Monday, April 25, 2011

ബംഗാളിനെ പ്രധാനമന്ത്രി അവഹേളിക്കുന്നു: ബുദ്ധദേവ്

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കണ്ടെത്തല്‍ അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. കൊല്‍ക്കത്തയില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രധാനമന്ത്രി എപ്പോഴാണ് കണ്ടുപിടിച്ചതെന്ന് അറിയില്ല. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കണ്ട അവസരങ്ങളിലൊന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനപരാജയത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. സംസ്ഥാനത്തെ ഭൂമി വിതരണം, പുതിയ വ്യവസായങ്ങള്‍, ജപ്പാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയുള്ള വ്യവസായനിക്ഷേപം എന്നിവയെക്കുറിച്ചെല്ലാം താല്‍പ്പര്യപൂര്‍വം അദ്ദേഹം അന്വേഷിച്ചിരുന്നു.

കോണ്‍ഗ്രസിനുവേണ്ടി പ്രധാനമന്ത്രി എന്തുപറഞ്ഞാലും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനങ്ങള്‍ വിലയിരുത്തും. ഗുജറാത്തിലെ മുസ്ളിങ്ങളേക്കാള്‍ മോശമാണ് പശ്ചിമബംഗാളിലെ മുസ്ളിങ്ങളുടെ സ്ഥിതിയെന്ന പരാമര്‍ശം പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ചില്ല. പശ്ചിമബംഗാളില്‍ മുസ്ളിങ്ങള്‍ സമാധാനത്തിലും മറ്റ് ജനവിഭാഗങ്ങളുമായി സൌഹൃദത്തിലുമാണ് ജീവിക്കുന്നത്. ഇവിടെ മുസ്ളിങ്ങള്‍ക്ക് സ്കോളര്‍ഷിപ്പും ബിസിനസ് വായ്പകളും സര്‍ക്കാര്‍ നല്‍കുന്നു. ഗുജറാത്തില്‍ മുസ്ളിങ്ങള്‍ ജീവിതത്തെക്കുറിച്ച് ഒരുറപ്പുമില്ലാതെയാണ് ജീവിക്കുന്നത്. പശ്ചിമബംഗാളില്‍ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളില്‍ വിലക്കയറ്റം, അഴിമതി, മാവോയിസ്റുകളുടെ ഭീഷണി എന്നിവയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. പൂര്‍വ ഭാരതത്തിനുവേണ്ടിയുള്ള അതിവേഗ ചരക്കിടനാഴിയുടെ പണി റെയില്‍വേ ആരംഭിക്കാത്തതിനെപ്പറ്റി പ്രധാനമന്ത്രി മൌനം പാലിച്ചു. ഒരിക്കല്‍ രാജ്യത്തെ ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന് ബുദ്ധദേവ് ഭട്ടാചാര്യയെ പ്രധാനമന്ത്രി വിശേഷിപ്പിച്ച കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍, തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് പ്രധാനമന്ത്രി മനസ്സ് മാറ്റിയിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

മാവോയിസ്റ് ഭീഷണി ചെറുത്ത് ബാങ്കുറ

ബാങ്കുറ: ഏത് കൊടുങ്കാറ്റിലും ഇടതുപക്ഷ പ്രസ്ഥാനത്തെ കാക്കുന്ന ബാങ്കുറയുടെ ചുവന്ന മണ്ണ് ഇത്തവണയും ചരിത്രം മുറുകെപ്പിടിക്കാന്‍ ഒരുങ്ങുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയേറ്റിട്ടും പതറാത്ത നാടാണിത്. അന്ന് ബാങ്കുറ, വിഷ്ണുപുര്‍ മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ ജയിച്ചത് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍. 2006ല്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലും ജയിച്ചത് ഇടതുമുന്നണി. താല്‍ഡംഗ്ര, കൌതുല്‍പൂര്‍, ഇന്ദാസ് മണ്ഡലങ്ങളില്‍ അരലക്ഷത്തിലേറെ ഭൂരിപക്ഷം. ഇക്കുറി പുനഃസംഘടനയ്ക്കുശേഷം മണ്ഡലങ്ങള്‍ 12. ഇതില്‍ 11ഉം ഇടതുമുന്നണിതന്നെ നേടുമെന്ന കാര്യത്തില്‍ സിപിഐ എം ബാങ്കുറ ജില്ലാ സെക്രട്ടറി അമിയ പാത്രയ്ക്ക് സന്ദേഹമില്ല. റായ്പുര്‍, താല്‍ഡംഗ്ര, റാണിബാന്ദ്, ബിഷ്ണുപ്പുര്‍, കൌതുല്‍പുര്‍, ഒഡ, ബാങ്കുറ, ചാത്ന, ഇന്ദാസ്, സോനാമുഖി, ബര്‍ജോര, സാള്‍തോര എന്നിവയാണ് ഇപ്പോഴുള്ള നിയമസഭാ മണ്ഡലങ്ങള്‍. ഇതില്‍ റാണിബാന്ദ്, റായ്പുര്‍, താല്‍ഡംഗ്ര എന്നിവ മാവോയിസ്റ് ഭീഷണിയുള്ള ജംഗല്‍മഹല്‍ മേഖലയില്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറെ ബുദ്ധിമുട്ടിയാണ് ഇടതുമുന്നണി പ്രചാരണം നടത്തിയത്. അതിനുശേഷം ജനങ്ങളെയാകെ മാവോയിസ്റ് തീവ്രവാദത്തിനെതിരെ അണിനിരത്താന്‍ കഴിഞ്ഞ ആത്മവിശ്വാസം സിപിഐ എമ്മിനുണ്ടെന്ന് അമിയ പാത്ര പറഞ്ഞു.

