Tuesday, April 26, 2011

വി എസ് നാമത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമയുദ്ധം

വോട്ടും മാധ്യമരുചിയും 6

ഒന്നാം ഭാഗം വിശ്വാസ ദുരുപയോഗ തരംഗം

രണ്ടാം ഭാഗം "കുഞ്ഞാലിക്കുട്ടി ജയ്‌ഹോ"

മൂനാം ഭാഗം മര്‍ഡോക്കിന്റെ ചിരി

നാലാം ഭാഗം ജാതിക്കണ്ണും ചാറ്റ് ഇരയും

അഞ്ചാം ഭാഗം കിതപ്പ് മാറ്റാന്‍ എക്സ്ട്രാ പവര്‍

പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കേരളത്തിന്റെ വര്‍ത്തമാന പരിസരങ്ങള്‍ പഴയകാലത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. സ്വാമി വിവേകാനന്ദന്‍ കണ്ട കേരളം ഏറെ മാറിപ്പോയി. ഈ ഭൂമിയില്‍ നിവര്‍ന്നുനില്‍ക്കാന്‍ കീഴാളവര്‍ഗത്തെ പ്രാപ്തരാക്കിയതും അവര്‍ക്ക് ഭൂമിയും അന്നവും നല്‍കാന്‍ പോരാടിയതും ഭരണത്തെ അതിനായി പ്രയോജനപ്പെടുത്തിയതും കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്; സമുന്നതരായ നേതാക്കളും ലക്ഷക്കണക്കിന് അണികളുമുള്ള പ്രസ്ഥാനമാണ്. എന്നാല്‍ ഈ ചരിത്രമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ അശേഷം നീതികാട്ടിയില്ല എന്ന് നിയമസഭാ തെരഞ്ഞെടുപ്പ് കാലം തെളിയിച്ചു.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ സ്വന്തം ചങ്കിലെ ചോരയായി കാണുന്ന ജനലക്ഷങ്ങള്‍ നിവസിക്കുന്ന മണ്ണാണ് കേരളം. പാര്‍ടിയോടുള്ള അവരുടെ വൈകാരികബന്ധത്തില്‍ വിള്ളല്‍ വീണാല്‍ പ്രസ്ഥാനം തുളവീണ കപ്പല്‍പോലെയാകും. അതിനാണ് മുഖ്യമന്ത്രിയും സിപിഐ എമ്മിന്റെ അനിഷേധ്യനേതാവുമായ വി എസ് അച്യുതാനന്ദന്റെ പേരുപറഞ്ഞ് മാധ്യമങ്ങള്‍ പാര്‍ടിക്കെതിരെ ചിലപ്പോള്‍ ഒളിയുദ്ധവും മിക്കവാറും പരസ്യാക്രമണവും നടത്തിയത്. സംഘടനാ തത്വങ്ങള്‍, കേന്ദ്രീകൃത ജനാധിപത്യം, പ്രത്യയശാസ്ത്ര നിലപാട് എന്നിവയെല്ലാം കമ്യൂണിസ്റ്റ് പാര്‍ടിയുടെ സിരാപടലങ്ങളാണ്. അത് ഛേദിക്കാനുള്ള മാധ്യമ ഓപ്പറേഷനാണ് നടന്നത്. മനോരമ, മാതൃഭൂമി, ദീപിക, ഏഷ്യാനെറ്റ് തുടങ്ങിയവക്കൊപ്പം ഈ ദൗത്യത്തില്‍ കേരളകൗമുദി, ഇന്ത്യാവിഷന്‍, സൂര്യ, ഇന്ത്യന്‍ എക്സ്പ്രസ് തുടങ്ങിയ മാധ്യമങ്ങളും കൈകോര്‍ത്തു. "അയ്യോ! വി എസിനെ ഒറ്റപ്പെടുത്താന്‍ പോകുന്നേ" എന്ന നിലവിളി ഉയര്‍ത്തി സങ്കുചിതവും ഭ്രാന്തവുമായ ആക്രമണം പാര്‍ടിക്കെതിരെ കെട്ടഴിച്ചുവിട്ടു.

