ഇതുവരെ ദര്‍ശിക്കാത്ത പ്രതിഷേധക്കൊടുങ്കാറ്റിന്റെ അലകളില്‍ കേരളം തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യനിര തീര്‍ത്തു. എന്‍ഡോസള്‍ഫാന്റെ വക്താക്കളായി മാറിയ കേന്ദ്രസര്‍ക്കാരിന് കേരളം ഒറ്റമനസോടെ താക്കീത് നല്‍കി. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മന്ത്രിമാരും മത-സാംസ്കാരിക നായകരും നടത്തിയ ഉപവാസസമരം തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. ജില്ലകളില്‍ വിവിധ സമരകേന്ദ്രങ്ങളിലായി ജനലക്ഷങ്ങള്‍ അണിനിരന്നതോടെ കേരളത്തിന്റെ വികാരം അതിരുകള്‍ക്കപ്പുറത്തേക്ക് കൊടുങ്കാറ്റായി. ജില്ലാകേന്ദ്രങ്ങളില്‍ മന്ത്രിമാരും മറ്റുജനപ്രതിനിധികളും നേതൃത്വം കൊടുത്തു. യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാസര്‍കോട്ട് ലീഗ് നേതാക്കളും പാലക്കാട്ട് സോഷ്യലിസ്റ്റ് ജനത നേതാക്കളും ജനരോഷത്തില്‍ കൈകോര്‍ത്തു. ബിജെപി നേതാക്കളും പ്രതിഷേധത്തില്‍ അണിനിരന്നു.
എന്‍ഡോസള്‍ഫാന്‍ അടക്കം അഞ്ച് മാരക കീടനാശിനികളെ നിരോധിക്കുന്നത് ചര്‍ച്ചചെയ്യാന്‍ ജനീവയില്‍ സ്റോക് ഹോം കണ്‍വന്‍ഷന്‍ തുടങ്ങുന്ന ദിനമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടിനു താക്കീതായി കേരളം സമരവേലിയേറ്റമൊരുക്കിയത്. ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്ക് ഇരകളായവരെ സംരക്ഷിക്കണമെന്നും ഇനിയൊരു ജീവനും ദുരിതക്കടലിലേക്ക് എറിയരുതെന്നും സംസ്ഥാനം ഒന്നിച്ച് ആവശ്യപ്പെട്ടു. ചരിത്രമിരമ്പുന്ന തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഉപവാസം. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍, എം എ ബേബി, എം വിജയകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള, കവയത്രി സുഗതകുമാരി, ബിജെപി നേതാവ് ഒ രാജഗോപാല്‍, പി ഗോവിന്ദപ്പിള്ള, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ളീമീസ് കാതോലിക്കാബാവ, തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, പാളയം ഇമാം ജമാലുദീന്‍ മങ്കട, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സംവിധായകന്‍ ഷാജി എന്‍ കരു, നടന്‍ സുരേഷ് ഗോപി, സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍, ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. മുഖ്യമന്ത്രിക്ക് സുഗതകുമാരി നാരങ്ങാനീര് നല്‍കിയതോടെയാണ് ഉപവാസം അവസാനിച്ചത്.
തിരുവനന്തപുരത്ത് വൈകിട്ട് ഡിവൈഎഫ്ഐ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു. കൊച്ചി മറൈന്‍ഡ്രൈവില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആമുഖ പ്രഭാഷണം നടത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മയില്‍ സുകുമാര്‍ അഴീക്കോട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസന്ദേശം നല്‍കി. നടന്‍ കലാഭവന്‍ മണി പങ്കെടുത്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനാചരണത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും അണിചേര്‍ന്നു. ഇടക്കൊച്ചിയില്‍ ദിലീപും തമിഴ് നടന്‍ ഭാഗ്യരാജും പ്രതിഷേധത്തില്‍ പങ്കെടുത്തു. ദുരന്തഭൂമിയായ കാസര്‍കോട്ട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധറാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. ലീഗ് നേതാക്കളും പങ്കെടുത്തു. ജനീവയില്‍ കണ്‍വന്‍ഷന്‍ ആരംഭിച്ച ഇന്ത്യന്‍ സമയം പകല്‍ 1.30ന് ജില്ലാ കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധാഗ്നി തെളിച്ചു. കാസര്‍കോട് നഗരത്തില്‍ പ്രതിഷേധാഗ്നി തെളിച്ചശേഷം 15 മിനിറ്റ്് നിശ്ചല സമരം അരങ്ങേറി. മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ വൈകിട്ട് ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ സംഘടിപ്പിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖലാ കേന്ദ്രങ്ങളില്‍ പ്രകടനവും ധര്‍ണയും നടത്തി.
