ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന നഗ്നമായ കൈകടത്തലുകള്‍ വീണ്ടും തെളിഞ്ഞിരിക്കുന്നു. പുതിയ വിക്കിലീക്സ് രേഖകള്‍, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെയും അവരുടെ തൃണമൂല്‍ കോണ്‍ഗ്രസിനെയും വളര്‍ത്തിക്കൊണ്ടുവന്ന് സിപിഐ എമ്മിനെ തകര്‍ക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്ന അമേരിക്കന്‍ മനസ്സിലിരുപ്പാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ത്യന്‍ ആഭ്യന്തരരാഷ്ട്രീയകാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകുമ്പോഴും, അതിനെതിരെ പ്രതിഷേധത്തിന്റെ ഒരു ചെറുവാക്കുപോലും ഉച്ചരിക്കാനാകാതെ നില്‍ക്കുകയാണ് സോണിയ ഗാന്ധിയുടെ പരോക്ഷ കാര്‍മികത്വത്തിലുള്ള ഡോ. മന്‍മോഹന്‍സിങ്ങിന്റെ കേന്ദ്രഭരണം. രാജ്യത്തിന്റെ ആത്മാഭിമാനംപോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത അമേരിക്കന്‍ ദാസ്യത്തിന്റെ പ്രതീകമായി നില്‍ക്കുകയാണ് ഇന്ന് യുപിഎ ഭരണം. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍കൈയോടെയുള്ള ഒരു സര്‍ക്കാര്‍ പശ്ചിമബംഗാളില്‍ വരുന്നത് തങ്ങള്‍ക്ക് സഹായകമായിരിക്കുമെന്ന അമേരിക്കയുടെ വിലയിരുത്തലും അതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമബംഗാളില്‍ അമേരിക്ക നടത്തുന്ന കൈകടത്തലുകളുമാണ് പുതിയ വിക്കിലീക്സ് രേഖകള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്.
മമത ബാനര്‍ജിയുടെ നേതൃത്വത്തിലൊരു ഭരണമുണ്ടായാല്‍ അത്, അമേരിക്കയോട് സൌഹൃദംപുലര്‍ത്തുമെന്നും അതിനാല്‍ത്തന്നെ അവരുമായുള്ള സൌഹൃദം ശക്തിപ്പെടുത്തണമെന്നും അവരെ വളര്‍ത്തിക്കൊണ്ടുവരണമെന്നുമാണ് അമേരിക്ക പറയുന്നത്. ഇതിനായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധവയ്ക്കണമെന്ന് അവരുടെതന്നെ നയതന്ത്രജ്ഞര്‍ ആവശ്യപ്പെടുന്ന സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇന്ത്യന്‍ താല്‍പ്പര്യത്തിനുവേണ്ടി നില്‍ക്കുന്നതാര്, അതിനെതിരായി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാന്‍ നില്‍ക്കുന്നതാര് എന്നീ കാര്യങ്ങള്‍ മറനീക്കി വ്യക്തമാക്കുന്നുണ്ട് പുതിയ വിക്കിലീക്സ് രേഖകള്‍. കൊല്‍ക്കത്ത യുഎസ് കോസുലേറ്റിലെ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മാവോയിസ്റ് തീവ്രവാദികളെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയും വിളിച്ചുവരുത്തി രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തിയിരുന്ന കാര്യം നേരത്തേതന്നെ ദേശീയ ശ്രദ്ധയില്‍വന്നിരുന്നതാണ്. ഈവിധത്തില്‍ ആഭ്യന്തരരാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് അമേരിക്കയോടാവശ്യപ്പെടണമെന്ന് പ്രധാനമന്ത്രിയോട് രാഷ്ട്രീയ വിവേകമുള്ളവര്‍ ആവര്‍ത്തിച്ച് പറഞ്ഞതുമാണ്. എന്നാല്‍, മന്‍മോഹന്‍സിങ്, അദ്ദേഹത്തിന്റെ സഹജമായ അമേരിക്കന്‍ വിധേയത്വമനോഭാവംകൊണ്ടുതന്നെ അതിന് തയ്യാറായില്ല. അതാകട്ടെ, അമേരിക്കയ്ക്ക് ഇന്ത്യയില്‍ കൂടുതല്‍ കൈകടത്തല്‍ നടത്താനുള്ള ധൈര്യം നല്‍കി. ഒരു സ്വതന്ത്ര പരമാധികാര ജനാധിപത്യരാജ്യവും അനുവദിക്കാത്തതാണ് ഈ വിധത്തിലുള്ള വൈദേശിക കൈകടത്തലുകള്‍.
