Wednesday, April 20, 2011

പുനരധിവാസം ഉടന്‍ വേണം: മനുഷ്യാവകാശ കമീഷന്‍

ന്യൂഡല്‍ഹി: മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനും ദുരിതബാധിതരുടെ പുനരധിവാസത്തിനും നടപടിയെടുക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമീഷന്റെ വിമര്‍ശം. മാസങ്ങള്‍ക്കുമുമ്പ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കമീഷന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രം വിമുഖത കാട്ടുന്നതില്‍ കമീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍, ദുരിതബാധിതരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചതടക്കം കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കമീഷന്‍ തൃപ്തി രേഖപ്പെടുത്തി. പഠനത്തിന്റെയും മറ്റും പേരില്‍ ദുരിതബാധിതര്‍ക്കുള്ള ദുരിതാശ്വാസ- പുനരധിവാസ നടപടികള്‍ തടസ്സപ്പെടരുതെന്ന് കമീഷന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു. സാങ്കേതിക കാരണങ്ങളാല്‍ സഹായം നീളരുത്. ദുരിതബാധിതര്‍ക്ക് അടിയന്തരസഹായം ഉറപ്പാക്കണം. സംസ്ഥാനത്തിന് പരമാവധി സാമ്പത്തികസഹായം നല്‍കണം. ദുരിതാശ്വാസനടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കമീഷന്‍ ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച കമീഷന്‍ ആസ്ഥാനത്ത് ചെയര്‍മാന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര കൃഷി- ആരോഗ്യ- പരിസ്ഥിതി മന്ത്രാലയങ്ങളുടെയും കേരളസര്‍ക്കാരിന്റെയും എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ പുതിയ പഠനത്തിന് നിയോഗിക്കപ്പെട്ട ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പ്രതിനിധികളും പങ്കെടുത്തു. ഐസിഎംആര്‍ പഠനറിപ്പോര്‍ട്ട് വന്നശേഷമേ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്ന നിലപാട് കേന്ദ്രം യോഗത്തില്‍ ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധന കാര്യത്തില്‍ പഠനം നീളുമെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. വി എം ഖഡോജ് യോഗശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പഠനം ഏതൊക്കെ സംസ്ഥാനങ്ങളില്‍ വേണം, ഏതെല്ലാം കീടനാശിനികളെ ഉള്‍പ്പെടുത്തണം തുടങ്ങിയ മാനദണ്ഡങ്ങള്‍ക്ക് രണ്ടുമാസത്തിനകം രൂപം നല്‍കും. കേരളമടക്കം എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങളില്‍ അടുത്ത മാസം പഠനസംഘാംഗങ്ങള്‍ സന്ദര്‍ശനം നടത്തും- ഖഡോജ് പറഞ്ഞു.

കര്‍ണാടകം, ഉത്തര്‍പ്രദേശ്, പഞ്ചാബ്, ബിഹാര്‍, ഹരിയാന സംസ്ഥാനങ്ങളിലേക്കുകൂടി പഠനം വ്യാപിപ്പിക്കാന്‍ ഐസിഎംആറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മനുഷ്യാവകാശ കമീഷന്‍ അറിയിച്ചു. ദുരിതബാധിര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് 217 കോടി രൂപ ചെലവാകുമെന്ന് കേരളം യോഗത്തില്‍ പറഞ്ഞു. ദുരിതബാധിതര്‍ക്ക് ആരോഗ്യ- സേവന മേഖലകളിലായി വിവിധ നടപടികള്‍ സ്വീകരിക്കുന്നതിന് 125 കോടിയുടെ പ്രത്യേക പാക്കേജ് തയ്യാറാക്കിയിട്ടുണ്ടെന്നും സര്‍ക്കാരിനെ പ്രതിനിധാനംചെയ്ത ആരോഗ്യസെക്രട്ടറി കെ എസ് ശ്രീനിവാസ് അറിയിച്ചു. ആശുപത്രികളുടെ വികസനം, ചികിത്സാസൌകര്യങ്ങള്‍ എന്നിവയടക്കം 65 കോടിയുടേതാണ് ആരോഗ്യരംഗത്തെ പാക്കേജ്. 59 കോടി ചെലവ് വരുന്നതാണ് സാമൂഹ്യമേഖലയിലെ പാക്കേജ്. പാക്കേജുകള്‍ക്ക് സംസ്ഥാനം കേന്ദ്രസഹായം ആവശ്യപ്പെട്ടു. ആരോഗ്യമേഖലയില്‍ വിഭാവനം ചെയ്യുന്ന പാക്കേജിന് ഗ്രാമീണ ആരോഗ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുന്ന കാര്യം പരിഗണിക്കാമെന്ന് ആരോഗ്യമന്ത്രാലയം ഉറപ്പുനല്‍കി. മെയ് 24ന് ആരംഭിക്കുന്ന സ്റ്റോക്ഹോം കവെന്‍ഷനില്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നിലപാടുകള്‍ പരിസ്ഥിതി മന്ത്രാലയം യോഗത്തില്‍ വിശദീകരിച്ചു. രണ്ടുമാസത്തിനുശേഷം കമീഷന്‍ വീണ്ടും വിലയിരുത്തല്‍ യോഗം വിളിക്കും.
(എം പ്രശാന്ത്)

സ്വാധീനിക്കാന്‍ കീടനാശിനിലോബി

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പ്രക്ഷോഭത്തെ ദുര്‍ബലപ്പെടുത്താനും നിരോധനം ഉണ്ടാകാതിരിക്കാന്‍ സമ്മര്‍ദമുയര്‍ത്താനും കീടനാശിനി ലോബി രംഗത്തിറങ്ങി. ഇന്റര്‍നെറ്റിലൂടെയാണ് മുഖ്യമായും ഇവരുടെ പ്രചാരണം. ഈ മാസം 25ന് ജനീവയില്‍ ആരംഭിക്കുന്ന ലോക പരിസ്ഥിതി സമ്മേളനത്തില്‍(സ്റ്റോക് ഹോം കണ്‍വന്‍ഷന്‍) എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരെ നിലപാട് സ്വീകരിക്കാന്‍ ഇന്റര്‍നെറ്റിലൂടെ വന്‍ പ്രചാരണമാണ് നടക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കുന്ന രാഷ്ട്രനേതാക്കള്‍ക്കും പ്രതിനിധികള്‍ക്കും നല്‍കാനുള്ള നിവേദനത്തില്‍ ഒപ്പ് ശേഖരിക്കാന്‍ പ്രത്യേക വെബ്സൈറ്റ് തന്നെ തുറന്നിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ വിഷയം ഇന്റര്‍നെറ്റില്‍ തിരയുന്നവരുടെമുമ്പിലേക്ക് നിവേദന സൈറ്റും തുറന്നുവരും. എന്‍ഡോസള്‍ഫാന്‍ ഇന്ത്യയിലെ കര്‍ഷകരുടെ ഏറ്റവും അടുത്ത മിത്രമാണെന്നും ഇതുകൊണ്ട് ഒരു ദോഷവും ഇല്ലെന്നുമാണ് പ്രചാരണം. സ്വാര്‍ഥതാല്‍പര്യമുള്ള പരിസ്ഥിതി സംഘടനകളും ചില മാധ്യമങ്ങളുമാണ് എന്‍ഡോസള്‍ഫാനെതിരെ ദുഷ്പ്രചാരണം നടത്തുന്നതെന്ന് നിവേദനത്തില്‍ പറയുന്നു. കാസര്‍കോട് ജില്ലയില്‍ മാത്രം എന്തുകൊണ്ട് ദുരന്തമുണ്ടായെന്ന് പരിശോധിക്കണമെന്നും ചില രാഷ്ട്രീയ പാര്‍ടികള്‍ വോട്ടുബാങ്ക് ലക്ഷ്യമാക്കിയാണ് പ്രശ്നമുയര്‍ത്തുന്നതെന്നും ആരോപിക്കുന്നു. ലോകത്ത് മറ്റൊരു സ്ഥലത്തും എന്‍ഡോസള്‍ഫാന്‍ അപകടകാരിയാണെന്ന് തെളിഞ്ഞിട്ടില്ലെന്നും കീടനാശിനി കമ്പനികളുടെ വക്താക്കള്‍ ഇന്റര്‍നെറ്റിലൂടെ അവകാശപ്പെടുന്നു. എണ്‍പതോളം രാജ്യങ്ങള്‍ ഈ മാരക കീടനാശിനി നിരോധിച്ച കാര്യം ഇവര്‍ ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ്.

മനുഷ്യരുടെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടതിനെതുടര്‍ന്നാണ് യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ഏറ്റവുമൊടുവില്‍ ആസ്ട്രേലിയയും എന്‍ഡോസള്‍ഫാന്‍ നിരോധിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനാവില്ലെന്ന് കേന്ദ്ര കൃഷിമന്ത്രാലയം ആവര്‍ത്തിച്ച് പറയുന്നത് കീടനാശിനിലോബിയുടെ സ്വാധീനത്തിലാണ്. ലോകത്തെ ഏറ്റവും വലിയ കാര്‍ഷിക രാജ്യമായ ഇന്ത്യ കീടനാശിനി കമ്പനികളുടെ വലിയ മാര്‍ക്കറ്റാണ്. കോടികള്‍ കോഴകൊടുത്ത് ഭരണാധികാരികളെയും ഉദ്യോഗസ്ഥരെയും കമ്പനികള്‍ വിലയ്ക്കെടുക്കുന്നു. മറ്റ് രാജ്യങ്ങള്‍ ചെയ്തതുപോലെ ഇന്ത്യക്കും എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സാധിക്കും. കൃഷിമന്ത്രാലയം എതിര്‍ത്താലും കേന്ദ്ര മന്ത്രിസഭക്ക് തീരുമാനിക്കാവുന്നതേയുള്ളു.