നാണംകെട്ട് കോണ്‍ഗ്രസ്
എന്‍ഡോസള്‍ഫാനെതിരെ ഉയരുന്ന ജനകീയരോഷത്തിന് രാഷ്ട്രീയനിറം നല്‍കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതൃത്വം നാണംകെട്ടു. മാരകവിപത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ആഹ്വാനമനുസരിച്ച് കേരളം തിങ്കളാഴ്ച ഒരേമനസ്സോടെ കൈകോര്‍ത്തു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധദിനാചരണം ബഹിഷ്കരിച്ച് കോണ്‍ഗ്രസ് ജനവഞ്ചനയുടെ മുഖം വീണ്ടും പ്രകടമാക്കി. പ്രതിഷേധത്തില്‍ യുഡിഎഫ് പങ്കെടുക്കില്ലെന്ന് കവീനര്‍ പി പി തങ്കച്ചന്‍ പ്രസ്താവനയിറക്കിയിരുന്നു. എന്നാല്‍, മരണം വിതയ്ക്കുന്ന കീടനാശിനിക്കെതിരെ രാഷ്ട്രീയം മറന്ന മുന്നേറ്റമാണ് കേരളം കണ്ടത്. കോണ്‍ഗ്രസ് ബഹിഷ്കരിച്ചപ്പോള്‍ മുസ്ളിംലീഗ് ചിലയിടത്ത് പ്രതിഷേധത്തില്‍ പങ്കാളികളായി.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉപവാസം കേരളീയമനസ്സിന്റെ ഒത്തുചേരലായി. മുഖ്യമന്ത്രിയോടൊപ്പം മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ളീമീസ് കാതോലിക്കാബാവ ഉള്‍പ്പെടെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക മേഖലകളിലെ ഒട്ടേറെ പ്രമുഖര്‍ ഉപവാസമനുഷ്ഠിച്ചു. എന്‍ഡോസള്‍ഫാന്‍ വിതയ്ക്കുന്ന ദുരന്തത്തിന് എല്‍ഡിഎഫ്- യുഡിഎഫ് വ്യത്യാസമില്ലെന്ന് മാര്‍ ക്ളീമീസ് കാതോലിക്കാ ബാവ ഓര്‍മിപ്പിച്ചു. മനുഷ്യജീവന് വിലകല്‍പ്പിക്കുന്ന സംസ്കാരത്തിന്റെ പുനഃപ്രതിഷ്ഠയാണ് ഈ സമരമെന്നും ആര്‍ച്ച് ബിഷപ് ചൂണ്ടിക്കാണിച്ചു.
എന്‍ഡോസള്‍ഫാന്‍ ദുരിതം വിതയ്ക്കുന്ന കാസര്‍കോട് ഉള്‍പ്പെടെ സംസ്ഥാനത്താകെ പ്രതിഷേധകൂട്ടായ്മ നടക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയും ഡല്‍ഹിയിലായിരുന്നു. പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ പോയി എന്നാണവരുടെ വിശദീകരണം. എന്‍ഡോസള്‍ഫാനെതിരായ ജനവികാരത്തിന് കേന്ദ്രവിരുദ്ധരാഷ്ട്രീയത്തിന്റെ നിറം ചാര്‍ത്താന്‍ ഇരുവരും കിണഞ്ഞുശ്രമിച്ചു.
സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന കോണ്‍ഗ്രസ് ആക്ഷേപത്തിന് കേരളത്തിന്റെ മറുപടികൂടിയായി തിങ്കളാഴ്ചത്തെ ബഹുജനമുന്നേറ്റം.
കീടനാശിനി ലോബിക്ക് കേന്ദ്രസര്‍ക്കാര്‍ എല്ലാ സൌകര്യവുമൊരുക്കിക്കൊടുക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് ഈ അതിജീവനസമരത്തെ അവഹേളിക്കാന്‍ തുനിഞ്ഞത്. ഇതിനെതിരെ കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. കോണ്‍ഗ്രസ് നേതാക്കളാകട്ടെ രോഷത്തില്‍നിന്ന് രക്ഷപ്പെടാന്‍ പ്രസ്താവനകള്‍ പുറപ്പെടുവിച്ച് കണ്ണില്‍ പൊടിയിടുകയാണ്. പ്രധാനമന്ത്രിയെ കാണാന്‍ പോയ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നത് സംസ്ഥാനം ചോദിച്ചാല്‍ കേന്ദ്രം സഹായം തരുമെന്നാണ്. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാനം 217 കോടി രൂപ സഹായം തേടിയിട്ട് ഏറെനാളായി. 115 കോടിയുടെ പുനരധിവാസ പദ്ധതിയും കേന്ദ്രത്തിനു മുന്നിലുണ്ട്. എന്നിട്ടും സംസ്ഥാനം ചോദിക്കാത്തതിനാല്‍ സഹായമില്ലെന്നു വരുത്താനാണ് ശ്രമം. നിരോധനം സംബന്ധിച്ചും കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നും പറയുന്നുമില്ല.
