Wednesday, April 27, 2011

പെട്രോള്‍വില വര്‍ധിപ്പിക്കരുത്

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് യുപിഎ സര്‍ക്കാര്‍ പതിവാക്കി മാറ്റിയിരിക്കുന്നു. 2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വില വര്‍ധിപ്പിച്ചത്. പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചതിനുശേഷം ഏഴുതവണയാണ് വില വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ രബീര്‍ സിങ് ബുട്ടോല വെളിപ്പെടുത്തിയിരുന്നു. ഐഒസി വില വര്‍ധിപ്പിച്ചാല്‍ സ്വകാര്യകമ്പനികള്‍ ഉള്‍പ്പെടെ മറ്റെല്ലാ കമ്പനികളും വില വര്‍ധിപ്പിക്കുമെന്ന് തീര്‍ച്ചയാണ്.

പാചകവാതകത്തിന് സിലിണ്ടറിന് 650 രൂപയായി വര്‍ധിപ്പിക്കുമെന്ന് മുമ്പുതന്നെ അറിയിപ്പുണ്ടായിട്ടുണ്ട്. ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വില നിയന്ത്രണവും നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ മേല്‍ കടുത്ത സമ്മര്‍ദം തുടരുകയാണ്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അതിനുള്ള സാധ്യതയും കാണാതിരുന്നുകൂട. ജനങ്ങളുടെമേല്‍ പുതിയ ഭാരം അടിച്ചേല്‍പ്പിക്കാന്‍ യാതൊരു മനസ്സാക്ഷികുത്തുമില്ലാത്ത സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ ഇതേവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. മറിച്ച് വിലക്കയറ്റം രൂക്ഷമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നുമുണ്ട്. ജനങ്ങള്‍ ഇതൊക്കെ മിണ്ടാപ്രാണികളെപ്പോലെ സഹിക്കുമെന്നാണ് ഇക്കൂട്ടര്‍ക്കുള്ള ധാരണ എന്നുതോന്നുന്നു. ആ ധാരണയ്ക്ക് അറുതി വരുത്തിയില്ലെങ്കില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ ജനദ്രോഹ നടപടികള്‍ തുടരുകതന്നെ ചെയ്യും.

ദേശാഭിമാനി മുഖപ്രസംഗം 270411

1 comment:

  1. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് യുപിഎ സര്‍ക്കാര്‍ പതിവാക്കി മാറ്റിയിരിക്കുന്നു. 2009ല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വില വര്‍ധിപ്പിച്ചത്. പെട്രോളിന്റെ വിലനിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചതിനുശേഷം ഏഴുതവണയാണ് വില വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ രബീര്‍ സിങ് ബുട്ടോല വെളിപ്പെടുത്തിയിരുന്നു. ഐഒസി വില വര്‍ധിപ്പിച്ചാല്‍ സ്വകാര്യകമ്പനികള്‍ ഉള്‍പ്പെടെ മറ്റെല്ലാ കമ്പനികളും വില വര്‍ധിപ്പിക്കുമെന്ന് തീര്‍ച്ചയാണ്.

    ReplyDelete