1957 ഏപ്രില്‍ അഞ്ചിന് ഇ എം എസിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ വൈറ്റ്ഹൗസില്‍നിന്ന് ഒരു അശരീരി ഉയര്‍ന്നു "ഇന്ത്യയുടെ ഒരു കോണിലെ സംസ്ഥാനത്ത് ചുവപ്പ് നക്ഷത്രം ഉദിച്ചു. അത് അശുഭകരമാണ്, അപകടമാണ്". സ്റ്റേറ്റ് സെക്രട്ടറിയാണ് ആ മുന്നറിയിപ്പ് നല്‍കിയത്. അങ്ങനെ ഇന്ത്യയെ ചുവപ്പിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ വളര്‍ച്ചയും കരുത്തും മാറുമെന്ന് അമേരിക്കന്‍ സാമ്രാജ്യത്വം ഭയക്കുന്നു. അതിനാല്‍ കമ്യൂണിസ്റ്റ് മുന്നേറ്റം തകര്‍ക്കാന്‍ പാര്‍ടിയുടെ വിശ്വസ്യത ഇല്ലാതാക്കുക എന്നത് സാമ്രാജ്യത്വത്തിന്റെയും ഇന്ത്യന്‍ മുതലാളിത്ത ഭരണവര്‍ഗത്തിന്റെയും താല്‍പ്പര്യമാണ്. അതിനുള്ള യത്നമാണ് അറിഞ്ഞും അറിയാതെയും നടത്തുന്നത്. പുരോഗമനപക്ഷ ജനവിഭാഗത്തെ ഭിന്നിപ്പിക്കുക, വര്‍ഗബോധമുള്ള സംഘടനകളെയും ബഹുജനപ്രസ്ഥാനങ്ങളെയും ശിഥിലമാക്കുക- അതിനുള്ള ഒരു ആയുധമായി വി എസിന്റെ പേരിനെ ദുരുപയോഗപ്പെടുത്താന്‍ ശ്രമിക്കുക എന്നതായിരുന്നു ഒരുവിഭാഗം മാധ്യമങ്ങളുടെ ലക്ഷ്യം. സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്താന്‍ മനോരമ-മാതൃഭൂമി കൂട്ടുകെട്ട് നയിക്കുന്ന മാധ്യമസംഘത്തോടൊപ്പം തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ എല്‍ഡിഎഫിനെ അനുകൂലിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ച കേരളകൗമുദി ഉള്‍പ്പെടെയുള്ളവയും പങ്കാളിയായി. "ദി ഹിന്ദു""വിന്റെ തിരുവനന്തപുരം ബ്യൂറോയും ഇവര്‍ക്കു ഊര്‍ജമേകാന്‍ ജാഗ്രതയോടെ രംഗത്തുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച മാര്‍ച്ച് ഒന്നിന് പിന്നാലെ മാര്‍ച്ച് മൂന്നുമുതലുള്ള പത്രങ്ങളിലും ദൃശ്യമാധ്യമങ്ങളിലും നിറഞ്ഞത് ഉദ്വേഗജനകമായ ഏകവിഷയമായിരുന്നു. അത് വി എസിനെ കേന്ദ്രീകരിച്ചുള്ള വാര്‍ത്തകളായിരുന്നു. മാതൃഭൂമി, മനോരമാദികള്‍ ഓരോ ദിവസവും ഇങ്ങനെ നീക്കി; "വി എസിന്റെ വിധി നിര്‍ണയിക്കാന്‍, സിപിഎം നേതൃയോഗം ഇന്നുമുതല്‍", "സിപിഎം നായകനെ ഇന്ന് തീരുമാനിക്കും", "നേതൃത്വത്തില്‍ ആശയക്കുഴപ്പം," "വി എസിന് സീറ്റ് ഇപ്പോഴും തുലാസില്‍", "വി എസ് മത്സരിക്കുന്ന വിഷയം സംസ്ഥാനകമ്മിറ്റിക്ക്", "പിണറായിയും കോടിയേരിയും വി എസും ഇല്ലാതെ സാധ്യതാ പട്ടിക", "പിണറായിയും വി എസും ഇല്ല", "കോടിയേരി നയിക്കും", "വി എസിന് സീറ്റില്ല", "അട്ടിമറിച്ചത് പിബി ധാരണ", "എങ്ങും വി എസ് അനുകൂല പ്രകടനം", "പിബി ഇടപെട്ടു; വി എസിന് സീറ്റ് കിട്ടി" ഇങ്ങനെയായിരുന്നു മാര്‍ച്ച് 19 വരെയുള്ള മാധ്യമങ്ങളുടെ മുഖ്യവാര്‍ത്ത.