കോണ്‍ഗ്രസ് ഇരട്ടത്താപ്പ് തുറന്നുകാട്ടിയാണ് സ്റോക് ഹോം കണ്‍വന്‍ഷന്‍ ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നില്ലെന്നും നിരോധനം ആവശ്യമില്ലെന്നും തിങ്കളാഴ്ച ചേര്‍ന്ന ഏഷ്യ-പസഫിക് രാജ്യങ്ങളുടെ മേഖലായോഗത്തില്‍ ഇന്ത്യ വാദിച്ചു. നിരോധനത്തിനെതിരെ മറ്റു രാജ്യങ്ങള്‍ക്കുമേല്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തുകയുംചെയ്തു. കാസര്‍കോട്ടെ ദുരന്തം കാണാന്‍ പ്രധാനമന്ത്രി വരുമെന്നും സംസ്ഥാനം ചോദിച്ചാലുടന്‍ സഹായം നല്‍കുമെന്നുമൊക്കെ സംസ്ഥാനത്തുനിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെയാണ് കേരളത്തിനുമേല്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തി എന്‍ഡോസള്‍ഫാനു വേണ്ടി ഇന്ത്യ വാദിച്ചത്.
വിഷഭീകരനെതിരെ പ്രതിഷേധാഗ്നി
സമരചരിത്രത്തില്‍ പുതിയ അനുഭവമായിരുന്നു തിങ്കളാഴ്ച കേരളത്തിന്. തലസ്ഥാനത്തെ ഉപവാസ സമരത്തിനൊപ്പം ജില്ലാ കേന്ദ്രങ്ങളിലും പതിനായിരങ്ങളാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രതിജ്ഞയെടുത്തത്. പ്രതിഷേധ കൂട്ടായ്മയ്ക്ക് മന്ത്രിമാര്‍ നേതൃത്വം നല്‍കി. കര്‍ഷകരും തൊഴിലാളികളും ജീവനക്കാരും അധ്യാപകരും വിവിധ തുറകളിലുള്ള സാംസ്കാരിക പ്രവര്‍ത്തകരും എണ്ണ പകര്‍ന്ന പ്രതിഷേധത്തിന്റെ അഗ്നിയില്‍ കേരളം പുതുചരിത്രമെഴുതി. മുഖ്യമന്ത്രി ഉപവാസം കിടന്ന തിരുവനന്തപുരത്ത് ആയിരങ്ങളാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ എത്തിയത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ പാളയം രക്തസാക്ഷി മണ്ഡപത്തെ വലംവച്ചു നീങ്ങി. ബാലസംഘം പ്രവര്‍ത്തകര്‍ സമരപ്പന്തലിലെത്തി മുഖ്യമന്ത്രിക്ക് പൂക്കള്‍ നല്‍കി. വൈകിട്ട് മന്ത്രി സി ദിവാകരന്‍ ചെല്ലിക്കൊടുത്ത പ്രതിജ്ഞ സമരത്തില്‍ അണിനിരന്നവരും പാളയം രക്തസാക്ഷി മണ്ഡപത്തിനു ചുറ്റും തടിച്ചുകൂടിയവരും മാധ്യമപ്രവര്‍ത്തകരുമെല്ലാം ഏറ്റുചൊല്ലി. കവി ഡി വിനയചന്ദ്രന്‍, ശില്‍പ്പി കാനായി കുഞ്ഞിരാമന്‍, സ്വാമി സന്ദീപ് ചൈതന്യ, പ്രൊഫ. നൈനാന്‍ കോശി, ഡോ. അംബികാസുതന്‍ മാങ്ങാട് തുടങ്ങിയവരും പ്രമുഖര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തു.
എന്‍ഡോസള്‍ഫാന്‍ വിഷമഴ പെയ്ത കാസര്‍കോട്ട് സമരവേലിയേറ്റം തീര്‍ത്തത് ആയിരങ്ങള്‍. തിങ്കളാഴ്ച കാസര്‍കോട് നഗരം വിവിധ സംഘടനകളുടെ പ്രതിഷേധത്തില്‍ തിളച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകരും സമരത്തിന് പിന്തുണയുമായി കാസര്‍കോട്ടെത്തി. പ്രതിഷേധക്കൂട്ടായ്മ പുതിയ ബസ്സ്റാന്‍ഡ് പരിസരത്ത് മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. കൂട്ടായ്മയ്ക്കു മുന്നോടിയായി നടന്ന പ്രകടനം പുലിക്കുന്ന് ഗസ്റ് ഹൌസ് പരിസരത്ത് പി കരുണാകരന്‍ എംപി ഫ്ളാഗ് ഓഫ് ചെയ്തു. ബസ്സ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന സമ്മേളനത്തില്‍ മുസ്ളിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷനായി. കണ്ണൂര്‍ കലക്ടറേറ്റ് പരിസരത്ത് പ്രതിഷേധദിനാചരണത്തിന്റെ ഭാഗമായി ചിത്രരചന, ഒപ്പുശേഖരണം, മൌനാചരണം, സത്യപ്രതിജ്ഞ തുടങ്ങിയ പരിപാടി നടന്നു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ കണ്ണൂര്‍ നഗരത്തില്‍ നട്ടുച്ചയ്ക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. കൊച്ചി മറൈന്‍ ഡ്രൈവില്‍ നടന്ന കൂട്ടായ്മയില്‍ ജസ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആമുഖ പ്രഭാഷണം നടത്തി. മന്ത്രി എസ് ശര്‍മ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ചേര്‍ന്ന ജനകീയ കൂട്ടായ്മയില്‍ സുകുമാര്‍ അഴീക്കോട് എന്‍ഡോസള്‍ഫാന്‍ വിരുദ്ധസന്ദേശം നല്‍കി. മന്ത്രി കെ പി രാജേന്ദ്രന്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. നടന്മാരായ കലാഭവന്‍ മണി, ഇര്‍ഷാദ്, കാര്‍ഷിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ ആര്‍ വിശ്വംഭരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഒപ്പുമരത്തില്‍ കൈയൊപ്പ് ചാര്‍ത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കുക എന്ന പ്ളക്കാര്‍ഡുമായി പാലക്കാട് കോട്ടമൈതാനിയില്‍ തിങ്ങിക്കൂടിയവരില്‍ സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യവും ശ്രദ്ധേയമായി. പ്രതിഷേധക്കൂട്ടായ്മയില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ അഭ്യര്‍ഥന നിരസിച്ച് സോഷ്യലിസ്റ് ജനതയും പങ്കെടുത്തു. മന്ത്രി എ കെ ബാലന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ ജോസ്ബേബി അധ്യക്ഷനായി. ഒറ്റപ്പാലത്ത് ജനകീയകൂട്ടായ്മ മാന്ത്രികന്‍ ഗോപിനാഥ് മുതുകാട് ഉദ്ഘാടനംചെയ്തു. ശേഖരീപുരം വായനശാലയില്‍ നടന്ന പ്രതിഷേധക്കൂട്ടായ്മയില്‍ കഥാകൃത്ത് മുണ്ടൂര്‍ സേതുമാധവന്‍ പങ്കെടുത്തു. കൊല്ലത്ത് ചിന്നക്കട പ്രസ്ക്ളബ് മൈതാനിയില്‍ നടന്ന ഉപവാസസമരത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ള ആയിരങ്ങള്‍ അണിചേര്‍ന്നു. രാഷ്ട്രീയപാര്‍ടി പ്രതിനിധികളും മതമേലധ്യക്ഷന്മാരും തൊഴിലാളിസ്ത്രീകളും ജീവനക്കാരും സാംസ്കാരിക സംഘടനാ ഭാരവാഹികളും സ്കൂള്‍, കോളേജ്, നേഴ്സിങ് വിദ്യാര്‍ഥികളും ഉള്‍പ്പെടെ ഉപവസിച്ചു. മന്ത്രി പി കെ ഗുരുദാസന്‍ ഉപവാസം ഉദ്ഘാടനംചെയ്തു. കൃഷിമന്ത്രി മുല്ലക്കര രത്നാകരന്‍, സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മുകേഷ്, കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൌലവി, റവ. ഫാ. ഫെര്‍ഡിനാന്റ് കായാവില്‍, ഡോ. ബി എ രാജാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വംനല്‍കി. ചിത്രരചനയും സംഘടിപ്പിച്ചു. മലപ്പുറത്ത് സിവില്‍ സ്റേഷനുമുമ്പില്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാലസംഘം പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി പരിസരത്ത് കൂട്ടചിത്രരചന നടത്തി പ്രതിഷേധിച്ചു.
തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടന്ന പൊതുസമ്മേളനം മന്ത്രി വി സുരേന്ദ്രന്‍പിളള ഉദ്ഘാടനംചെയ്തു. പത്തനംതിട്ടയില്‍ മന്ത്രി മുല്ലക്കര രത്നാകരന്‍ ഉദ്ഘാടനംചെയ്തു. കോട്ടയം കലക്ടറേറ്റില്‍ നടന്ന ദിനാചരണം മന്ത്രി ജോസ് തെറ്റയില്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ നടത്തിയ പ്രതിഷേധാഗ്നിയില്‍ ഡോ. ബി ഇക്ബാല്‍ മുഖ്യപ്രഭാഷണം നടത്തി. കോഴിക്കോട് ജില്ലയില്‍ മാനാഞ്ചിറയ്ക്കുചുറ്റും തീര്‍ത്ത മനുഷ്യച്ചങ്ങലയില്‍ ആയിരങ്ങള്‍ കണ്ണികളായി. മന്ത്രി ബിനോയ് വിശ്വം ഉദ്ഘാടനംചെയ്തു. സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍, പുരുഷന്‍ കടലുണ്ടി തുടങ്ങിയവരും ചങ്ങലയില്‍ കണ്ണികളായി. വയനാട്ടില്‍ ജനകീയകൂട്ടായ്മ അഡ്വ. എം റഹ്മത്തുള്ള ഉദ്ഘാടനംചെയ്തു. ആലപ്പുഴയില്‍ മന്ത്രി ജി സുധാകരന്‍ ഉപവാസം ഉദ്ഘാടനം ചെയ്തു. മന്ത്രി തോമസ് ഐസക് പ്രതിജ്ഞാവാചകം ചൊല്ലി മുഖ്യപ്രഭാഷണം നടത്തി.
