ഈ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. അതിനിടെ ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം നടത്തിയ പരിശോധനയിലും കീടനാശിനി സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ സൂചനകളാണുള്ളത്. കാപ്പി-തേയില തോട്ടം തൊഴിലാളികള്‍, നേന്ത്രവാഴ ഉള്‍പ്പെടെ കാര്‍ഷികവൃത്തികളിലേര്‍പ്പെട്ടവര്‍ എന്നിവരിലാണ് ജില്ലയിലെ പ്രത്യേക മെഡിക്കല്‍ സംഘങ്ങള്‍ ഏതാനും മാസംമുമ്പ് പഠനം നടത്തിയത്. തൊഴിലാളികള്‍, തൊഴില്‍കേന്ദ്രങ്ങള്‍, ജനിതക വൈകല്യങ്ങള്‍ ബാധിച്ചവരുടെ വീടുകള്‍, ഇവര്‍ക്കായി തോട്ടംമാനേജ്മെന്റ് ആരംഭിച്ച പഠനകേന്ദ്രങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡോക്ടര്‍മാര്‍ക്ക് പുറമെ ആശാവര്‍ക്കര്‍മാര്‍, ഫീല്‍ഡ്വര്‍ക്കര്‍മാര്‍ എന്നിവരെയും പഠനപ്രവര്‍ത്തനത്തിന് പ്രയോജനപ്പെടുത്തിയിരുന്നു.

മറ്റ് ജനവിഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ തോട്ടംമേഖലയിലും വാഴകൃഷി രംഗത്തുള്ളവരിലും ക്യാന്‍സര്‍, ചര്‍മരോഗങ്ങള്‍, ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ എന്നിവ കൂടുതലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. തോട്ടംമേഖലകളായ മേപ്പാടി, പൊഴുതന എന്നിവിടങ്ങളിലാണ് ക്യാന്‍സര്‍ കൂടുതലായുള്ളത്. മറ്റ് കാര്‍ഷിക വിളകളുള്ള പ്രദേശങ്ങളില്‍ തവിഞ്ഞാലിലാണ് കൂടുതല്‍ രോഗികള്‍. അശാസ്ത്രീയമായ കീടനാശിനി പ്രയോഗമാണ് രോഗങ്ങള്‍ക്ക് കാരണം. ഇതുസംബന്ധിച്ച് സാമ്പിളുകള്‍ ശേഖരിക്കുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ പഠനവും കീടനാശിനി നിയന്ത്രണവും വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ ഇതുവരെ നടന്ന പഠനങ്ങളെല്ലാം കാര്‍ഷിക മേഖലയിലെ അമിതമായ കീടനാശിനി ഉപയോഗം വന്‍ ദുരന്തത്തിന് കാരണമാവുമെന്നുതന്നെയാണ് സൂചിപ്പിക്കുന്നത്.

നേന്ത്രവാഴ കൂടുതലായി കൃഷി ചെയ്തിരുന്ന തവിഞ്ഞാല്‍, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ക്യാന്‍സര്‍രോഗികളുടെ എണ്ണം വര്‍ധിച്ചതായി ഇവിടങ്ങളില്‍ നേരത്തെ നടത്തിയ പഠനങ്ങള്‍ വെളിപെടുത്തിയിട്ടുണ്ട്. വാളാട് ഗവ. ഹയര്‍സെക്കന്‍ഡറിസ്കൂളിലെ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലും ഫ്യൂറഡാനുംതിമറ്റും ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ അമിതമായ ഉപയോഗം ക്യാന്‍സറിന് വഴിവെച്ചതായി വ്യക്തമാക്കിയിരുന്നു. പത്ത്വര്‍ഷത്തിനിടയില്‍ കാന്‍സര്‍മൂലംമരിച്ചവരുടെ കണക്ക് കുട്ടികള്‍ശേഖരിച്ചു. ഓരോ വര്‍ഷവും രോഗികളുടെഎണ്ണം പെരുകുകയാണെന്നായിരുന്നു കുട്ടികളുടെ കണ്ടെത്തല്‍. എടവകപഞ്ചായത്തില്‍ തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിലെ ഡോ. രമണിനടത്തിയ പഠനങ്ങളും ക്യാന്‍സര്‍വ്യാപകമാവുന്നത് സംബന്ധിച്ച സൂചനകള്‍നല്‍കിയിരുന്നു.