സ്ഥാനാര്‍ഥി നിര്‍ണയ പ്രക്രിയ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 18ന് ഉച്ചയ്ക്ക് 12ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ മലമ്പുഴയില്‍ വി എസിന്റെ പേരുണ്ടായിരുന്നു. ഔദ്യോഗികമായി ഒരുതവണയേ സ്ഥാനാര്‍ഥിപ്രഖ്യാപനം നടത്തിയിട്ടുള്ളൂ. ആദ്യപട്ടികയില്‍തന്നെ വി എസിന്റെ പേരുമുണ്ടായിരുന്നു. പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയും പിബി തീരുമാനം സംസ്ഥാന സെക്രട്ടറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മറന്നു എന്ന ഭാവനാ റിപ്പോര്‍ട്ടും മാധ്യമങ്ങള്‍ നല്‍കി.

എന്തിനാണ് മാധ്യമങ്ങള്‍ ഇങ്ങനെയൊരു ആഭിചാരവൃത്തി നടത്തിയത്? ആര്‍ക്കുവേണ്ടി? എന്തിനുവേണ്ടി?

വി എസിന്റെ രക്ഷകര്‍ എന്ന മറയിട്ടാണ് ഈ കൃത്യം അനുഷ്ഠിച്ചത്. യുഡിഎഫ് നേതാക്കള്‍ ജയിലിലും കേസിലുമായപ്പോള്‍ വി എസിനും കുടുംബാംഗങ്ങള്‍ക്കും എതിരെ അഴിമതിയാരോപണങ്ങള്‍പോലും ഉയര്‍ത്തിയവരാണ് ഇക്കൂട്ടര്‍. കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിലനില്‍പ്പും കരുത്തും പ്രത്യയശാസ്ത്രത്തിലും സംഘടനാ ചട്ടക്കൂടിലുമാണ്. തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ളവയെ വര്‍ഗസമരത്തിന്റെ ഭാഗമായാണ് പാര്‍ടി കാണുന്നത്. ഇതേപ്പറ്റിയുള്ള ഇ എം എസിന്റെ കാഴ്ചപ്പാട് സ്മരിക്കാം.

"തെരഞ്ഞെടുപ്പ് വര്‍ഗസമരത്തിന്റെ ഒരു ഭാഗമാണ്. വര്‍ഗ ബഹുജനസംഘടനകളുടെ സമരവേദി, ഇടതുപക്ഷ-മതനിരപേക്ഷ ജനാധിപത്യശക്തികളുടെ തെരഞ്ഞെടുപ്പ് കൂട്ടുകെട്ട്- ഈ രണ്ട് രൂപങ്ങളിലാണ് തൊഴിലാളിവര്‍ഗത്തിന്റേതായ ബദല്‍ രാഷ്ട്രീയശക്തി ഉയര്‍ന്നുവരുന്നത്. അതിന്റെ വളര്‍ച്ചയിലൂടെമാത്രമേ, കോണ്‍ഗ്രസ് ഐയെയും ബിജെപിയെയും പരാജയപ്പെടുത്താന്‍ കഴിയൂ... ചൂഷക-ചൂഷിത വര്‍ഗങ്ങള്‍ തമ്മിലും രണ്ടു വര്‍ഗങ്ങള്‍ക്കകത്തെ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുമുള്ള ബന്ധത്തെയാണ് മാര്‍ക്സിസം-ലെനിനിസം വര്‍ഗസമരമായി കാണുന്നത്. അതിന് സാമ്പത്തികം, രാഷ്ട്രീയം, താത്വികം എന്നീ മൂന്ന് മുഖങ്ങളുണ്ട്. ഈ മൂന്നുതരത്തിലുള്ള വര്‍ഗസമരങ്ങളെ കൂട്ടിയിണക്കി ജനങ്ങളെ സോഷ്യലിസത്തിലേക്ക് നയിക്കാനുള്ള ഉപകരണമാണ് മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ടി. ഭരണത്തിലിരുന്ന് നല്ലകാര്യങ്ങള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍ ഉണ്ടാക്കുന്നത്. അതിന്റെ ലക്ഷ്യം സംസ്ഥാനത്തിന്റെ പുരോഗതി മാത്രമല്ല, ഇന്ത്യയിലെ ബൂര്‍ഷ്വ-ഫ്യൂഡല്‍ മേധാവിത്വത്തിന് എതിരായ വിപ്ലവശക്തികളെ കെട്ടഴിച്ചുവിടുന്നതിനുള്ള ഒരു സര്‍വശക്തിയായി ഗവണ്‍മെന്റിനെ ഉപയോഗിക്കാനാണ്.""

