Sunday, April 24, 2011

ജാതിക്കണ്ണും ചാറ്റ് ഇരയും

വോട്ടും മാധ്യമരുചിയും 4

ഒന്നാം ഭാഗം വിശ്വാസ ദുരുപയോഗ തരംഗം

രണ്ടാം ഭാഗം "കുഞ്ഞാലിക്കുട്ടി ജയ്‌ഹോ"

മൂനാം ഭാഗം മര്‍ഡോക്കിന്റെ ചിരി

മിനിസ്ക്രീനില്‍ മഹാഭാരതം സീരിയല്‍ ക്ലിക്കായ കാലം, പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഇരയാകുമ്പോള്‍ രക്ഷിക്കാന്‍ ശ്രീകൃഷ്ണനെത്തുന്നു, ഒപ്പം വിമല്‍ സാരിയുടെ പരസ്യവും. ടിവിയില്‍ ഇതിനൊരു കൊമേഴ്സ്യല്‍ ബ്രേക്കുണ്ട്്. എന്നാല്‍, തെരഞ്ഞടുപ്പ് കാലത്ത് യുഡിഎഫിനെ തുറന്ന് അനുകൂലിക്കാനും എല്‍ഡിഎഫിനെ മറയില്ലാതെ എതിര്‍ക്കാനും മനോരമ- മാതൃഭൂമി-ഏഷ്യാനെറ്റാദി മാധ്യമ സിന്‍ഡിക്കറ്റിന് ഇടവേളകളില്ലായിരുന്നു. സ്ത്രീയുടെ മാനം രക്ഷിക്കുന്നത് ആര്? ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന യുഡിഎഫ്- പുത്തന്‍ വിമല്‍ മോഡല്‍ പരസ്യം. സംശയലേശമന്യേ ഇത് സമര്‍ഥിക്കാന്‍ മനോരമയും മാതൃഭൂമിയും കൈകോര്‍ത്തു. സിന്ധുജോയിയെ കിട്ടിയപ്പോള്‍ പട്ടിണിക്കാരന്റെ മുന്നില്‍ കോഴിബിരിയാണി കിട്ടിയപോലെയായി. മനംനിറയുകയും താളുകള്‍ വര്‍ണപ്പകിട്ടുള്ളതാകുകയും വിശ്വാസ തിരുക്കുറിപ്പുകളാല്‍ വീര്‍പ്പുമുട്ടുകയുംചെയ്തു. വാര്‍ത്താ ആക്രാന്തത്താലുള്ള വീര്‍പ്പുമുട്ടല്‍! കമ്യൂണിസ്റ്റുകാര്‍ക്കെതിരെ വിശ്വാസികളെ ഇളക്കാനുള്ള ജാതിക്കളിയായിരുന്നു അതിലെ ഏറ്റവും ദുഷിച്ച വശം. അതിനായി ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് സിന്ധുവിനെ തിരുവനന്തപുരം ലൂര്‍ദ് പള്ളിയില്‍ അവതരിപ്പിക്കുകയും അത് ആഘോഷമാക്കുകയുംചെയ്തു. യുഡിഎഫും മനോരമ നയിക്കുന്ന മാധ്യമങ്ങളും ചേര്‍ന്നുള്ള സ്പോണ്‍സേഡ് എപ്പിസോഡായിരുന്നു അത്.

