Sunday, April 24, 2011

റസാക്ക് മൊള്ളയ്ക്ക് മൂന്നാം ഹാട്രിക് നല്‍കാന്‍ കാനിങ് ഈസ്റ്

ബംഗാള്‍: രണ്ടാം ഘട്ടത്തില്‍ 85 ശതമാനം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തില്‍ കനത്ത പോളിങ്. 85.32 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. വോട്ടെടുപ്പ് സമാധാനപരവുമായിരുന്നു. മൂര്‍ഷിദാബാദ്, ബീര്‍ഭും, നദിയ ജില്ലകളിലെ 50 മണ്ഡലങ്ങളായിരുന്നു ശനിയാഴ്ച വോട്ടെടുപ്പ്. വൈകിട്ട് അഞ്ചിനു ശേഷം പോളിങ് നടന്നതിനാല്‍ പോളിങ് ശതമാനത്തില്‍ മാറ്റമുണ്ടാകുമെന്ന് ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമീഷണര്‍ വിനോദ് സുത്ഷി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

293 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തിലുണ്ടായിരുന്നത്. ക്രമക്കേട് കാട്ടിയതിന് രണ്ട് പ്രിസൈഡിങ് ഓഫീസര്‍മാരെ മാറ്റി. മൂര്‍ഷിദാബാദിലെ ഭരത്പൂര്‍ മണ്ഡലത്തിലും നാദിയ ജില്ലയിലെ റാണാഘട്ട് മണ്ഡലത്തിലാണ് പ്രിസൈഡിങ് ഓഫീസര്‍മാരെ മാറ്റിയത്. 65 ബൂത്തുകളില്‍ വോട്ടിങ് യന്ത്രം കേടായതിനെത്തുടര്‍ന്ന് പോളിങ് തടസ്സപ്പെട്ടു. സിപിഐ എം 31ഉം ആര്‍എസ്പി ഒന്‍പതും ഫോര്‍വേഡ് ബ്ളോക്ക് അഞ്ചും സിപിഐ ഒരു സീറ്റിലാണ് മത്സരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 29 സീറ്റിലും കോണ്‍ഗ്രസ് 21 സീറ്റിലും മത്സരിച്ചു. മൂര്‍ഷിദാബാദ്, നാദിയ ജില്ലകളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ക്കെതിരെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണയുള്ള നാലുവീതം സ്വതന്ത്രരും മത്സരിച്ചു. മൂന്നാം ഘട്ടം വോട്ടെടുപ്പ് 27നും നാലാം ഘട്ടം മെയ് മൂന്നിനും അഞ്ചാം ഘട്ടം ഏഴിനും നടക്കും. മെയ് പത്തിനാണ് അവസാനഘട്ടം.

റസാക്ക് മൊള്ളയ്ക്ക് മൂന്നാം ഹാട്രിക് നല്‍കാന്‍ കാനിങ് ഈസ്റ്


കൊല്‍ക്കത്ത: നാട്ടുകാരുടെ ദാദയും കാക്കുവും (ചേട്ടനും അമ്മാവനും) ഒക്കെയായ റസാക്ക് മൊള്ളയ്ക്ക് ട്രിപ്പിള്‍ ഹാട്രിക് വിജയത്തിന്റെ ഹാരം അണിയിക്കാനൊരുങ്ങുകയാണ് കിഴക്കന്‍ കാനിങ്ങുകാര്‍. സംസ്ഥാന ഭൂപരിഷ്കരണ മന്ത്രിയായ മൊള്ള ജനവിധി തേടുന്നന്ന ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഈസ്റ് കാനിങ് മണ്ഡലത്തില്‍ 1972 മുതല്‍ ജയിക്കുന്നത് മൊള്ളയാണ്. ഒരിക്കലും തോല്‍വി അറിയാത്ത മൊള്ള ഒമ്പതാംവിജയം ഉറപ്പാക്കി. 1982 മുതല്‍ ഇടതുമുന്നണി മന്ത്രിസഭയില്‍ അംഗമായ അദ്ദേഹം കര്‍ഷക സംഘത്തിന്റെ നേതാവാണ്.

