Friday, April 22, 2011

കാസര്‍കോട്ടെ പാവങ്ങള്‍ കീടങ്ങള്‍തന്നെയാണെന്ന് കേന്ദ്രസര്‍ക്കാര്‍

കാസര്‍കോട്:  മനുഷ്യന് നല്‍കാനുള്ള മരുന്നുകള്‍ വാങ്ങാന്‍ ഡോക്ടറുടെ നിര്‍ദ്ദേശമടങ്ങിയ കുറിപ്പു വേണം. പക്ഷെ ആളെക്കൊല്ലിയായ കീടനാശിനി വില്‍ക്കാന്‍ ഇന്നും നമ്മുടെ രാജ്യത്ത് ഒരു ചീട്ടും ആവശ്യമില്ല.  കേന്ദ്രസര്‍ക്കാരിന്റെയും ചില കോര്‍പ്പറേറ്റ് കമ്പനികളുടെയും സ്ഥാപിത താല്‍പര്യം  തുടരുന്നിടത്തോളം  പലവട്ടം പഠന കമ്മിഷനുകളെ നിയോഗിച്ച് പണം കളയാമെന്നല്ലാതെ ഒരു പ്രയോജനവും ലഭിക്കില്ലെന്നുതന്നെയാണ് കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തം നല്‍കുന്ന പാഠം.  കാസര്‍കോടിന്റെ മണ്ണില്‍ പാവം മനുഷ്യവര്‍ഗം, ഭരിക്കാന്‍മാത്രം വിധിക്കപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ കണ്ണില്‍  കീടങ്ങളായി മാറുകയാണ്. 

എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച കാസര്‍കോട് ജില്ലയിലെ 11 പഞ്ചായത്തുകളിലുള്ളവരുടെ അസുഖങ്ങളെക്കുറിച്ച്  ചെറുതും വലുതുമായ പതിനാലോളം കമ്മിഷനുകളാണ് ഇതിനകം പഠനം നടത്തിയത്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍  നിഗൂഢലക്ഷ്യത്തോടെ അയച്ച കമ്മിഷനുകള്‍ പോലും എന്‍ഡോസള്‍ഫാന്‍ മാരക വിഷമാണെന്നും കാസര്‍കോട് ജില്ലയില്‍ അയ്യായിരത്തിലധികം പേര്‍ക്ക് പിടിപെട്ട രോഗങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ പ്രയോഗമാണെന്നും  കണ്ടെത്തിയിരുന്നു. ഇതില്‍ ചില കമ്മിഷനുകള്‍ ഗൗരവമായി  പഠനം നടത്തിയെങ്കിലും ദുബെ, മായി തുടങ്ങിയ കമ്മിഷനുകള്‍ ശീതീകരിച്ച മുറിയിലിരുന്ന് കോര്‍പ്പറേറ്റ് താല്‍പര്യപ്രകാരം റിപ്പോര്‍ട്ട്  എഴുതിയുണ്ടാക്കുകയായിരുന്നു. എന്‍ഡോസള്‍ഫാന്‍ തളിച്ച മേഖലകളില്‍ പലതരത്തിലുള്ള വളര്‍ച്ചാവൈകല്യം, കാന്‍സര്‍, മാനസികവളര്‍ച്ചയില്ലായ്മ, വന്ധ്യത  എന്നിവ കൂടുതലാണെന്ന് എന്‍ഡോസള്‍ഫാന്‍ തളിക്കാത്തതും തളിച്ചതുമായ സ്ഥലങ്ങളെ ഉള്‍പ്പെടുത്തി എട്ടോളം കമ്മിറ്റികള്‍ നടത്തിയ സര്‍വെകളില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇതില്‍ ആധികാരികമെന്ന് വിശേഷിപ്പിക്കാവുന്നതാണ് 2002-ല്‍  ഡോ. ശിവരാമന്റെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങള്‍. 2002 സെപ്റ്റംബര്‍ നാലിന് പഠനം ആരംഭിച്ച  സംഘത്തില്‍ ആരോഗ്യവകുപ്പിലെ പി ഇ ഐ ഡി സെല്‍ മേധാവിയായിരുന്ന ഡോ. എല്‍ എസ് വത്സല, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ മെമ്പര്‍ സെക്രട്ടറി കെ വി ഇന്ദുലാല്‍, കൃഷിവകുപ്പ് അഡി ഡയറക്ടര്‍ കെ കെ ഗംഗാധരന്‍, റീജ്യണല്‍ കാന്‍സര്‍ സെന്ററിലെ കാന്‍സര്‍ എപ്പിഡമിയോളജിസ്റ്റ് ഡോ. എം സി കലാവതി, എഫ് ആര്‍ യു എസ് എപ്പിഡമിയോളജിസ്റ്റ് ഡോ. ആയിഷാബീഗം എന്നിവരുമുണ്ടായിരുന്നു.