വ്യക്തിയുടെ ജാതി-മത-ദൈവ വിശ്വാസങ്ങളെ മാനിക്കുന്നതാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം. ടി വി തോമസ്, കെ സി ജോര്‍ജ് തുടങ്ങിയ നേതാക്കളുടെ കുഴിമാടം പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ അന്തിയുറങ്ങുന്ന ആലപ്പുഴ വലിയ ചുടുകാട്ടിലാണ്. മത്തായി ചാക്കോയുടേത് പാര്‍ടിഓഫീസ് വളപ്പിലും. എന്നാല്‍, അറിയപ്പെടുന്ന അനേകം കമ്യൂണിസ്റ്റ് നേതാക്കളുടെ മൃതദേഹം പള്ളിവക സെമിത്തേരിയില്‍ അടക്കിയിട്ടുണ്ട്. പള്ളിപ്പറമ്പിലെ സംസ്കാരത്തെ കമ്യൂണിസ്റ്റ് പാര്‍ടി എതിര്‍ത്തിട്ടില്ല. പള്ളിയില്‍ പ്രാര്‍ഥന നടത്താനുള്ള വ്യക്തിസ്വാതന്ത്ര്യത്തെ കമ്യൂണിസ്റ്റുകാര്‍ മാനിച്ചിട്ടേയുള്ളൂ. അതുകൊണ്ടാണ് കൊല്‍ക്കത്തയില്‍ ജ്യോതി ബസുവും മദര്‍ തെരേസയും പരസ്പര ബഹുമാനത്തോടെ പ്രിയപ്പെട്ടവരായി കഴിഞ്ഞത്. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിച്ച കേരളയാത്രയില്‍ അംഗമായിരുന്ന കെ ടി ജലീല്‍ പള്ളിപ്രാര്‍ഥനയ്ക്ക് മുടങ്ങാതെ പോയി. അതിനുള്ള സൗകര്യം നല്‍കി ജലീലിന്റെ വിശ്വാസതാല്‍പ്പര്യം സംരക്ഷിക്കാന്‍ ജാഥ ക്യാപ്റ്റനായ പിണറായി സമയക്രമീകരണവും വരുത്തി.

വസ്തുത ഇതായിരിക്കെ, "ഞാന്‍ മരിച്ചാല്‍ എന്റെ ശരീരം പാര്‍ടിയോഫീസിന്റെ മണ്ണില്‍ അടക്കംചെയ്യുമെന്ന പേടികൊണ്ട് പാര്‍ടി വിട്ടു"" എന്ന സിന്ധു ജോയിയുടെ പള്ളിയങ്കണത്തിലെ രാഷ്ട്രീയപ്രസംഗം അസത്യമാണ്. എന്നിട്ടും അത് സത്യമാണെന്ന് വരുത്താന്‍ സിന്ധുവിന്റെ പ്രസംഗത്തിനും പള്ളിപ്രവേശത്തിനും ഈ മാധ്യമങ്ങള്‍ അമിത പ്രാധാന്യംനല്‍കി. "വിശ്വാസവഴിയില്‍ മെഴുകുതിരിയായി സിന്ധുജോയി"" എന്ന വിശേഷണവും നാലുകോളം ചിത്രവും. "ചെങ്കൊടിയേന്തിയ കൈകളില്‍ ഇനി വിശ്വാസത്തിന്റെ അഗ്നി പകരും. പ്രത്യയശാസ്ത്രത്തിന്റെ വഴിയില്‍നിന്ന് സ്നേഹത്തണലിലേക്കു തിരിച്ചുവരുകയാണിന്ന് സിപിഐ എമ്മില്‍നിന്ന് രാജിവച്ച സിന്ധുജോയി-"" ഇങ്ങനെ പോകുന്നു മനോരമ വര്‍ണന. രണ്ടുവരിയില്‍ നുണയുടെ എത്ര കൊടുംവിഷമാണ് കുത്തിനിറച്ചത്. വിശ്വാസത്തെ ചെങ്കൊടി ഹനിക്കുന്നു, സ്നേഹനിരാസ പ്രത്യയശാസ്ത്രമാണ് കമ്യൂണിസം- എന്നെല്ലാമുള്ള നുണ. വിശ്വാസം, ദൈവം, ജാതി എന്നിവ തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനെ ഭരണഘടനയും തെരഞ്ഞെടുപ്പ് കമീഷനും വിലക്കിയിട്ടുണ്ട്. അത് ലംഘിച്ചാണ് ഇവിടെ യുഡിഎഫ് പക്ഷ മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത്.