1942ല്‍ ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ പിന്നോക്ക ഗ്രാമമായ മധുരാപുര്‍ ഭംഗഡയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ച റസാക്ക് കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും അവകാശങ്ങള്‍ക്കുവേണ്ടി പോരാടിയാണ് കമ്യൂണിസ്റ് പാര്‍ടി നേതൃത്വത്തിലേക്കുയര്‍ന്നത്. പലതവണ ജന്മിമാരുടെയും പൊലീസിന്റെയും മര്‍ദനമേറ്റു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം, ജില്ലാ സെക്രട്ടറിയറ്റഗം, കിസാന്‍സഭാ സംസ്ഥാന നേതാവ് എന്നീ നിലകളിലെല്ലാം തിരക്കിട്ട പ്രവര്‍ത്തനങ്ങളുണ്ടെങ്കിലും മണ്ഡലത്തിലെത്താനും ജനങ്ങളുമായി അടുത്തിടപഴകാനും കൃഷിപ്പണി ചെയ്യാനും സമയം കണ്ടെത്തും. എംഎല്‍എ വികസന ഫണ്ട് എട്ടാം തവണയും പൂര്‍ണമായി വിനിയോഗിച്ചതിന്റെ റെക്കോഡുമുണ്ട് മൊള്ളയ്ക്ക്. 1972ല്‍ ബംഗാളിന്റെ ചരിത്രത്തില്‍ല്‍ഏറ്റവും കിരാതമായ കാലത്താണ് റസാക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് ഭരണത്തില്‍ പട്ടാളത്തിന്റെയും കോണ്‍ഗ്രസുകാര്‍ പൊലീസിന്റെയും സഹായത്തോടെ അക്രമം സംഘടിപ്പിച്ച് ബൂത്തുപിടിത്തത്തിലൂടെ തെരഞ്ഞെടുപ്പ് പ്രഹസനമാക്കി കൃത്രിമ വിജയം നേടി. അക്രമത്തില്‍ സഹികെട്ട സിപിഐ എം തെരഞ്ഞെടുപ്പു രംഗത്തുനിന്ന് കൂട്ടത്തോടെ പിന്മാറി. തെരഞ്ഞെടുപ്പ് പ്രഹസനത്തിലും അക്രമത്തെ നേരിട്ട് ജനങ്ങള്‍ 13 ഇടത്ത് സിപിഐ എമ്മിനെ ജിയിപ്പിച്ചു. അതിലൊന്ന് മൊള്ള മത്സരിച്ച കാനിങ് ഈസ്റ് ആയിരുന്നു. സിപിഐ എം അഞ്ചുവര്‍ഷം സഭ‘ ബഹിഷകരിച്ചു. നിയമസഭയില്‍ പോകാതെതന്നെന്നജനപ്രതിനിധിയായി അദ്ദേഹം തുടര്‍ന്നു.

1977ല്‍ വീണ്ടും അവിടെ മത്സരിച്ച അദ്ദേഹം 18000ലേറെ വോട്ടിന്റെ വ്യത്യാസത്തിന് വിജയിച്ചു. പിന്നീട് ഒരോ തെരഞ്ഞെടുപ്പിലും മൊള്ള ഭൂരിപക്ഷം വര്‍ധിപ്പിച്ചു. സിപിഐ എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെ 2006ല്‍ 70,725 വോട്ടിന്റെ ഭൂരിപക്ഷമാണ് മൊള്ള നേടിയത്. 2009ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഈ സീറ്റ് ഉള്‍പ്പെട്ട ജയനഗറില്‍ പ്രതിപക്ഷസഖ്യത്തിലെ സ്ഥാനാര്‍ഥിയാണ് ജയിച്ചതെങ്കിലും കാനിങ് ഈസ്റില്‍ 31,358 വോട്ടിന്റെ ഭൂരിപക്ഷം സിപിഐ എം സ്ഥാനാര്‍ഥിക്ക് ലഭിച്ചു. മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളുടെയും ഭരണം സിപിഐ എമ്മിനാണ്. നൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ് ജനങ്ങളില്‍ല്‍ഗണ്യമായ ഭാഗവും. ആദ്യം തൃണമൂല്‍ കോണ്‍ഗ്രസ് ഈ സീറ്റില്‍ മത്സരിക്കാന്‍ നോക്കിയെങ്കിലും വിജയസാധ്യതയില്ലാത്തതിനാല്‍ പിന്നീട് കോണ്‍ഗ്രസിന് നല്‍കി. ഇബ്രാഹിം മൊള്ളയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 2001ല്‍ ഇബ്രാഹിംമൊള്ള ബിജെപിയുടെ സ്ഥാനാര്‍ഥിയായിരുന്നു. 5199 വോട്ടാണ് അന്ന് ആകെ ലഭിച്ചത്. പിന്നീട് കോണ്‍ഗ്രസില്‍ ചേക്കേറി.
(ഗോപി)

ജംഗല്‍മഹലില്‍ ഇടതുപക്ഷ പ്രചാരണം അനുവദിക്കില്ലെന്ന് മാവോയിസ്റ് ഭീഷണി

കൊല്‍ക്കത്ത: ജംഗല്‍മഹലില്‍ ഇടതുപക്ഷ മുന്നണിയുടെ പ്രചാരണം അനുവദിക്കില്ലെന്ന് മാവോയിസ്റ് ഭീഷണി. തൃണമൂല്‍ കോണ്‍ഗ്രസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെങ്കിലും കോണ്‍ഗ്രസിനോട് എതിര്‍പ്പ് തുടരുമെന്ന് മാവോയിസ്റുകള്‍ പത്രക്കുറിപ്പില്‍ പറയുന്നു.