തന്ത്രപ്രധാനമായ സൈനിക-സുരക്ഷാമേഖലകളിലും വിദേശനയകാര്യത്തിലും സാമ്പത്തികനയകാര്യത്തിലുമെല്ലാം അമേരിക്ക ഇടപെട്ടതിന്റെ നിരവധി ഉദാഹരണങ്ങള്‍ വിക്കിലീക്സ് രേഖയിലൂടെ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. യുപിഎ, മുമ്പ് അതിന്റെ പൊതുമിനിമംപരിപാടിയില്‍ പറഞ്ഞിരുന്ന സ്വതന്ത്രവിദേശനയം എന്ന തത്വം പ്രഹസനമാക്കിക്കൊണ്ട് അമേരിക്കയുടെ ആശ്രിതരാജ്യമാക്കി ഇന്ത്യയെ മാറ്റാന്‍ ശ്രമിച്ചുതുടങ്ങിയവേളയില്‍ത്തന്നെ, ഇടതുപക്ഷം ഇതിലെ ആപത്ത് സംബന്ധിച്ച് മുന്നറിയിപ്പുനല്‍കിയിരുന്നതാണ്. അത് വകവയ്ക്കാതെ യുപിഎ മുമ്പോട്ടുപോയി രാജ്യത്തിന്റെ പരമാധികാരത്തില്‍വരെ വിട്ടുവീഴ്ച ചെയ്യുംവിധം ആണവകരാര്‍ നടപ്പാക്കുമെന്ന് വന്നപ്പോഴാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചത്. അങ്ങനെ വന്നപ്പോള്‍ വിശ്വാസവോട്ടുനേടാന്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയ്ക്ക് തുണയായതുപോലും അമേരിക്കയാണ്. അജിത്സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍ പാര്‍ടിയിലെ നാല് അംഗങ്ങളെയടക്കം കാലുമാറ്റിയെടുക്കാനും അങ്ങനെ വിശ്വാസവോട്ട് നേടാനും കഴിഞ്ഞത് അനേകകോടികളുടെ കൈക്കോഴയിലൂടെയാണെന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. വിശ്വാസവോട്ടിന്റെ തലേദിവസം, ക്യാപ്റ്റന്‍ സതീശ് ശര്‍മയുടെ വിശ്വസ്ത അനുയായിയായ നചികേത കപൂര്‍, കൈക്കൂലി കൊടുക്കാനായി കോണ്‍ഗ്രസ് ഒരുക്കിവച്ച കോടിക്കണക്കിനു രൂപയുടെ പെട്ടികള്‍, യുഎസ് എംബസിയിലെ പ്രമുഖര്‍ക്ക് കാണിച്ചുകൊടുത്ത്, തയ്യാറെടുപ്പുകളെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊടുത്തതും വിക്കിലീക്സ്തന്നെയാണ് പുറത്തുകൊണ്ടുവന്നത്.