"മാവോയിസ്റ് ഭീഷണി നേരിടാന്‍ ജനങ്ങളെ ഒന്നിച്ചുനിര്‍ത്താന്‍ സിപിഐ എം വളരെ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഗ്രാമങ്ങളില്‍ ഗ്രാമരക്ഷാ സമിതികളുണ്ടാക്കി മാവോയിസ്റുകളുടെ ആക്രമണം ചെറുക്കാന്‍ തീരുമാനിച്ചു. ഒന്നര വര്‍ഷംമുമ്പ് മാവോയിസ്റ് നേതാവ് ഛത്രധര്‍ മഹതോ ബാങ്കുറയില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ വരുമെന്ന് വിവരം കിട്ടി. പതിനായിരം പേര്‍ സംഘടിച്ച് ജില്ലാ അതിര്‍ത്തിയില്‍ കാവല്‍ നിന്നപ്പോള്‍ ഛത്രധറിന് മടങ്ങിപ്പോകേണ്ടിവന്നു. ഇത് ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു''-അദ്ദേഹം പറഞ്ഞു. പശ്ചിമബംഗാളിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളും ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ഒറീസ എന്നീ പ്രദേശങ്ങളും ധാതുസമ്പത്തിന്റെ വന്‍ നിക്ഷേപമുള്ള മേഖലയാണ്. യുപിഎ സര്‍ക്കാരിന്റെ പുതിയ നയം കാരണം ഈ ഖനിമേഖലയെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍കൊള്ളയടിക്കുകയാണ്. ഇവര്‍ക്ക് സംരക്ഷണം നല്‍കുന്നത് മാവോയിസ്റുകളാണ്. നൂറുകണക്കിന് പാവപ്പെട്ട കര്‍ഷകരെയും ആദിവാസികളെയും സ്ത്രീകളെയും കുട്ടികളെയുമാണ് കൊന്നൊടുക്കിയ മാവോയിസ്റുകള്‍ കോര്‍പറേറ്റുകളുമായി ചങ്ങാത്തം തുടരുകയാണ്. ഭൂപ്രഭുക്കളോ ഫാക്ടറി ഉടമകളോ മാഫിയാ നേതാക്കളോ മാവോയിസ്റ് ആക്രമണത്തിന് ഇരയായിട്ടില്ല. പാവപ്പെട്ടവരാണ് മാവോയിസ്റുകളുടെ വര്‍ഗശത്രുക്കളെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായെന്നും അമിയ പാത്ര പറഞ്ഞു.
(വി ജയിന്‍)