നിരോധനത്തിന് എതിരെ കേന്ദ്ര സര്‍ക്കാര്‍
ജനീവ/തിരു: എന്‍ഡോസള്‍ഫാന്‍ കീടനാശിനി ലോകവ്യാപകമായി നിരോധിക്കുന്ന കാര്യം സ്റോക്ഹോം കണ്‍വന്‍ഷനില്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കരുതെന്ന് ആവശ്യപ്പെടാന്‍ ഏഷ്യ- പസഫിക് മേഖലാ യോഗത്തില്‍ അംഗരാജ്യങ്ങള്‍ക്കുമേല്‍ ഇന്ത്യാഗവര്‍മെന്റിന്റെ സമ്മര്‍ദം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സ്റോക്ഹോം കണ്‍വന്‍ഷനിലെ ഭൂരിഭാഗം അംഗരാജ്യങ്ങളും അഭിപ്രായപ്പെടുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പ് ഒഴിവാക്കണമെന്ന തീരുമാനം ഏഷ്യ- പസഫിക് മേഖലയുടെ തീരുമാനമായി മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തുന്നത്. ജനീവയില്‍ തിങ്കളാഴ്ച ആരംഭിച്ച കണ്‍വന്‍ഷനില്‍ 172 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നു. എന്‍ഡോസള്‍ഫാന്‍ നിരോധനം സംബന്ധിച്ച വിഷയം ചൊവ്വാഴ്ച ഉച്ചമുതല്‍ ചര്‍ച്ചയ്ക്കെടുക്കും.
കണ്‍വന്‍ഷനുമുന്നോടിയായി തിങ്കളാഴ്ച നടന്ന ഏഷ്യ- പസഫിക് മേഖലാ യോഗത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കരുതെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ മാരകകീടനാശിനി അല്ലെന്നും ഇക്കാര്യത്തില്‍ കണ്‍വന്‍ഷനുമുന്നോടിയായി കഴിഞ്ഞ ഒക്ടോബറില്‍ പേര്‍സിസ്റന്റ് ഓര്‍ഗാനിക് പൊള്യൂറ്റന്റ് (പോപ്) റിവ്യൂകമ്മിറ്റി എടുത്ത തീരുമാനം ശരിയല്ലെന്നും ആവര്‍ത്തിച്ചു. നിരോധനത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നിലപാട് അടിച്ചേല്‍പ്പിക്കുംവിധത്തിലാണ് മേഖലായോഗത്തില്‍ പ്രതിനിധികള്‍ സംസാരിച്ചതെന്ന് കണ്‍വന്‍ഷനില്‍ നിരീക്ഷകനായ തിരുവനന്തപുരത്തെ 'തണല്‍' ഡയറക്ടര്‍ ബോര്‍ഡ് അംഗം സി ജയകുമാര്‍, കേരളത്തില്‍നിന്നുള്ള സ്വതന്ത്ര പ്രതിനിധി ഡോ. മുഹമ്മദ് അഷിര്‍ എന്നിവര്‍ 'ദേശാഭിമാനിയോട്' പറഞ്ഞു.
ഇന്ത്യയില്‍നിന്ന് കൃഷി- പരിസ്ഥിതി മന്ത്രാലയങ്ങളുടെ പ്രതിനിധികളാണ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതിവകുപ്പ് ജോയിന്റ് സെക്രട്ടറി രാജീവ് ഗൌബയാണ് സംഘത്തലവന്‍. കൃഷിവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി വന്ദന ജെയിന്‍, മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എന്‍ഡോസള്‍ഫാന്‍ നിര്‍മാണക്കമ്പനിയായ എക്സല്‍ ഡയറക്ടര്‍ ഹരിഹരന്‍ തുടങ്ങിയവരും പങ്കെടുക്കുന്നു. നിരോധനതീരുമാനം നീട്ടിക്കൊണ്ടുപോകുന്നതിനുള്ള സമ്മര്‍ദതന്ത്രമാണ് കേന്ദ്ര സര്‍ക്കാര്‍ സ്റോക്ഹോമില്‍ പയറ്റുന്നത്. കണ്‍വന്‍ഷനില്‍ നിരോധനം വേണ്ടെന്നു തീരുമാനിച്ചാല്‍ 2015 വരെയെങ്കിലും നിലവിലുള്ള സ്ഥിതി തുടരാം. ആ സാഹചര്യമാണ് കേന്ദ്രം ആഗ്രഹിക്കുന്നത്.