സിന്ധുജോയി സിപിഐ എം ജില്ലാകമ്മിറ്റി അംഗമായിരുന്നു. നിയമസഭ- ലോക്സഭ സ്ഥാനാര്‍ഥിയായി നേരത്തെ മത്സരിപ്പിച്ചു. രാജ്യസഭയില്‍ മോഹമുദിച്ചു. നടന്നില്ല. അപ്പോള്‍ ഹൈബി ഈഡന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയവരുമായി ചാറ്റിങ്ങായി. ചതിക്കുഴിയില്‍ വീണു. നിയമസഭാ സ്ഥാനാര്‍ഥിത്വം ഇല്ലെന്നു കണ്ടപ്പോള്‍, മുന്‍കൂര്‍ ആസൂത്രണം ചെയ്തപോലെ ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കൂറുമാറി പ്രത്യക്ഷയായി. അതിന് മാധ്യമ ആഘോഷം എന്തായിരുന്നു. ഗാന്ധിജിയുടെ ചെവിയില്‍ രഹസ്യംപറയുന്ന നെഹ്റുവിന്റെ ചിത്രംപോലെ ഉമ്മന്‍ചാണ്ടിയുടെ കാതില്‍ രഹസ്യംപറയുന്ന സിന്ധുവിന്റെ ചിത്രമായിരുന്നു ഒന്നാംപേജിലെ മനോരമ സ്പെഷ്യല്‍. തെരഞ്ഞെടുപ്പിന്റെ അവസാനനാള്‍വരെ സിന്ധുജോയി ഇല്ലാതെ പത്രം ഇറങ്ങിയില്ല. പക്ഷേ, വോട്ടെടുപ്പ് കഴിഞ്ഞതോടെ കൈവിട്ടു. വോട്ടെടുപ്പിന് ഒരുനാള്‍ മുമ്പ് മനോരമയുടെ ഒന്നാം പേജില്‍ അഞ്ചുകോളം വാര്‍ത്തയും ചിത്രവും- "ഇടതുയോഗസ്ഥലത്തുനിന്നു കല്ലേറ്; സിന്ധുജോയി മെഡിക്കല്‍ കോളേജില്‍"" എന്നതായിരുന്നു തലക്കെട്ട്. മാതൃഭൂമിയില്‍ ഇങ്ങനെ: "വേദിയിലേക്ക് മുട്ടയേറ്; സിന്ധുജോയി വേദിയില്‍ വീണു"". മാതൃഭൂമിക്ക് മുട്ട, മനോരമയ്ക്ക് കല്ല്. ഗ്രനേഡിനു മുന്നില്‍ വീഴാത്ത പെണ്‍കുട്ടിയെ മുട്ടയ്ക്ക് മുന്നില്‍ ബോധംകെടുന്ന കുട്ടിയാക്കി ഇത്രയും വേഗം കോണ്‍ഗ്രസ് മാറ്റിയല്ലോയെന്ന് പിണറായി പ്രതികരിച്ചപ്പോള്‍ മനോരമ തമസ്കരിച്ചത് മുട്ടയെ കല്ലാക്കിയ ദിവ്യവിദ്യ അഭ്യസിച്ചതിനാലാണ്. അക്രമത്തോട് ജന്മനാ എതിര്‍പ്പുള്ള മനോരമ നാദാപുരത്ത് ബോംബു നിര്‍മാണത്തിനിടെ അഞ്ച് ലീഗുകാര്‍ കൊല്ലപ്പെട്ടത് വാര്‍ത്തയാക്കിയില്ല. ഇതേപ്പറ്റി പരാതിപ്പെട്ട വായനക്കാരന് നല്‍കിയ വിശദീകരണം സംഭവം വൈകിയ നേരത്തായിരുന്നു എന്നാണ്. എന്നാല്‍ ദേശാഭിമാനി, മാധ്യമം, മാതൃഭൂമി തുടങ്ങിയ പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു.