കമ്മിറ്റിയംഗങ്ങള്‍ ദുരിതബാധിതമേഖലകളിലെ വീടുകളിലും പി എച്ച് സി കളിലും സന്ദര്‍ശനം നടത്തി. എന്‍ഡോസള്‍ഫാന്‍ സ്റ്റോക്കിസ്റ്റുകള്‍, പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടര്‍മാര്‍,  പ്ലാന്റേഷന്‍ കോര്‍പറേഷനിലെ ഓഫീസര്‍മാര്‍ എന്നിവരെ നേരില്‍ കണ്ട് തെളിവുകള്‍ ശേഖരിച്ചു. എന്‍മകജെ പഞ്ചായത്തിലെ വാണിനഗറിനടുത്തുള്ള സ്വര്‍ഗയിലെ ചെറിയ അരുവിയുടെ ഇരുകരകളിലും താമസിക്കുന്ന ആളുകളില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളതായി കമ്മിറ്റി വിലയിരുത്തി. ഇവരില്‍ വാണിനഗര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളായിരുന്നു ഏറെയും. കാന്‍സറായിരുന്നു പ്രധാന വില്ലനായി ഇവിടെ കണ്ടെത്തിയത്. സമീപത്തെ ആശുപത്രികളില്‍ നിന്ന് കൂടുതല്‍ കാന്‍സര്‍ രോഗികളെ കുറിച്ചുള്ള വിവരവും കമ്മിറ്റിയ്ക്ക് ലഭിച്ചു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തില്‍ മരുന്നടിച്ചത് നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നും കമ്മിറ്റി കണ്ടെത്തി.  ആറ് നിര്‍ദ്ദേശങ്ങളാണ് ശിവരാമന്‍ കമ്മിറ്റി മുന്നോട്ടുവച്ചത്. എന്നാല്‍ 2003-ല്‍ നല്‍കിയ ഈ റിപ്പോര്‍ട്ട് തുടര്‍ന്നുണ്ടായ മൂന്നു ബജറ്റുകളിലും പരിഗണിച്ചില്ല. 2004 മുതല്‍ 2006 വരെ കാസര്‍കോട് ജില്ലാപഞ്ചായത്ത് മൂന്ന് ബജറ്റുകളില്‍ പത്തുലക്ഷം രൂപ നീക്കിവച്ചതുമാത്രമായിരുന്നു രോഗികള്‍ക്കനുകൂലമായുണ്ടായ ഏക നടപടി. മുഖ്യമന്ത്രിമാരായ എ കെ ആന്റണിയും പിന്നീട് ഉമ്മന്‍ചാണ്ടിയും ഈ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും കാര്യമായ സഹായം അനുവദിച്ചില്ല. അക്കാലത്ത് പ്രതിപക്ഷനേതാവായിരുന്ന വി എസ് അച്യുതാനന്ദന്‍  വാണി നഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും നിയമസഭയില്‍ ഇതേക്കുറിച്ച് സംസാരിക്കുകയും ചെയ്തു. അധികാരത്തിലെത്തിയപ്പോള്‍  2006 ഓഗസ്റ്റ് 24ന്  മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്‍ഡോസള്‍ഫാന്‍ മൂലം മരിച്ച 178 കുടുംബങ്ങള്‍ക്ക്  അമ്പതിനായിരം രൂപ നല്‍കി. ആദ്യം  133 കുടുംബങ്ങള്‍ക്കും പിന്നീട് 45 കുടുംബങ്ങള്‍ക്കും ഈ സഹായം ലഭിച്ചു.  തുടര്‍ന്നു രോഗികള്‍ക്ക് വിദഗ്ധ ചികിത്സാസൗകര്യമേര്‍പ്പെടുത്തി. ആരോഗ്യസ്മാര്‍ട്ട് കാര്‍ഡ് അനുവദിച്ചു. രോഗികള്‍ക്ക് 2000 രൂപ പെന്‍ഷന്‍ അനുവദിച്ചു.  ഇവരെ പരിചരിക്കുന്നവര്‍ക്കും പ്രത്യേക സഹായധനമേര്‍പ്പെടുത്തി.  രണ്ടു രൂപയക്ക് അരി രോഗികള്‍ക്കെല്ലാം അനുവദിച്ചു. അംഗവൈകല്യമുള്ളവര്‍ക്ക് സഹായ ഉപകരങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ വിദഗ്ധഡോക്ടര്‍മാരെ പങ്കെടുപ്പിച്ച് എന്‍ഡോസള്‍ഫാന്‍  രോഗബാധിതര്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു.