ഇ എം എസിന്റെ ഈ വിശദീകരണത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കിട്ടിയാല്‍ രൂപീകരിക്കുന്ന സര്‍ക്കാരിനെ വര്‍ഗസമരം വളര്‍ത്താനുള്ള ഉപകരണമാക്കുന്നതിനുള്ള മാര്‍ക്സിസ്റ്റ് കാഴ്ചപ്പാടാണ് വ്യക്തമാകുന്നത്. എന്നാല്‍, വര്‍ഗസമര കാഴ്ചപ്പാട് വിട്ട്, നിയമസഭാ തെരഞ്ഞെടുപ്പിനെ കേവലം സ്ഥാനാര്‍ഥിത്വം എന്ന ഏക അജന്‍ഡയില്‍ പ്രതിഷ്ഠിക്കാനാണ് "മാധ്യമസംഘം" ഉത്സാഹിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധമായ ഈ ആശയം പതിറ്റാണ്ടിലധികമായി പരത്തുന്നുണ്ട്. വി എസിന്റെ പേരില്‍ മാധ്യമങ്ങള്‍ കെട്ടഴിച്ചുവിട്ട കമ്യൂണിസ്റ്റ് വിരുദ്ധ ആശയം പുരോഗമനചേരിയില്‍വരെ സ്വാധീനം ചെലുത്തി. ഇതിന്റെ ഭാഗമായാണ് ചില ഘടകകക്ഷി നേതാക്കള്‍പോലും സിപിഐ എം സ്ഥാനാര്‍ഥിപ്രക്രിയ പൂര്‍ത്തിയാകുംമുമ്പേ അക്കാര്യത്തില്‍ ഇടപെട്ട് പരസ്യപ്രസ്താവന നടത്തിയത്. രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് നിയമസഭാ ടിക്കറ്റ് ഇല്ലെന്ന് സിപിഐ സംസ്ഥാന ഘടകം തീരുമാനിച്ചപ്രകാരം കെ പി രാജേന്ദ്രന്‍, ബിനോയ് വിശ്വം തുടങ്ങിയവര്‍ക്ക് സീറ്റ് ലഭിച്ചില്ല. അതിന്റെ ന്യായാന്യായങ്ങളില്‍ ഒരു മുന്നണിയിലെ മറ്റൊരു പാര്‍ടി ഇടപെടുന്നത് അധര്‍മവും മുന്നണി മര്യാദകേടുമാണ്. അതാരും ചെയ്തില്ല. എന്നാല്‍, സിപിഐ എം സ്ഥാനാര്‍ഥിപ്രക്രിയ പൂര്‍ത്തിയാക്കും മുമ്പേ അക്കാര്യത്തില്‍ ഇടപെടാന്‍ സിപിഐയുടെ ചില നേതാക്കളെപ്പോലും പ്രേരിപ്പിക്കുംവിധമായിരുന്നു മാധ്യമ കോലാഹലം.