പള്ളിയുടെയും വിശ്വാസികളുടെയും തുണ യുഡിഎഫിന് ഉറപ്പിക്കാന്‍ പാടുപെട്ട മാധ്യമ സിന്‍ഡിക്കറ്റ് അഴിമതിക്കേസുകളെയും ആ വിധം ഉപയോഗിച്ചു. അഴിമതി തുറന്നുകാട്ടുകയല്ല, പ്രതികളെ മഹത്വവല്‍ക്കരിക്കുകയായിരുന്നു മനോരമയും മാതൃഭൂമിയും. പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്കേ തനിക്കുമുള്ളൂവെന്ന ടി എച്ച് മുസ്തഫയുടെ സത്യവാങ്മൂലത്തെതുടര്‍ന്ന് തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി അനുമതി നല്‍കിയത് എല്ലാ പത്രങ്ങളും ലീഡാക്കി. പക്ഷേ, ആ വേളയിലും ഉമ്മന്‍ചാണ്ടിയെ മനോരമ വിശുദ്ധ ഹീറോയാക്കി. "ഉമ്മന്‍ചാണ്ടിയെപ്പറ്റി പരാമര്‍ശമില്ല, ഔപചാരിക നടപടിക്രമം മാത്രം: കോടതി"" എന്ന തലവാചകവും ഉമ്മന്‍ചാണ്ടിയുടെ ബഹുകോളം ചിത്രവുമായി മാര്‍ച്ച് അഞ്ചിന്റെ മനോരമ മലയാളിയുടെ സുപ്രഭാതത്തെ "ധന്യമാക്കി"". "ആയുധം കൈവിട്ട നിരാശയില്‍ ഭരണപക്ഷം"" എന്ന ജോണ്‍ മുണ്ടക്കയത്തിന്റെ അവലോകനവുമുണ്ട്. ഉമ്മന്‍ചാണ്ടിക്കെതിരായ തെളിവ് കോടതിയില്‍ എത്തിച്ചത് കോണ്‍ഗ്രസ്. വിധി വരാന്‍ പോകുന്നതേയുള്ളൂ. അതിനുമുമ്പ് ഉമ്മന്‍ചാണ്ടിയെ ആശ്വസിപ്പിക്കാനുള്ള ഉത്തേജക ഔഷധമായിരുന്നു ആ അവലോകനം. ചാണ്ടിക്കെതിരായി അണിയറയില്‍ കത്തി മിനുങ്ങുന്നത് എവിടെയെന്ന് അറിയാവുന്നതിനാല്‍ ഡല്‍ഹിയില്‍നിന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പ്രതികരണം തേടിപ്പിടിച്ചു കൊടുത്തു. "ഉമ്മന്‍ചാണ്ടിക്കെതിരായ നീക്കം, ഒറ്റക്കെട്ടായി നേരിടും: രമേശ്"" എന്ന മൂന്നുകോളം വാര്‍ത്ത. നിയമസഭാ ടിക്കറ്റ് കിട്ടാത്ത എം എം ഹസ്സന്റെ പിന്തുണ രണ്ടുകോളത്തില്‍. യൂത്ത്കോണ്‍ഗ്രസ് പിന്തുണപ്രകടനത്തിന് 5 കോളം ചിത്രം. പിറ്റേ ദിവസം കേസിനെപ്പറ്റിയുള്ള ഉമ്മന്‍ചാണ്ടിയുടെ വാര്‍ത്താസമ്മേളനത്തിന് ഒന്നാംപേജില്‍ നാലുകോളവും അകംപേജില്‍ തുടര്‍ ഇടവും. എന്താ പോരെ ഉമ്മന്‍ചാണ്ടിയോടുള്ള കുലസ്നേഹം.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന കെ കെ രാമചന്ദ്രന്‍മാസ്റ്റര്‍ വാര്‍ത്താസമ്മേളനം നടത്തി ഉമ്മന്‍ചാണ്ടിക്കെതിരെ ഗൗരവമുള്ള അഴിമതി ആക്ഷേപം ഉന്നയിച്ചു. "ടൈറ്റാനിയം: 226 കോടിയുടെ വെട്ടിപ്പിന് ഉമ്മന്‍ചാണ്ടി ശ്രമിച്ചു: കെ കെ രാമചന്ദ്രന്‍"" എന്ന തലക്കെട്ടില്‍ ലീഡ് സ്റ്റോറിയായി ദേശാഭിമാനി (മാര്‍ച്ച് 30) പുറത്തുവന്നു. മനോരമ അകത്തെ പേജില്‍ ഒറ്റ കോളത്തില്‍ നിസ്സാര വാര്‍ത്ത. ഉമ്മന്‍ചാണ്ടി പ്രതിസ്ഥാനത്താണോ വാര്‍ത്ത നിസ്സാരവല്‍ക്കരിക്കാം.