2005 സെപ്തംബറിലും 2006 ഫെബ്രുവരിയിലും ഐഎഇഎയില്‍ ഇറാനെതിരെ നിലപാടെടുത്തതിനു പിന്നിലുണ്ടായിരുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ സമ്മര്‍ദതന്ത്രങ്ങളും വിക്കിലീക്സ് രേഖകളിലൂടെ ജനം അറിഞ്ഞു. 2005ല്‍ അന്ന് പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി അമേരിക്ക സന്ദര്‍ശിച്ചവേളയില്‍ ഉണ്ടാക്കിയ പ്രതിരോധ സഹകരണചട്ടക്കൂട്, അമേരിക്കന്‍ കല്‍പ്പനപ്രകാരമുള്ളതായിരുന്നുവെന്നും, അത് ഇന്ത്യയെ അമേരിക്കയുടെ സൈനികനീക്കങ്ങളിലെ ജൂനിയര്‍ പങ്കാളിയാക്കി ചേര്‍ക്കുന്നതായിരുന്നുവെന്നും യുഎസ് പ്രതിരോധസെക്രട്ടറി സ്ഥാനത്തിരുന്ന് ഡൊണാള്‍ഡ് റംസ്ഫീല്‍ഡ് അയച്ച സന്ദേശങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് വിക്കിലീക്സ് തെളിയിച്ചു. മുംബൈ ഭീകരാക്രമണത്തിനുശേഷം എഫ്ബിഐ, സിഐഎ തലത്തിലുള്ള സഹകരണം കൂടിയതിന്റെ രേഖകളും വിക്കിലീക്സിലൂടെ പുറത്തുവന്നു. സുരക്ഷാ ഉപദേഷ്ടാവായ എം കെ നാരായണനെക്കുറിച്ചുള്ള യുഎസ് വിലയിരുത്തലുകള്‍ വിക്കിലീക്സ് പുറത്തുകൊണ്ടുവന്നു. 2006ല്‍ നടന്ന കേന്ദ്രമന്ത്രിസഭാ അഴിച്ചുപണി അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കാനുള്ളതായിരുന്നുവെന്നത് വെളിപ്പെട്ടു. അമേരിക്കന്‍ പക്ഷപാതിത്വമുള്ള ചിലരെ- മുരളി ദേവ്റ, കപില്‍ സിബല്‍, ആനന്ദ്ശര്‍മ, അശ്വിന്‍കുമാര്‍, സെയ്ഫുദീന്‍ സോസ് തുടങ്ങിയവര്‍- മന്ത്രിസഭയിലെടുക്കണമെന്നത് അമേരിക്കയുടെ കല്‍പ്പനയായിരുന്നുവെന്നും, മന്ത്രിസഭാ അഴിച്ചുപണിയിലൂടെ അത് മന്‍മോഹന്‍സിങ് നിര്‍വഹിച്ചുകൊടുക്കുകയായിരുന്നു എന്നതും തെളിഞ്ഞു. മണിശങ്കര അയ്യരെ പെട്രോളിയംവകുപ്പില്‍നിന്നും എം കെ നാരായണനെ സുരക്ഷാ ഉപദേഷ്ടാവ് പദവിയില്‍നിന്നും മാറ്റിയതിനു പിന്നിലെ കാര്യങ്ങളും വിക്കിലീക്സിലൂടെതന്നെ പുറത്തുവന്നു.
ഇറാന്‍ വാതകപൈപ്പ്ലൈന്‍ പദ്ധതി റദ്ദാക്കി, അമേരിക്കയുമായുള്ള ആണവകരാര്‍പദ്ധതിയുമായി മുമ്പോട്ടുപോകാന്‍ ഇന്ത്യയെ നിര്‍ബന്ധിതമാക്കിയതിനുപിന്നിലെ ബുഷ്-മന്‍മോഹന്‍ ഗൂഢാലോചനകളും വിക്കിലീക്സ് രേഖകളിലൂടെതന്നെ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ വിമാനംപോലും പരിശോധിക്കാനുള്ള അധികാരം അമേരിക്ക കൈയടക്കിയതിനു പിന്നിലെ കഥകളും വിക്കിലീക്സിലൂടെ ചുരുളഴിഞ്ഞു. ഇന്ത്യന്‍ നയതന്ത്രജ്ഞരെ ചാരനിരീക്ഷണത്തിനു കീഴിലാക്കാന്‍ അമേരിക്ക അവരുടെ നയതന്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ രേഖകള്‍മുതല്‍ യുഎന്‍ രക്ഷാസമിതി അംഗമാകണമെന്ന ഇന്ത്യയുടെ താല്‍പ്പര്യത്തെ അധിക്ഷേപിക്കുന്ന യുഎസ് സ്റേറ്റ് സെക്രട്ടറി ഹിലാരി ക്ളിന്റന്റെ നിലപാടടങ്ങിയ രേഖകള്‍വരെ പുറത്തുവന്നു. മണിപ്പുരിനെ ഇന്ത്യയുടെ കോളനിയെന്ന് കൊല്‍ക്കത്തയിലെ യുഎസ് കോണ്‍സുലേറ്റ് വിശേഷിപ്പിച്ച കാര്യം വെളിപ്പെട്ടു.