സിപിഐ എം നേതാവായിരുന്ന പ്രമോദ്ദാസ് ഗുപ്ത ബംഗാളിലെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാത്തതിനെപ്പറ്റിയുള്ള ചോദ്യത്തിന് ഇ എം എസ് 1983ല്‍ നല്‍കിയ മറുപടി ഇന്നും കാലികമാണ്. ഇ എം എസ് ഇങ്ങനെ എഴുതി:

"അറിയപ്പെടുന്ന എല്ലാ നേതാക്കളും സ്ഥാനാര്‍ഥികളായി മത്സരിക്കണമെന്ന് കരുതുന്നത് അടിസ്ഥാനരഹിതമാണ്. കേരളത്തിലെ പാര്‍ടിയുടെ നേതാക്കളില്‍ ഉയര്‍ന്ന സ്ഥാനമാണ് അന്തരിച്ച അഴീക്കോടന്. പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയറ്റ് മെമ്പര്‍ മാത്രമല്ല, 1967 മുതല്‍ മരിക്കുന്നതുവരെ ഐക്യമുന്നണിയുടെ കണ്‍വീനറുമായിരുന്നു. പക്ഷേ, ഈ കാലയളവില്‍ ഒരു തെരഞ്ഞെടുപ്പിലും അഴീക്കോടന്‍ സ്ഥാനാര്‍ഥിയായില്ല. എന്നാല്‍, ഈ എല്ലാ തെരഞ്ഞെടുപ്പുകളിലും പാര്‍ടിയുടെ പ്രധാന സംഘാടകരില്‍ അദ്ദേഹം മുഖ്യമായ പങ്കുവഹിച്ചു; പശ്ചിമബംഗാളില്‍ പ്രമോദിനെപ്പോലെതന്നെ. പൊളിറ്റ് ബ്യൂറോയിലെ ബി ടി ആറും ഒരു തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിയായിട്ടില്ല. ഒന്നിലധികം തവണ സ്ഥാനാര്‍ഥികളായി നിന്ന് മത്സരിച്ച് എംപിയും എംഎല്‍എയുമായി പ്രവര്‍ത്തിച്ച പല സഖാക്കളും പിന്നീട് മത്സരിക്കാതിരുന്നിട്ടുണ്ട്. പൊളിറ്റ് ബ്യൂറോയിലെ ബസവ പുന്നയ്യയും ഈ ലേഖകനും അക്കൂട്ടത്തില്‍പെടും. പാര്‍ലമെന്റ്, നിയമസഭ മുതലായ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ അംഗമെന്ന നിലയ്ക്ക് ചെയ്യേണ്ടതും അവയ്ക്ക് വെളിയിലിരുന്ന് ചെയ്യേണ്ടതുമായ ജോലികള്‍ ഒരുപോലെ പ്രധാനമാണ്. അവയിലോരോന്നും മറ്റേതിനെ സഹായിക്കുന്നു. ഇപ്പോള്‍ എംപിയും എംഎല്‍എയുമായി പ്രവര്‍ത്തിക്കുന്നവര്‍ മേലില്‍ അല്ലാതെയും മറിച്ചും വന്നേക്കാം. അങ്ങനെവന്നാല്‍ അതോരോന്നും അതത് സഖാക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് നടക്കുന്നതാണെന്ന് കരുതുന്നത് അബദ്ധമായിരിക്കും. തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളില്‍ ഓരോ സഖാവും വഹിക്കുന്ന സ്ഥാനം അദ്ദേഹത്തിന് വ്യക്തിപരമായുള്ളതല്ല, പാര്‍ടിക്ക് പൊതുവിലുള്ളതാണ് ".