ഉത്തര കൊല്‍ക്കത്തയെ ചുവപ്പിച്ച് റോഡ്ഷോ

കൊല്‍ക്കത്ത: ഉത്തര കൊല്‍ക്കത്തയുടെ തെരുവീഥികളെ ചുവപ്പിച്ച് ഇടതുമുന്നണിയുടെ മുന്നേറ്റം. ഇടതുമുന്നണിയുടെ നായകനായ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാവിലെ നടന്ന തെരഞ്ഞെടുപ്പു റാലിയും റോഡ്ഷോയും പതിനായിരക്കണക്കിനാളുകളുടെ പങ്കാളിത്തംക്കൊണ്ട് ആകര്‍ഷകമായി. രവീന്ദ്രനാഥ ടാഗോര്‍ ജനിച്ച ഠാക്കൂര്‍ ബാഡി(ടാഗോര്‍ വീട്) സ്ഥിതിചെയ്യുന്ന ജൊരാസങ്കോ മണ്ഡലത്തിലെ മുഹമ്മദലി പാര്‍ക്കില്‍നിന്ന് രാവിലെ പത്തിന് ആരംഭിച്ച റോഡ്ഷോ ചിത്തരഞ്ജന്‍ അവന്യൂവിലൂടെ മഹാത്മാഗാന്ധി റോഡ് ക്രോസിങ്, ഗിരീഷ് പാര്‍ക്, ജതിന്‍ മൊയ്ത്ര പാര്‍ക്, ഗിരീഷ് അവന്യൂ വഴി ബാഗ്ബാസാറില്‍ ഉച്ചയോടെ സമാപിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ഥികളുടെ ചിഹ്നങ്ങള്‍ പതിച്ച കുടകളുമായെത്തിയ നൂറുകണക്കിന് സ്ത്രീകള്‍ റോഡ്ഷോയില്‍ അണിനിരന്നു. മമതാ-മാവോയിസ്റ്-മന്‍മോഹന്‍ കൂട്ടുകെട്ടിന്റെ അധാര്‍മികത തുറന്നുകാട്ടുന്ന കാര്‍ട്ടൂണുകളും റാലിയില്‍ ഉയര്‍ന്നു. ആയിരക്കണക്കിനാളുകള്‍ റോഡ്ഷോ കാണാനെത്തി. മുഖ്യമന്ത്രിയും ഇടതുമുന്നണി സ്ഥാനാര്‍ഥികളും തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യംചെയ്തു. വഴിയരികില്‍ കാത്തുനിന്ന സ്ത്രീകള്‍ പൂക്കള്‍ വിതറിയാണ് മുഖ്യമന്ത്രിയെ വരവേറ്റത്.

ജൊറാസങ്കോ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജാനകി സിങ്, ശ്യാംപുക്കൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി ജീവന്‍സാഹ, മണിക്തലയിലെ സ്ഥാനാര്‍ഥി രൂപ ബാഗ്ചി, കാശിപ്പൂര്‍-ബല്‍ഗാചിയ മണ്ഡലത്തിലെ സ്ഥാനാര്‍ഥി കനിനിക ഘോഷ് എന്നിവരും മുഖ്യമന്ത്രിയോടൊപ്പം റോഡ്ഷോയില്‍ പങ്കെടുത്തു. മൂന്നാംഘട്ടം പോളിങ് നടക്കുന്ന കൊല്‍ക്കത്ത നഗരത്തില്‍ പ്രചാരണം തിങ്കളാഴ്ച സമാപിക്കും.

ബംഗാളില്‍ പിടിച്ചത് 7.5 കോടിയുടെ കള്ളപ്പണം

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം പശ്ചിമബംഗാളില്‍നിന്ന് 7.5 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തുവെന്ന് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണര്‍ വിനോദ് സുത്ഷി പറഞ്ഞു. ആദായനികുതി വകുപ്പ് 6.2 കോടി രൂപയുടെയും തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ളയിങ് സ്ക്വാഡുകള്‍ 1.3 കോടി രൂപയുമാണ് പിടിച്ചെടുത്തത്. ആറു കോടി രൂപയോളം പിടിച്ചെടുത്തത് കൊല്‍ക്കത്ത വിമാനത്താവളത്തില്‍നിന്നാണ്. കള്ളപ്പണത്തിന്റെ ഉറവിടവും എവിടേക്ക് കൊണ്ടുപോകുകയായിരുന്നു എന്നതും കമീഷന്‍ വെളിപ്പെടുത്തിയിട്ടില്ല. തൃണമൂല്‍ കോഗ്രസ് 34 കോടി രൂപ അവരുടെ സ്ഥാനാര്‍ഥികള്‍ക്ക് വിതരണംചെയ്തതു സംബന്ധിച്ച പരാതി തെരഞ്ഞെടുപ്പു കമീഷന് ഇടതുമുന്നണി നല്‍കിയിരുന്നു.

ദേശാഭിമാനി 250411

1 comment:

  1. പശ്ചിമബംഗാളിലെ ഇടതുമുന്നണി സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കണ്ടെത്തല്‍ അത്ഭുതകരമാണെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പറഞ്ഞു. കൊല്‍ക്കത്തയില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് പ്രധാനമന്ത്രി എപ്പോഴാണ് കണ്ടുപിടിച്ചതെന്ന് അറിയില്ല. ഡല്‍ഹിയില്‍ പ്രധാനമന്ത്രിയെ കണ്ട അവസരങ്ങളിലൊന്നും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനപരാജയത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. സംസ്ഥാനത്തെ ഭൂമി വിതരണം, പുതിയ വ്യവസായങ്ങള്‍, ജപ്പാന്‍ സര്‍ക്കാരിന്റെ സഹായത്തോടെയുള്ള വ്യവസായനിക്ഷേപം എന്നിവയെക്കുറിച്ചെല്ലാം താല്‍പ്പര്യപൂര്‍വം അദ്ദേഹം അന്വേഷിച്ചിരുന്നു

    ReplyDelete