ഏറ്റവും ഒടുവിലിതാ, ഇന്ത്യയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍വരെ അമേരിക്ക പ്രത്യക്ഷത്തില്‍ കൈകടത്തുന്നു. ഡോ. മന്‍മോഹന്‍ സിങ്ങിന്റെ യുപിഎ ഭരണത്തിന്‍കീഴില്‍ ഇന്ത്യ ഏതുതരത്തിലുള്ള അപകടത്തിലേക്കാണ് പോകുന്നതെന്ന് ഇതെല്ലാം ജനങ്ങള്‍ക്കു വ്യക്തമാക്കിത്തരുന്നുണ്ട്. കുപ്രസിദ്ധമായ വിമോചനസമരകാലത്തും മറ്റും കേരളത്തില്‍ കമ്യൂണിസ്റുപ്രസ്ഥാനത്തെ തകര്‍ക്കാനും ഇ എം എസ് മന്ത്രിസഭയെ അധികാരഭ്രഷ്ടമാക്കാനും സിഐഎ നടത്തിയ ഇടപെടലുകളെ അവിശ്വാസത്തോടെ കാണുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ കണ്ണുതുറപ്പിക്കാന്‍ പര്യാപ്തമാണ്, പശ്ചിമബംഗാള്‍ രാഷ്ട്രീയത്തില്‍ അമേരിക്ക ഇടപെട്ടതിന്റെ തെളിവുകള്‍ അടങ്ങുന്ന പുതിയ വിക്കിലീക്സ് രേഖകള്‍.
ദേശാഭിമാനി മുഖപ്രസംഗം 220411
ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ അമേരിക്കന്‍ സാമ്രാജ്യത്വം നടത്തുന്ന നഗ്നമായ കൈകടത്തലുകള്‍ വീണ്ടും തെളിഞ്ഞിരിക്കുന്നു. പുതിയ വിക്കിലീക്സ് രേഖകള്‍, പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയെയും അവരുടെ തൃണമൂല്‍ കോണ്‍ഗ്രസിനെയും വളര്‍ത്തിക്കൊണ്ടുവന്ന് സിപിഐ എമ്മിനെ തകര്‍ക്കേണ്ടതിന്റെ ആവശ്യകത ഏറെയാണെന്ന അമേരിക്കന്‍ മനസ്സിലിരുപ്പാണ് പുറത്തുകൊണ്ടുവന്നിട്ടുള്ളത്. അമേരിക്കന്‍ സാമ്രാജ്യത്വം ഇന്ത്യന്‍ ആഭ്യന്തരരാഷ്ട്രീയകാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്നതിന്റെ ചിത്രം കൂടുതല്‍ വ്യക്തമാകുമ്പോഴും, അതിനെതിരെ പ്രതിഷേധത്തിന്റെ ഒരു ചെറുവാക്കുപോലും ഉച്ചരിക്കാനാകാതെ നില്‍ക്കുകയാണ് സോണിയ ഗാന്ധിയുടെ പരോക്ഷ കാര്‍മികത്വത്തിലുള്ള ഡോ. മന്‍മോഹന്‍സിങ്ങിന്റെ കേന്ദ്രഭരണം. രാജ്യത്തിന്റെ ആത്മാഭിമാനംപോലും ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയാത്ത അമേരിക്കന്‍ ദാസ്യത്തിന്റെ പ്രതീകമായി നില്‍ക്കുകയാണ് ഇന്ന് യുപിഎ ഭരണം. മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുന്‍കൈയോടെയുള്ള ഒരു സര്‍ക്കാര്‍ പശ്ചിമബംഗാളില്‍ വരുന്നത് തങ്ങള്‍ക്ക് സഹായകമായിരിക്കുമെന്ന അമേരിക്കയുടെ വിലയിരുത്തലും അതിന്റെ അടിസ്ഥാനത്തില്‍ പശ്ചിമബംഗാളില്‍ അമേരിക്ക നടത്തുന്ന കൈകടത്തലുകളുമാണ് പുതിയ വിക്കിലീക്സ് രേഖകള്‍ പുറത്തുകൊണ്ടുവന്നിട്ടുള്ളത്.
ReplyDelete