ഇതിനൊപ്പം അപകടകരമായ വര്‍ഗീയ കാര്‍ഡും മനോരമ, മാതൃഭൂമി, ദീപിക, ചന്ദ്രികയാദി പത്രങ്ങള്‍ ഇറക്കി. അത് അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച് പൂജപ്പുര ജയിലിലായ ആര്‍ ബാലകൃഷ്ണപിള്ള, ഐസ്ക്രീം കേസിന് പുറമെ പുതിയ കേസുകളില്‍ പി കെ കുഞ്ഞാലിക്കുട്ടി പ്രതിയാകുന്നത് എന്നിവ എല്‍ഡിഎഫ് നേതൃത്വത്തിന് ചില സമുദായങ്ങളോടുള്ള വിപ്രതിപത്തികൊണ്ടാണെന്ന അര്‍ഥത്തില്‍ വാര്‍ത്തകള്‍ കൈകാര്യംചെയ്തു. അതിനായി ചില സമുദായ സംഘടനകളുടെയും നേതാക്കളുടെയും പ്രസംഗം, പ്രസ്താവന തുടങ്ങിയവ നല്‍കി. ഇതിന് ചില ടിവി ചാനലുകളും നല്ല പ്രാമുഖ്യം കൊടുത്തു. ചാനലുകളുടെ പോര്‍ക്കളത്തിലും കൊടിപ്പടയിലും അതിനുള്ള വിഭവം നിരത്തി. ബാലകൃഷ്ണപിള്ള ജയിലിലായതിനാല്‍ സര്‍വലോക നായര്‍ സമുദായാംഗങ്ങളും യുഡിഎഫിനു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കുമെന്നാണ് പ്രവചിച്ചത്. ഉമ്മന്‍ചാണ്ടിക്കെതിരെ എല്‍ഡിഎഫ് കേസുണ്ടാക്കി ന്യൂനപക്ഷ സമുദായക്കാരന്‍ മുഖ്യമന്ത്രിയാകുന്നതിനെ തടയാന്‍ നോക്കുന്നു. ഇതിന്റെ മറ്റൊരു വകഭേദമാണ് കുഞ്ഞാലിക്കുട്ടിയുടെ പേരു പറഞ്ഞ് ചില സ്ഥലങ്ങളില്‍ വര്‍ഗീയത ഇളക്കാന്‍ ശ്രമിച്ചത്. ഇതിന് കൂട്ടാവുകയും ചില ഘട്ടങ്ങളില്‍ വഴിമരുന്നാവുകയുംചെയ്തു ഈ മാധ്യമസിന്‍ഡിക്കറ്റ്.