പ്രതിപക്ഷം വിട്ടുനിന്നത് നിര്‍ഭാഗ്യകരം: പിണറായി
എന്‍ഡോസള്‍ഫാനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉപവാസത്തില്‍ നിന്ന് യുഡിഎഫ് വിട്ടുനിന്നത് നിര്‍ഭാഗ്യകരമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. തെറ്റു തിരുത്താന്‍ പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് നേതൃത്വവും തയ്യാറാകണം. കേന്ദ്രസര്‍ക്കാറിന്റെ നിലപാടു തിരുത്തിക്കാന്‍ കൂടുതല്‍ ശക്തമായ സമരം വേണ്ടിവരുമെന്നാണ് ജനീവ കണ്‍വന്‍ഷനില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ സൂചിപ്പിക്കുന്നത്. ഇത്തരം ഘട്ടത്തിലെങ്കിലും കൂട്ടായ പ്രക്ഷോഭവുമായി സഹകരിക്കാന്‍ തയ്യാറാകണമെന്നും ഡിവൈഎഫ്ഐ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് പിണറായി ആവശ്യപ്പെട്ടു.
കേരളത്തിലെ ജനങ്ങളുടെ ശക്തമായ വികാരമാണ് പ്രകടിപ്പിക്കപ്പെട്ടത്. ഇതില്‍ നിന്ന് ഒരുവിഭാഗം ഒഴിഞ്ഞുനിന്നത് പ്രധാനമന്ത്രിയെ മുഖ്യമന്ത്രി വിമര്‍ശിച്ചെന്നു പറഞ്ഞാണ്. ഇത് എന്തടിസ്ഥാനത്തിലാണെന്നു മനസ്സിലാകുന്നില്ല. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാവരും ഒന്നിച്ചാണ് പ്രധാനമന്ത്രിയെ കണ്ടത്. പ്രധാനമന്ത്രി അനുകൂല നിലപാടല്ല എടുത്തത്. അപ്പോള്‍ വിമര്‍ശിക്കേണ്ടി വരില്ലേ. പ്രതിപക്ഷനേതാവും പ്രധാനമന്ത്രിയുടെ നിലപാടില്‍ വിയോജിക്കേണ്ടതല്ലേ. സര്‍വകക്ഷി സംഘത്തോടൊപ്പം യുഡിഎഫ് ആത്മാര്‍ഥതയോടെയാണ് പോയതെങ്കില്‍ പ്രധാനമന്ത്രിയുടെ നിലപാടിനോട് വിയോജിക്കാതെ മുഖ്യമന്ത്രി പറഞ്ഞത് ശരിയല്ലെന്നു പറയുന്നതില്‍ എന്ത് ന്യായമാണ് ഉള്ളത്? എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികള്‍ മാത്രമല്ല, ഈ കമ്പനികളുടെ ചില ശിങ്കിടികളും ഇതേ നിലപാടു സ്വീകരിക്കുന്നുണ്ട്. ഈ നിലപാടിലേക്ക് ചിലരെങ്കിലും തരംതാഴുന്നുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പൊതുവികാരം ഉയരുമ്പോള്‍ അതിനെതിരെ ഒരുവിഭാഗം നിലപാടു സ്വീകരിച്ചാല്‍ ഇതല്ലേ കരുതേണ്ടത്.
എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെങ്കില്‍ ഇനിയും പഠനം നടത്തണമെന്നാണ് കേന്ദ്രം പറയുന്നത്. ഇതിനകം 16 പഠനം നടത്തിയിട്ടുണ്ട്. ഈ പഠനമെല്ലാം എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങള്‍ സംശയാതീതമായി കണ്ടെത്തിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും ഉല്‍പ്പാദിപ്പിക്കുന്ന അമേരിക്ക പോലും അവിടെ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. അമേരിക്ക ഉള്‍പ്പെടെ 84 രാഷ്ട്രം നിരോധിച്ചിട്ടും പഠനം നടത്തണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇനി പഠനമല്ല, നിരോധനമാണ് വേണ്ടത്-പിണറായി ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ നിലപാട് വെല്ലുവിളി: മുഖ്യമന്ത്രി
എല്ലാ സംസ്ഥാനങ്ങളിലും ദുരന്തങ്ങളുണ്ടായാല്‍ മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന പ്രധാനമന്ത്രിയുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നടന്ന ഉപവാസസമരത്തിന്റെ ഉദ്ഘാടന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനി ഒരു നിമിഷംപോലും ഇനി നിലനില്‍ക്കരുതെന്നത് ജനങ്ങളുടെ വികാരമാണ്. ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി നിവേദകസംഘം ചെയ്തത്. പക്ഷേ, കേരള സര്‍ക്കാരിന്റെയോ ജനതയുടെയോ അഭ്യര്‍ഥന മാനിക്കാതെ, മന്ത്രിസഭയിലെ ചില അംഗങ്ങളുടെ പിടിവാശി കലര്‍ന്ന നിലപാട് ആവര്‍ത്തിക്കുകയായിരുന്നു പ്രധാനമന്ത്രി. എന്‍ഡോസള്‍ഫാനെതിരെയുള്ള നിലപാടിനെ കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ ആക്ഷേപിക്കുന്ന ചിലര്‍ കേരളത്തിലുണ്ട്. ഭരിക്കുന്ന കാലത്തും അവരുടെ സമീപനം വ്യത്യസ്തമായിരുന്നില്ല. മനുഷ്യരെയും മൃഗങ്ങളെയും സ്നേഹിക്കുന്ന മുഴുവനാളുകളും എന്‍ഡോസള്‍ഫാനെതിരായ പോരാട്ടത്തില്‍ അണിനിരക്കണം. കര്‍ണാടകത്തിലെ ഗ്രാമങ്ങളെ ബാധിച്ചിരിക്കുന്നു എന്നതിനാല്‍ അവിടത്തെ സര്‍ക്കാരും ശക്തമായ പ്രതികരണം നടത്തുന്നുണ്ട്. ഗര്‍ഭസ്ഥശിശുവിന്റെ വൈകൃതം സഹിക്കാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഗര്‍ഭഛിദ്രത്തിനു തുനിയുന്ന ഏറ്റവും ഭീതിജനകമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്.