ജനീവയില്‍ എന്‍ഡോസള്‍ഫാനെതിരെ നിലപാടെടുക്കണം: സിപിഐ എം


ഏപ്രില്‍ 25ന് ജനീവയില്‍ നടക്കുന്ന കണ്‍-വന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അപകടകരമായ കീടനാശിനികള്‍ നിരോധിക്കുന്നത് ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുന്ന കവന്‍ഷനാണ് ജനീവയില്‍ നടക്കുന്നത്. ഇരുപത്തൊന്ന് കീടനാശിനികള്‍ അപകടകാരികളാണെന്ന് കണ്ട് ഇതിനകം നിരോധിച്ചിട്ടുണ്ട്. എന്നാല്‍, എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിനെ എതിര്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള അന്താരാഷ്ട്രവേദികളില്‍ സ്വീകരിച്ചത്. ഇത് അടിയന്തരമായും തിരുത്തണം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്ന കാര്യത്തില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നത്. ഇതിനകം 84 രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ നിരോധിച്ചതും ഈ കീടനാശിനിയുടെ ഏറ്റവും വലിയ ഉല്‍പ്പാദകരായ അമേരിക്ക തന്നെ 2010ല്‍ ഈ കീടനാശിനി നിരോധനത്തിനുള്ള നടപടി സ്വീകരിച്ചതും ഇത്തരം വാദമുന്നയിക്കുന്നവര്‍ക്ക് ബാധകമല്ലെന്നത് വിസ്മയകരമാണ്.

ബഹുരാഷ്ട്രക്കമ്പനികള്‍ക്ക് രാജ്യത്തെ കൊള്ളയടിക്കാനുള്ള സൌകര്യങ്ങള്‍ ഒരുക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് എന്‍ഡോസള്‍ഫാന്‍ പോലെ ജനങ്ങള്‍ക്ക് ദുരിതമുണ്ടാക്കുന്ന കീടനാശിനി നിരോധിക്കാതിരിക്കുന്നത്. ബഹുരാഷ്ട്രക്കമ്പനികളുടെ ലാഭത്തിനായി പരിസ്ഥിതിയേയും ജനങ്ങളുടെ നിലനില്‍പ്പിനേയും തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം നയങ്ങള്‍ക്കെതിരെ വമ്പിച്ച ജനകീയമുന്നേറ്റം അനിവാര്യമാണ്.

കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍നിന്ന് വ്യത്യസ്തമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സംരക്ഷിക്കുന്നതിനുള്ള നിലപാടാണ് സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ സഹായധനമായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് രണ്ടായിരം രൂപ പെന്‍ഷനും സൌജന്യചികിത്സയും ഉറപ്പുവരുത്തുന്നതിനും തയ്യാറായി. ഇവര്‍ക്ക് രണ്ടുരൂപയ്ക്ക് അരി നല്‍കുന്ന പദ്ധതിയും നടപ്പാക്കി. വന്‍കിട കുത്തകകളുടെ താല്‍പ്പര്യങ്ങള്‍ക്കായി ജനതാല്‍പ്പര്യത്തെ മാനിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ പ്രതിഷേധം ഉയരണം. എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ശക്തമായ സമ്മര്‍ദം ഉയരണം. ഈ സമ്മേളനത്തില്‍ ഇത്തരം തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ രണ്ടുവര്‍ഷത്തിനു ശേഷമേ അതിന് കഴിയുകയുള്ളൂ. ഈ അടിയന്തിര സാഹചര്യം മനസ്സിലാക്കി കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വീകരിക്കണമെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ദേശാഭിമാനി 200411

1 comment:

  1. മാരക കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ നിരോധനത്തിനും ദുരിതബാധിതരുടെ പുനരധിവാസത്തിനും നടപടിയെടുക്കണമെന്ന നിര്‍ദേശം നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാരിനെതിരെ ദേശീയ മനുഷ്യാവകാശ കമീഷന്റെ വിമര്‍ശം. മാസങ്ങള്‍ക്കുമുമ്പ് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കമീഷന്‍ ആവശ്യപ്പെട്ടു. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ കമീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിലെ പുരോഗതി വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രം വിമുഖത കാട്ടുന്നതില്‍ കമീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു. എന്നാല്‍, ദുരിതബാധിതരുടെ പെന്‍ഷന്‍ വര്‍ധിപ്പിച്ചതടക്കം കേരളസര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കമീഷന്‍ തൃപ്തി രേഖപ്പെടുത്തി. പഠനത്തിന്റെയും മറ്റും പേരില്‍ ദുരിതബാധിതര്‍ക്കുള്ള ദുരിതാശ്വാസ- പുനരധിവാസ നടപടികള്‍ തടസ്സപ്പെടരുതെന്ന് കമീഷന്‍ കേന്ദ്രത്തോട് നിര്‍ദേശിച്ചു. സാങ്കേതിക കാരണങ്ങളാല്‍ സഹായം നീളരുത്. ദുരിതബാധിതര്‍ക്ക് അടിയന്തരസഹായം ഉറപ്പാക്കണം. സംസ്ഥാനത്തിന് പരമാവധി സാമ്പത്തികസഹായം നല്‍കണം. ദുരിതാശ്വാസനടപടികള്‍ വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടും കമീഷന്‍ ആവശ്യപ്പെട്ടു.

    ReplyDelete