പതിനൊന്ന് പഞ്ചായത്തുകളിലും മൊബൈല്‍ ചികിത്സാസൗകര്യം ഏര്‍പ്പെടുത്തി.  എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ആദ്യബജറ്റില്‍തന്നെ അമ്പത് ലക്ഷം രൂപ ഈ സര്‍ക്കാര്‍ നീക്കിവെക്കുകയും ചെയ്തു. ശിവരാമന്‍ കമ്മിഷന്റെ  ശുപാര്‍ശകളും അത് നടപ്പിലാക്കിയ വി എസ് സര്‍ക്കാരിന്റെ നിലപാടുകളുമാണ് ഈ ദുരിതബാധിതര്‍ക്ക് ലഭിച്ച ഏറ്റവും വലിയ ആശ്വാസം.

രണ്ടായിരാമാണ്ടിന്റെ ആദ്യവര്‍ഷത്തില്‍തന്നെ ദേശീയശ്രദ്ധയാകര്‍ഷിച്ച ഈ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ അഹമ്മദാബാദ് ആസ്ഥാനമായ എന്‍ ഐ ഒ എച്ച് പഠനസംഘം ശിവരാമന്‍ കമ്മിറ്റി പഠനം നടത്തുന്നതിനിടെയാണ് കാസര്‍കോട്ടെത്തിയത്. ദേശീയ മനുഷ്യാവകാശകമ്മിഷന്‍ ഇടപെട്ട് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചടക്കമുള്ള ഏജന്‍സികളോട് ഇതെക്കുറിച്ച് പഠിക്കാന്‍ നിര്‍ദ്ദേശം നല്കി. ഐ സി എം ആര്‍ ഡയറക്ടര്‍ ജനറല്‍ അടക്കമുള്ള മൂന്നംഗസംഘം കാസര്‍കോട് സന്ദര്‍ശിച്ച് ദേശീയ മനുഷ്യാവകാശകമ്മിഷന് പ്രാഥമിക റിപ്പോര്‍ട്ട് നല്കിയത് 2001 ഡിസംബറിലാണ്്. സമ്പൂര്‍ണ എപ്പിഡമിക്കല്‍ സര്‍വെ വേണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്ന് ലക്ഷദ്വീപുകാരന്‍ ഡോ. ഹബീബുള്ള സയ്യിദിന്റെ നേതൃത്വത്തില്‍ 2002 ജൂലൈയില്‍ പൂര്‍ത്തിയാക്കിയ പഠനറിപ്പോര്‍ട്ടാണ് ഏറ്റവും ശാസ്ത്രീയവും വിശ്വാസയോഗ്യവുമെന്ന് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ പോരാട്ടം നയിക്കുന്നവരും ആരോഗ്യപ്രവര്‍ത്തകരും ഒന്നടങ്കം അംഗീകരിക്കുന്നു.  ഈ റിപ്പോര്‍ട്ടിനെ തള്ളിക്കളഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഒ പി ദുബെ എന്‍ഡോസള്‍ഫാന്‍ കമ്പനിക്കും കേന്ദ്രസര്‍ക്കാരിനുംവേണ്ടി മറ്റൊരു റിപ്പോര്‍ട്ട് 2004 ഏപ്രില്‍ 15-ന് സമര്‍പ്പിച്ചത്.