പ്രധാനമന്ത്രിയെ എതിര്‍ക്കുന്നു എന്ന ഒറ്റ കാരണത്താല്‍ ഞങ്ങളെ പുച്ഛിക്കുന്നവരുടെ അഭിപ്രായം അര്‍ഹിക്കുന്ന അവജ്ഞയോടെ ജനങ്ങള്‍ തള്ളും. എന്‍ഡോസള്‍ഫാന് അനുകൂലമായ കേന്ദ്രനടപടികള്‍ ഇനിയും കണ്ടിരിക്കാന്‍ സാധ്യമല്ലെന്ന് ഉപവാസം അവസാനിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. ജാതി-മത-രാഷ്ട്രീയപരിഗണനകള്‍ക്ക് അതീതമായി എല്ലാ വിഭാഗവും സഹകരിച്ച ഉപവാസം കേന്ദ്രസര്‍ക്കാറിനുള്ള മുന്നറിയിപ്പാണ്. സംസ്ഥാനത്തിന്റെ ഭരണഘടനാദത്തമായ അധികാരവും അവകാശവും ചോദ്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാറിനെ അനുവദിക്കില്ല. സംസ്ഥാനത്ത് എന്‍ഡോസള്‍ഫാന്‍ ഉല്‍പാദിപ്പിക്കുന്നത് അവസാനിപ്പിക്കാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്രം തയാറായിട്ടില്ല. സംസ്ഥാനത്തിന്‍െ ആവശ്യം ചെവിക്കൊള്ളാതെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ കേന്ദ്രസര്‍കാര്‍ വെല്ലുവിളിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ശരത്പവാറിന്റെ നിയമവിരുദ്ധനടപടികളുടെ സംരക്ഷകരായി മാറി. അനുഭവങ്ങളില്‍ നിന്ന് തെറ്റുതിരുത്താന്‍ പ്രധാനമന്ത്രി തയ്യാറാകുന്നില്ല-മുഖ്യമന്ത്രി പറഞ്ഞു.
ഉറപ്പൊന്നും ലഭിക്കാതെ ചാണ്ടിയും ചെന്നിത്തലയും മടങ്ങി
ന്യൂഡല്‍ഹി: എന്‍ഡോസള്‍ഫാന്‍പ്രശ്നത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയും നിരോധം സംബന്ധിച്ച് ഉറപ്പൊന്നും ലഭിക്കാതെ മടങ്ങി. പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചശേഷം വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെയും സംസ്ഥാന സര്‍ക്കാരിനെയും കുറ്റപ്പെടുത്തിയാണ് ഇരുവരും ജാള്യംമറയ്ക്കാന്‍ ശ്രമിച്ചത്. എന്നാല്‍, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരംമുട്ടിയ നേതാക്കള്‍ 'ഇക്കാര്യത്തില്‍ നമുക്കൊരു സെമിനാര്‍ നടത്താ'മെന്ന് പറഞ്ഞ് തടിതപ്പി.
എന്‍ഡോസള്‍ഫാനെതിരെ ഒരു നടപടിയും എടുക്കാതെ ഉപവാസം നടത്തിയ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പുചോദിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പഠിക്കാന്‍ മൂന്ന് സമിതികള്‍ക്കു പകരം ഐസിഎംആറിന്റെ ഒറ്റസമിതി രൂപീകരിച്ചത് കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണെന്നും റിപ്പോര്‍ട്ട് സമയബന്ധിതമായി ലഭിക്കാന്‍ നടപടിയെടുക്കാമെന്ന് പ്രധാനമന്ത്രി അറിയിച്ചെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍, എത്രകാലംകൊണ്ട് പഠനം പൂര്‍ത്തിയാകുമെന്ന് ചോദിച്ചപ്പോള്‍ അക്കാര്യം പിന്നീട് തീരുമാനിക്കുമെന്നായിരുന്നു മറുപടി.
