Monday, April 25, 2011

തദ്ദേശഭരണമികവിന് കേരളം അവാര്‍ഡ് ഏറ്റുവാങ്ങി


ന്യൂഡല്‍ഹി: രാജ്യത്ത് മികച്ച രീതിയില്‍ തദ്ദേശഭരണം നടത്തിയതിനുള്ള പുരസ്കാരം കേരളം ഏറ്റുവാങ്ങി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്നും തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദ്കുട്ടിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ദേശീയ പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധി മന്ത്രി വിലാസ് റാവു ദേശ്മുഖ് തുടങ്ങിയവര്‍ പങ്കെടുത്തു. വിവിധ മേഖലയില്‍ പുരസ്കാരത്തിനര്‍ഹമായ കേരളത്തിലെ 21 തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. കണ്ണൂര്‍, വയനാട്, ആലപ്പുഴ, പാലക്കാട് ജില്ലാ പഞ്ചായത്തുകളും അഞ്ചു ബ്ളോക്ക് പഞ്ചായത്തുകളും പന്ത്രണ്ട് പഞ്ചായത്തുകളുമാണ് ചടങ്ങില്‍ ആദരിക്കപ്പെട്ടത്.

തൊഴിലുറപ്പു പദ്ധതിയില്‍ കേരളത്തിനു കുതിപ്പ്

ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ സംസ്ഥാനത്തിനു വന്‍ നേട്ടം. 2010-11 സാമ്പത്തികവര്‍ഷം 11.5 ലക്ഷം കുടുംബത്തിന്തൊഴില്‍ നല്‍കിയ കേരളം 680.52 കോടി രൂപ ചെലവിട്ടു. മുന്‍ സാമ്പത്തികവര്‍ഷം 9.5 ലക്ഷം കുടുംബത്തിന് തൊഴില്‍ നല്‍കിയ സ്ഥാനത്താണിത്. തൊഴില്‍ ദിനത്തിന്റെ എണ്ണം 334 ലക്ഷത്തില്‍ നിന്ന് 450 ലക്ഷമായും ഉയര്‍ന്നു. ദേശീയതലത്തില്‍ തൊഴിലുറപ്പു പദ്ധതി വന്‍ തിരിച്ചടി നേരിടുമ്പോഴാണ് കേരളത്തിന്റെ കുതിപ്പ്. 2009-10 സാമ്പത്തികവര്‍ഷം രാജ്യമാകെ 37,904.41 കോടി രൂപ ചെലവിട്ടെങ്കില്‍ കഴിഞ്ഞവര്‍ഷം അത് 31759.18 കോടിയായി ഇടിഞ്ഞു. തൊഴില്‍ ദിനങ്ങളുടെ ദേശീയ ശരാശരിക്കൊപ്പമെത്താനും കേരളത്തിനു കഴിഞ്ഞു. 40.07 തൊഴില്‍ ദിനമാണ് ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെട്ടതെങ്കില്‍ കേരളം 39.2 ശരാശരിയുമായി തൊട്ടടുത്തെത്തി. മുന്‍വര്‍ഷം ഇത് 35 ആയിരുന്നു. സ്ത്രീ തൊഴിലാളികളുടെ ശതമാനത്തിലും കേരളമാണ് മുന്നില്‍.

പരിമിതികളെ അതിജീവിച്ചാണ് കേരളത്തിന്റെ നേട്ടം. പൊതുഭൂമിയിലും പട്ടികവിഭാഗങ്ങളുടെ ഭൂമിയിലുമാണ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ നടത്തേണ്ടത്. കേരളത്തില്‍ പൊതുഭൂമിയും പട്ടികവിഭാഗങ്ങളുടെ ഭൂമിയും കുറവാണ്. കൊയ്ത്ത് അടക്കമുള്ള കൃഷിപ്പണി പദ്ധതിയില്‍പ്പെടുത്തണമെന്ന് കേരളം പലവട്ടം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അംഗീകരിച്ചിട്ടില്ല. ഇതു മറച്ചുവച്ചാണ് കുട്ടനാട്ടിലെ കര്‍ഷകരെ സഹായിക്കാന്‍ തൊഴിലുറപ്പു പദ്ധതിയില്‍ കൊയ്ത്ത് ഉള്‍പ്പെടുത്തണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെടുന്നത്. നീര്‍ത്തടാധിഷ്ഠിത പ്രവൃത്തികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ശാസ്ത്രീയമായ മാസ്റര്‍ പ്ളാനുണ്ടാക്കി വയലുകളിലെ നിലമൊരുക്കല്‍ പദ്ധതിയുടെ കീഴില്‍ കൊണ്ടുവന്നാണ് കേരളം പരമാവധി സാധ്യത വിനിയോഗിക്കുന്നത്.
(ആര്‍ സാംബന്‍)

ദേശാഭിമാനി 250411

1 comment:

  1. രാജ്യത്ത് മികച്ച രീതിയില്‍ തദ്ദേശഭരണം നടത്തിയതിനുള്ള പുരസ്കാരം കേരളം ഏറ്റുവാങ്ങി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങില്‍നിന്നും തദ്ദേശഭരണമന്ത്രി പാലോളി മുഹമ്മദ്കുട്ടിയാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. ദേശീയ പഞ്ചായത്ത് ദിനാഘോഷത്തോടനുബന്ധിച്ച് ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധി മന്ത്രി വിലാസ് റാവു ദേശ്മുഖ് തുടങ്ങിയവര്‍ പങ്കെടുത്തു

    ReplyDelete