ജംഗല്‍ മഹല്‍ മേഖലയിലെ മൂന്ന് ജില്ലയിലെ 14 മണ്ഡലത്തില്‍ ആറാം ഘട്ടത്തില്‍ മെയ് പത്തിനാണ് വോട്ടെടുപ്പ്. ഇവിടെ പ്രചാരണം ആരംഭിച്ചു. പശ്ചിമ മേദിനിപ്പുര്‍, ബാങ്കുറ, പുരുളിയ ജില്ലകളില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും അവരുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയുമാണ്. മമത ബാനര്‍ജിയെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ മാവോയിസ്റുകള്‍ ഇപ്പോള്‍ മമതയുടെതന്നെ പിന്തുണയോടെ പശ്ചിമ മേദിനിപ്പുരിലെ ജാര്‍ഗ്രാം മണ്ഡലത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരിക്കയാണ്. മാവോയിസ്റ് സംഘടനയായ പിസിപിഎയുടെ നേതാവ് ഛത്രധര്‍ മഹതോ ആണ് ഇവിടെ സ്ഥാനാര്‍ഥി. ജംഗല്‍മഹലില്‍ ഇതുവരെ നടന്ന അക്രമങ്ങള്‍ക്ക് മാവോയിസ്റുകള്‍ക്ക് കുടപിടിച്ച തൃണമൂല്‍ കോണ്‍ഗ്രസിന് തെരഞ്ഞെടുപ്പില്‍ പ്രത്യുപകാരം ചെയ്യാനാണ് ഇടതുമുന്നണിയെ പ്രചാരണം നടത്താന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനം.

ചെന്നിത്തലയുടെ പ്രചാരണം തൃണമൂലിനുവേണ്ടിമാത്രം

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്‍ക്കത്തയിലെത്തിയ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പ്രചാരണയോഗങ്ങളിലെത്താതെ തൃണമൂല്‍ സ്ഥാനാര്‍ഥിക്കുമാത്രം പ്രചാരണം നടത്തി മടങ്ങി. തൃണമൂല്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണയോഗങ്ങളില്‍നിന്ന് പശ്ചിമബംഗാള്‍ പിസിസി നേതാക്കള്‍ വിട്ടുനില്‍ക്കുകയും തൃണമൂലിനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുകയും ചെയ്യുമ്പോഴാണ് ചെന്നിത്തല തൃണമൂല്‍ സ്ഥാനാര്‍ഥിക്കുവേണ്ടി ഒരു മണിക്കൂര്‍ റോഡ്ഷോയിലും യോഗത്തിലും പങ്കെടുത്തത്. ബറാനഗര്‍ നിയമസഭാ മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ഥി തപസ് റോയിക്കു വേണ്ടിയായിരുന്നു ചെന്നിത്തലയുടെ പ്രചാരണം. കേരളത്തിലും ബംഗാളിലും ഇടതുമുന്നണി പരാജയപ്പെടുമെന്നും അവസാനം ത്രിപുരയില്‍നിന്ന് സിപിഐ എം അധികാരത്തില്‍നിന്ന് പോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി 240411

1 comment:

  1. നാട്ടുകാരുടെ ദാദയും കാക്കുവും (ചേട്ടനും അമ്മാവനും) ഒക്കെയായ റസാക്ക് മൊള്ളയ്ക്ക് ട്രിപ്പിള്‍ ഹാട്രിക് വിജയത്തിന്റെ ഹാരം അണിയിക്കാനൊരുങ്ങുകയാണ് കിഴക്കന്‍ കാനിങ്ങുകാര്‍. സംസ്ഥാന ഭൂപരിഷ്കരണ മന്ത്രിയായ മൊള്ള ജനവിധി തേടുന്നന്ന ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയിലെ ഈസ്റ് കാനിങ് മണ്ഡലത്തില്‍ 1972 മുതല്‍ ജയിക്കുന്നത് മൊള്ളയാണ്. ഒരിക്കലും തോല്‍വി അറിയാത്ത മൊള്ള ഒമ്പതാംവിജയം ഉറപ്പാക്കി. 1982 മുതല്‍ ഇടതുമുന്നണി മന്ത്രിസഭയില്‍ അംഗമായ അദ്ദേഹം കര്‍ഷക സംഘത്തിന്റെ നേതാവാണ്.

    ReplyDelete