മിക്ക തേയില തോട്ടങ്ങളിലും മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കീടനാശിനി പ്രയോഗിക്കുന്നത്. മരുന്ന് തളിക്കുന്ന തൊഴിലാളികള്‍ക്ക് കൈയുറ, മാസ്ക്, സോപ്പ് തുടങ്ങിയവ നല്‍കണമെന്നാണ് പ്ളാന്റേഷന്‍ ആക്ട് നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍ എവിടെയും ഇത് പാലിക്കപ്പെടുന്നില്ല. ഈ മരുന്ന് തളിച്ച തോട്ടങ്ങളില്‍ മൂന്നും നാലും ദിവസം കഴിഞ്ഞാല്‍തന്നെ തേയില പറിക്കാന്‍ സ്ത്രീ തൊഴിലാളികളെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. കൈ കഴുകി ഭക്ഷണം കഴിക്കാനുള്ള സൌകര്യംപോലും ഇവര്‍ക്ക് അന്യമാണ്. ഗര്‍ഭിണികളായ തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശോധനകള്‍, മരുന്നുകള്‍ ശ്രദ്ധ എന്നിവയെല്ലാം ഈ മേഖലയിലുള്ളവര്‍ക്ക് അന്യമാണ്. ഇതെല്ലാം വൈകല്യങ്ങളുള്ള കുട്ടികള്‍ ജനിക്കാന്‍ ഇടയാക്കുമെന്നാണ് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.
(കെ എ അനില്‍കുമാര്‍)

ജയറാം രമേഷിന്റെ നിലപാട് അപലപനീയം: പരിഷത്ത്

കല്‍പ്പറ്റ: പരിസ്ഥിതി പ്രശ്നങ്ങളില്‍ എന്നും കടുത്ത നിലപാട് എടുക്കുന്ന മന്ത്രി ജയറാം രമേഷിന്റെ ഇപ്പോഴത്തെ മലക്കംമറിച്ചില്‍ അപലപനീയമാണെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാകമ്മിറ്റി കുറ്റപെടുത്തി. തനിക്കൊന്നുംചെയ്യാനില്ല എന്ന അദ്ദേഹത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. എത്ര ശ്രദ്ധിച്ചും നിയന്ത്രിച്ചും ഉപയോഗിച്ചാലും ദൂരവ്യാപകഫലങ്ങളുളവാക്കുന്ന കീടനാശിനികളാണ് പിഒപി വഭാഗത്തില്‍പ്പെടുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട 15ല്‍ 11ഉം ലോകമാകെ നിരോധിച്ചിട്ടുണ്ട്. വികസിതരാഷ്ങ്ങ്രള്‍ 15ഉം നിരോധിച്ചു. അവശേഷിക്കുന്ന നാലില്‍ ഒന്നാണ് എന്‍ഡോസള്‍ഫാന്‍. ഇതിന് നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടും കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ചും ശാസ്ത്രസാഹിത്യ പരിഷത്ത് തിങ്കളാഴ്ച ജില്ലയിലെങ്ങും പോസ്റ്റര്‍ ക്യാമ്പയിനും പ്രതിഷേധറാലിയും സംഘടിപ്പിക്കും.

ദേശാഭിമാനി 240411

1 comment:

  1. തമിഴ്നാട് അതിര്‍ത്തിഗ്രാമങ്ങളിലും എന്‍ഡോസള്‍ഫാന്‍ കെടുതികള്‍ വര്‍ധിക്കുന്നു. നീലഗിരി ജില്ലയിലെ പല ഭാഗങ്ങളിലും ജനിതക വൈകല്യവും മാരകരോഗങ്ങളും പേറുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുകയാണ്. കേരളത്തില്‍ മാത്രമാണ് എന്‍ഡോസള്‍ഫാന്‍ മൂലം പ്രശ്നങ്ങളുള്ളതെന്ന കേന്ദ്ര സര്‍ക്കാരിന്റെയും എന്‍ഡോസള്‍ഫാന്‍ ലോബിയുടെയും വാദങ്ങളെ ഖണ്ഡിക്കുന്നതാണ് നീലഗിരിയിലെ തോട്ടംമേഖലകളിലെ കാഴ്ചകള്‍. കേരളവും കര്‍ണാടകവും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചപ്പോള്‍ തമിഴ്നാട് ഇതിന് തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ എന്‍ഡോസള്‍ഫാന്‍ നിര്‍ബാധം ഉപയോഗിച്ചുവരികയാണ്. തേയിലത്തോട്ടങ്ങളിലും പച്ചക്കറി പാടങ്ങളിലുമെല്ലാം യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഈ മാരക വിഷം തളിക്കുന്നത്.

    ReplyDelete