പാര്‍ലമെന്ററി സമ്പ്രദായത്തില്‍ ലഭിക്കുന്ന ഏത് സ്ഥാനവും വ്യക്തിപരമായ ഗുണമല്ല, പാര്‍ടിയുടെ പൊതുവായ ഗുണമാണെന്ന പ്രത്യയശാസ്ത്ര കാഴ്ചപ്പാടാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്. സംഘടനാ നേതാവിന് ലഭിക്കുന്നതിനേക്കാള്‍ ജനപ്രീതി പാര്‍ലമെന്ററി നേതാവിന് ലഭിക്കുന്നത് ജനാധിപത്യം നിലവിലുള്ള നാട്ടില്‍ സ്വാഭാവികമാണ്. ഇ എം എസ്, ഇ കെ നായനാര്‍, വി എസ് എന്നിവരുടെയെല്ലാം കാര്യത്തില്‍ ഇത് വ്യക്തമാണ്. പാര്‍ടി നേതാവ് എന്നിടത്തുനിന്ന് മുഖ്യമന്ത്രികൂടിയായപ്പോള്‍ ഈ മൂന്ന് നേതാക്കള്‍ക്കും ജനപ്രീതി വര്‍ധിച്ചു. തനിക്ക് ലഭിക്കുന്ന സ്വീകരണവും അംഗീകാരവും ആള്‍ക്കൂട്ടവും പാര്‍ടി നേതാവും മുഖ്യമന്ത്രിയും മുന്‍ ഭരണാധികാരിയും എന്ന നിലയില്‍ ലഭിക്കുന്നതാണെന്ന ബോധവും ഇ എം എസും നായനാരും ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വി എസിനും മറിച്ചൊരു നിലപാടില്ല. എന്നിട്ടും പ്രസ്ഥാനത്തില്‍നിന്ന് നേതാവിനെ അടര്‍ത്തിമാറ്റിയുള്ള മാധ്യമപ്രചാരണം തുടരുകയാണ്. അതാണ് വോട്ടെടുപ്പിന്റെ പിറ്റേദിവസം മാതൃഭൂമി ഇങ്ങനെയൊരു അവലോകം പടച്ചത്. "യുഡിഎഫ് ജയിച്ചാല്‍ യുഡിഎഫ് തരംഗം, എല്‍ഡിഎഫ് ജയിച്ചാല്‍ വി എസ് തരംഗം".

വി എസ്, എല്‍ഡിഎഫിന്റെ പ്രിയനേതാവാണ്. പക്ഷേ, ആ നേതാവിന്റെ പേര് ഉപയോഗിച്ച് സിപിഐ എമ്മിന്റെയും എല്‍ഡിഎഫിന്റെയും പ്രാധാന്യം ഇകഴ്ത്താനുള്ള പിന്തിരിപ്പന്‍ മാധ്യമകൗശലമാണ് ഇതില്‍. രണ്ടു മുന്നണിയും അതിന്റെ വര്‍ഗരാഷ്ട്രീയവും തമ്മിലുള്ള ഏറ്റുമുട്ടലാണ് യഥാര്‍ഥത്തില്‍ തെരഞ്ഞെടുപ്പ് വാര്‍ത്തയുടെ അപ്പവും വെണ്ണയും ആകേണ്ടത്. ഈ ഏറ്റുമുട്ടലില്‍ മുന്നണിനേതാക്കളുടെ "ജനപ്രീതി", ആ മുന്നണിയുടെ കുതിപ്പിന് സഹായമേകും. എന്നാല്‍, രണ്ടു മുന്നണികളുടെ ഏറ്റുമുട്ടലിലെ വര്‍ഗ രാഷ്ട്രീയത്തെ നിര്‍വീര്യമാക്കാനുള്ള ശ്രമമാണ് വലതുപക്ഷ മാധ്യമങ്ങള്‍ നിര്‍വഹിക്കുന്നത്.

ആര്‍ എസ് ബാബു ദേശാഭിമാനി 260411

1 comment:

  1. പതിമൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച കേരളത്തിന്റെ വര്‍ത്തമാന പരിസരങ്ങള്‍ പഴയകാലത്തില്‍നിന്ന് തികച്ചും വ്യത്യസ്തമാണ്. സ്വാമി വിവേകാനന്ദന്‍ കണ്ട കേരളം ഏറെ മാറിപ്പോയി. ഈ ഭൂമിയില്‍ നിവര്‍ന്നുനില്‍ക്കാന്‍ കീഴാളവര്‍ഗത്തെ പ്രാപ്തരാക്കിയതും അവര്‍ക്ക് ഭൂമിയും അന്നവും നല്‍കാന്‍ പോരാടിയതും ഭരണത്തെ അതിനായി പ്രയോജനപ്പെടുത്തിയതും കമ്യൂണിസ്റ്റ് പ്രസ്ഥാനമാണ്; സമുന്നതരായ നേതാക്കളും ലക്ഷക്കണക്കിന് അണികളുമുള്ള പ്രസ്ഥാനമാണ്. എന്നാല്‍ ഈ ചരിത്രമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് കേരളത്തിലെ വലതുപക്ഷമാധ്യമങ്ങള്‍ അശേഷം നീതികാട്ടിയില്ല എന്ന് നിയമസഭാ തെരഞ്ഞെടുപ്പ് കാലം തെളിയിച്ചു.

    ReplyDelete