ഐ എസ് ആര്‍ ഒ യുടെ കീഴിലുള്ള ബാംഗഌര്‍ റീജ്യണല്‍ റിമോട്ട് എന്‍ ഐ ഒ എച്ച്, റീജ്യണല്‍ ഒക്യുപേഷണല്‍ ഹെല്‍ത്ത് സെന്റര്‍ ബാംഗഌര്‍, മംഗലാപുരം കെ എം സി ഹോസ്പിറ്റലിലെ പീഡിയാട്രിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ നേതൃത്വത്തില്‍ പദ്രെ വില്ലേജിലെ വാണിനഗര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 619 കുട്ടികളെ തിരഞ്ഞെടുത്ത് പഠനം നടത്തിയിരുന്നു. ഇവരുമായി താരതമ്യപഠനത്തിന് മീഞ്ച പഞ്ചായത്തിലെ മിയാപദവ് ശ്രീ വിദ്യാവര്‍ധന ഹൈസ്‌കൂള്‍, വാണിവിലാസ് എ എല്‍ പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് 416 കുട്ടികളെയും തിരഞ്ഞെടുത്തു.  പരിശോധനയും നിരീക്ഷണവുമെല്ലാം നടന്നത് 2001സെപ്റ്റംബര്‍ 24 മുതല്‍ ഒക്‌ടോബര്‍ ഏഴുവരെയാണ്. ഓരോ ദിവസവും  എഴുപതോളം കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അവരുടെ സമ്മതത്തോടെ രക്തസാമ്പിള്‍ ശേഖരിക്കുകയും സെക്ഷ്വല്‍ മെക്ച്യൂരിറ്റി റേറ്റിംഗ്( എസ് എം ആര്‍) പരിശോധന നടത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പ്രശ്‌നങ്ങളുള്ളവരുടെ കേസുകള്‍ സീനിയര്‍ പീഡിയാട്രീഷന് കൈമാറി. ഇത്തരം കേസുകളുടെ വലിയ പട്ടികതന്നെ അങ്ങനെ തയ്യാറായി.

ഇത്തരത്തില്‍ പ്രത്യേക പരാമര്‍ശത്തിന് വിധേയരായവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. 248 ഓളം കുട്ടികളില്‍ നിന്ന് ശേഖരിച്ച സീറം പരിശോധനയ്ക്കായി അയച്ചു. എന്‍ഡോസള്‍ഫാന്‍ സംബന്ധമായ പ്രശ്‌നങ്ങള്‍, ഹോര്‍മോണ്‍ അനാലിസിസ്, തൈറോയ്ഡ് ഹോര്‍മോണ്‍് ,സെക്‌സ് ഹോര്‍മോണ്‍സ് എന്നിവ പരിശോധിച്ച് ആധികാരികമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍  എന്‍ ഐ ഒ എച്ചിന്റെ റിപ്പോര്‍ട്ട് തള്ളുകയായിരുന്നു. തുടര്‍ന്നാണ് 2002 ഓഗസ്റ്റില്‍  കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രത്തിലെ സയന്റിസ്റ്റായിരുന്ന ഒ പി ദുബെ യെ പഠനം നടത്താന്‍ കേന്ദ്രം അയച്ചത്.   എന്‍ഡോസള്‍ഫാന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ട്  ദുബൈ കമ്മിറ്റി 2003-ലാണ്   റിപ്പോര്‍ട്ട് നല്‍കിയത്.  2002-ല്‍ കേരള ഹൈക്കോടതി എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു.

ഇതിനിടെ 25 ഓളം കാര്‍ഷിക സര്‍വകലാശാലകള്‍ എന്‍ഡോസള്‍ഫാന്‍ മികച്ച കീടനാശിനിയാണെന്ന് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു. അക്കാല ത്ത് ബേയര്‍ ഗ്രൂപ്പിന്റെ എം ഡിയായിരുന്ന വിജയ്മല്യയുടെ സ്വാധീനമാണ് ഇതിന് പിന്നിലെന്നും ആരോപണമുയര്‍ന്നിരുന്നു.  

2004-ല്‍ പി കരുണാകരന്‍ എം പി അന്നത്തെ കൃഷിമന്ത്രി ശരത്പവാറിനോട് എന്‍ഡോസള്‍ഫാന്‍ ദുരിതത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ ദുബെയുടെ റിപ്പോര്‍ട്ടില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതകാരണമല്ലെന്ന് കണ്ടെത്തിയിട്ടുണ്ടെന്നായിരുന്നു മറുപടി. ഇതിനിടെയാണ് അഗ്രിക്കള്‍ച്ചര്‍ കമ്മീഷണറായിരുന്ന സി ഡി മായിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ കാസര്‍കോട്ടെ ദുരിതം പഠിക്കാന്‍ നിയോഗിക്കുന്നത്.