സ്റോക്ഹോമില്‍ എന്‍ഡോസള്‍ഫാന് എതിരായ നിലപാട് എടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയോ എന്ന ചോദ്യത്തിനും ഉത്തരമുണ്ടായില്ല. പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ അതീവ ഉല്‍ക്കണ്ഠയുണ്ടെന്നും മറ്റ് സംസ്ഥാനങ്ങള്‍ നിരോധനം ആവശ്യപ്പെടാത്തതാണ് പ്രശ്നമെന്നും ഇരുവരും വാദിച്ചു. സര്‍ക്കാര്‍ സംഘടിപ്പിച്ച ഉപവാസത്തെക്കുറിച്ച് വേണ്ടരീതിയില്‍ അറിയിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഉപവാസത്തില്‍ ഉന്നയിച്ച വിഷയങ്ങളോട് അഭിപ്രായവ്യത്യാസമില്ല. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ദുരിതബാധിതരെ ദത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി 260411
ഇതുവരെ ദര്‍ശിക്കാത്ത പ്രതിഷേധക്കൊടുങ്കാറ്റിന്റെ അലകളില്‍ കേരളം തിങ്കളാഴ്ച എന്‍ഡോസള്‍ഫാന്‍ വിരുദ്ധ ഐക്യനിര തീര്‍ത്തു. എന്‍ഡോസള്‍ഫാന്റെ വക്താക്കളായി മാറിയ കേന്ദ്രസര്‍ക്കാരിന് കേരളം ഒറ്റമനസോടെ താക്കീത് നല്‍കി. പാളയം രക്തസാക്ഷിമണ്ഡപത്തില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മന്ത്രിമാരും മത-സാംസ്കാരിക നായകരും നടത്തിയ ഉപവാസസമരം തലസ്ഥാനത്തെ പ്രകമ്പനം കൊള്ളിച്ചു. ജില്ലകളില്‍ വിവിധ സമരകേന്ദ്രങ്ങളിലായി ജനലക്ഷങ്ങള്‍ അണിനിരന്നതോടെ കേരളത്തിന്റെ വികാരം അതിരുകള്‍ക്കപ്പുറത്തേക്ക് കൊടുങ്കാറ്റായി. ജില്ലാകേന്ദ്രങ്ങളില്‍ മന്ത്രിമാരും മറ്റുജനപ്രതിനിധികളും നേതൃത്വം കൊടുത്തു. യുഡിഎഫ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കാസര്‍കോട്ട് ലീഗ് നേതാക്കളും പാലക്കാട്ട് സോഷ്യലിസ്റ്റ് ജനത നേതാക്കളും ജനരോഷത്തില്‍ കൈകോര്‍ത്തു. ബിജെപി നേതാക്കളും പ്രതിഷേധത്തില്‍ അണിനിരന്നു.
ReplyDeleteഎന്‍ഡോസള്‍ഫാന്‍ അടക്കം അഞ്ച് മാരക കീടനാശിനികളെ നിരോധിക്കുന്നത് ചര്‍ച്ചചെയ്യാന്‍ ജനീവയില്‍ സ്റോക് ഹോം കണ്‍വന്‍ഷന്‍ തുടങ്ങുന്ന ദിനമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാടിനു താക്കീതായി കേരളം സമരവേലിയേറ്റമൊരുക്കിയത്. ബഹുരാഷ്ട്ര കുത്തകകളുടെ ലാഭക്കൊതിക്ക് ഇരകളായവരെ സംരക്ഷിക്കണമെന്നും ഇനിയൊരു ജീവനും ദുരിതക്കടലിലേക്ക് എറിയരുതെന്നും സംസ്ഥാനം ഒന്നിച്ച് ആവശ്യപ്പെട്ടു. ചരിത്രമിരമ്പുന്ന തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയായിരുന്നു മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഉപവാസം. മന്ത്രിമാരായ കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍, എം എ ബേബി, എം വിജയകുമാര്‍, എന്‍ കെ പ്രേമചന്ദ്രന്‍, വി സുരേന്ദ്രന്‍പിള്ള, കവയത്രി സുഗതകുമാരി, ബിജെപി നേതാവ് ഒ രാജഗോപാല്‍, പി ഗോവിന്ദപ്പിള്ള, മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് ബസേലിയോസ് മാര്‍ ക്ളീമീസ് കാതോലിക്കാബാവ, തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം സൂസപാക്യം, പാളയം ഇമാം ജമാലുദീന്‍ മങ്കട, യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സംവിധായകന്‍ ഷാജി എന്‍ കരു, നടന്‍ സുരേഷ് ഗോപി, സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍, ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍ തുടങ്ങിയവര്‍ അണിചേര്‍ന്നു. മുഖ്യമന്ത്രിക്ക് സുഗതകുമാരി നാരങ്ങാനീര് നല്‍കിയതോടെയാണ് ഉപവാസം അവസാനിച്ചത്.