തെരഞ്ഞെടുപ്പ് വരും, പോകും. അതിനപ്പുറം ജാതിക്കും മതത്തിനും ഉപരിയായി ഞാനും നിങ്ങളും നമ്മളും ഒന്നാണ് എന്ന വികാരം കേരളീയരില്‍ സൃഷ്ടിക്കാനുള്ള കടമ മാധ്യമങ്ങള്‍ക്കുണ്ട്. എന്നാല്‍, അത് ഒരു വിഭാഗം മാധ്യമങ്ങള്‍ മറന്നു. ഒരു മുറം ചാരത്തിനായി അയല്‍ക്കാരന്റെ വീടിന് തീയിടുന്ന സ്ഥിതിയിലേക്ക് യുഡിഎഫ് സ്നേഹം അവരെ കൊണ്ടെത്തിച്ചു. അപ്രസക്തപ്രശ്നങ്ങള്‍ ഉന്നയിച്ച് യഥാര്‍ഥപ്രശ്നങ്ങള്‍ തമസ്കരിക്കാനും ഈ മാധ്യമങ്ങള്‍ വലിയ കളി കളിച്ചു.

ആ ഫൗള്‍ പ്ലേ എങ്ങനെയെന്നത് അടുത്ത ഭാ‍ഗത്തില്‍.

ആര്‍ എസ് ബാബു ദേശാഭിമാനി 

അഞ്ചാം ഭാഗം കിതപ്പ് മാറ്റാന്‍ എക്സ്ട്രാ പവര്‍

2 comments:

  1. മിനിസ്ക്രീനില്‍ മഹാഭാരതം സീരിയല്‍ ക്ലിക്കായ കാലം, പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഇരയാകുമ്പോള്‍ രക്ഷിക്കാന്‍ ശ്രീകൃഷ്ണനെത്തുന്നു, ഒപ്പം വിമല്‍ സാരിയുടെ പരസ്യവും. ടിവിയില്‍ ഇതിനൊരു കൊമേഴ്സ്യല്‍ ബ്രേക്കുണ്ട്്. എന്നാല്‍, തെരഞ്ഞടുപ്പ് കാലത്ത് യുഡിഎഫിനെ തുറന്ന് അനുകൂലിക്കാനും എല്‍ഡിഎഫിനെ മറയില്ലാതെ എതിര്‍ക്കാനും മനോരമ- മാതൃഭൂമി-ഏഷ്യാനെറ്റാദി മാധ്യമ സിന്‍ഡിക്കറ്റിന് ഇടവേളകളില്ലായിരുന്നു. സ്ത്രീയുടെ മാനം രക്ഷിക്കുന്നത് ആര്? ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും നയിക്കുന്ന യുഡിഎഫ്- പുത്തന്‍ വിമല്‍ മോഡല്‍ പരസ്യം. സംശയലേശമന്യേ ഇത് സമര്‍ഥിക്കാന്‍ മനോരമയും മാതൃഭൂമിയും കൈകോര്‍ത്തു. സിന്ധുജോയിയെ കിട്ടിയപ്പോള്‍ പട്ടിണിക്കാരന്റെ മുന്നില്‍ കോഴിബിരിയാണി കിട്ടിയപോലെയായി. മനംനിറയുകയും താളുകള്‍ വര്‍ണപ്പകിട്ടുള്ളതാകുകയും വിശ്വാസ തിരുക്കുറിപ്പുകളാല്‍ വീര്‍പ്പുമുട്ടുകയുംചെയ്തു. വാര്‍ത്താ ആക്രാന്തത്താലുള്ള വീര്‍പ്പുമുട്ടല്‍! കമ്യൂണിസ്റ്റുകാര്‍ക്കെതിരെ വിശ്വാസികളെ ഇളക്കാനുള്ള ജാതിക്കളിയായിരുന്നു അതിലെ ഏറ്റവും ദുഷിച്ച വശം. അതിനായി ഞായറാഴ്ച പ്രാര്‍ഥനയ്ക്ക് സിന്ധുവിനെ തിരുവനന്തപുരം ലൂര്‍ദ് പള്ളിയില്‍ അവതരിപ്പിക്കുകയും അത് ആഘോഷമാക്കുകയുംചെയ്തു. യുഡിഎഫും മനോരമ നയിക്കുന്ന മാധ്യമങ്ങളും ചേര്‍ന്നുള്ള സ്പോണ്‍സേഡ് എപ്പിസോഡായിരുന്നു അത്.

    ReplyDelete