സെപ്റ്റംബറില്‍ നിയോഗിക്കപ്പെട്ട ഈ കമ്മിറ്റി ഡിസംബറില്‍ റിപ്പോര്‍ട്ട് നല്‍കി. ദുബെയുടെ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നതായിരുന്നു മായി കമ്മിറ്റിയുടെയും റിപ്പോര്‍ട്ട്. എന്‍ഡോസള്‍ഫാന് ക്ലീന്‍ ചിറ്റ് നല്‍കിയവരുടെ പിന്മുറക്കാരായാണ് കഴിഞ്ഞ ആഴ്ചയും ഒരു സംഘത്തെ പഠനമെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ കാസര്‍കോട്ടേക്കയച്ചത്.

ഈമാസം 14 മുതല്‍ 16 വരെ ജില്ലയിലെ ഇവര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തെളിവെടുപ്പ് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വിഷു ദിവസത്തില്‍ മറ്റാരേയും അറിയിക്കാതെയാണ് സംഘം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയില്‍ കാര്യമായ സന്ദര്‍ശനം നടത്താതെയും രോഗികളെ കാണാതെയും ഉന്നതസംഘം  സന്ദര്‍ശനം പ്രഹസനമാക്കുകയായിരുന്നുവെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. എന്‍മകജെ, പുല്ലൂര്‍-പെരിയ, മുളിയാര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ ഏതാനും വീടുകള്‍ മാത്രമാണ് സംഘം സന്ദര്‍ശിച്ചത്.

എന്‍ഡോസള്‍ഫാന് അനൂകൂലമായ റിപ്പോര്‍ട്ട് തയ്യാറാക്കുന്നിനാണ് സംഘം എത്തിയതെന്നാണ് എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി കുറ്റപ്പെടുത്തുന്നത്. എയിംസിലേയും സഫ്ദര്‍ജങ് ആശുപത്രിയിലേയും ഡോക്ടറായ ഡിയോക്കി നന്ദനാണ് സമിതിയുടെ ഡയറക്്ടര്‍. പ്രഫ. എസ് പി ശര്‍മ്മ, ഡോ. എസ് രഘു, ഡോ. സുനിതാമിത്തന്‍, ഡോ. അബ്ദുല്‍ഹമീദ്,എസ് കെ ചെല്ലാതി, മുഹമ്മദ് ഹാഫ്‌ലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അവരുടെ റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കാതെയാണ് എന്‍ഡോസള്‍ഫാന്‍ നിരോധിക്കില്ലന്ന് അര്‍ഥശങ്കയ്ക്കിടനല്‍കാത്ത വിധം കേന്ദ്രസര്‍ക്കാര്‍  പ്രഖ്യാപിച്ചത്.

janayugom 220411

2 comments:

  1. മനുഷ്യന് നല്‍കാനുള്ള മരുന്നുകള്‍ വാങ്ങാന്‍ ഡോക്ടറുടെ നിര്‍ദ്ദേശമടങ്ങിയ കുറിപ്പു വേണം. പക്ഷെ ആളെക്കൊല്ലിയായ കീടനാശിനി വില്‍ക്കാന്‍ ഇന്നും നമ്മുടെ രാജ്യത്ത് ഒരു ചീട്ടും ആവശ്യമില്ല. കേന്ദ്രസര്‍ക്കാരിന്റെയും ചില കോര്‍പ്പറേറ്റ് കമ്പനികളുടെയും സ്ഥാപിത താല്‍പര്യം തുടരുന്നിടത്തോളം പലവട്ടം പഠന കമ്മിഷനുകളെ നിയോഗിച്ച് പണം കളയാമെന്നല്ലാതെ ഒരു പ്രയോജനവും ലഭിക്കില്ലെന്നുതന്നെയാണ് കാസര്‍കോട് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ വിതച്ച ദുരന്തം നല്‍കുന്ന പാഠം. കാസര്‍കോടിന്റെ മണ്ണില്‍ പാവം മനുഷ്യവര്‍ഗം, ഭരിക്കാന്‍മാത്രം വിധിക്കപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ കണ്ണില്‍ കീടങ്ങളായി മാറുകയാണ്.

    ReplyDelete
  2. മലയാളികള്‍ മൊത്തത്തില്‍ അറിയുന്നതിന്...
    http://anoopesar.blogspot.com/2010/11/blog-post_16.html

    ReplyDelete